UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയുടെ കൊലപാതകം: രണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

ജിഷ കൊലപാതക കേസില്‍ രണ്ട് നിര്‍മ്മാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടു പണികള്‍ക്കായി എത്തിയ ഒരാളും ഇതില്‍പ്പെടുന്നുണ്ട്. ഇയാള്‍ നിരവധി തവണ ജിഷയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ ഇന്നലെ രാത്രി ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തിരുന്നു.

കൊലപാതകത്തെ കുറിച്ച് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 11-ാം തിയതി തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് റാലിക്ക് എത്തുമ്പോള്‍ ജിഷയുടെ അമ്മയുടെ സന്ദര്‍ശിച്ചേക്കും.

കേന്ദ്ര പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി എല്‍ പൂനിയ ഇന്ന് രാവിലെ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ എസ് പിയെ ഒഴിവാക്കി. പകരം മറ്റൊരു ഡിവൈ എശ് പിയായ എ ബി ജിജിമോന് ചുമതല നല്‍കി. 28 പേര്‍ അടങ്ങുന്ന അന്വേഷണ സംഘത്തില്‍ മൂന്ന് ഡിവൈ എസ് പിമാരും അഞ്ച് സിഐമാരുമുണ്ട്.

അതേസമയം, ജിഷയുടെ അമ്മയ്ക്ക് വിശ്രമം അനിവാര്യമായതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടു. അവര്‍ക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെ ആശുപത്രി അധികൃതര്‍ പറയുന്നു.

പൊലീസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധങ്ങള്‍ പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നും സമയമെടുക്കുന്നത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും അന്വേഷണത്തോട് എല്ലാവരും സഹകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകത്തെ വോട്ട് വിഷയമാക്കുന്നത് ശരിയല്ല. അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും മാധ്യമങ്ങളോട് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതക സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത് നിര്‍മ്മാണ തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരം ചെരുപ്പാണ്. പെരുമ്പാവൂരിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. സംഭവത്തിനുശേഷം ആരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. പെരുമ്പാവൂരില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം നടുങ്ങിയ സംഭവമാണിത്. ഡിജിപിയെ നേരില്‍ കാണുമെന്നും അവര്‍ പറഞ്ഞു.

അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ സ്ഥിരീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് ഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കി. സംശയത്തിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യില്ല. ചില അന്വേഷണങ്ങള്‍ക്ക് സമയമെടുക്കുന്നത് സ്വാഭാവികമാണ്. കേസിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍