UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലപാതകം; ഉത്തരം കിട്ടേണ്ട 15 ചോദ്യങ്ങള്‍

മകളുടെ കൊലപാതകത്തില്‍ അമ്മയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നത് പോലും തെറ്റാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍, സ്വന്തം മകളെ കൊല്ലാന്‍ കൂട്ടുനിന്ന അമ്മയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തില്‍ ശിക്ഷ അനുഭവിക്കുന്ന അനുശാന്തിയെന്ന് വിശ്വസിക്കുന്ന മലയാളികളുടെ മുമ്പിലാണ് ഞാനീ സംശയങ്ങള്‍ നിരത്തുന്നത്.

ഒന്ന്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ജിഷയുടെ മരണം നടന്നത് ഏപ്രില്‍ 28 വെളുപ്പിനാണ്. (അല്ലാതെ വൈകിട്ട് അഞ്ചര മണിയ്ക്കല്ല). അതായത്, കൊല നടക്കുന്ന സമയം, വെളുപ്പിന് രണ്ടോ മൂന്നോ മണിയ്ക്ക്, ജിഷയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നോ?

രണ്ട്. വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍, കൊല നടത്തിയ ആളെ അമ്മ എന്തുകൊണ്ട് ആക്രമിച്ചില്ല? അല്ലെങ്കില്‍, കൊല നടത്തിയ ആള്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയായ അമ്മയെ എങ്ങനെ  വെറുതെവിട്ടു?

മൂന്ന്. ജിഷ പെന്‍ക്യാമറ കുത്തിക്കൊണ്ടാണ് നടന്നിരുന്നതെന്ന് പറയപ്പെടുന്നു. എങ്കില്‍, എന്തുകൊണ്ട് ക്യാമറയില്‍ കൊലപാതകിയുടെ മുഖം തെളിഞ്ഞില്ല? (ക്യാമറയില്‍ ഉള്ള മുഖം  അമ്മയുടേതു മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.) ക്യാമറ കൊലപാതകിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ നിര്‍ണ്ണായക തെളിവിന് സാധ്യതയുള്ള ആ പെന്‍ക്യാമറ അയാള്‍ കൈക്കലാക്കുകയില്ലായിരുന്നോ? ഇനി, പെന്‍ ക്യാമറ ഉള്ള കാര്യം കൊലയാളിക്ക് അറിയില്ലായിരുന്നു എങ്കില്‍, അയാളുടെ മുഖം കൃത്യമായും ക്യാമറയില്‍ തെളിയുമായിരുന്നില്ലേ?

നാല്. ഉറങ്ങാന്‍ നേരത്ത് പെന്‍ക്യാമറ വസ്ത്രത്തില്‍ നിന്ന് ഊരി വച്ചിരുന്നു എന്നാണെങ്കില്‍ കൊലപാതകം നടന്നത് അര്‍ദ്ധരാത്രിയിലോ അതിരാവിലെയോ ആണെന്ന് അതില്‍ നിന്നു തന്നെ വ്യക്തമല്ലേ?

അഞ്ച്. മൂക്കും വായും പൊത്തിപ്പിടിച്ചതിനാലും കഴുത്തിലെ jungular vein മുറിഞ്ഞതിനാലും ആണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. (ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നു) കഴുത്തിലെ jungular vein മുറിച്ചാല്‍ രണ്ടോ മൂന്നോ മിനിട്ടിനകം മരണം സംഭവിയ്ക്കും.

ആറ്. ജിഷയുടെ ഭാഗത്തു നിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. (അഞ്ചുപേജുള്ള വിശദമായ റിപ്പോര്‍ട്ടാണത്രേ). അതായത് കൊല്ലപ്പെടുന്നതിന് മുമ്പുള്ള നിമിഷങ്ങളില്‍ ജിഷ ഉറങ്ങുകയായിരുന്നു. അല്ലെങ്കില്‍, അബോധാവസ്ഥയിലായിരുന്നു.

ഏഴ്. ജിഷ കഴിച്ച ആഹാരം ദഹിച്ചുതുടങ്ങിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതായത്, കൊല്ലപ്പെടുന്നതിന് 20-30 മിനിട്ട് മുമ്പായിരിക്കണം ജിഷ ആഹാരം കഴിച്ചത്.

എട്ട്. ജിഷയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു. ഏകദേശം 23 മില്ലി ലിറ്റര്‍. ഒരു പെഗ് മദ്യത്തില്‍ 25.68 മി.ലി. ചാരായം (ആള്‍ക്കഹോള്‍) കാണുമെന്നാണ് കണക്ക്. അതായത്, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്നെ ജിഷയുടെ ശരീരത്തില്‍ ഒരു പെഗ്ഗ് മദ്യം ഉണ്ടായിരുന്നു. 

ഒന്‍പത്. ജിഷയെ ബലമായി മദ്യം കുടിപ്പിച്ചതാണെങ്കില്‍ വായ ബലമായി തുറന്നുപിടിക്കാന്‍ വേണ്ടി ഇരുകവിളുകളും ഇറുക്കിപ്പിടിച്ചതിന്റെ വിരലടയാളങ്ങളും ക്ഷതങ്ങളും കാണും. മാത്രമല്ല, ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കുന്ന മദ്യം പുറത്തേയ്ക്ക് തുപ്പിക്കളയാനുള്ള നീക്കം ജിഷ തീര്‍ച്ചയായും നടത്തിയിരിക്കും. അങ്ങനെ ചെയ്താല്‍, വസ്ത്രത്തില്‍ മദ്യത്തിന്റെ പാടുണ്ടാകും. ഇതൊന്നും സംഭവിക്കാത്ത രീതിയില്‍ രണ്ടു നിഗമനങ്ങളിലെ എത്താനാകൂ – ഒന്നുകില്‍ ജിഷ സ്വന്തമായി മദ്യം ഉപയോഗിച്ചു; അല്ലെങ്കില്‍, ഉത്തമവിശ്വാസമുള്ള ആരോടോ ഒപ്പം വീട്ടില്‍ ഇരുന്ന് മദ്യപിച്ചു. കൊലപാതകം നടന്നത് അതിനു ശേഷമാണ്.

പത്ത്. സാധാരണയായി, ജിഷ വീട്ടില്‍ വച്ച് മദ്യപിക്കാറുണ്ടോ? ഉത്തരം പറയേണ്ടത് ഒപ്പം താമസിച്ചിരുന്ന അമ്മയാണ്. അതോ, കൊല്ലപ്പെട്ട ജിഷയ്ക്ക് അമിത സന്തോഷമോ ദുഃഖമോ  ഉണ്ടാക്കിയ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായതിനെ തുടര്‍ന്ന് ജിഷ മദ്യപിച്ചതാണോ? 

പതിനൊന്ന്, കൊലപാതകം നടത്തിയത് പുരുഷനാണെന്നതിന് എന്താണ് തെളിവ്? എന്തുകൊണ്ട് അത് ഒരു സ്ത്രീ തന്നെ ആയിക്കൂടാ? വയറുനിറച്ച് ആഹാരം കഴിച്ച് മയങ്ങിക്കിടക്കുന്ന ജിഷയെ കൊല്ലാന്‍  ഒരു പുരുഷന്റെ കരുത്ത് ആവശ്യമില്ല. കാരണം, ഇവിടെ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടില്ല.

പന്ത്രണ്ട്. ഏപ്രില്‍ 28-ാം തീയതി രാത്രി എട്ടുമണിയോടെ ജിഷയുടെ അമ്മ വീട്ടിലെത്തി കതക് തട്ടിയപ്പോള്‍ ജിഷ കതകുതുറന്നില്ലെന്നും, അവര്‍ ഉറക്കെ വിളിച്ചതുകേട്ടുവന്ന അയല്‍ക്കാരനായ വര്‍ഗ്ഗീസ് എന്നയാളോടൊപ്പമാണ് പിന്‍ഭാഗത്തുകൂടി വീടിനകത്തു കടന്നതെന്നും ജിഷയുടെ ശരീരം കണ്ടതെന്നുമാണ്  റിപ്പോര്‍ട്ട്. ഇതില്‍ ഒരു കാര്യം തെളിഞ്ഞുവരുന്നു. ജിഷയുടെ ശരീരം തന്നോടൊപ്പം മറ്റൊരാളും കൂടി ആദ്യമായി കാണണമെന്ന് അമ്മ തീരുമാനിച്ചിരുന്നു. അതായത്, മരണം ആദ്യം കാണുന്നയാള്‍ താന്‍ മാത്രമല്ല. ഇത്തരമൊരു  സാക്ഷ്യപ്പെടുത്തല്‍ സ്വാഭാവികമല്ല. അതിന്റെ പിന്നില്‍ ചില പ്ലാനിംഗ് ഉണ്ട്.

പതിമൂന്ന്. തന്നെ വന്ന കണ്ട ആള്‍ക്കാരോട് ഒക്കെ ജിഷയുടെ അമ്മ പെരുമാറിയത് ഒരേ രീതിയിലാണ്. ഒരേ രീതിയിലാണ് അവര്‍ അലമുറയിട്ടതും കൈകള്‍ ഉയര്‍ത്തിയതും. ഇത് അസാധാരണമാണ്. മകള്‍ കൊല്ലപ്പെട്ട ഒരമ്മ എല്ലാവരോടും ഒരേ രീതിയിലായിരിക്കില്ല പ്രതികരിക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരാന്‍ വന്നവരുമായി ദുഃഖം അനുഭവിക്കുന്ന വ്യക്തിക്കുള്ള ആത്മബന്ധം അനുസരിച്ചായിരിക്കും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാവുക. അതും ദുഃഖം രേഖപ്പെടുത്താന്‍ വന്നവര്‍ ഒക്കെയും മരണം നടന്ന് നാലോ അഞ്ചോ ദിവസങ്ങള്‍ കഴിഞ്ഞുമാത്രമാണ് ജിഷയുടെ അമ്മയെ കാണാന്‍  എത്തിയതെന്നിരിക്കെ. എല്ലാവരോടും വികാരത്തള്ളിച്ചയുടെ തീവ്രമായ മുഖവും ശരീരഭാഷയുമാണ് ജിഷയുടെ അമ്മ പ്രകടിപ്പിച്ചത്. അത് മനസ്സിനെ പഠിപ്പിച്ചുവച്ചതാവാനാണ് സാധ്യത.

പതിനാല്. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടിയുടെ വലംകൈയ്യായ ബെന്നി ബഹനാനും ജിഷയുടെ അമ്മയെ കണ്ടതിന്റെ ദൃശ്യം ലഭ്യമല്ല. ഇരുവരും കയറിയശേഷം വാതില്‍ അടച്ചു. എല്ലാം സുതാര്യമായി നടത്തുന്ന ഉമ്മന്‍ചാണ്ടി ഇവിടെ മാത്രമെന്തിനാണ് കതകടച്ചത്? ഉമ്മന്‍ചാണ്ടി പോയശേഷം വന്നവരോട് ജിഷയുടെ അമ്മ സ്ഥലം എം.എല്‍.എ. സാജു പോളിനെക്കുറിച്ചാണ് പരാതി പറഞ്ഞത്. മാത്രമല്ല, തീര്‍ത്തും അസ്വാഭാവികമായി കെ.പി.സി.സി. 15 ലക്ഷം രൂപ ജിഷയുടെ അമ്മയ്ക്ക് നല്‍കി. സര്‍ക്കാര്‍ സഹായിക്കുന്നത് മനസ്സിലാക്കാം. പക്ഷെ കെ.പി.സി.സി?  കേരളത്തില്‍ മറ്റേതൊക്കെ സമാനസംഭവങ്ങളില്‍ കെ.പി.സി.സി. ഇങ്ങനെ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്? ജിഷയുടെ മരണവുമായി ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ട് എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ സഹായഹസ്തത്തിന് ധാരാളം അര്‍ത്ഥതലങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്നിട്ടേയില്ല എന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നതിനെ ജിഷയുടെ അച്ഛന്‍ പാപ്പു തന്നെ തിരുത്തുമ്പോള്‍; ജിഷയുടെ അമ്മ മാത്രമല്ല, അമ്മൂമ്മയും കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു എന്നു പറയുമ്പോള്‍… 

പതിനഞ്ച്. നാട്ടിലുള്ള സകലരുടേയും വിരലടയാളങ്ങള്‍ എടുത്ത് (500 ലേറെപ്പേരുടെ) പരിശോധിച്ച അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താതെ പലരേയും കസ്റ്റഡിയില്‍ എടുത്ത അന്വേഷണ സംഘം, എന്തുകൊണ്ട് ജിഷയുടെ അമ്മയേയും സഹോദരിയേയും അച്ഛനെയും ചോദ്യം ചെയ്യുന്നില്ല? ഒരു കാര്യം വ്യക്തമാണ്. ജിഷയുടെ അമ്മയ്ക്ക് ഒരുപാട് കാര്യങ്ങള്‍ അറിയാം. ജിഷയുടെ കൊലപാതകത്തെക്കുറിച്ച്. അതിനുള്ള കാരണങ്ങളെക്കുറിച്ച്. പക്ഷെ, അതൊക്കെ വെളിപ്പെടുത്തുന്നതിനേക്കാള്‍ അവര്‍ക്ക് സ്വീകാര്യം അതൊക്കെ വെളിപ്പെടുത്താതിരിക്കുന്നതാകാം.

കൊല്ലപ്പെട്ടത് ജിഷയാണെങ്കിലും കുറ്റകൃത്യം നടത്തിയിരിക്കുന്നത് സ്റ്റേറ്റിന് എതിരാണ്. Every crime is committed against the State. അതുകൊണ്ടാണ് അന്വേഷണം, സര്‍ക്കാര്‍ ചെലവില്‍ പോലീസ് നടത്തുന്നത്; കോടതിയില്‍ സര്‍ക്കാര്‍ ചിലവില്‍ പ്രോസിക്യൂഷന്‍ കേസ് വാദിക്കുന്നത്.  അതായത്, ഒരു ക്രൈമിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

* ജിഷയുടെ രക്തത്തില്‍ മദ്യത്തിന്റെ അളവിനെ കുറിച്ചു പറയുന്നത് ജിഷയുടെ ആമാശയത്തില്‍ എന്നു തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു-ലേഖകന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍