UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം; ഒന്നാം പ്രതി നമ്മളാണ്

Avatar

അമ്മയ്ക്കും സഹോദരിക്കുരിയ്ക്കുമൊപ്പം ഒറ്റമുറി വീട്ടില്‍ കഴിയവെ കൊലചെയ്യപ്പെട്ട ജിഷയുടെ അനുഭവം കേരളത്തെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന സമാനദുരന്തങ്ങള്‍ സമൂഹമനസ്സിനെ എങ്ങനെ സ്പര്‍ശിക്കുന്നു എന്ന്  അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിന്റെ യഥാതഥ വിവരണങ്ങളല്ല ഇപ്പോള്‍ പ്രസക്തം. പ്രതികരണങ്ങള്‍, പ്രതിഷേധങ്ങള്‍ സാകൂതം വീക്ഷിക്കുകയാണ്. വൈകിയുണര്‍ന്ന രോഷവും, വഴിമാറ്റപ്പെടുന്ന പ്രതിഷേധങ്ങളും അരങ്ങേറുന്നു. സ്ത്രീ, ദളിത് ആക്ടിവിസ്റ്റായ അഡ്വ. കെ കെ പ്രീത അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം കെ രാമദാസിനോട് സംസാരിക്കുന്നു.

സമൂഹവും സാമൂഹ്യാവസ്ഥയുമാണ് യഥാര്‍ത്ഥ പ്രതികള്‍. ഒന്നാം പ്രതി നമ്മളാണ്. നഗരങ്ങളെ വേറിട്ട് കാണാം. കാരണം തിരക്കുപിടിച്ച ജീവിത. ഓട്ടത്തിനിടെ മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ സമയമില്ലെന്ന് അംഗീകരിക്കാം. പെരുമ്പാവൂരിനടുത്തെ ഒരു ഉള്‍ഗ്രാമത്തിലാണ് ഈ സംഭവം. അവിടെ ഒറ്റമുറി വീട്ടിലാണീ കുറ്റകൃത്യം നടക്കുന്നത്. അടുത്തത്തു വീടുകളുള്ള കോളനിയാണിത്. സംഭവ സമയത്ത് അവിടെ നിന്നും ശബ്ദം കേട്ടില്ലെന്നത് അത്ഭുതകരമാണ്. പുരുഷസാന്നിദ്ധ്യമില്ലാതെ രണ്ടു സ്ത്രീകള്‍ ഒരു വീട്ടില്‍ താമസിക്കുന്നുവെന്നത് ചുറ്റുവട്ടത്തുമുള്ളവര്‍ക്ക് വലിയ പ്രശ്‌നമായിരുന്നു. ഭര്‍ത്താവും മൂത്തമകളുടെ ഭര്‍ത്താവും ഉപേക്ഷിച്ചു പോയ കുടുംബത്തോട് പ്രതികരിക്കാന്‍ അവിടെ ആരും തയ്യാറായില്ല. ദളിത് സ്ത്രീകള്‍ ബലാല്‍സംഗത്തിനു വിധേയമാവുമ്പോള്‍ സദാചാര മൂല്യമാണ് സമൂഹം പ്രകടിപ്പിക്കുന്നത്. 

പണമില്ലാതെ തുടര്‍പഠനം അവസാനിപ്പിക്കേണ്ടി വന്ന രജനി എസ് ആനന്ദ് എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യക്കു ശേഷം ശരീരം കന്യകാത്വപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവം കപട സദാചാരബോധത്തിനുദാഹരണമാണ്. ദളിത് സ്ത്രീകളുടെ സദാചാരം വളരെ അയഞ്ഞതെന്ന സാമൂഹ്യബോധമാണ് ഇങ്ങിനെ സൃഷ്ടിക്കപ്പെടുന്നത്. കതകുള്ള കക്കൂസുപോലുമില്ലാത്ത, ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇവര്‍ക്കിങ്ങനെയൊക്കെ മതിയെന്നാണ് പൊതുധാരണ. റോഡ്, തോട് പുറമ്പോക്കുകളിലാണ് ദളിതരുടെ വാസം. കനാല്‍ പുറമ്പോക്കിലായിരുന്നു ആ ഒറ്റമുറി വീട്. ഭൂപരിഷ്‌ക്കരണവും ഭൂവിതരണ മാമാങ്കങ്ങളും നടന്നിട്ടും ദളിതരുടെയും ആദിവാസികളുടെയും ജീവിതം ഇങ്ങനെയായത് എന്തുകൊണ്ടെന്ന് സമൂഹവും ഭരണകൂടവും വിലയിരുത്തണം.

12,400 ദളിത് കോളനികളും 4000 ത്തിലധികം ആദിവാസി കോളനികളും സംസ്ഥാനത്തുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിവരം. ഇവരുടെ ജീവിതസാഹചര്യം സമാനമാണ്. അടച്ചിട്ട വീടുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കേഴുന്ന കാലമാണിത്. അടയ്ക്കാന്‍ കതകുപോലുമില്ലാത്ത കോളനികളിലെ വീടുകളില്‍ എന്തു സുരക്ഷിതത്വം സ്ത്രീകള്‍ക്കുറപ്പാക്കാനാവുമെന്ന് ചോദ്യമുയര്‍ത്തണം. ആദിവാസി, മത്സ്യത്തൊഴിലാളി മേഖലയിലും ഇത്തരം വീടുകള്‍ ധാരാളമുണ്ട്. പുരുഷന്‍മാര്‍ ജോലിക്കുപോകുമ്പോള്‍ കുടിലുകളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും ഉപദ്രവിക്കപ്പെടുന്നത് അപൂര്‍വ സംഭവമല്ലിവിടെ. 

നിര്‍ഭയ പദ്ധതികളുടെ പേരില്‍ ഒഴുകിയെത്തിയ ഫണ്ടിന് കണക്കില്ല. പണം ചെലവഴിക്കുന്നു, ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നു. പക്ഷേ ഇതൊന്നും പെണ്‍കുട്ടികളുടെ രക്ഷയ്‌ക്കെത്തുന്നില്ല. ആറുദിവസം കഴിഞ്ഞെങ്കിലും ഒരു ദളിത് പെണ്‍കുട്ടിക്കുനേരെയുണ്ടായ അനീതിക്കെതിരെ സമൂഹം ഒന്നിളകി പ്രതികരിച്ചുവെന്നുള്ളത് ആശ്വാസകരമാണ്. കേരളത്തിലിത് ആദ്യസംഭവമല്ല. 2005-ല്‍ അട്ടപ്പാടി പാടവയല്‍ ഊരിലെ മരുതി ക്രൂരബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു. 140 മുറിവുകളായിരുന്നു അവരുടെ ദേഹത്തുണ്ടായിരുന്നത്. അവരുടെ ജനനേന്ദ്രിയത്തില്‍ മരക്കൊമ്പ് തറച്ചുകയറ്റിയ നിലയിലായിരുന്നു മൃതദേഹത്തില്‍ കണ്ടത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ബലാത്‌സംഗ കേസായിരുന്നു ഇത്. നിര്‍ഭയക്ക് മുമ്പായിരുന്നു ഈ ദാരുണ സംഭവം. കേരളം അണുവിടയിളകിയില്ല ഈ സംഭവത്തില്‍. 

ഇപ്പോള്‍ കാമ്പസുകള്‍ സജീവമാണ്. ജാതീയവിവേചനത്തിനെതിരെ അംബേദ്ക്കര്‍ ഫിലോസഫിയില്‍ ഊന്നി കാമ്പസുകള്‍ ഉണര്‍ന്നിട്ടുണ്ട്. കൊച്ചിയിലെ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍ എന്നിവര്‍ അണിനിരന്ന പ്രതിഷേധം പോസിറ്റീവായി കാണുന്നു. ദളിത് സ്ത്രീകളെ മനുഷ്യരായി കാണുന്നതിന്റെ സൂചനയായി ഇത് കാണാം. കേരളത്തിലെ വംശീയത ഒളിവിലാണ്. മറഞ്ഞിരിക്കുകയാണ്. നിയമനിര്‍മ്മാണം കൊണ്ടിത് മാറ്റാനാവില്ല. സമൂഹത്തിന്റെ ‘മൈന്റ് സെറ്റ്’ മാറണം. നിയമങ്ങള്‍ ഉണ്ടാവണമെന്ന് ആക്രോശിക്കുന്നതിലും പ്രസക്തിയില്ല. പെണ്ണുടലിനെ വിപണിയിലെ വില്‍പ്പനചരക്കാക്കുന്ന സാഹചര്യം ഒഴിവാകണം. അതിനെ മറികടക്കണം. നിര്‍ഭയക്ക് ശേഷം 2013-ല്‍ ക്രിമിനല്‍ ഭേദഗതി ആക്ട് വന്നു. പക്ഷേ വീണ്ടും കുറ്റം ആവര്‍ത്തിക്കപ്പെടുന്നു. വൈകിയെത്തുന്ന നീതിയാണ് ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പോരായ്മ. നീതി ലഭിക്കുമ്പോഴേക്കും ഇരകള്‍ ജീവിതത്തിന്റെ പാതിയും പിന്നിട്ടിട്ടുണ്ടാകും. എന്നാല്‍ പ്രതികള്‍ പൊന്‍തുവലണിഞ്ഞ് നാട്ടില്‍ വിലസും. ബലാത്‌സംഗത്തിനിരയായ സ്ത്രീകളുടെ ശേഷ ജീവിതത്തെക്കുറിച്ചുള്ള പഠനത്തില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പഠനം നടത്തിയ 25 പേരില്‍ 12 പേര്‍ക്ക് അതുവരെ ജീവിച്ച സ്ഥലം ഉപേക്ഷിച്ചു പോകേണ്ടിവന്നു. പ്രതികള്‍ അവിടെത്തന്നെ കഴിയുന്നുവെന്നും മനസ്സിലാക്കണം. തന്റേടമില്ലാത്ത അച്ഛന്റെ മക്കളായി വളരാന്‍ ഈ സ്ത്രീകള്‍ താത്പര്യപ്പെട്ടില്ല. ബലാത്‌സംഗത്തിനിരയായ സ്ത്രീകളുടെ ജീവിതം പരിതാപകരമാണ്. 

സാമ്പത്തിക ശാക്തീകരണം മാത്രമാണ് ഒരു പരിധിവരെയെങ്കിലും കുടുംബശ്രീ പ്രസ്ഥാനങ്ങളിലുടെ സ്ത്രീകള്‍ക്ക് നേടാനായത്. യൂണിഫോം ധരിച്ച് മാലിന്യം നീക്കം ചെയ്യുന്ന സ്ത്രീ സംഘമോ കാന്ററീന്‍ നടത്തി ചെറുവരുമാനമുണ്ടാക്കുന്ന പെണ്‍കൂട്ടങ്ങളോ സ്വായത്തമാക്കുന്നതും ചെറുവരുമാനത്തിലൂടെ നേടുന്ന അതിജീവനമാണ്. സമൂഹത്തില്‍ സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്നതിലൂടെ മാത്രമെ സ്ത്രീ ശാക്തീകരണം ശക്തമാകൂ. പൗരയെന്ന നിലയില്‍ സ്വാതന്ത്ര്യം ലഭിക്കണം. ഉപരിപ്ലവമായ ശാക്തീകരണ ഉദ്യമങ്ങളാണ് ഇവിടെ നടന്നത്. കപടസദാചാരബോധവും കപടപുരോഗമനവാദവുമാണ് മലയാളികളുടെ മുഖമുദ്ര. ആറുമണിക്ക് ശേഷം സ്വതന്ത്രയായി നടക്കാന്‍ കഴിയാത്ത സ്ത്രീയുടെ അവസ്ഥ തിരിച്ചറിയണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍