UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരിച്ചാലും ചോര വരും; പങ്തി എഴുത്തുകാരുടെ ക്രയവിക്രിയകള്‍

Avatar

ഷിജു ആച്ചാണ്ടി

താന്‍ മരിച്ചു പോയി എന്നുറച്ചു വിശ്വസിക്കുന്ന ഒരാളുണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നയാളെ വിശ്വസിപ്പിക്കാന്‍ പലരും പല പണികളും പയറ്റി. ഒന്നുമേറ്റില്ല. ഒടുവില്‍ സൈക്യാട്രിസ്റ്റ് ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.
അയാളുടെ ദേഹത്ത് ഒരു മുറിവുണ്ടാക്കുക. മുറിവില്‍ നിന്നു ചോര വരുമ്പോള്‍ അയാള്‍ക്കു മനസ്സിലാകും, തനിക്കു ജീവനുണ്ടെന്ന്. സൂത്രം പ്രയോഗിച്ചു. മുറിവുണ്ടാക്കി. ചോര വന്നു. ഡോക്ടര്‍ ചോദിച്ചു,
”ഇപ്പോള്‍ മനസ്സിലായില്ലേ?”
”ഉവ്വ്.”
”എന്തു മനസ്സിലായി?”
”മരിച്ചാലും ചോര വരുമെന്നു മനസ്സിലായി.”

ചില കാര്യങ്ങള്‍ ചിലര്‍ വിശ്വസിച്ചുപോയാല്‍ മാറ്റാന്‍ വലിയ പ്രയാസമാണ്. ഇതൊരു മനോരോഗവുമാണ്. ബെന്യാമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയിലെ ഒരു കഥാപാത്രം ഇങ്ങിനെയുണ്ട്. രോഗത്തിന്റെ പേര് കോടാര്‍ഡ്‌സ് സിന്‍ഡ്രോം. മറ്റു മാനസികപ്രശ്‌നങ്ങള്‍ പോലെ ഇതും പകര്‍ച്ചവ്യാധിയൊന്നുമല്ലെങ്കിലും കേരളത്തിലിത് അതിവേഗം പടരുന്നുണ്ട്. രോഗം പരത്തുന്ന വൈറസ് പ്രധാനമായും നവമാധ്യമങ്ങളുള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളെയാണ് മാധ്യമമാക്കുന്നത്!

പെരുമ്പാവൂരിലെ ജിഷവധക്കേസിലെ പ്രതിയെ പോലീസ് പിടികൂടിയപ്പോള്‍, നേരത്തെ തന്നെ ഈ രോഗത്തിന്റെ പിടിയിലായിരുന്നവരുടെയെല്ലാം സ്ഥിതി മൂര്‍ച്ഛിച്ചു. അവര്‍ പുറത്തേക്കിറങ്ങി. ചാനലുകളും നവമാധ്യമങ്ങളുമൊരുക്കിക്കൊടുക്കുന്ന കവലകളില്‍ ഒത്തുകൂടി ഇവരെല്ലാവരും കൂടി തുള്ളി മറിയുന്ന ബീഭത്സമായ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ വന്‍തോക്കുകളും മാഫിയാകളും രാഷ്ട്രീയവും പ്രൊഫഷണല്‍ കില്ലര്‍മാരും ബ്യൂറോക്രസിയും സ്വത്തവകാശവും കൂടിക്കലര്‍ന്ന അതിഭയങ്കരമായ ഗൂഢാലോചനയുണ്ടെന്നു നാം വിശ്വസിച്ചുപോയി. അതുകൊണ്ട്, ഇതെല്ലാം അവഗണിച്ചിട്ട്  ”ഏതോ ഒരു കോന്തനെ പിടിച്ചു കൊണ്ടു വന്നു പ്രതിയാണ് എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ മനസ്സില്ല.” തന്നെ! (വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തില്‍ നിന്നാണ് ഈ വാചകം. സംഗതി സീരിയസാണ്.)

ഇതു സാദാ ഭ്രാന്താണെങ്കില്‍ ഈ ഭ്രാന്തിന്റെ അതിഭയാനകമായ ഒരു വേര്‍ഷനാണ് അഴിമുഖത്തില്‍ രാജശേഖരന്‍ നായരെഴുതിയ ലേഖനം. ജിഷയുടെ അമ്മയാണ് ജിഷയെ കൊന്നതെന്നു പരോക്ഷമായി പറയുകയാണ് നായര്‍. വാസ്തവത്തില്‍ അതാദ്യം വായിച്ചപ്പോള്‍ തോന്നിയത് ഊത്തുസാഹിത്യം (സ്പൂഫ്) ആണെന്നാണ്. ജിഷ വധത്തെ തുടര്‍ന്ന് ഹോംസും വാട്‌സണും മാക്‌സിനും പുഷ്പരാജും ഒക്കെയായി മാറി, കളം നിറഞ്ഞാടുന്ന മലയാളി ഡിറ്റക്ടീവുമാരെ പരിഹസിക്കാന്‍ എഴുതിയതാണെങ്കില്‍ ‘രാജശേഖരന്‍ നായര്‍ റോക്ക്‌സ്’ എന്നു നിസ്സംശയം പറയാം. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയട്ടെ അദ്ദേഹവും സീരിയസാണ്!

വര്‍ഗീയവാദികളുടെയും അന്ധവിശ്വാസികളുടെയും ചില എഴുത്തുകള്‍ സ്പൂഫായി തെറ്റിദ്ധരിക്കപ്പെടുന്നതും ചിലരെഴുതുന്ന സ്പൂഫുകള്‍ ടിയാന്മാര്‍ സീരിയസായെടുത്ത് കമന്റുകളിടുന്നതും എല്ലാം വായിച്ച് ഇതിപ്പോ എനിക്കു ഭ്രാന്തായതാണോ നാട്ടുകാര്‍ക്കു മൊത്തം ഭ്രാന്തായതാണോ എന്നറിയാതെ സാധാരണ വായനക്കാര്‍ മിഴിച്ചു നില്‍ക്കുന്ന സ്ഥിതി ഇവിടെ പല തവണ ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം വിശകലനങ്ങളുടെയും ലേഖനങ്ങളുടെയും നെല്ലും പതിരും തിരിച്ചറിയാന്‍ തന്നെ വൈകുകയാണു പാവം വായനക്കാര്‍.

പറയപ്പെടുന്നു എന്ന വാക്കില്‍ നിന്നു തുടങ്ങി ഇല്ലാക്കഥകള്‍ നിരത്തി അവയെ കീറിമുറിച്ചു പഠിച്ചു, ആ പഠനഫലങ്ങള്‍ തെറ്റില്ലാത്ത മലയാളത്തില്‍ ലേഖനങ്ങളും പോസ്റ്റുകളുമാക്കി പടച്ചു വിടുകയാണ് വിശകലനവിദഗ്ദ്ധര്‍. പട്ടിയെന്നു ‘പറയപ്പെടുന്ന’ ആട് അടുത്ത ഘട്ടത്തില്‍ പേപ്പട്ടിയെന്നു ‘പറയപ്പെടുകയും’ പിന്നെ കല്ലെറിയപ്പെട്ടു കൊല്ലപ്പെടുകയും ആണല്ലോ പതിവ്. ഇവിടെയും ‘പറയപ്പെടുന്നു’ എന്ന വാക്ക് അപ്രകാരം ഉപയോഗിക്കപ്പെടുകയാണ്!

 

ഉദാഹരണത്തിന് ഈ ലേഖനത്തില്‍ ലേഖകന്‍ ഉന്നയിക്കുന്ന ഒരു ചോദ്യമെടുക്കാം. *ജിഷ പെന്‍ ക്യാമറ കുത്തിക്കൊണ്ടാണു നടന്നിരുന്നതെന്നു ‘പറയപ്പെടുന്നു.’ കൊള്ളാം, ആരു പറഞ്ഞു? ആരു പറഞ്ഞെന്നു പറയാന്‍ ആര്‍ക്കും ബാദ്ധ്യതയില്ലല്ലോ. പേപ്പട്ടിയാണെന്നു പറയപ്പെടുന്നു. എന്നിട്ട് അതിന്മേല്‍ അടുത്ത ചോദ്യം കെട്ടിപ്പൊക്കുകയാണ്: ‘എങ്കില്‍ എന്തുകൊണ്ട് ക്യാമറയില്‍ കൊലപാതകിയുടെ മുഖം തെളിഞ്ഞില്ല?’ ചോദ്യങ്ങള്‍ നീളുന്നുണ്ട്. ഒരു മറുചോദ്യം നമുക്കുണ്ട്. ജിഷ പെന്‍ ക്യാമറ സദാ ഉടുപ്പില്‍ കുത്തിക്കൊണ്ടു നടക്കാന്‍ വാങ്ങിയതല്ലെങ്കിലോ? അതോടെ ലേഖകന്‍ ഉന്നയിച്ച ഈ സംശയത്തിന്റെയും അനുബന്ധസംശയങ്ങളുടെയും കഥ കഴിയുന്നു. (ക്യാമറയുടെ കാര്യം ഈ ലേഖനത്തില്‍ മറ്റൊരിടത്തു പറയുന്നുണ്ട്.)

ലേഖകന്‍ ഉന്നയിക്കുന്ന ആദ്യ സംശയം മരണം നടന്നത് വെളുപ്പിനു 2 മണിയ്‌ക്കോ മൂന്നു മണിയ്‌ക്കോ ആണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ്. അതൊരു ഊഹം മാത്രമാണ്. മരണസമയം 28നു വൈകീട്ടു അഞ്ചരയ്ക്കല്ലെന്നും വെളുപ്പിനാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. വെളുപ്പിനാണു കൊലപാതകമെങ്കില്‍ അമ്മ വീട്ടിലുണ്ടാകുമെന്ന വിചിത്രമായ വാദവും അതുകൊണ്ടു തന്നെ അസംഗതമാകുന്നു.

ഈ വിഡ്ഢിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന അടുത്ത സംശയം സ്വാഭാവികമായും പടുവിഡ്ഢിത്തമാകുന്നതല്ലാതെ മറുപടി അര്‍ഹിക്കുന്നില്ല. കൊല നടത്തിയ ആളെ അമ്മ എന്തുകൊണ്ട് ആക്രമിച്ചില്ല, കൊലയാളി എന്തുകൊണ്ട് അമ്മയെ വെറുതെ വിട്ടു എന്നെല്ലാമാണ് ആ സംശയം!
ജിഷയുടെ ഭാഗത്തു നിന്ന്‍ ചെറുത്തു നില്‍പുണ്ടായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയാത്തതിനാല്‍ ജിഷ ആ സമയത്ത് ഉറക്കത്തിലോ അബോധാവസ്ഥയിലോ ആയിരുന്നു എന്നും ലേഖകന്‍ സ്ഥാപിക്കുന്നു. ‘അഞ്ചു പേജുള്ള വിശദമായ റിപ്പോര്‍ട്ടാണത്രെ’ എന്ന വാചകത്തില്‍ നിന്നു നമുക്കൊരു കാര്യമൂഹിക്കാം: ലേഖകന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലത്രെ! പിന്നെങ്ങനെയാണ് ഈ ചെറുത്തുനില്‍പ്പില്ലായ്മയുടെ കാര്യം ലേഖകന്‍ കണ്ടെത്തുന്നതെന്നറിയില്ല. കഴുത്തിലെ ഒറ്റക്കുത്തിനു കൊന്നിരിക്കാമെന്ന് മറ്റൊരു സംശയത്തില്‍ ഈ ലേഖകന്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ പകലായാലും ചെറുത്തുനില്‍പിന്റെ വിഷയം വരുന്നതെവിടെ?

ജിഷ കഴിച്ച ആഹാരം ദഹിച്ചു തുടങ്ങിയിരുന്നില്ല എന്നും അതിനാല്‍ കൊല്ലപ്പെടുന്നതിന് 20-30 മിനിറ്റു മുമ്പായിരിക്കണം ആഹാരം കഴിച്ചത് എന്നും ലേഖകന്‍ എഴുതുന്നു. അതു കൊള്ളാം. അപ്പോള്‍ വെളുപ്പിനു രണ്ടിനോ മൂന്നിനോ ആകണം ജിഷ ആഹാരം കഴിച്ചതെന്ന്. ഇതെന്തിനു പറയുന്നുവെന്നു മനസ്സിലായില്ല.

ജിഷയുടെ രക്തത്തിലെ മദ്യത്തെക്കുറിച്ചു പറയുന്നിടത്തും ലേഖകന്റെ സത്യസന്ധത ചോദ്യവിധേയമാകുന്നു. രക്തത്തില്‍ 23 മില്ലിലിറ്റര്‍ മദ്യമുണ്ടായിരുന്നുവെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. ഇതിലെ പൊള്ളത്തരം ഡോ. കെ പി അരവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ”രക്തം ടെസ്റ്റ് ചെയ്താല്‍ മദ്യത്തിന്റെ അനുപാതമാണ് ലഭിക്കുക. ഉദാഹരണത്തിന് 0.05 ശതമാനം. ഇയാള്‍ പറയുന്ന 23 മില്ലിലിറ്റര്‍ എങ്ങിനെ കിട്ടി?” എന്നദ്ദേഹം ചോദിക്കുന്നു. അതൊരു കാര്യം. അടുത്തത്, ഈ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ലേഖകന്‍ എത്തിച്ചേരുന്ന നിഗമനമാണ് – ”ഒന്നുകില്‍ ജിഷ സ്വന്തമായി മദ്യം ഉപയോഗിച്ചു. അല്ലെങ്കില്‍ ഉത്തമവിശ്വാസമുള്ള ആരോടോ ഒപ്പം വീട്ടില്‍ ഇരുന്നു മദ്യപിച്ചു.” തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട കുറെ ചോദ്യങ്ങള്‍. അങ്ങനെ ജിഷയെ മദ്യപയാക്കി. മദ്യപിക്കുന്നത് രാജ്യനിയമപ്രകാരം ഒരു തെറ്റല്ലെങ്കിലും, മദ്യപിച്ചിട്ടില്ലാത്ത ഒരു യുവതിയെ മരണശേഷം മദ്യപയാക്കി ചിത്രീകരിക്കുന്നതുകൊണ്ട് എന്തുതരം സുഖമാണ് ലേഖകനു ലഭിക്കുന്നതെന്നറിയില്ല. മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ച ജിഷയ്ക്ക് കൊലയാളി മദ്യം ഒഴിച്ചു കൊടുത്തുവെന്ന വിശദീകരണം വന്നിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ വായിലൊഴിച്ച മദ്യം ഇറക്കിയ ജിഷയെ തനിച്ചോ കമ്പനി കൂടിയോ മദ്യപിച്ച ആളായി ചിത്രീകരിച്ച് നികൃഷ്ടമായ സ്വഭാവഹത്യ നടത്തിയിരിക്കുകയാണു ലേഖകന്‍ എന്നു പറയാതെ വയ്യ.

കെ പി സി സി ജിഷയ്ക്ക് 15 ലക്ഷം രൂപ നല്‍കിയത് കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനു തെളിവായും ലേഖകന്‍ അവതരിപ്പിക്കുന്നുണ്ട്. ‘കേരളത്തില്‍ മറ്റേതൊക്കെ സമാനസംഭവങ്ങളില്‍ കെ പി സി സി ഇങ്ങിനെ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്?’ ഇതാണു ലേഖകന്റെ ചോദ്യം. ചാനലുകളില്‍ ചില സാംസ്‌കാരികനായകരും ഇതേ ചോദ്യം ഉന്നയിക്കുന്നതു കേട്ടു. കേരളത്തില്‍ മറ്റ് എത്ര സമാനസംഭവങ്ങള്‍ സമാനസാഹചര്യങ്ങളില്‍ (ഇലക്ഷന്‍) ഉണ്ടായിട്ടുണ്ട് എന്നു മറുചോദ്യത്തില്‍ ഈ സംശയവും അസ്ഥാനത്താകും.

എന്തുകൊണ്ട് ജിഷയുടെ അമ്മയേയും അച്ഛനേയും സഹോദരിയേയും പോലീസ് ചോദ്യം ചെയ്യുന്നില്ല എന്നതാണ് വിചിത്രമായ മറ്റൊരു സംശയം. ചോദ്യം ചെയ്യുക എന്നു പറയുന്നതിനര്‍ത്ഥം വിവരങ്ങള്‍ അന്വേഷിച്ചറിയുക എന്നാണല്ലോ. അതാണ് ഈ ദിവസങ്ങളിലത്രയും പോലീസ് നിരന്തരം ചെയ്തുകൊണ്ടിരുന്നത്. അതല്ല, ഭേദ്യം ചെയ്തു ലോക്കപ്പിലിടണം എന്നാണുദ്ദേശിക്കുന്നതെങ്കില്‍ നിര്‍വാഹമില്ല എന്നോ അതിന്റെ ആവശ്യമില്ല എന്നോ മാത്രമേ പോലീസിനു പറയാന്‍ കഴിയൂ.

 

മകളെ കൊന്നത് ജിഷയുടെ അമ്മയാണ് എന്നു പരദൂഷണം പരത്തുന്നതുകൊണ്ട് എന്തു സുഖമാണ് ലേഖകനു ലഭിക്കുന്നതെന്നറിയില്ല. ഇത്രയും വേദനയും ദുരിതവും അനുഭവിച്ച ദരിദ്രയും ദളിതയുമായ ആ അമ്മയെ സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍, ജീവിതത്തെ ഒരു പോരാട്ടമായി കണ്ട് ഒടുവിലതില്‍ പരാജയപ്പെട്ട് നമ്മോട് എന്നേക്കുമായി വിട പറഞ്ഞു പോയ ആ സാധുയുവതിയെ സ്വഭാവഹത്യ നടത്താന്‍ അഴിമുഖം അവസരമൊരുക്കിയത് ഖേദകരമായി. ലേഖനത്തിനൊടുവില്‍ ഒരു ഡിസ്‌ക്ലെയിമര്‍ ഉണ്ടല്ലോ. എല്ലാ വിഷയങ്ങളിലെയും വ്യത്യസ്തമായ ആശയങ്ങളെയും വീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ലേഖകരുടെ അഭിപ്രായങ്ങള്‍ എഡിറ്റോറിയല്‍ നിലപാടുകളായിരിക്കണമെന്നില്ല എന്നുമുള്ള ‘നിയമപ്രകാരമുള്ള മുന്നറിയിപ്പ്.’ ആ മുന്നറിയിപ്പുകൊണ്ടു കഴുകിക്കളയാവുന്നതല്ല, ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു പാവം അമ്മയ്ക്കും മകള്‍ക്കുമെതിരായ ജുഗുപ്‌സാവഹമായ ഈ ഭര്‍ത്സനത്തിനു വേദിയൊരുക്കിയതിന്റെ പാപഭാരം.

ജിഷവധം വിഷയമാക്കി പ്രചരിച്ചുകൊണ്ടിരിക്കുന്ന നാനാവിധ സിദ്ധാന്തങ്ങളൊക്കെയും ഏതാണ്ട് ഇതേ മട്ടില്‍ നിന്ദാര്‍ഹങ്ങളാണ്. പ്രാരംഭദിനങ്ങളിലെ ഉദാസീനതയ്ക്കു ശേഷം കര്‍ത്തവ്യനിരതരായ പോലീസ് കഠിനപ്രയത്‌നത്തെ തുടര്‍ന്ന് പ്രതിയെ പിടികൂടി. ഡി എന്‍ എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ ചെയ്ത് പരമാവധി സ്ഥിരീകരിച്ച ശേഷമാണ് അവര്‍ പ്രതിയെ പിടിച്ച കാര്യം പുറത്തു പറഞ്ഞതു തന്നെ. പക്ഷേ അതു ലക്ഷണമൊത്ത എം എന്‍ നമ്പ്യാരോ ബാലന്‍ കെ നായരോ ടി ജി രവിയോ അല്ലാത്തതിനാല്‍ അംഗീകരിക്കാന്‍ നമ്മുടെ പല സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും തയ്യാറല്ല. അതാണ് സിദ്ധാന്തങ്ങളുടെ ഉത്പാദനഹേതു.

 

ആദ്യഘട്ടത്തിലെ ഉദാസീനതയുടെ കാര്യമൊഴിച്ചാല്‍ കേസന്വേഷണത്തിനും പിടി കൂടിയ പ്രതിക്കുമെതിരെ ഇപ്പോള്‍ പരക്കുന്ന ചോദ്യങ്ങള്‍ മിക്കതും മന:പൂര്‍വ്വമോ അല്ലാത്തതോ ആയ അറിവില്ലായ്മയുടെ ഫലമാണ്. പി ജി വിദ്യാര്‍ത്ഥി പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിലാണ് ചിലര്‍ക്കു പരാതി. അതങ്ങനെയല്ലെന്നും ഫാക്കല്‍ട്ടി തന്നെയാണു ചെയ്തതെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇനി റിപ്പോര്‍ട്ടില്‍ ഒപ്പു വയ്ക്കുക മാത്രമേ ഫാക്കല്‍റ്റി ചെയ്തുള്ളൂവെന്നും പി ജി വിദ്യാര്‍ത്ഥി തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നും വാദത്തിനു വേണ്ടി സമ്മതിക്കുക. അതുകൊണ്ടെന്താണു കുഴപ്പം? സത്യത്തില്‍ അത് ഉപകാരമാകുകയാണ് ചെയ്തിരിക്കുക. വിദ്യാര്‍ത്ഥിയെന്നാല്‍ സര്‍വീസ് പി ജി ആണ്. അതായത് വര്‍ഷങ്ങളായി ഡോക്ടറായി സേവനം ചെയ്തു വരുന്ന ആള്‍. ഇതിനകം ഡസന്‍ കണക്കിനു പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ ചെയ്യുകയും കാണുകയും ചെയ്തിട്ടുള്ളയാള്‍. എന്നാല്‍ വിദ്യാര്‍ത്ഥിയായതുകൊണ്ടുള്ള ഉത്സാഹവും അക്കാദമിക താത്പര്യവും മൂലം അയാള്‍ കൂടുതല്‍ സമയമെടുത്ത് വിശദമായി തന്റെ ചുമതല നിറവേറ്റുകയും ദീര്‍ഘമായ റിപ്പോര്‍ട്ടെഴുതുകയും ചെയ്തു. ഇരയുടെ പുറത്തു കടിച്ച പാടില്‍ നിന്നുള്ള ഉമിനീര് ശേഖരിച്ചു ഡി എന്‍ എ പരിശോധന നടത്താന്‍ ഒരുപക്ഷേ കാരണമായത് വിദ്യാര്‍ത്ഥിസഹജമായ ശുഷ്‌കാന്തി കാരണമാകാം. അതിപ്പോള്‍ വളരെയേറെ ഉപകാരപ്പെട്ടു.

ഇത്തരമൊരു സംഭവത്തിലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ദഹിപ്പിക്കരുതെന്നു കൃത്യമായ നിയമമുണ്ടെന്നും അതു തെറ്റിച്ചു രാത്രിക്കു രാത്രി കത്തിച്ചുവെന്നുമാണ് മറ്റൊരു ആക്ഷേപം. ഇങ്ങനെയൊരു നിയമം ഫേസ്ബുക്കിലെ വിദഗ്ദ്ധര്‍ സഭ കൂടി നിര്‍മ്മിച്ചിട്ടുണ്ടോ എന്നറിയില്ല. അല്ലാതെ നിലവിലില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുന്ന മൃതദേഹത്തിന്റെ അനന്തരകര്‍മ്മങ്ങള്‍ മതാചാരപ്രകാരം നടത്താം. കനാല്‍ ബണ്ടിലെ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷയുടെ മൃതദേഹം രാത്രി മുഴുവന്‍ എവിടെ കൊണ്ടുവയ്ക്കും? അതുകൊണ്ടു ബന്ധുക്കള്‍ രാത്രി തന്നെ ദഹിപ്പിക്കാന്‍ ആഗ്രഹിച്ചു. പോലീസ് സഹായിച്ചു. അതില്‍ അനൗചിത്യമുണ്ടെങ്കില്‍ അതിനു ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നല്ലാതെ അസ്വാഭാവികമായ യാതൊരു ഗൂഡാലോചനയും ഇക്കാര്യത്തിലുണ്ടാകേണ്ടതില്ല. 

 

പെന്‍ക്യാമറ വാങ്ങിയ കുടുംബം ആരെയോ ഭയക്കുന്നുണ്ടായിരുന്നുവെന്നും ഏതോ ഉന്നതനെ പോയി കണ്ടു കുടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടായിരുന്നുവെന്നുമാണു മറ്റൊരു കഥ. അതുപോലെ തന്നെ ഇവര്‍ പോലീസില്‍ നിരന്തരമായി ഒരുപാടു പരാതികള്‍ കൊടുത്തിരുന്നുവെന്നും അതൊക്കെ പോലീസ് അവഗണിച്ചിരുന്നുവെന്നുള്ള വാദവും ഉണ്ട്. എന്തുകൊണ്ട് പരാതികള്‍ അവഗണിക്കപ്പെട്ടു, ഏതെങ്കിലും ഉന്നതന്റെ സ്വാധീനം കൊണ്ടാണോ? ഇതാണു ചോദ്യം. എന്തായിരുന്നു ആ പരാതികളുടെ ഉള്ളടക്കം എന്നന്വേഷിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളല്ലോ. ഏതെങ്കിലും പ്രമുഖന്റെ പിതൃത്വം അംഗീകരിപ്പിച്ചു തരണം എന്നാവശ്യപ്പെടുന്നതായിരുന്നോ ആ പരാതികള്‍? ആരുടെയെങ്കിലും കോടികളുടെ സ്വത്തിലെ അവകാശം സ്ഥാപിച്ചു കിട്ടാനായിരുന്നോ? ഒന്നുമല്ല. അയല്‍ക്കാരുമായുള്ള ശണ്ഠകളുടെ ബാക്കിപത്രമായിരുന്നു നിരന്തരമായ ആ പരാതികള്‍. തങ്ങളുടെ വീടിനു മുമ്പില്‍ വന്നു ചിലര്‍ മൂത്രമൊഴിക്കുന്നു, അശ്ലീലം പറയുന്നു എന്നൊക്കെയായിരുന്നു പരാതികള്‍. ജിഷയുടെ അമ്മയുടെ ആവര്‍ത്തിച്ചുള്ള പരാതികളെ അത്ര ഗൗരവത്തില്‍ എടുക്കാതിരുന്ന ഒരു പോലീസുദ്യോഗസ്ഥന്‍, ”എങ്കില്‍ അതൊരു ക്യാമറയില്‍ പിടിച്ചു താ” എന്ന് ജിഷയുടെ അമ്മയോടു പറഞ്ഞുവെന്നും അതിനെ തുടര്‍ന്നാണ് അവര്‍ ക്യാമറ വാങ്ങിയതെന്നും കഥയുണ്ട്. ”ക്യാമറ ഉണ്ടായിട്ടും അതില്‍ കൊലപാതകം ചിത്രീകരിക്കാതിരുന്നതെന്ത്?” എന്ന ഭീകരചോദ്യം ഗൗരവത്തിലെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പോലീസ് അതിന്റെ വിശദാംശങ്ങള്‍ ജിഷയുടെ അമ്മയില്‍ നിന്ന് ചോദിച്ചറിഞ്ഞേക്കും. അല്ലാത്തപക്ഷം ക്യാമറകാര്യം ഒരു കഥയില്ലായ്മയായി ശേഷിക്കും.

 

കുളിക്കടവിലെ കളിയാക്കലും പ്രതികാരവും ഇതേമട്ടില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തിയിറങ്ങിയ ഒരു കഥയാണ്. കൊലപാതകത്തിന്റെ യഥാര്‍ത്ഥലക്ഷ്യം അതായിരുന്നുവെന്ന് പോലീസ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ ഒരു പോറലുപോലുമേല്‍പ്പിക്കാതെയാണ് ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളതെന്നു വ്യക്തം. ഇനി കസ്റ്റഡിയില്‍ വാങ്ങി മെനയ്ക്കു ചോദ്യം ചെയ്യുമ്പോഴാകാം ചിലപ്പോള്‍ യഥാര്‍ത്ഥ കഥ വെളിപ്പെടുക. അപ്പോഴും ജിഷയുടെ വെര്‍ഷന്‍ നമുക്കറിയാതെ അവശേഷിക്കുകയും ചെയ്യും.

കൊലക്കത്തി ടെറസിന്റെ മുകളില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാണ് മറ്റൊരു സംശയം. ടെറസിന്റെ മുകളില്‍ നിന്നു കിട്ടിയതാണ് ജിഷയെ കൊന്ന കത്തിയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഒരു കത്തി കണ്ടെത്തി, അതു പരിശോധിക്കുന്നു, അത്ര മാത്രം. പ്രതിയെ വിട്ടു കിട്ടി കൊണ്ടുപോയി തെളിവുകളെടുക്കുമ്പോഴാകാം ശരിക്കുള്ള കത്തി കിട്ടുക. കിട്ടിയില്ലെന്നും വരാം.
ഡി എന്‍ എ ടെസ്റ്റില്‍ ഉപജാപങ്ങള്‍ നടന്നു കൂടെ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. പ്രതിയെന്നുറപ്പുള്ളയാളാണെങ്കിലും കോടതി നടപടികളെ അതിജീവിച്ച് അയാള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കണമെങ്കില്‍ മൂര്‍ത്തമായ തെളിവുകള്‍ വേണം. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതിനാല്‍ അപരാധിക്കനുകൂലമായി വാര്‍ത്തെടുക്കപ്പെട്ടിരിക്കുന്നതാണ് നീതിന്യായസംവിധാനമെന്നു പറയാം. അതിനാല്‍ ഈ തെളിവുകള്‍ക്കുവേണ്ടി പോലീസ് ചില കൃത്രിമങ്ങള്‍ ഒപ്പിക്കാറുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാം. എസ് കത്തി വിവാദം ഓര്‍ക്കുമല്ലോ. പക്ഷേ ഫോറന്‍സിക് ലാബില്‍ എത്തുന്നതിനു മുമ്പുള്ള ഘട്ടത്തിലാണ് ഇത്തരം ഉപജാപങ്ങള്‍ നടക്കുക. ലാബില്‍ കൃത്രിമം നടക്കില്ല. കാരണം ഈ കേസ് സി ബി ഐയ്ക്കു വിടുകയോ മറ്റൊരു അന്വേഷണസംഘം വരികയോ ഒക്കെ ചെയ്താല്‍ കൃത്രിമം കാട്ടിയവന്‍ അഴിയെണ്ണും. അതിനാല്‍ ലാബിനുള്ളിലേയ്ക്ക് കൃത്രിമം വ്യാപിപ്പിക്കാന്‍ ആരും തയ്യാറാകില്ല. ഇവിടെ ഇതുവരെ നടന്ന പരിശോധന ഇത്തരം കൃത്രിമങ്ങള്‍ക്കു യാതൊരു സാദ്ധ്യതയുമില്ലാത്തതാണ്.

അമീര്‍ ഉള്‍ ഇസ്ലാമാണ് യഥാര്‍ത്ഥ പ്രതിയെന്നു സ്ഥിരീകരിച്ച് പോലീസ് പ്രതിയെ പിടികൂടിയതാണ് ഇവിടെ ഹൈലൈറ്റ് ചെയ്യപ്പെടേണ്ട കാര്യം. അതെങ്ങിനെ സാധിച്ചു? കൃത്യം നടന്നതിനു ശേഷം അന്യസംസ്ഥാനക്കാരായിരിക്കാം പ്രതികളെന്നു സംശയിച്ച പോലീസ് ആ ദിവസം അവിടെ നിന്നു കടന്നു കളഞ്ഞ അന്യസംസ്ഥാനക്കാരെ അന്വേഷിക്കാന്‍ തീരുമാനിച്ചു. അതു വേണ്ടത്ര വേഗതയില്‍ പൂര്‍ത്തിയാക്കിയില്ല എന്നതാണ് ആദ്യത്തെ അന്വേഷണസംഘത്തിനു വന്ന പോരായ്മ. രണ്ടാമത്തെ സംഘം അതില്‍ കേന്ദ്രീകരിക്കുകയും അന്വേഷണം ഏതാനും പേരിലേയ്ക്ക് ചുരുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. പെരുമ്പാവൂരിലും പരിസരത്തുമുള്ള ടവറുകളിലൂടെ കടന്നു പോയ 27 ലക്ഷം കോളുകള്‍ പോലീസ് വിശകലനം ചെയ്തു. 28നു ശേഷം ഇവിടെയില്ലാതായ നമ്പറുകള്‍ കണ്ടെത്തി. ഇത്രയധികം ഫോണ്‍ കോളുകളുടെ ചുരുങ്ങിയ സമയത്തിലുള്ള വിശകലനമെന്ന ഭഗീരഥ പ്രയത്‌നത്തിന് ഇക്കാര്യത്തില്‍ പരിചയസമ്പന്നരായ എന്‍ഐഎ വിദഗ്ധരുടെ സേവനം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സാദ്ധ്യമാക്കി. (അതാണ് ഒരുപക്ഷേ ബെഹ്‌റയുടേതായി ഇക്കാര്യത്തിലുണ്ടായ ഒരു സവിശേഷമായ സംഭാവന)

ഇത്തരം നടപടികളിലൂടെ അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്നുറപ്പിച്ച ശേഷമാണ് അതീവരഹസ്യമായി പോലീസ് അയാളെ പിടികൂടിയത്. ഇനി കോടതിയില്‍ നിന്ന് അയാള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് പോലീസിന്റെ ലക്ഷ്യം. ചാനലുകളിലെയും സോഷ്യല്‍ മീഡിയാകളിലെയും പരിഹാസ്യമായ വിശകലനങ്ങള്‍ക്കു മറുപടി പറയുക പോലീസിന്റെ ജോലിയല്ലല്ലോ. പക്ഷേ, പോലീസ് എല്ലാം വിശദീകരിക്കുന്നില്ല, തിരുത്താന്‍ ആരും വരികയില്ല എന്നതുകൊണ്ടു മാത്രം എന്തും പറയാം എന്നു വരുന്നത് പരിഹാസ്യമാണ്.

മലയാളത്തില്‍ പംക്തിയെഴുത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തിത്വമാണല്ലോ എം പി നാരായണപിള്ള. താന്‍ എഴുതിയുണ്ടാക്കുന്നതിനെ വില്‍പ്പനയ്ക്കുള്ള ചരക്കുകള്‍ എന്നു നാണപ്പന്‍ പല തവണ വിശേഷിപ്പിച്ചിട്ടുണ്ട്. കഥകളെയും അദ്ദേഹം അങ്ങനെയാണു കണ്ടിരുന്നത്. ഡല്‍ഹിയിലെ കഥയെഴുത്തുകാരുടെ കൂട്ടുകെട്ടില്‍ കഥയ്ക്കുള്ള പ്ലോട്ടുകള്‍ പരസ്പരം വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നതിനെ കുറിച്ചൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്.

ലേഖനങ്ങളും പംക്തികളും ഫീച്ചറുകളും ഒക്കെ ഉത്പന്നങ്ങളാണ്. അവ ഉത്പാദിപ്പിക്കുവാന്‍ അസംസ്‌കൃതവസ്തുക്കള്‍ വേണം. ഈ ദിവസങ്ങളില്‍ ഇത്തരം ഉത്പാദകരുടെ പ്രധാന അസംസ്‌കൃത വസ്തുവാണ് പെരുമ്പാവൂരിലെ ജിഷ വധവും അനുബന്ധസംഭവഗതികളും. ധാരാളം രചനകള്‍ ഈ രചന പോലെ തന്നെ ഇതോടനുബന്ധിച്ച് ഉത്പാദിപ്പിക്കപ്പെട്ടു. ജിഷവധമെന്ന അസംസ്‌കൃത പദാര്‍ത്ഥത്തെ സംസ്‌കരിച്ച് ഉത്പന്നമാക്കിയപ്പോള്‍ വെളിപ്പെട്ടത് പലരുടേയും സംസ്‌കാരമില്ലായ്മയാണ് എന്നു പറയാതെ വയ്യ.

മരിച്ചാലും ചോര വരുമെന്നാര്‍ത്തു കൂവി, ജിഷയുടെ മാംസരക്തങ്ങള്‍ ദഹിച്ച ചാരം വാരിപ്പൂശി ചുടലനൃത്തമാടുകയാണ് പംക്തിയെഴുത്തുകാരും വിശകലനവിദഗ്ദ്ധരും.

 

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍