UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദരിദ്രരെയും ദളിതരെയും അവജ്ഞയോടെ കാണുന്ന സമൂഹം ജിഷയെ സഹോദരിയെന്നു വിളിക്കരുത്; വിനയന്‍

അഴിമുഖം പ്രതിനിധി

ദൈവത്തിന്റെ സ്വന്തം നാടെന്ന് ഒരു പേരുവിളിച്ചതുകൊണ്ട് ഈ നാട്ടിലുള്ളവരെല്ലാം മഹാബലിയുടെ നാട്ടുകാരാണെന്നു ചിന്തിച്ചെങ്കില്‍ തെറ്റിയെന്ന് മലയാള ചലച്ചിത്ര സംവിധായകന്‍ വിനയന്‍. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ കേരളത്തിലെ വാര്‍ഷിക ബഡ്ജറ്റുകളില്‍ ആദിവാസി, ദളിത് ക്ഷേമത്തിനായി നീക്കിവച്ചിരുന്ന കോടാനുകോടി രൂപ എവിടെ എന്ന് ചിന്തിക്കുമ്പോഴാണ് എന്നു ചിന്തിക്കുമ്പോഴാണ് ഇവരെ സഹോദരതുല്യം കാണുന്ന ഭരണാധികാരിവര്‍ഗ്ഗത്തിന്റെ തനിനിറം മനസ്സിലാകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യലിസവും, സമത്വവും ഒക്കെ പറയുന്ന മന്ത്രിമാരും, ജനപ്രതിനിധികളും ഈ ദരിദ്രവിഭാഗത്തെ കണ്ടില്ലെന്നു നടിക്കുകയാണ് എന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘മറ്റുള്ളവരെക്കാളേറെ ഞങ്ങള്‍ സംസ്കാരസമ്പന്നരാണ് – ജാതിമതചിന്തയില്ലാത്ത മാന്യന്മാരാണ് എന്നൊക്കെയുള്ള മലയാളിയുടെ അമിത നാട്യത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കുകയാണ് ജിഷയെന്ന ദളിത് പെണ്‍കുട്ടിയുടെ മൃഗീയമായ കൊലപാതകത്തിലൂടെ.

ദളിത് പെണ്‍കുട്ടി എന്നു വിളിക്കരുത് സഹിക്കാന്‍ കഴിയുന്നില്ല, സഹോദരീ എന്നു വിളിക്കൂ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എഴുതിക്കണ്ടു. അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അങ്ങനെ എഴുതിയതുകൊണ്ടു മാത്രം അവര്‍ അനുഭവിക്കുന്ന ദളിതരെന്ന വിവേചനവും, കീഴ്ജാതിക്കാര്‍ എന്ന അവഗണനയും അവസാനിക്കുന്നില്ല എന്നോര്‍ക്കുക. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടീ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും – അത് constitutional law ആക്കുകയും ചെയ്ത ഇന്ത്യയുടെ ഭരണഘടനാ ശില്പി അംബേദ്കറിന്റെ 125ആം ജന്മവാര്‍ഷികം ആചരിക്കുമ്പോഴും ആദിവാസി, ദളിത് വിഭാഗത്തിന്റെ അവസ്ഥ ഇന്നും അതി ശോചനീയവും ദയനീയവും ആണെന്നോര്‍ക്കുക. പുറംപോക്കു ജീവിതമെന്നും അധസ്ഥിത ജീവിതമെന്നുമുള്ള അവജ്ഞയോടെ അവരെ കാണുന്നതില്‍ മലയാളിയും ഒട്ടും പിന്നിലല്ലാ എന്ന് ഒന്നുകൂടി നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ് പെരുമ്പാവൂരിലെ ജിഷയുടെ ദാരുണ മരണവും, നാളുകളായി ആ കുടുംബം ഏറ്റുവാങ്ങിയ ഒറ്റപ്പെടുത്തലിന്റെ വേദനയും.

ദൈവത്തിന്റെ സ്വന്തം നാടെന്ന് ഒരു പേരുവിളിച്ചതുകൊണ്ട് ഈ നാട്ടിലുള്ളവരെല്ലാം ജാതിമത ചിന്തയൊന്നുമില്ലാത്ത, എല്ലാവരെയും ഒന്നുപോലെ കാണുന്ന മാന്യന്മാരായ മഹാബലിയുടെ നാട്ടുകാരാണെന്നു ചിന്തിച്ചെങ്കില്‍ തെറ്റി – സര്‍ക്കാര്‍ കണക്കുംപ്രകാരം തന്നെ കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ അന്‍പതു ശതമാനവും ദളിത് പെണ്‍കുട്ടികള്‍ക്കു നേരെയാണു പോലും. ആരും ചോദിക്കാനില്ലാത്ത ഒരു വിഭാഗം എന്ന നിലയിലും, പുറംപോക്കില്‍ കഴിയുന്ന ദരിദ്രര്‍ എന്ന നിലയിലും നിയമവും നീതിയും നടപ്പാക്കേണ്ട പോലീസും അവരെ അവജ്ഞയോടെ കാണുന്നു.

കേരളത്തിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ ദളിത്, ആദിവാസികള്‍ക്കു മാത്രമായി കഴിയില്ല എന്നതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരും ഇവര്‍ക്കു വേണ്ടി സംസാരിക്കാനില്ല എന്നതാണു സത്യം – എല്ലാം ടി. വി. ചാനലുകളിലെ ചര്‍ച്ച മാത്രമായി ഒതുങ്ങുന്നു. അതേ സമയം നായരാണെങ്കിലും, ഈഴവനാണെങ്കിലും, മുസ്ലീമാണെങ്കിലും, ക്രിസ്ത്യാനിയാണെങ്കിലും അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ വോട്ടു ബാങ്കു കയ്യിലുള്ള ജാതിസംഘടനകളുണ്ട്.

ജിഷയും അവളുടെ അമ്മയും – പുറംപോക്കിലെ ഒറ്റമുറിപ്പുരക്കകത്ത് ഉണ്ടാക്കിയിരുന്ന ഒരു കുഴിയാണ് കഴിഞ്ഞ 20 വര്‍ഷമായി കക്കൂസായി ഉപയോഗിച്ചിരുന്നത് എന്നറിയുമ്പോളാണ് അവരുടെ പുറംപോക്കു ജീവിതത്തിന്റെ അനാഥത്വവും തീക്ഷ്ണതയും നമുക്കു മനസ്സിലാവുന്നത്. കഴിഞ്ഞ 60 വര്‍ഷമായി നമ്മുടെ കേരളത്തിലെ വാര്‍ഷിക ബഡ്ജറ്റുകളില്‍ ആദിവാസി, ദളിത് ക്ഷേമത്തിനായി നീക്കിവച്ചിരുന്ന കോടാനുകോടി രൂപ ഉണ്ടായിരുന്നുവെങ്കില്‍ – എല്ലാ ദളിതനും ആദിവാസിക്കും അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ കഴിയുമായിരുന്നു. ഈ പണം മുഴുവന്‍ എവിടെപ്പോയി എന്നു ചിന്തിക്കുമ്പോഴാണ് ഈ വിഭാഗത്തെ സഹോദരതുല്യം കാണുന്ന ഭരണാധികാരിവര്‍ഗ്ഗത്തിന്റെ തനിനിറം മനസ്സിലാകുന്നത്. വല്യ സോഷ്യലിസവും, സമത്വവും ഒക്കെ പറയുന്ന മന്ത്രിമാരും, ജനപ്രതിനിധികളും ഈ ദരിദ്രവിഭാഗത്തെ കണ്ടില്ലെന്നു നടിക്കുന്നു.

28 വയസ്സു പ്രായമുള്ള LLBക്കു പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നിഷ്ടൂരമായി കൊലപ്പെടുത്തിയ ഒരു കേസ് – പുറത്താക്കാതെ, മീഡിയകളില്‍ പോലും വരാതെ ആ ന്യൂസ് നാലഞ്ചു ദിവസം ഒളിപ്പിച്ചു വെക്കുകയും – ഒരു ധനികന്റെ വീട്ടിലെ അള്‍സേഷന്‍ നായയുടെ മരണത്തിനു കൊടുക്കുന്ന പ്രാധാന്യം പോലും കൊടുക്കാതെ പോസ്റ്റുമാര്‍ട്ടവും കേസന്വേഷണവും നടത്തുകയും ചെയ്ത നമ്മുടെ പോലീസും നേരത്തെ പറഞ്ഞപോലെ വിവേചനം മനസ്സില്‍ സൂക്ഷിക്കുന്ന, ദരിദ്രനെയും ദളിതനെയും അവജ്ഞയോടെ കാണുന്ന ഈ സമൂഹത്തിന്റെ പരിഛേദങ്ങള്‍ തന്നെയാണ്. ജിഷയുടെ അയല്‍ക്കാരും, നാട്ടുകാരും ഉള്‍പ്പെടെ നമ്മളെല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹം ഈ ദുരന്തത്തിനുത്തരവാദികളാണ്. ആ തിരിച്ചറിവ് നമുക്കുണ്ടാവുകയും, തിരുത്തുകയും ചെയ്യുമ്പഴേ ജിഷയെ “സഹോദരി” എന്നു വിളിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമാവു. അല്ലെങ്കില്‍ അവര്‍ “അന്യര്‍” തന്നെയായി നിലനില്‍ക്കും’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍