UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊല്ലപ്പെട്ടത് വൈകിട്ട് 5.40-ന് എന്ന നിഗമനത്തില്‍ പൊലീസ്

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചു. ജിഷ വൈകിട്ട് അഞ്ചു മണിക്ക് വെള്ളവുമെടുത്ത് പോകുന്നത് കണ്ടിരുന്നുവെന്ന് അയല്‍വാസികളിലൊരാള്‍ മൊഴി നല്‍കി.

പിന്നീട് അഞ്ചേ മുക്കാലോടെ വീട്ടില്‍ നിന്ന് ജിഷയുടെ നിലവിളിയും ഞരക്കം പോലെയുള്ള ശബ്ദവും കേട്ടെന്ന് മൂന്ന് സ്ത്രീകളും മൊഴി നല്‍കിയിരുന്നു. ഇത് അടിസ്ഥാനമാക്കി ജിഷ കൊല്ലപ്പെട്ടത് 5.40-നാണെന്ന്‌ നിഗമനത്തില്‍ പൊലീസെത്തി. കൂടാതെ 6.05-ന് കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ കനാല്‍ കടന്നുപോയത് കണ്ടതായും മൊഴി ലഭിച്ചിട്ടുണ്ട്.

ജിഷ കൊല്ലപ്പെട്ടത് വൈകുന്നേരം മൂന്നിനും അഞ്ചുമണിക്കുമിടയിലാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ അയല്‍വാസിയേയും സുഹൃത്തിനേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് അയല്‍വാസിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇന്നലെ രാത്രിയാണ് സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തത്.

പ്രതികളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോയെന്ന് അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ജിഷ കൊല്ലപ്പെട്ട ദിവസം കമ്മീഷന്‍ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. ജിഷയുടെ കൈയിലെ പെന്‍ക്യാമറ പൊലീസ് പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ അമ്മയുടെ ചിത്രങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐഎം രംഗത്തെത്തി. ജിഷയുടെ അമ്മയുടെ വാക്കുകള്‍ പൊലീസ് കേട്ടില്ല. മൃതദേഹം വീട്ടില്‍പോലും കൊണ്ടുവരാതെ സംസ്‌കരിച്ചു. 
സാഹചര്യത്തെളിവുകള്‍ പോലും സംരക്ഷിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഷയുടെ വധക്കേസ് സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. ചാത്തന്നൂരില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇപ്പോള്‍ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. കേസന്വേഷണം ശരിയായ ദിശയിലാണെന്നും ഇന്ന് ഉച്ചവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയത് പൊലീസാണെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ദഹിപ്പിച്ചത് തെളിവ് ലഭിക്കാന്‍ തിരിച്ചടിയായിരുന്നു. ദഹിപ്പിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് കുറുപ്പംപടി എസ് ഐ കത്ത് നല്‍കിയിരുന്നു. ഇതു കാരണം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താനുള്ള സാഹചര്യമില്ലാതെയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍