UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇവിടെയുള്ള പകല്‍ മാന്യന്മാരാണ് ഇത് ചെയ്തത്’; ജിഷയുടെ അയല്‍ക്കാരി

Avatar

ധനസുമോദ്

‘ഡല്‍ഹിയില്‍ പീഡനം നടന്നപ്പോള്‍ നാമെല്ലാം പ്രതികരിച്ചു. നമ്മുടെ വീട്ടുമുറ്റത്ത് ഇത്രയും വലിയ അത്യാഹിതം നടന്നപ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ’ ആം ആദ്മി ജില്ല നേതാവ് ലൈല റഷീദിനോട് ഫോണില്‍ ചോദ്യം ഉന്നയിച്ചത് പെരുമ്പാവൂരിലെ സാമൂഹ്യപ്രവര്‍ത്തക ഭാര്‍ഗവി ആയിരുന്നു. പെരുമ്പാവൂര്‍ ആശുപത്രിയില്‍ നിന്നും ജിഷയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവത്തിനുശേഷം ജിഷയുടെ വീട്ടിലേക്കു പോയ കാര്യം ഭാര്‍ഗവി പറയുന്നത്.

കൊലപാതകം കഴിഞ്ഞ അടുത്ത ദിവസമാണ് ഭാര്‍ഗവി ജിഷയുടെ വീട്ടിലെത്തുന്നത്. കനാലിനോട് ചേര്‍ന്ന് ഹോളോബ്രിക്‌സ് അടുക്കിവച്ച് നിര്‍മിച്ച ഒറ്റമുറി വീട് ശൂന്യമായിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. പരിസരത്തുള്ള നാലഞ്ചു വീടുകളില്‍ ചെന്നു. പലതിന്റെയും മുന്‍വശം പൂട്ടിയിരിക്കുന്നു.

അയല്‍ക്കാരനും ശ്രീശങ്കര കോളേജിലെ ലാബില്‍ ജോലിയുളള ഒരു സാറിന്റെ വീട്ടില്‍ ചെന്നു. കൊലപാതകത്തെ കുറിച്ചു ചോദിച്ചപ്പോള്‍; ചേച്ചി അങ്ങനെയൊന്നും ചോദിക്കല്ലേ, ഞങ്ങളിവിടെ പേടിച്ചാണ് കഴിയുന്നത്’ എന്നു പറഞ്ഞു സാര്‍ ഒഴിഞ്ഞുമാറി. അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു; അന്യസംസ്ഥാന തൊഴിലാളികളാണോ ചെയ്തത്? അവര്‍ അറിയാതെ ഒരു കാര്യം പറഞ്ഞുപോയി, ‘ ഇവിടെയുള്ള പകല്‍ മാന്യന്മാരാണ് ഇത് ചെയ്തത്’. അവര്‍ക്ക് ആളുകളെ അറിയാം; ഭാര്‍ഗവിയും ലൈലയും ഒരേസ്വരത്തില്‍ പറയുന്നു.

പല വീടുകളില്‍ ചെന്നു എത്ര വിളിച്ചാലും ആരും വാതില്‍ തുറക്കില്ല. വീടിന്റെ പിന്‍ഭാഗത്തു കൂടിയാണ് അയല്‍വാസികളുടെ സഞ്ചാരം; ജിഷയുടെ വീടിനടുത്തുള്ള റോഡില്‍ എത്തിയപ്പോള്‍ അയല്‍വാസികളുടെ ഓരോ വീടും ചൂണ്ടിക്കാണിച്ചു കൊണ്ട് തനിക്കു കിട്ടിയ പ്രതികരണങ്ങള്‍ ഭാര്‍ഗവി പങ്കുവച്ചു.

അഴിമുഖം നടത്തിയ യാത്രയില്‍ തെളിഞ്ഞ ഒരുകാര്യം അടിവരയിട്ടു പറയട്ടെ, ഭാര്‍ഗവിയും ലൈല റഷീദും ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണം പോലും പൊലീസ് ഇവിടെ നടത്തിയിട്ടില്ല. ഇനിയും പുറത്തുവരാത്ത പലകാര്യങ്ങളും അയല്‍വാസികള്‍ക്ക് അറിയാമെന്നും ഭാര്‍ഗവിയും ലൈലയും വ്യക്തമാക്കുന്നു.

കൊലപാതകം നടന്ന് അടുത്ത ദിവസം മുതല്‍ ആശുപത്രിയില്‍ ലൈല റഷീദ് ഉണ്ട്. ഏഴാം തീയതി ‘കറുത്തദിന’മായി പ്രഖ്യാപിച്ച് പത്രസമ്മേളനം നടത്തിയശേഷം അഴിമുഖം പ്രതിനിധികള്‍ക്കൊപ്പമാണ് ലൈല പെരുമ്പാവൂരിലേക്ക് മടങ്ങിയത്.

താലൂക്ക് ആശുപത്രിയില്‍ നിന്നും രാജേശ്വരിയെയും ദീപയെയും മാറ്റാനുള്ള നീക്കം തടയണമെന്നായിരുന്നു ലൈലയുടെ ആവശ്യം. ആശുപത്രിയുടെ പിന്‍ഭാഗത്ത് പൊലീസും ആളുകളും വാര്‍ത്ത ചാനലുകളുടെ ഒ ബി വാനുകളും പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ആദ്യം മുതല്‍ക്കെ രാജേശ്വരിയുടെ ഒപ്പമുണ്ടായിരുന്ന ലൈലയ്ക്ക് പോലും ആശുപത്രിയിലേക്ക് കടക്കാനാവാത്തവിധം സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

ആശുപത്രിയുടെ പിന്‍ഭാഗത്തെ ഒറ്റമുറിയില്‍ വി ഐ പി കളുടെ ഒഴുക്കാണ്. ഓരോരുത്തരും എത്തുമ്പോള്‍ വിലാപം ഉച്ചത്തിലാകുന്നു. ആര്‍ക്കുമൊരു സമാധാനവാക്കുപോലും പറയാന്‍ കഴിയുന്നില്ല.

കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനോടൊപ്പമാണ് ഞാന്‍ രാജേശ്വരിയെ സന്ദര്‍ശിച്ചത്.’ എന്തിനാണ് എന്റെ പാവം മകളെ കൊന്നത്, അവനെ കണ്ടുപിടിച്ചോ? എന്നായിരുന്നു ആ അമ്മയുടെ ചോദ്യം. നിലവിളികളോടൊപ്പമുള്ള ആ ചോദ്യത്തിനു മുന്നില്‍ നിസഹായനായി എംഎല്‍എ നിന്നു. അന്വേഷണം നടക്കുകയാണെന്നും, ചിലരെ പിടികിട്ടിയെന്നും ചോദ്യം ചെയ്യുകയാണെന്നുമൊക്കെ സജീന്ദ്രന്‍ പറഞ്ഞൊപ്പിച്ചു. ‘ എന്റ മകളെ കൊന്നവരെ അയല്‍ക്കാര്‍ക്കറിയാം’ എന്നുകൂടി പറഞ്ഞായിരുന്നു വീണ്ടും രാജേശ്വരിയുടെ കരച്ചില്‍.

അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുകയാണെന്ന് പൊലീസും പൊലീസ് മന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ തന്നെ, അയല്‍വാസികളുടെ മൊഴിയെടുപ്പ് പോലും കൃത്യമായി പൊലീസ് എടുത്തിട്ടില്ല എന്ന കാര്യം വ്യക്തമാണ്.

അയല്‍വാസികളില്‍ ചിലര്‍ക്ക് വധഭീഷണി ഉണ്ടെന്ന വിവരം സാമൂഹ്യപ്രവര്‍ത്തകനായ ഇസ്മയില്‍ പങ്കുവച്ചു. ജിഷയുടെ അയല്‍വാസികളെല്ലാം ഇനിയും പുറത്തറിയാത്ത ഏതോ ഭീഷണിയുടെ മുള്‍മുനയിലാണ്. ജിഷയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അവിടെ നിലനില്‍ക്കുന്ന ഭീഷണിയുടെ പിന്നിലാരാണെന്നുകൂടി അന്വേഷിക്കേണ്ടിവരും. ഇത്തരത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മാത്രമായിരിക്കും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍