UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തരുത്

Avatar

അഴിമുഖം പ്രതിനിധി

ഒടുവില്‍ അന്‍പതാമത്തെ ദിവസം ജിഷയുടെ കൊലപാതകി എന്നു സംശയിക്കപ്പെടുന്നയാളെ പോലീസ് പിടികൂടി. പെരുമ്പാവൂരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കെത്തിയ, ജിഷയുടെ പരിചയക്കാരന്‍ കൂടിയായ അമി ഉല്‍ ഇസ്ലാമാണ് കൊലപാതകി എന്നു പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. ഡി എന്‍ എ പരിശോധന ഫലവും പോസിറ്റീവാണ് എന്നാണ് പോലീസ് അറിയിക്കുന്നത്. ഇത് കേരള പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതല്ല ഞങ്ങളാണ് ചെരിപ്പു കണ്ടെത്തിയത് എന്നും അതു കാരണമാണ് കൊലപാതകിയെ പിടിക്കാന്‍ കഴിഞ്ഞത് എന്നുമുള്ള വിചിത്രമായ അവകാശവാദവുമായി മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുയായ രമേശ് ചെന്നിത്തലയും രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ആ തമാശകള്‍ ഒരു വശത്ത് പൊടിപൊടിക്കട്ടെ. 

ഇതിനിടയില്‍ ചിലര്‍ പണി തുടങ്ങി കഴിഞ്ഞു. ഒരു കൂട്ടര്‍ മുഖ്യധാര മാധ്യമങ്ങളാണ്. മറ്റൊരു കൂട്ടര്‍ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ കൂട്ടായ്മകളും. 

ജിഷയുടെ ഘാതകനെ പിടിച്ചതുമായി ബന്ധപ്പെട്ട മംഗളം പത്രത്തിലെ ഒരു അനുബന്ധ വാര്‍ത്ത ഇങ്ങനെയാണ്: “കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും; അന്യ സംസ്‌ഥാന തൊഴിലാളികള്‍ കേരളത്തെ വിറപ്പിക്കുന്നു”. 

പ്രസ്തുത വാര്‍ത്ത തുടങ്ങുന്നതിങ്ങനെ;

“ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചാവിഷയമായി മാറിയ ജിഷാവധക്കേസില്‍ക്കൂടി (?)പിടിയിലായതോടെ അന്യസംസ്‌ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉടനീളം ഭീതിയായി മാറുന്നു.”

വാര്‍ത്ത തുടരുന്നു;

“അഞ്ചു വര്‍ഷത്തിനിടയില്‍ കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ പലതിലും പ്രതികള്‍ അന്യസംസ്‌ഥാനക്കാര്‍ ആണെന്നതാണ്‌ ജിഷയുടെ ഘാതകനിലേക്കും പോലീസിനെ നയിച്ചത്‌.”

“കൊലപാതകത്തില്‍ സ്വീകരിക്കുന്ന ക്രൂരതയും കണ്ണിച്ചോരയില്ലായ്‌മയുമാണ്‌ ഇക്കാര്യത്തിലെ പ്രത്യേകതകള്‍. മനുഷ്യത്വരഹിതമായ കൊലപാതകങ്ങളും മൃതദേഹങ്ങളോട്‌ കാട്ടുന്ന ക്രൂതകളുടേയും സാമ്യതയാണ്‌ ജിഷാ വധക്കേസില്‍ പ്രതി അന്യസംസ്‌ഥാനക്കാരനെന്ന ആദ്യ നിരൂപണത്തിലേക്ക്‌ പോലീസിനെ എത്തിച്ചതെന്ന്‌ വ്യക്‌തം.”

“പാറമടകള്‍, ക്രഷറുകള്‍, ഇഷ്‌ടികക്കളങ്ങള്‍, പ്ലൈവുഡ്‌ കമ്പനികള്‍, കെട്ടിട നിര്‍മാണമേഖലകള്‍ തുടങ്ങി പ്രധാനജോലികളും ഇവര്‍ കൈയടക്കി. തടിവ്യവസായവും ഫര്‍ണിച്ചര്‍ നിര്‍മാണവും ക്രഷറുകളും പ്ലൈവുഡ്‌ കമ്പനികളും ഏറെയുള്ള പെരുമ്പാവൂരും, പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ അഞ്ച്‌ ലക്ഷത്തിലേറെ ഇതര സംസ്‌ഥാനക്കാര്‍ ജോലിചെയ്യുന്നുണ്ട്‌. ഇവരില്‍ ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരും ലഹരിക്ക്‌ അടിമപ്പെട്ടവരും ഉണ്ട്‌.”

“കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തകര്‍വരെ തൊഴിലാളിയെന്ന ലേബല്‍ മറയാക്കി കേരളത്തിലുണ്ട്‌. ഒഡീഷ, ഗുജറാത്ത്‌, യു.പി, പശ്‌ചിമ ബംഗാള്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ പുറമേ ബംഗ്‌ളാദേശികളും തമ്പടിക്കുന്നുണ്ട്‌. ജോലിയുടെ മറവില്‍ സുരക്ഷിതമായ ഒളിത്താവളങ്ങള്‍ തേടിയെത്തുന്ന കുറ്റവാളികളുമുണ്ട്‌. മയക്കുമരുന്ന്‌ ശീലവും ലൈംഗികതയോട് കാട്ടുന്ന അമിത താല്‍പ്പര്യത്തിനും പുറമേ പെട്ടെന്ന്‌ പ്രകോപിതരാവുന്ന പ്രകൃതക്കാരാണ്‌ ഇവര്‍. ഇരകളുടെ തലയ്ക്ക് പ്രഹരിച്ച്‌ കീഴടക്കി ആക്രമിക്കുന്ന സ്വഭാവക്കാരാണ്‌ ഇക്കൂട്ടരെന്ന്‌ പോലീസും സമ്മതിക്കുന്നു. കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ മിന്നല്‍ വേഗത്തില്‍ സ്വദേശത്തേക്ക്‌ മടങ്ങാനും പ്രത്യേക മിടുക്കാണിവര്‍ക്ക്‌.”

(http://www.mangalam.com/news/detail/4147-latest-news-cold-blooded-murders-other-state-peoples-cruelty.html)

 

മംഗളത്തിന്റെ അതേ വാര്‍ത്ത ഏറെക്കുറെ അതേ രീതിയില്‍ തന്നെ നല്‍കിയിരിക്കുകയാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി- “കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും; അന്യ സംസ്‌ഥാന തൊഴിലാളികള്‍ കേരളത്തെ ഭീതിയിലാഴ്ത്തുന്നു” ( http://www.eastcoastdaily.com/2016/06/16/terrible-cruel-out-of-state-labourers/)

പത്രമുത്തശ്ശി മാതൃഭൂമിയുടെ ഓണ്‍ലൈന്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു; 

“അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു അന്യസംസ്ഥാനക്കാരനാകാം കൊലയാളി എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. അതിനുള്ള പ്രധാന കാരണം കൊല നടത്തിയ രീതി തന്നെയായിരുന്നു.”

 

“കേരളത്തില്‍ നാളിതുവരെ കേട്ടുകേള്‍വിയില്ലാത്തത്ര മൃഗീയവും പൈശാചികവുമായ രീതിയിലാണ് കൊല നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലമാണ് പെരുമ്പാവൂര്‍. കുറ്റകൃത്യത്തിന്റെ രീതിയും സ്ഥലവും സംശയം ബലപ്പെടുത്തി.” (http://www.mathrubhumi.com/news/kerala/jisha-murder-case-malayalam-news-1.1135411)

മാധ്യമങ്ങളുടെ കഥയെഴുത്തിനെ കവച്ചു വെക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റുകളായി വരുന്ന സാഹിത്യങ്ങള്‍. അത് വംശീയതയും തീവ്ര വര്‍ഗ്ഗീയതയും മനുഷ്യ വിരുദ്ധതയും കൊണ്ട് സമ്പന്നമാണ്. അങ്ങനെയൊരെണ്ണം ഇതാ..

 

“വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്… നമ്മുടെ നാട്ടിലെത്തിയിട്ടുള്ള ബംഗാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരല്ല… മറിച്ച് ബംഗ്ലാദേശക്കാരനാണ്…അധികം പൊക്കമില്ലാത്തവരും താടിയും, മീശയും കുറഞ്ഞവരുമായിരിക്കും… ഇവര്‍ ബുദ്ധി കുറഞ്ഞവരും ആളുകളെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നവരും കൊല്ലുന്നവരും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നവരുമാണ് ഏറിയ പങ്കും… ഗൾഫ് രാജ്യങ്ങളിൽ പോയവർക്ക് ഇവരെ പറ്റി കൃത്യമായ ധാരണ ഉണ്ടാകും …ഗൾഫ് നാടുകളിൽ ഇവർ വൃത്തിഹീനമായ സാഹചര്യത്തിൽ കൂട്ടമായി താമസിക്കുന്നവരും പരസ്പരം തല്ല് കൂടുന്നവരുമാണ്… എന്നാൽ എതിരാളികളെ ഇവർ കൂട്ടമായി ആക്രമിക്കുകയും ചെയ്യും… ഗൾഫിലെ അറബികളെ പോലും ഇവർ ക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ട്, ഗൾഫിലൊക്കെ ഒറ്റ തവണ ഇവർ വന്നാൽ അഞ്ചും പത്തും വർഷം കഴിഞ്ഞാണ് തിരിച്ച് പോവുക… ചിലർ പോവുകയുമില്ല… നമ്മുടെ നാട്ടിലും ഇവർ ഇങ്ങനെ നിന്നേക്കാം. ഗൾഫ് നാടുകളില്‍ അധികാരമുള്ള അറബികളും മുന്നും പിന്നും നോക്കാതെ പ്രവർത്തിക്കുന്ന പാക്കിസ്ഥാനികളും ബംഗ്ലാദേശികളോട് വളരെ ശ്രദ്ധിച്ചേ ഇടപെടാറുള്ളൂ…

ഇവരെ നാം വളരെയധികം കരുതിയിരിക്കണം… പ്രത്യേകിച്ച് നമ്മുടെ സഹോദരിമാര്‍… കാരണം ഈ കൂട്ടർ സ്ത്രീകളെ വളരെയധികം കാമാസക്തിയോടെയാണ് നോക്കുക, തക്കം കിട്ടിയാൽ ഉപദ്രവിക്കുകയും ചെയ്യും… ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്നവരും രാത്രി കാലങ്ങളിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളും എപ്പോഴും ‘ശ്രദ്ധിക്കുക… കാരണം ബംഗ്ലാദേശ് സർക്കാരിന്റെ കണക്ക് പ്രകാരം ലക്ഷക്കണക്കിന് യുവാക്കൾ ആ രാജ്യത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്… മൻമോഹന്‍ സിംഗ് സർക്കാർ പറഞ്ഞത് ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ ഭാരതത്തില്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നാണ്… ഇപ്പോൾ തന്നെ കൺസ്ട്രക്ഷൻ മേഖലയിൽ നമ്മുടെ നാട്ടുകാരുമായി ചില തർക്കങ്ങളും ചെറിയ അടിപിടി കളും തുടങ്ങിയിട്ടുണ്ട്…

നമ്മൾ സ്വയം കരുതിയിരിക്കുക…

കേരളത്തില്‍ ഇതിനെ പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചിന്തിക്കാൻ ഒരു പാട് സമയമെടുക്കും… അത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണല്ലോ.. ആയതിനാൽ ഏവരും നമ്മുടെ സുരക്ഷ ഉറപ്പ് വരുത്തുക…. ഇത് ഒരു അപേക്ഷയായി കാണുക…

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

കാശ്മീരിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ചവൻ മനോരോഗി, ഫ്രാൻസിൽ പോലീസുകാരനെയും ഭാര്യയെയും മകന്റെ മുന്നിൽ വെച്ച് കുത്തിക്കൊന്നവൻ മനോരോഗി, അമേരിക്കൻ ടീച്ചറെ വെറുതെ കുത്തിക്കൊന്ന സ്ത്രീ മനോരോഗി, ISIS, ബോക്കോ ഹറാം പോലുള്ള ഇസ്ലാമിക ഭീകര സംഘടനകളിലെ ജിഹാദികൾ മനോരോഗികൾ, ഇപ്പോൾ ജനനേന്ദ്രിയം വഴി കുടൽമാല വലിച്ച് പുറത്തിട്ട് ജിഷയെ കൊന്നവനും ലൈംഗികവൈകൃതം കാണിക്കുന്ന മനോരോഗി! ഇതെന്താ ഒരു മത വിഭാഗത്തിലെ ഭൂരിപക്ഷവും ഇങ്ങനെ മനോരോഗികളാകുന്നത്?

ഏകദേശം 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. മലയാളികള്‍ ചെയ്യാന്‍ മടിക്കുന്ന കൃഷിപ്പണി മുതല്‍ ഡ്രെയിനേജ് വൃത്തിയാക്കല്‍ ഒക്കെ ഇന്ന് നമുക്ക് വേണ്ടി ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ ഒരു ദിവസം പണി നിര്‍ത്തി വെച്ചാല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ നന്ദിയോടേയും കടപ്പാടോടെയും പരിഗണിക്കേണ്ട ഇവരെയാണ് നാട്ടില്‍ നടക്കുന്ന എണ്ണമറ്റ കുറ്റകൃത്യങ്ങളില്‍ വിരലിലെണ്ണാവുന്നവയില്‍ മാത്രം ഇവര്‍ പ്രതികളായി എന്നു പറഞ്ഞു അടച്ചാക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ഇത് തികഞ്ഞ വംശീയതയാണ്. സംസ്കാര ശൂന്യതയാണ്.

ജിഷയുടെ ഘാതകന്‍ അമി ഉല്‍ അസംകാരനും മുസ്ലിമും ആയതിന്റെ പേരില്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനായി വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചരണം ഉടന്‍ അവസാനിപ്പിക്കണം. അവരുണ്ടാക്കുന്ന പൊറോട്ട തിന്നിട്ട് ഏമ്പക്കം വിട്ടതിന് ശേഷം നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ശുദ്ധ നന്ദികേടാണ് എന്നു മാത്രമല്ല, നമ്മുടെ തന്നെ പ്രവാസത്തിന്റെ ഇപ്പോഴും തുടരുന്ന ചരിത്രത്തെ നിഷേധിക്കലും കൂടിയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍