UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ജിഷവധക്കേസ്‌ : ഇനിയും നേരറിയാനുണ്ടോ ?

ജിഷയുടെ പിതാവ്‌ കെ.വി. പാപ്പു ഈ കേസില്‍ സി.ബി. ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത്; അനുകൂലിച്ച് ജിഷയുടെ സഹപാഠികള്‍

നിയമ വിദ്യാര്‍ഥിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ കൊലപാതകം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസായിരുന്നു. തിരഞ്ഞെടുപ്പു കാലത്ത്‌ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി പാര്‍ട്ടികള്‍ ഇതിനെ പ്രയോജനപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ തിരഞ്ഞെടുപ്പു കഴിഞ്ഞ്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്‌ളാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്ന്‌ അറസ്റ്റു ചെയ്‌തു. ഐ.ജി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്‌ത്രീയമായ തെളിവുകളും സാഹചര്യത്തെളിവുകളും നിരത്തി അമീര്‍ ഉള്‍ ഇസ്‌ളാം പ്രതിയാണെന്ന്‌ വ്യക്തമാക്കുന്ന കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു. ജിഷ വധക്കേസിലെ തര്‍ക്കങ്ങളും വാദങ്ങളുമൊക്കെ ഇതോടെ കെട്ടടങ്ങി. ഏതൊരു വിവാദങ്ങള്‍ക്കും സംഭവിക്കുന്ന അനിവാര്യമായ അന്ത്യമാണിത്‌.

എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ഇതിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ്‌ ജിഷയുടെ പിതാവ്‌ കെ.വി പാപ്പു ഈ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്‌. ജിഷ വധക്കേസില്‍ പോലീസ്‌ കണ്ടെത്തിയ പ്രതിയില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച്‌ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളിയതിനെത്തുടര്‍ന്ന്‌ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്‌. എറണാകുളം ഗവ. ലോ കോളേജില്‍ ജിഷയുടെ സഹപാഠികളായിരുന്ന റീത്ത ബാലചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ ഈ കേസില്‍ കക്ഷി ചേരാനും അപേക്ഷ നല്‍കി. അതേസമയം, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന വാദവുമായി ജിഷയുടെ അമ്മ രാജേശ്വരിയും രംഗത്തെത്തിയിട്ടുണ്ട്‌.

പൊലീസ്‌ കഥയെഴുതിയെന്ന്‌ പാപ്പു
കഴിഞ്ഞ ഏപ്രില്‍ 28-ന്‌ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷയുടെ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തുന്നതിലും സംസ്‌കരിക്കുന്നതിലുമൊക്കെ പോലീസിന്റെ ഭാഗത്തു നിന്ന്‌ ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അമീര്‍ ഉള്‍ ഇസ്‌ളാമിനെ പോലീസ്‌ പിടികൂടിയതോടെ ഇത്തരം ആരോപണങ്ങള്‍ ഒന്നാകെ കെട്ടടങ്ങുകയും ചെയ്‌തു. (ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും സമരങ്ങളും പിന്നീടുയര്‍ന്നു വന്നിരുന്നെങ്കിലും കൂടുതല്‍ ശക്തി പ്രാപിച്ചില്ല) ജിഷയും പ്രതിയും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന പോലീസിന്റെ കുറ്റപത്രത്തില്‍ തന്റെ ലൈംഗികദാഹ പൂര്‍ത്തീകരണത്തിനായി അമീര്‍, ജിഷയെ സമീപിച്ചെന്നും ജിഷ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‌ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ്‌ പറയുന്നത്‌. ഇതിനുള്ള തെളിവായി കത്തിയും ജിഷയുടെ വീടിനു പിന്നിലെ ഭിത്തിയിലെ പൊത്തില്‍ അമീര്‍ വലിക്കുന്ന ബീഡിയും മറ്റും പൊതിഞ്ഞു വച്ചതും പോലീസ്‌ വിവരിക്കുന്നുണ്ട്‌. അമീര്‍ സംഭവ സമയത്ത്‌ ധരിച്ച ചെരിപ്പാണ്‌ കേസിലെ സുപ്രധാനമായ മറ്റൊരു തെളിവ്‌. കുറ്റപത്രത്തില്‍ ഈ കാര്യങ്ങള്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്‌. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ചില ഇണങ്ങാത്ത കണ്ണികളാണ്‌ കെ.വി പാപ്പു തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്‌. ശരിയായ തരത്തില്‍ തെളിവു ശേഖരിക്കാനോ അന്വേഷണം നടത്താനോ മുതിരാതെ അമീര്‍ ഉള്‍ ഇസ്‌ളാമിനെ പ്രതിചേര്‍ത്ത്‌ പോലീസ്‌ ഒരു കഥ കെട്ടിച്ചമയ്‌ക്കുകയായിരുന്നുവെന്നാണ്‌ പാപ്പു പറയുന്നത്‌.

ameerul

ജിഷയുടെ മരണം സമയം; ചില സംശയങ്ങള്‍
ഏപ്രില്‍ 28-ന്‌ വൈകിട്ട്‌ അഞ്ചരയോടെയാണ്‌ പ്രതി ജിഷയുടെ വീട്ടിലെത്തിയതെന്നും വൈകിട്ട്‌ അഞ്ചരയ്‌ക്കും ആറിനുമിടയ്‌ക്കാണ്‌ ജിഷയുടെ മരണം നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍ ജിഷയുടെ മരണസമയമായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്‌തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്‌ പാപ്പുവിന്റെ മറ്റൊരു വാദം. സാധാരണ ഗതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണസമയം രേഖപ്പെടുത്താറുണ്ടെങ്കിലും ജിഷയുടെ കേസില്‍ വ്യക്തമായി സമയം രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യമെന്നത്‌ മരണകാരണവും മരണസമയവും കണ്ടെത്തുകയെന്നതാണെന്നിരിക്കെ എങ്ങനെയാണ്‌ ഇത്തരമൊരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതെന്ന സംശയവും ഹര്‍ജിയില്‍ പങ്കുവെക്കുന്നുണ്ട്‌. ജിഷയുടെ മൃതദേഹം ഏപ്രില്‍ 29-ന്‌ ഉച്ചക്ക്‌ രണ്ട്‌ അമ്പതിനാണ്‌ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്നതെന്നും വൈകിട്ട്‌ മൂന്നുമണിയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍, പ്രത്യേകിച്ച്‌ അസ്‌ഥികള്‍ക്കും ശരീര കലകള്‍ക്കും വരുന്ന മാറ്റങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നുണ്ട്‌. ഇതിനെടുത്ത സമയം കണക്കു കൂട്ടിയാല്‍ മരണം കുറ്റപത്രത്തില്‍ പറഞ്ഞ സമയത്തല്ലെന്ന്‌ വ്യക്തമാകുമെന്നും പാപ്പു ആരോപിക്കുന്നു.

യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളായ ജിഷയെ എന്തുകൊണ്ടാണ്‌ അമീര്‍ തന്റെ ലൈംഗികദാഹ പൂര്‍ത്തീകരണത്തിനായി തിരഞ്ഞെടുത്തതെന്നാണ്‌ പാപ്പുവിന്റെ ഒരു ചോദ്യം. പ്രതിയും ജിഷയും തമ്മില്‍ ഒരു ബന്‌ധവും ഇതിനു മുമ്പില്ലെന്ന്‌ കുറ്റപത്രത്തില്‍ എടുത്തു പറയുന്നുണ്ട്‌. എന്നിട്ടും ജിഷയെ ലൈംഗിക പൂര്‍ത്തീകരണത്തിനായി അമീര്‍ സമീപിച്ചെന്നു പറയുന്നത്‌ എത്രത്തോളം വിശ്വസനീയമാണ്‌. ജിഷയും അമീറും തമ്മില്‍ മുന്‍പരിചയമില്ലെന്ന്‌ എങ്ങനെയാണ്‌ പോലീസ്‌ കണ്ടെത്തിയത്‌? ഇത്തരമൊരു നിഗമനത്തിലേക്ക്‌ പോലീസിനെ നയിച്ച വസ്‌തുതകള്‍ എന്താണ്‌? മാത്രമല്ല, ലൈംഗികവേഴ്ചയ്ക്ക് വേണ്ടി ജിഷയുടെ അടുത്തേക്ക്‌ പോയ പ്രതി ഒരു കത്തി കയ്യില്‍ കരുതിയിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്‌. മുപ്പത്തിയഞ്ച്‌ സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള കത്തിയാണ്‌ പ്രതി കയ്യില്‍ കരുതിയത്‌. ലൈംഗികമായ താല്‌പര്യം നിമിത്തം ജിഷയെ സമീപിക്കുന്ന പ്രതി എന്തിനാണ്‌ അസാധാരണ വലിപ്പമുള്ള ഒരു കത്തി കയ്യില്‍ കരുതിയതെന്നും പാപ്പു ഹര്‍ജിയില്‍ ചോദിക്കുന്നു.

സി.ബി. ഐ വരട്ടെയെന്ന്‌ സഹപാഠികള്‍
നിലവിലെ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തില്‍ വിചാരണ നടന്നാല്‍ പ്രതി രക്ഷപെടുകയേ ഉള്ളുവെന്നും അമീര്‍ അല്ലാതെ മറ്റാരെങ്കിലും ഈ കേസില്‍ പ്രതികളാണോ എന്നത് പോലീസ്‌ അന്വേഷിച്ചിട്ടില്ലെന്നും പാപ്പുവിന്റെ ഹര്‍ജിയില്‍ പറയുന്നതില്‍ കഴമ്പുണ്ടെന്നാണ്‌ ജിഷയുടെ സഹപാഠികളായ റീത്ത ബാലചന്ദ്രന്‍, അനു വി. കുട്ടന്‍, സി.ഡി സൗമ്യ, ബിന്‍സി ജോസ്‌ എന്നിവരുടെ നിലപാട്‌. കേസന്വേഷണത്തിന്റെ ഭാഗമായി തങ്ങളുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തിയിരുന്നുവെന്നും ഇവരുടെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഈ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരുങ്ങുകയാണ്‌ ജിഷയുടെ അമ്മ രാജേശ്വരി. കഴിഞ്ഞ ദിവസം ഇക്കാര്യം അമ്മ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിട്ടുമുണ്ട്‌. മാറിയ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണോ, നിലവിലുള്ള കുറ്റപത്രത്തിന്മേല്‍ വിചാരണ വേണോ എന്നിങ്ങനെ തീരുമാനമെടുക്കേണ്ടത്‌ ഹൈക്കോടതിയാണ്‌. ഒരു തീവണ്ടി യാത്രയില്‍ നിസഹായയായി കൊല്ലപ്പെട്ട സൗമ്യയുടെ ആത്‌മാവ്‌ ഇന്നും കേരളത്തിന്റെ സമൂഹ മന:സാക്ഷിയുടെ ഉറക്കം കെടുത്തുന്നതു കൊണ്ടാവാം, വിധി എന്താണെന്ന്‌ കേരളം ഉറ്റുനോക്കുന്നുണ്ട്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍