UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ഓരോ സ്ത്രീയും ബലാത്സംഗത്തിനിരയാകുന്നുണ്ട്; രാഷ്ട്രീയമായും ശാരീരികമായും

ജിഷയുടെ മരണത്തെ പൈശാചികം എന്ന് വിശേഷിപ്പിച്ചത്, പതിവുപോലെ, എ.കെ ആന്റണി മാത്രമല്ല. അങ്ങനെ വിശേഷിപ്പിക്കാത്ത ഒരൊറ്റ മലയാളിയോ ബി.ജെ.പി നേതാക്കളോ ഇല്ല. ഒരു പക്ഷേ, ജിഷയുടെ കൊലയാളിയും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉറക്കെ അങ്ങനെ വിളിച്ചുപറയുന്നുണ്ടാവും.

എന്നാല്‍, കേരളത്തിലെ സ്ത്രീകളെ രാഷ്ട്രീയമായി ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെയോ അവയുടെ നേതാക്കളായ പുരുഷ കേസരികളുടെ തീരുമാനങ്ങളെയോ  പൈശാചികം എന്ന് ആരും പറഞ്ഞുകേട്ടില്ല. രാഷ്ട്രീയ ബലാത്സംഘത്തിനു വിധേയരായ വനിതാ നേതാക്കള്‍ ഉള്‍പ്പെടെ ആരും. വാസ്തവത്തില്‍, അവരുടെ തീരുമാനങ്ങളായിരുന്നില്ലേ കൂടുതല്‍ പൈശാചികം?

തിരഞ്ഞെടുപ്പിലേക്ക് മൂന്നു മുന്നണികളുമായി 420  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. അതില്‍ സോണിയാ ഗാന്ധി എന്ന വനിത നയിക്കുന്ന കോണ്‍ഗ്രസും ഭാരതാംബയെ വണങ്ങി ഉപാസിക്കുന്ന ബി.ജെ.പി മുന്നണിയും ചേര്‍ന്ന് 14 സ്ത്രീകളെ മത്സരിപ്പിക്കുന്നു. ഇരുമുന്നണികളും ചേര്‍ന്ന് മത്സരിപ്പിക്കുന്ന സ്ത്രീകളേക്കാള്‍ രണ്ടോ മൂന്നോ പേരെ കൂടുതല്‍ ഇടതുമുന്നണി മത്സരിപ്പിക്കുന്നു. എല്ലാം കൂടിച്ചേര്‍ന്നാലും 30-ന് താഴെ സ്ഥാനാര്‍ത്ഥികള്‍ മാത്രം. അതായത് ഒമ്പത് ശതമാനത്തില്‍ അല്‍പ്പം കൂടുതല്‍.

കേരളത്തിലെ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ സ്ത്രീകളാണെന്നിരിക്കെ, തിരഞ്ഞെടുപ്പിലേക്ക് 50 ശതാനം സ്ത്രീകളെ ഓരോ മുന്നണിയും സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തിയെന്ന് കരുതുക. അപ്പോള്‍ മൂന്നു മുന്നണികളില്‍ നിന്നായി 210 വനിതാ സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ സംസ്ഥാന തലത്തിലുള്ള നേതാക്കളാണ്. അപ്പോള്‍ അതിനു താഴെ, വാര്‍ഡ് തലം വരെയുള്ള വനിതാ നേതാക്കളുടെ എണ്ണം അതിന്റെ 30 ഇരട്ടിയെങ്കിലും വരില്ലേ? അതായത് 6300 ചെറുതും വലുതുമായ വനിതാ നേതാക്കള്‍. ഒരു പഞ്ചായത്തില്‍ ആറ് വനിതാ നേതാക്കള്‍ എന്ന കണക്കിന്.

ഇത്രയും നേതാക്കള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ നേതൃനിരയിലെ വനിതാ സാന്നിദ്ധ്യം എത്ര ശക്തമാകുമായിരുന്നു. അത്രയും നേതാക്കള്‍ – അവര്‍ വനിതകളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കും എന്നിരിക്കെ – എത്ര ജിഷമാര്‍ ഇന്നത്തെ പൈശാചികമായ ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടുമായിരുന്നു! അല്ലെങ്കില്‍, ഒരു ദുരന്തമുണ്ടായാല്‍ അവിടെ പാഞ്ഞെത്താനും നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും അവര്‍ക്കാകുമായിരുന്നില്ലേ? വാസ്തവത്തില്‍ ഇതെല്ലാമല്ലേ ജിഷയുടെ കാര്യത്തില്‍ ഇല്ലാതെ പോയത്?

93 വയസ്സുകഴിഞ്ഞിട്ടും കേരളീയരെ ഭരിക്കാന്‍  മോഹിക്കുന്ന വിഎസും പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത കേരളീയരെ എന്തുവന്നാലും ഭരിച്ചേ അടങ്ങുവെന്ന് വാശിപിടിച്ച് നടക്കുന്ന വിജയന്‍ സഖാവും ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയെയും ആലിംഗനം ചെയ്യുമ്പോഴും അവരുടെ പള്ളയില്‍ കൊച്ചുപിച്ചാത്തി ഇറക്കാന്‍ നടക്കുന്ന സുധീരനും പോലീസ് സേനയെ ഒരു കൂട്ടം കോമാളികളാക്കി മാറ്റിയ ചെന്നിത്തലയും മരിച്ചുപോയ മലയാളികളെയും ജീവിച്ചിരിക്കുന്ന മലയാളികളെയും ഇനി പിറക്കാന്‍ പോകുന്ന മലയാളികളെയും കബളിപ്പിച്ചും കൊള്ളയടിച്ചും ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയും എല്ലാം ജിഷയുടെ സമനിലതെറ്റിയ അമ്മയുടെ മനോനില കൂടുതല്‍ വഷളാക്കാനായി ക്യൂനിന്ന് സന്ദര്‍ശനം നടത്തുന്നു. കേരളത്തിലെ സ്ത്രീകളെ രാഷ്ട്രീയമായി ബലാത്സംഗം ചെയ്ത നേതാക്കളാണിവരെല്ലാം.

അഴിമതിക്കാരും നാലു പ്രാവശ്യത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരും വീണ്ടും സ്ഥാനാര്‍ത്ഥികളാകേണ്ട എന്ന സുധീരന്റെ നടക്കാതെ പോയ സ്വപ്നത്തിന്റെ ഏഴയലത്തുപോലും വനിതകള്‍ സ്ഥാനാര്‍ത്ഥികളായി വരണമെന്ന ചിന്തയില്ലായിരുന്നു. യു.ഡി.എഫിലെ  മറ്റു ഘടകകക്ഷികളിലുള്ളവരാരും കേരളത്തില്‍  സ്ത്രീകള്‍ ഉള്ളവരായി പോലും അറിയാത്തവരാണ്. മുസ്ലിംലീഗില്‍ ഇനിയൊരു നൂറു വര്‍ഷത്തേക്കെങ്കിലും സ്ത്രീകള്‍ സ്ഥാനാര്‍ത്ഥികളായി വരില്ല. ആ പാര്‍ട്ടിയുടെ സംഘടനാ ശക്തി അത്ര കുറ്റമറ്റതാണ്. (ഒരാള്‍ക്ക് മൂന്നു ഭാര്യമാര്‍ എന്ന നിരക്കില്‍ ആലോചിക്കുമ്പോള്‍ ഭാര്യമാരായി പോലും സ്ത്രീകള്‍ തികയാതിരിക്കുമ്പോഴാണ് സ്ത്രീ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയുക!) കോട്ടയത്തെ അച്ചായന്‍മാരുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എന്ന അമീബയ്ക്ക് ആകെ അറിയാന്‍ കഴിയുന്നത് രണ്ടായി വിഭജിക്കുക എന്നതാണ്. അമീബ പുരുഷനോ സ്ത്രീയോ അല്ലാത്തതുകൊണ്ട് സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ അച്ചായന്‍മാര്‍ തലപുകഞ്ഞ് ആലോചിക്കാറേ ഇല്ല. തമ്മില്‍ ഭേദം ഇടതുമുന്നണിയാണ്; അതില്‍തന്നെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പക്ഷെ, പാര്‍ട്ടി കുറേനാളുകളായി കണ്ടെത്തുന്ന വനിതാ രത്‌നങ്ങളെല്ലാം സവര്‍ണ്ണരും തൊലിവെളുത്തവരുമാണ്. മാര്‍ക്‌സിയന്‍ ഡയലറ്റിക്‌സ്!

ജിഷയുടെ മരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് രാഷ്ട്രീയപാര്‍ട്ടികളും ശാക്തീകരിക്കപ്പെട്ട സ്ത്രീരത്‌നങ്ങളും ധാര്‍മ്മികരോഷത്തോടെ പെരുമ്പാവൂര്‍ തേടിയെത്തിയത്. ഓരോ രാഷ്ട്രീയപാര്‍ട്ടിയുടേയും വനിതാ വിഭാഗങ്ങള്‍ ഒന്നൊഴിയാതെ പ്രതിഷേധിച്ചു. വാസ്തവത്തില്‍, ഈ വനിതാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെട്ട സ്ത്രീരത്‌നങ്ങളും പ്രതിഷേധിക്കേണ്ടിയിരുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റിന് പുറത്താക്കിയ അന്നായിരുന്നില്ലേ? എന്തുകൊണ്ട് അവര്‍ കെ.പി.സി.സി ഓഫീസ് ഉപരോധിച്ചില്ല? പാര്‍ട്ടിയിലെ നാമമാത്രമായ സ്ത്രീസാന്നിധ്യത്തെ പോലും തുടച്ചുനീക്കിയ ലിസ്റ്റ് പുറപ്പെടുവിച്ചശേഷം വി എം സുധീരന്‍ എങ്ങനെ കെ.പി.സി.സി ഓഫീസിന്റെ പുറത്തുകടന്നു? എന്തുകൊണ്ട് സ്ത്രീകള്‍ എ.കെ.ജി സെന്റര്‍ ഉപരോധിച്ചില്ല? എന്തുകൊണ്ട് മലപ്പുറത്തെ തങ്ങളുടെ വീടും പാലയിലെ മാണിയുടെ വീടും ഉപരോധിച്ചില്ല? എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലെ വനിതാ സംഘടനാ നേതാക്കള്‍ സ്വന്തം സംഘടനകള്‍ പിരിച്ചുവിട്ടില്ല?

കാര്യങ്ങള്‍ വളരെ വിചിത്രമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി എന്ന മുഖ്യധാരാ സംവിധാനത്തിനു പുറമെ വിദ്യാര്‍ത്ഥി – യുവജന – വനിതാ സംഘടനകളുണ്ട്. പാര്‍ട്ടി എന്ന മുഖ്യധാരയ്ക്ക് പുറത്താണ് വനിതകള്‍ക്കുള്ള സ്ഥാനം. പാര്‍ട്ടിയുടെ തലപ്പത്ത് ഇന്ദിരാ ഗാന്ധിയാണെങ്കിലും ഇറ്റാലിയന്‍ ഗാന്ധിയാണെങ്കിലും അത് കര്‍ശനമായി പാലിക്കപ്പെടുന്ന നിയമമാണ്. വിദ്യാര്‍ത്ഥി സംഘടനയുടെ പ്രധാന നേതാക്കള്‍ എന്നും ആണ്‍കുട്ടികളാണ്. എസ്.എഫ്.ഐ.യുടെയോ കെ.എസ്.യു.വിന്റെയോ തലപ്പത്ത് എത്ര പെണ്‍കുട്ടികള്‍ വന്നിട്ടുണ്ട്? യുവജനവിഭാഗങ്ങളുടെ തലപ്പത്തും പുരുഷന്‍മാര്‍ തന്നെ, അതാകട്ടെ വിദ്യാര്‍ത്ഥി നേതാക്കള്‍ യുവാക്കളാകുമ്പോള്‍ അവര്‍ക്ക് സ്വമേധയാ നല്‍കിവരുന്ന പ്രമോഷനാണ്. അതായത് അവിടെയും സ്ത്രീയ്ക്ക് ഇടമില്ല. ഡി.വൈ.എഫ്.ഐയുടെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ ഏറ്റവും ഉന്നത സ്ഥാനത്ത് ഏതു സ്ത്രീയാണ് നാളിതുവരെ വന്നിട്ടുള്ളത്? സ്ത്രീകള്‍ക്കുള്ള ഇടം വനിത സംഘടനകളിലാണ്. അത് മഹിളാസംഘടനയെന്നോ മഹിളാ കോണ്‍ഗ്രസെന്നോ മഹിളാ മോര്‍ച്ചയെന്നോ പേരിലാവും അറിയുക. വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും തരംതിരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. ലിംഗാടിസ്ഥാനത്തിലല്ല. അതുകൊണ്ടുതന്നെ മാതൃസംഘടനകളിലും വനിതാ സംഘടനകളിലൊഴിച്ചുള്ള മറ്റു പോഷകസംഘടനകളിലും സ്ത്രീകള്‍ക്ക് സ്ഥാനമില്ല. വനിത സംഘടനകളെയാകട്ടെ, ആരും ഗൗരവമായി കണക്കാക്കിയിട്ടുമില്ല.

അതെല്ലാം പോട്ടെ, തൊഴില്‍ രംഗത്തോ? കര്‍ഷകതൊഴിലാളികളുടേയും കയര്‍ തൊഴിലാളികളുടേയും വിയര്‍പ്പുകൊണ്ടുവളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊഴിലാളി സംഘടനകളില്‍പ്പോലും എന്തേ നേതൃത്വനിരയിലേക്ക് സ്ത്രീകള്‍ വന്നില്ല?

ഇക്കാലമത്രയുമായിട്ടും കേരളത്തിലെ സ്ത്രീകള്‍, ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ പോലും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. അവര്‍ ആകെ ആവശ്യപ്പെടുന്നത് 33 ശതമാനം വനിത സംവരണമാണ്. അതായത്, ആനുകൂല്യം. നിഷേധിക്കപ്പെട്ടത് പിടിച്ചുവാങ്ങുന്നതാണ് ശാക്തീകരണം. ഇരന്നു വാങ്ങുന്നതല്ല. ഇരക്കുന്നവര്‍ പിച്ചക്കാരാണ്. കേരളത്തില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ 10 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ട്. ഇവിടത്തെ തെരഞ്ഞെടുപ്പിന്റെ ഭാവി തീരുമാനിക്കാനുള്ള കരുത്ത് ഉണ്ടായിട്ടും പുരുഷ നേതാക്കള്‍ തെളിക്കുന്ന വഴികളിലൂടെ നടക്കുകയാണ് സ്ത്രീ നേതാക്കള്‍ ചെയ്യുന്നത്. ഇരന്നുവാങ്ങിയ ശേഷം തുല്യത പ്രസംഗിക്കാം എന്നാണ് കേരളത്തിലെ ശാക്തീകരിക്കപ്പെട്ട വനിതാ രത്‌നങ്ങള്‍ കരുതുന്നത്. അതുകൊണ്ടവര്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ തങ്ങളുടെ ശാക്തീകരിയ്ക്കപ്പെട്ട മുഖം ദുഃഖത്തില്‍ ചാലിച്ച് പ്രകടിപ്പിക്കുന്നു. എപ്പോഴുമില്ല. സ്ത്രീകള്‍ രാഷ്ട്രീയമായി ബലാത്സംഗം ചെയ്യപ്പെടുമ്പോഴും ഇല്ല. അവരുടെ ശാക്തീകരണം കത്തിപ്പടരണമെങ്കില്‍ ആരെങ്കിലും ശാരീരികമായ ബലാത്സംഘത്തിന് വിധേയമാകണം. അപ്പോള്‍ അവര്‍ എലികളെപ്പോലെ മാളങ്ങളില്‍ നിന്നും പുറത്തുവരും. സ്ത്രീശാക്തീകരണത്തിന്റെ ഉസ്താദുമാരായ അജിതയും സാറാജോസഫും ഗീത ടീച്ചറും മുതല്‍ ബലാത്സംഘം ചെയ്യുന്ന പുരുഷന്റെ ലിംഗം ഛേദിച്ചുകളയണമെന്നു വാദിക്കുന്ന  അത്യുഗ്രന്‍ വനിതാരത്‌നമായ പത്മശ്രീ സുനിതാ കൃഷ്ണന്‍വരെയുള്ളവര്‍. അവരെ സംബന്ധിച്ച് സ്ത്രീ എന്നത് ശരീരമാണ്. ശരീരം മാത്രമാണ്. സ്ത്രീ എന്നത് രാഷ്ട്രീയമോ ആത്മീയതയോ ഒന്നുമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍