UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭയമേറുകയാണ്, ഒരു പെണ്ണായി ജനിക്കേണ്ടി വന്നതിന്

Avatar

പെരുമ്പാവൂരില്‍ അരുംകൊല ചെയ്യപ്പെട്ട ജിഷയെക്കുറിച്ചോര്‍ത്ത് ഞെട്ടുകയും ദുഃഖം പങ്കുവയ്ക്കുകയും ചെയ്യുന്ന സമൂഹം അതിനിടയിലും തെരുവിലും ബസിലും ആളൊഴിഞ്ഞിടങ്ങളിലും ഓരോ സ്ത്രീയോടും ചെയ്യുന്ന തെറ്റുകള്‍ തുടരുകയാണ്. ഇവിടെ സൗമ്യയും ജ്യോതിയും ജിഷയുമെല്ലാം തുടര്‍ച്ചകളായി മാറുന്നതിനു കാരണവും ഈ കള്ളത്തരം തന്നെയാണ്. ഒരു വശത്ത് കണ്ണീര്‍ പൊഴിക്കുന്നവന്‍ മറുവശത്ത് പെണ്ണുടലില്‍ തന്റെ കാമവെറി തീര്‍ക്കുകയാണ്. സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്ന് ഓരോ നിമിഷവും വെളിപ്പെടുത്തുകയാണവര്‍; മാധ്യമ വിദ്യാര്‍ത്ഥിനിയായ മിഥുല മൈത്രി തന്റെ അനുഭവങ്ങള്‍ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി പങ്കുവയ്ക്കുന്നു.

ഇതെല്ലാം കാണുമ്പോള്‍ എനിക്കെന്റെ ഭയം കൂടുകയാണ്. പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുകയാണ്. ഒരാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത പനിച്ചൂടിനിടയിലാണ് ജിഷയുടെ കാര്യം അറിയുന്നത്. പനി വീണ്ടും കൂടിയിരിക്കുന്നു. ആശുപത്രിയില്‍ പോകാന്‍ പോലും ഭയമാകുന്നു. പേടിയാണ് എനിക്കിപ്പോള്‍ എല്ലാവരേയും; മിഥുലയുടെ വാട്‌സ് ആപ് മെസേജ് വായിച്ചു കഴിഞ്ഞപ്പോള്‍ എന്ത് മറുപടി കൊടുക്കണമെന്നറിയാതെ പോയി.

ജോലികഴിഞ്ഞ് റൂമിലേക്ക് നടക്കുമ്പോള്‍ മിഥുലയെ വിളിക്കണമെന്ന് തോന്നി.

‘എന്തിനാണെന്നെയും നീ സംശയിക്കുന്നത്? എനിക്കും രണ്ടു പെങ്ങന്മാരുണ്ട്. നിന്നെ ഞാന്‍ അങ്ങനെ കാണുമോ എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ എന്നോട് പറയരുത്; ഫോണ്‍ എടുത്തയുടനെ മറുതലയ്ക്കല്‍ കേട്ട അവളുടെ പനിപിടിച്ചു ക്ഷീണിച്ച ഒച്ചയ്ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.

ആദ്യത്തെ പൊട്ടിത്തെറി പതിയെ സങ്കടങ്ങളിലേക്കും, ആധികളിലേക്കും വഴിമാറി. ഒരു പെണ്‍കുട്ടി ദിവസേന അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളിലേക്കു പതിയെ നടന്നുപോയി. അവള്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങളെ പറ്റി പറഞ്ഞു. ബസ് യാത്രയിലെ സ്ഥിരം കഷ്ടപാടുകള്‍ മുതല്‍ ഹോസ്റ്റല്‍ മുറിയിലെ അരക്ഷിതാവസ്ഥ വരെ. ഇതെല്ലാം നിത്യസാധാരണമല്ലേ എന്നാകും നമ്മുടെ ചിന്ത. എന്നാല്‍ ഒരു പെണ്‍മനസില്‍ ഈ ‘നിത്യസാധാരണ’ സംഭവങ്ങള്‍ ഉണ്ടാക്കുന്ന മുറിവുകള്‍ എത്രമാത്രം ആഴത്തില്‍ ഉള്ളതാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരു ദിവസം ഞാനടങ്ങുന്ന പെണ്‍സമൂഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും യാതനകളും എത്രമാത്രമെന്ന് അറിയാമോ? മിഥുല ചോദിച്ചു.

ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവില്‍ പോലും ഞങ്ങള്‍ സുരക്ഷിതരല്ല, പിന്നയല്ലേ ഒറ്റയ്ക്കുള്ളിടങ്ങളില്‍. എന്റെ വിദ്യാഭ്യാസ കാലഘട്ടം മുഴുവന്‍ ബസില്‍ യാത്ര ചെയ്തിരുന്നവളാണ് ഞാന്‍. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ ഒരു പെണ്‍കുട്ടിയുടെ ഒറ്റയ്ക്കുള്ള ബസ് യാത്ര എത്രമാതം ദുരിതപൂര്‍ണമാണെന്നറിയാമോ? തിരക്കുള്ള ബസ്സില്‍ മാത്രം കയറുന്ന ഒരുവിഭാഗമുണ്ട്. അവരുടെയൊക്കെ ഉദ്ദേശം ശല്യം ചെയ്യുക എന്നതുമാത്രമാണ്. തിങ്കളാഴ്ച പോലുള്ള ദിവസങ്ങളില്‍ ഈ ശല്യം സഹിക്കാന്‍ കഴിയാതാകും. അപ്പോള്‍ നിങ്ങള്‍ ചോദിക്കും തിരക്ക് കൊണ്ടല്ലേ എന്ന്. തിരക്കൊഴിഞ്ഞാലും ഞങ്ങടെ ശരീരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്തിനാണ്?


മാനസികമായും ശാരീരികമായും തളര്‍ത്തിക്കളഞ്ഞ ഒരു അനുഭവം പറയാം. ഹോസ്റ്റലില്‍ നിന്ന് കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് സംഭവം. ബസില്‍ ഓടിക്കയറുന്നതിനിടയില്‍ പുറകിലെ വാതിലില്‍ക്കൂടിയാണ് കയറിയത്. മുന്നോട്ട് പോകാന്‍ നോക്കിയ ഞാന്‍ മൂന്നു നാല് ആണുങ്ങളുടെ ഇടയില്‍ പെട്ടുപോയി. മുതുകില്‍ തൂങ്ങിക്കിടക്കുന്ന ബാഗ് ഒരാളുടെ സ്ഥലമാണ് അപഹരിക്കുകയെന്ന് ആരോ പറഞ്ഞത് കാരണം ബാഗ് അടുത്ത സീറ്റില്‍ ഇരുന്ന സ്ത്രീയെ ഏല്‍പ്പിച്ചു. അപ്പോള്‍ മുതലാണ് അടുത്ത് നിന്ന് പുരുഷ കേസരികളില്‍ ചിലരുടെ രീതികള്‍ മാറി തുടങ്ങിയത്. എന്റെ പുറകില്‍ നിന്ന മനുഷ്യന്‍ എന്നോട് ചേര്‍ന്നു നിന്നു. അയാളില്‍ നിന്നും രക്ഷപ്പെടാനായി സീറ്റിനോട് ചേര്‍ന്നു തിരിഞ്ഞു നിന്നു. അപ്പോള്‍ ആ വശത്ത് നിന്നായാളും എന്നിലേക്ക് ചേര്‍ന്ന് നില്‍ക്കാന്‍ തുടങ്ങി. മുന്‍പില്‍ സീറ്റ്, പുറകിലും വശങ്ങളിലും ഇവന്മാരുടെ ചേര്‍ന്നു നിന്നുള്ള ഇറുക്കങ്ങള്‍. കോളേജ് എത്തുന്നതുവരെ ആ നില്‍പ്പ് തുടര്‍ന്നു. എനിക്കൊന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. ഒരാളൊന്നു അല്പം മാറിയിരുന്നെങ്കില്‍ എനിക്ക് മുന്നോട്ടു പോകാന്‍ സാധിക്കുമായിരുന്നു. അതാരും ചെയ്തില്ല.

എന്താണ് ഇത്തരം ആണുങ്ങളുടെ മനസിലിരുപ്പ്. ആണ്‍ശരീരം തൊട്ടുനിന്നാല്‍ ഞങ്ങള്‍ക്കു സുഖം ലഭിക്കുമെന്നോ? ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീ ഇതെല്ലാം സഹിക്കുന്നതിനു പല കാരണങ്ങളുണ്ട്. ചോദ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ സഹയാത്രികരായ സ്ത്രീകള്‍ പോലും അവളെ പിന്തുണച്ചു സംസാരിക്കില്ല. എന്റെ കൂട്ടുകാരിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ശല്യപ്പെടുത്തിയവനെ ഒന്ന് രൂക്ഷമായി നോക്കിയത് അവന് ഇഷ്ടപ്പെട്ടില്ല. കൂട്ടുകാരിയിറങ്ങിയ സ്‌റ്റോപ്പില്‍ ആയാളും കൂടെയിറങ്ങി പിന്തുടരാന്‍ തുടങ്ങി. അവസാനം അവളോടി ഒരു കടയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

അല്‍പം ശരീരം വളര്‍ന്ന പെണ്ണാണ് എന്ന് കണ്ടുകഴിഞ്ഞാല്‍ കണ്ണുകൊണ്ടും, കൈകൊണ്ടും കാലുകൊണ്ടുമൊക്കെ അക്രമം തുടങ്ങുകയായി. ചുരിദാറിന്റെ ഷാളൊന്നു മാറിക്കിടന്നാല്‍ അല്ലെങ്കില്‍ കഴുത്ത് ഇറങ്ങിക്കിടന്നാല്‍ തീര്‍ന്നു. പിന്നെ നോക്കി ദഹിപ്പിക്കുകയാണ്. മനഃപ്പൂര്‍വം ഇതെല്ലാം അവന്മാര്‍ക്ക് പ്രദര്‍ശിപ്പിക്കുകയാണ് എന്നാണു ചിലരുടെ ഭാവം. തുറിച്ചുനോട്ടം അസഹനീയമാണ്.

മറ്റൊരിക്കല്‍ ഞാനും ചേച്ചിയും തിരുവനന്തപുരത്തേക്ക് ബസില്‍ പോകുകയായിരുന്നു. എന്റെ സീറ്റില്‍ ഒരു സ്ത്രീ വന്നിരുന്നു. അവര്‍ തുടക്കം മുതല്‍ എന്നെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്. പിന്നെ എന്റെ വസ്ത്രധാരണ രീതികളെക്കുറിച്ചായി സംസാരം. ആദ്യമൊന്നും പ്രതികരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു ചോദിച്ചു; ‘എന്താണ് നിങ്ങളുടെ പ്രശ്‌നം’ ഉടന്‍ വന്നു മറുപടി; ‘നീയൊക്കെ ഇങ്ങനെ വസ്ത്രം ധരിച്ചു നടക്കുന്നത് കൊണ്ടല്ലേ ആണുങ്ങള്‍ കയറി പിടിക്കാന്‍ വരുന്നത്’. നോക്കൂ, ഇവിടെ സ്ത്രീകള്‍ തന്നെ പുരുഷന്മാര്‍ക്ക് വളംവെച്ച് കൊടുക്കുകയാണ്. അവര്‍ തന്നെ മുന്‍വിധി കല്‍പ്പിക്കുന്നു. നമ്മള്‍ ഇങ്ങനെയൊക്കെ നടന്നാല്‍ അവര്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് .എന്ത് നാടാണിത്? സ്വന്തം ഭര്‍ത്താവ് കുറ്റം ചെയ്താലും അതിനും പെണ്ണ് കുറ്റക്കാരി. എങ്ങനെ നന്നാകും? സ്വന്തം ഭര്‍ത്താവിനെ തോളിലേറ്റി വേശ്യാലയത്തില്‍ കൊണ്ടുപോയവളുടെ പതിവൃത ചരിത്രം കേട്ടല്ലെ ഇവരൊക്കെ വളര്‍ന്നത്?

വിദ്യാഭ്യാസ കാലം മുതല്‍ ജോലി കിട്ടി വിരമിക്കുന്നതുവരെയുള്ള സ്ത്രീയുടെ സ്ഥിരസഞ്ചാര കാലമെടുത്താല്‍ ‘എന്റെ ബസ് യാത്രാ പീഡാനുഭവങ്ങള്‍ എന്ന പേരിലൊരു പുസ്തകം എഴുതാന്‍ കഴിയും’

ഒരു പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ ജീവിതവും അത്ര സുഖകരമായ കാര്യമല്ല.
ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കഴക്കൂട്ടത്തെ ഒതുങ്ങിയ ഇടത്തായിരുന്നു. ഒരു ഇടവഴി കഴിഞ്ഞുവേണം ഹോസ്റ്റലിലേക്ക് കടക്കാന്‍. ഞാന്‍ കോളേജ് വിട്ടു ഹോസ്റ്റലില്‍ എത്തുന്ന സമയത്ത് ആ വഴിയില്‍ സ്ഥിരം ഒരാള്‍ വന്നു നില്‍ക്കും. കണ്ടാല്‍ മാന്യന്‍. സിഗററ്റ് കൈയില്‍ കാണും. ഞാന്‍ കടന്നു പൊയ്ക്കഴിയുമ്പോള്‍ പുറകെ വരും, ഞാനാണെങ്കില്‍ ഓടുന്ന പോലെയാണ് നടപ്പ്. എന്റെ എല്ലാ വൈകുന്നേരങ്ങളും ഇയാളെ പേടിച്ചുള്ളതയിരുന്നു. നഗരവുമായും, കോളേജുമായും എത്തിപ്പെടാന്‍ സൗകര്യവും, ലാഭവും ആ ഹോസ്റ്റല്‍ ആയതുകൊണ്ട് മാത്രമാണ് പിടിച്ച് നിന്നത്.

ഇതെല്ലാം കോളേജിനു പുറത്തുള്ള അവസ്ഥ. കോളേജിനകത്തോ? സഹപാഠികള്‍ എന്തെല്ലാം തോന്ന്യാസങ്ങളാണ് പറയുന്നതും കാട്ടുന്നതും? ഈ ഇടയ്‌ക്കൊരുത്തന്‍ എന്റെ ജൂനിയര്‍ ആണ്. വിദ്യാര്‍ഥി സംഘടനയുടെ വലിയ നേതാവൊക്കെയാണ്. പുരോഗമനവും സോഷ്യലിസവും പ്രസംഗിക്കുന്നവന്‍. ഞാന്‍ ലെഗിന്‍സ് ഇട്ടു വന്ന ഒരു ദിവസം എന്റെ സുഹൃത്തിനെ മാറ്റി നിര്‍ത്തി അവന്റയൊരു അപേക്ഷ; ‘ഇതൊക്കെ ഇട്ടുകൊണ്ടുവന്നു ഞങ്ങളെ ഉണര്‍ത്തല്ലേ എന്ന് നീയവളോട് പറയണം’. ലെഗിന്‍സില്‍ ഒരു പെണ്‍കാലുകള്‍ കാണുമ്പോള്‍ ആണിന്റെ എന്താണ് ഉണര്‍ന്നുപോകുന്നത്? ഞാന്‍ ഏതു വസ്ത്രം ധരിക്കണമെന്നത് എന്റെ ഇഷ്ടമാണ്. അതാരെയും ഉണര്‍ത്താനും ഉറക്കാനുമൊന്നുമല്ല.

ഇതൊക്കെയോര്‍ക്കുമ്പോള്‍ പേടി കൂടുകയാണ്. ഇന്നലെ സൗമ്യയെ തേടിച്ചെന്നവന്‍, ഇന്ന് ജിഷയെ കീഴടക്കിയവന്‍ നാളെ എന്നെയും തിരക്കിയെത്തും. ഒരേമുഖമുള്ള ഒരുപാടുപേര്‍ക്കിടയില്‍ നിന്നും ഞാനെങ്ങനെ തിരിച്ചറിയും ആ കുറ്റവാളിയെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍