UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം; പോലീസ് നിഗൂഢമാക്കിവെച്ചത് എന്തിന്?

Avatar

ഡി.ധനസുമോദ്

”ജിഷയുടെ കൊലപാതകം നടന്ന ദിവസം (വ്യാഴാഴ്ച) രാത്രി 9.30 നാണ് ഞാന്‍ വിവരമറിയുന്നത്. അപ്പോള്‍ തന്നെ തലയ്ക്കടിയേറ്റ് യുവതി മരിച്ചുവെന്ന വിവരം ഡസ്‌കില്‍ അറിയിച്ചു. കൂടുതല്‍ വിവരം ശേഖരിക്കുന്നതിനായി കുറുപ്പം പടിയിലേക്ക് ബൈക്കില്‍ കുതിച്ചു. സംഭവസ്ഥലത്ത് നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള ഓടക്കാലിയില്‍ ആണ് എന്റെ വീട്. രാത്രി പത്തുമണിക്ക് മുന്നേ ജിഷയുടെ വീട്ടിലെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രണ്ടോ മൂന്നോ നാട്ടുകാരുമാണു വീട്ടിലുണ്ടായിരുന്നത്. ജിഷയുടെ അമ്മ രാജേശ്വരിയുടെ കരച്ചില്‍ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ജിഷയുടെ മൃതദേഹം കിടക്കുന്ന മുറിയിലേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. പല തവണ ആഭ്യര്‍ത്ഥിച്ചെങ്കിലും ഇന്‍ക്വസ്റ്റ് നടത്തേണ്ടതുണ്ടെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും പറഞ്ഞാണ് സര്‍ക്കിള്‍ തടഞ്ഞത്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ വീട്ടില്‍ എത്തിയ ആദ്യത്തെയാള്‍ ഒരുപക്ഷേ ഞാന്‍ ആയിരിക്കും. മുറിയില്‍ കയറാന്‍ പോലീസ് അനുവദിച്ചിരുന്നെങ്കില്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുമായിരുന്നു.” മംഗളം പത്രത്തിന്റെ പെരുമ്പാവൂര്‍ പ്രാദേശിക ലേഖകനായ ശരത്ചന്ദ്രന്റെ വാക്കുകളാണിത്. 

ആ വീട്ടില്‍ ചോര തളംകെട്ടിക്കിടന്നതും 13 ഇഞ്ച് ആഴത്തിലുള്ള മുറിവ് ഉണ്ടായതും മലദ്വാരത്തിലൂടെ കുടല്‍ പുറത്തുവന്നതും കാണാമായിരുന്നു. ഇതൊന്നും ആരുമറിയരുതെന്ന പോലെ മറച്ചുപിടിക്കാന്‍ ശ്രമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിയാണ് അമ്പരപ്പിക്കുന്നത്. അടുത്ത ദിവസം പത്രപ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോഴും കൊലപാതക സാധ്യത ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ ഒന്നും പറയാന്‍ കഴിയില്ലെന്നുമാണ് പോലീസ് അറിയിച്ചത്. 

ഒരു കേസില്‍ മഹസര്‍ തയ്യാറാക്കി കഴിഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിയെത്തുന്നത് പതിവാണ്. ‘എസ്.പി.യുടെ ഉത്തരവ് അനുസരിച്ച്, ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ … ഉം …. ഉം’ (സത്യത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാവും കഞ്ചാവ് പിടിച്ചിട്ടുണ്ടാവുക). പത്രത്തില്‍ വാര്‍ത്ത വരുമ്പോള്‍ ഈ സംഭവം അറിഞ്ഞിട്ടില്ലാത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പേര് ഉണ്ടായിരിക്കണമെന്നത് അലിഖിത നിയമമാണ്.

നൈറ്റ് ഡ്യൂട്ടിക്ക് ഇരിക്കുന്ന പത്രപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വിളിച്ചിരിക്കേണ്ട സ്ഥലങ്ങളാണ് പോലീസ് സ്‌റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, ആശുപത്രികള്‍. ഈ വിളികളിലൂടെയാണു രാത്രി സംഭവിക്കുന്ന അത്യാഹിതങ്ങളുടെ വാര്‍ത്ത ലഭിക്കുന്നത്. പത്രങ്ങള്‍ പരസ്പരം മത്സരിക്കുക പതിവാണെങ്കിലും രാത്രി ലേഖകര്‍ പരസ്പരം വിവരം കൈമാറുകയാണ് ചെയ്യുന്നത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പിലാണ് ഇപ്പോള്‍ രാത്രി വിവരങ്ങള്‍ പരസ്പരം അറിയിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ വിളിക്കുമ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചതും, കെട്ടിത്തൂങ്ങിയതും വെള്ളത്തില്‍ വീണതുമൊക്കെ ഒരു അലോസരവുമില്ലാതെ പോലീസ് പറഞ്ഞുതരും. പത്തു പേര്‍ വിളിച്ചാല്‍ പത്താമത്തെ പത്രപ്രവര്‍ത്തകനോടുപോലും തികഞ്ഞ മര്യാദയിലായിരിക്കും പോലീസ് സംസാരിക്കുന്നത്.

കഞ്ചാവ് പിടികൂടിയ വിവരം പത്രം ഓഫീസിലേക്ക് വിളിച്ചുപറയുന്ന, ട്രെയിന്‍ തട്ടിയ വിവരം പത്രക്കാരോട് പങ്കുവയ്ക്കുന്ന പോലീസ് ഡല്‍ഹി പീഡനത്തെ ‘ഡൗണ്‍പ്ലേ’ ചെയ്യിച്ചു. കുടല്‍മാല പുറത്തു ചാടി, മുറിവിലൂടെ ചോര ചീറ്റിയ ജിഷയുടെ കേസ് എന്തിന് മറച്ചുവച്ചു എന്നാണ് പത്രപ്രവര്‍ത്തകര്‍ക്ക് ഇനിയും മനസിലാക്കാത്തത്. 

സംഭവം കേരളത്തില്‍ അഗ്നി പടര്‍ത്തിയെങ്കിലും അന്വേഷണ വിവരം കൈമാറാന്‍ പോലീസ് ഇപ്പോഴും തയ്യാറാകാത്തത് പത്രപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്. ആദ്യം ബന്ധുക്കളേയും പിന്നീട് അന്യസംസ്ഥാന തൊഴിലാളികളെയും പ്രതികളാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ സംശയത്തിന്റെ മുള്‍മുനയില്‍ എത്താന്‍ കാരണം ഒരു മതില്‍നിര്‍മ്മാണമാണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് മതില്‍ നിര്‍മ്മിച്ചത് ജിഷയുടെ താമസസ്ഥലത്തോട് ചേര്‍ന്നായിരുന്നു. ഈ സമയത്ത് തൊഴിലാളികള്‍ക്ക് ജിഷ കുടിക്കാന്‍ വെള്ളം കൊടുത്തിരുന്നു. ഈ കുടിവെള്ള ബന്ധമാണ് തൊഴിലാളികളെ കെണിയിലാക്കിയത്. 

പോലീസ് മറച്ചുവച്ചതുകൊണ്ടാണ് വിവരം ലഭിക്കാതിരുന്നതെന്നും ഇത് മറച്ചുവയ്ക്കുന്നത് കൊണ്ട് എന്തു പ്രയോജനമാണ് തങ്ങള്‍ക്കുണ്ടാകുന്നതെന്ന് പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു. മുത്തൂറ്റ് പോള്‍ കൊലപാതക കേസില്‍ പൊലീസിന്റെ കഥകള്‍ പൊളിച്ച മാധ്യമചരിത്രം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ഇവിടെ അതൊന്നുമുണ്ടായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലീക്ക് ചെയ്യപ്പെട്ടതാണ്, കേസിലെ വഴിത്തിരിവായത്. അല്ലെങ്കില്‍ ‘തലയ്ക്കടിയേറ്റ് യുവതി മരിച്ചു’ എന്ന തലക്കെട്ടില്‍ ഈ വാര്‍ത്ത ഒതുങ്ങുമായിരുന്നു. 

ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാധ്യമമേഖലയില്‍ സാന്നിധ്യം കുറവാണ് എന്നത് കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ദളിതര്‍ക്ക് കൃത്യമായി ജോലി കൊടുക്കുന്ന സ്ഥാപനം തേജസ് പത്രമാണ്. ബാക്കിയുള്ള സ്ഥാപനങ്ങളില്‍ അദൃശ്യമായ ഒരു അരിപ്പയുണ്ട്. ഈ അരിപ്പയുടെ കണ്ണികളിലൂടെ ദളിതര്‍ക്ക് കടന്നുപോവാനാവില്ല. ന്യൂസ് ഡസ്‌കുകളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ഒരിടത്തും ദളിത് പ്രതിനിധിയില്ല. ജില്ലാ ലേഖകരില്‍ അഞ്ച് ശതമാനം പോലും ദളിതരില്ല. ദളിതരുണ്ടെങ്കില്‍ മാത്രമാണ് ദളിതരുടെ പീഡനം പ്രസിദ്ധീകരിക്കുന്നത് എന്ന യാതൊരു തെറ്റിദ്ധാരണയുമില്ല. ദളിത് വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയുള്ള അരിപ്പ എടുത്തുമാറ്റിയാല്‍ കൂടുതല്‍ ദളിത് പ്രശ്‌നങ്ങള്‍ ന്യൂസ് ഡസ്‌കുകളില്‍ നേരിട്ട് എത്തുമെന്ന് വിശ്വസിക്കുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍