UPDATES

സിനിമ

ജിഷ്ണുവിന്‍റെ ചിരിയിലുണ്ട് സൌഹൃദത്തിന്റെ മായാജാലം; ഒരോര്‍മ്മ

Avatar

രാകേഷ്

‘നമ്മള്‍’ എന്ന ആദ്യ ചിത്രത്തിനുശേഷം ഇറങ്ങിയ സിനിമകളൊന്നും മലയാളി പ്രേക്ഷകന് ജിഷ്ണു എന്ന നടനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിരുന്നില്ല. രാഘവന്റെ മകന്‍ ആദ്യ ചിത്രം കൊണ്ടു തന്നെ താനൊരു നല്ല നടനാണെന്ന് തെളിയിച്ചിരുന്നു.

ഏറെ കാത്തിരിപ്പിനുശേഷം ആ മികവ് ഒരിക്കല്‍ കൂടി ജിഷ്ണുവിന് പുറത്തെടുക്കാന്‍ കഴിഞ്ഞത് ലോഹിതദാസ് ചിത്രമായ ‘ചക്കരമുത്തി’ലൂടെയായിരുന്നു. അതൊരു നിയോഗം പോലെ തോന്നി. ‘ചക്കരമുത്തി’നു പിന്നാലെ ലോഹി യാത്ര പറയാനൊന്നും നില്‍ക്കാതെ പെട്ടന്നു പോയി. പിറകെ ജിഷ്ണുവും. ലോഹി ജീവിതത്തില്‍ നിന്നായിരുന്നെങ്കില്‍ ജിഷ്ണു സിനിമയില്‍ നിന്ന്. ശക്തമായ തിരിച്ചുവരവെന്ന് എല്ലാവരും സന്തോഷിച്ച സമയത്തു തന്നെയായിരുന്നു ആ പിന്‍വാങ്ങല്‍. 

എന്തിനായിരുന്നു ഈ പിന്മാറ്റം എന്ന ചോദ്യത്തിന് മറുപടി കിട്ടുന്നത് നാലുവര്‍ഷങ്ങള്‍ മുമ്പ് ഒരു വിഷുക്കാലത്തായിരുന്നു. ‘ഓര്‍ഡിനറി’ എന്ന സിനിമയിലൂടെ വീണ്ടും ജിഷ്ണുവിന്റെ കണ്ടു. വലിയൊരു ഇടവേളയ്ക്കുശേഷമായിരുന്നു ആ തിരിച്ചു വരവ്. ഇത്രകാലം എവിടെയായിരുന്നു? ഒരഭിമുഖ സംഭാഷണത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ അടുത്തൊരു സുഹൃത്തിനോടുള്ള കുശലാന്വേഷണമെന്നപോലെ തിരക്കിയപ്പോള്‍ ആദ്യം വന്ന മറുപടി ഹൃദ്യമായ ആ ചിരിയായിരുന്നു. വളരെ മനോഹരമായി ചിരിക്കാനറിയാവുന്നൊരാളായിരുന്നു ജിഷ്ണു… ആദ്യമായി കാണുന്നൊരാള്‍ക്കും എത്രയോകാലത്തെ പരിചയം നമുക്കിടയിലുണ്ടെന്ന് തോന്നിപ്പിക്കുന്ന എന്തോ മായാജാലം ആ ചിരിയിലുണ്ട്.

എവിടെയായിരുന്നു എന്ന സംശയത്തിന് ജിഷ്ണു പറഞ്ഞു തുടങ്ങി; 

എന്റെ ജീവിതത്തില്‍ ഞാന് ഏറെ ഇഷ്ടപ്പെടുന്നത് യാത്ര ചെയ്യാനാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഒരു യാത്രയ്ക്കായി ഒരുങ്ങി നില്‍ക്കുന്ന മനസായിരുന്നു എനിക്ക്. ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര, ഇന്ത്യയെ അറിയാനുള്ള യാത്ര. അതിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. പെട്ടെന്നൊരു ദിവസം ആ യാത്ര തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സിനിമയോട് താത്കാലികമായി വിടപറയേണ്ടി വന്നു.

ചിലര്‍ പറഞ്ഞത് തുടര്‍ച്ചയായ പരാജയങ്ങളാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്. അതൊരു കാരണമല്ല. തുടര്‍ച്ചയായി സിനിമകള്‍ എന്നെത്തേടി വരുമ്പോള്‍ തന്നെയാണ് ഞാന്‍ ഫീല്‍ഡില്‍ നിന്നും പിന്‍വാങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ ‘ചക്കരമുത്തി’നുശേഷമല്ല , ‘ഫ്രീഡം’ എന്ന സിനിമയ്ക്കുശേഷമായിരുന്നു ഞാന്‍ ഗ്യാപ്പ് എടുക്കുന്നത്. നീണ്ടു നിന്ന സിനിമാസമരത്തിന്റെ കാലമായിരുന്നു അത്. എന്റെ ഏഴോളം സിനിമകള്‍ അന്നു മുടങ്ങി. ഈ സമയത്ത് ഞാന്‍ ബിസിനസ് ചെയ്യുന്നുണ്ട്. സ്വാഭാവികമായും എന്റെ ശ്രദ്ധ ബിസിനസിലേക്ക് മാറി. അങ്ങനെ ഞാന്‍ സിനിമ തത്കാലത്തേക്ക് വേണ്ട എന്ന തീരുമാനത്തില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ‘ചക്കരമുത്തി’ലേക്ക് ക്ഷണം വരുന്നത്. ലോഹിസാറിന്റെ സിനിമ, ദിലീപേട്ടനൊപ്പമുള്ള വേഷം. ആ സിനിമ വേണ്ടന്നുവയ്ക്കാന്‍ എനിക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ‘ചക്കരമുത്തി’നുശേഷം സിനിമകള്‍ സ്വീകരിക്കേണ്ടതില്ലെന്നു തന്നെ ഉറപ്പിച്ചു. ഗ്രാമങ്ങളില്‍ ഐ ടി വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാനുള്ള ഒരു യജ്ഞത്തിന്റെ ഭാഗമാകാന്‍ ഒരവസരം കിട്ടിയതും അതിനൊരു കാരണമായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നായിരുന്നു തുടക്കം. ഒമ്പതു വര്‍ഷം നീണ്ടു നിന്ന ആ യാത്രയില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മികച്ച അനുഭവങ്ങളാണ് ആ യാത്രകള്‍ സമ്മാനിച്ചത്. ബാക്കിയുള്ള എന്റെ ജീവിതത്തിന് കരുത്തേകുന്ന അനുഭവങ്ങള്‍.

സിനിമയില്‍ നിന്നു മാറിനില്‍ക്കുമ്പോഴും ആ മോഹം എന്റെ മനസില്‍ തന്നെയുണ്ടായിരുന്നു. നല്ല സിനിമകള്‍ കാണുമ്പോള്‍ ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലെന്ന് ഓര്‍ത്തുപോകും. 

എന്റെ തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചിരുന്നതിനെക്കേള്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് സിദ്ധാര്‍ത്ഥ് ‘നിദ്ര’യിലേക്ക് വിളിക്കുന്നത്. സിദ്ധു ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ അവന്റെ സിനിമയില്‍ ഞാനുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. അതേ സന്തോഷമായിരുന്നു സുഗീതിന്റെ സിനിമ ചെയ്യുമ്പോഴും. ഈ രണ്ടു ചിത്രങ്ങളിലേയും മൊത്തത്തിലുള്ളൊരു ഇന്‍വോള്‍മെന്റ് അവരെനിക്കു തന്നു. അതെന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. തുടര്‍ന്നു നിരവധി ഓഫറുകള്‍ തേടിയെത്താന്‍ തുടങ്ങി.

പക്ഷേ തെരഞ്ഞെടുപ്പുകള്‍ വളരെ സൂക്ഷിച്ചായിരുന്നു. എനിക്ക് ചെയ്യാന്‍ കഴിയാത്ത വേഷങ്ങളുണ്ട്. അത്തരം വേഷങ്ങളാണെങ്കില്‍ വേണ്ട എന്നുതന്നെ പറയും. ആദ്യകാലങ്ങളില്‍ അങ്ങനെ പറയാന്‍ എനിക്കറിയില്ലായിരുന്നു. 

ഞാന്‍ നായകനായ സിനിമകളേക്കാള്‍ എനിക്ക് പ്രേക്ഷകരുടെ അഭിനന്ദനം കിട്ടിയത് ‘ചക്കരമുത്തി’ലെ നെഗറ്റീവ് കഥാപാത്രത്തിനാണ്. വ്യത്യസ്തമായ വേഷങ്ങള്‍ തുടക്കം മുതലെ തെരഞ്ഞെടുക്കേണ്ടതിയാരുന്നുവെന്ന് അപ്പോള്‍ തോന്നി. നായകനാവേണ്ട സമയത്തല്ലായിരുന്നു എന്നേത്തേടി നായകവേഷങ്ങള്‍ അധികം വന്നത്. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതെന്റെ പരാജയമായിരുന്നുവെന്ന് തോന്നുന്നുണ്ട്.

അന്നാ സംഭാഷണം ജിഷ്ണു അവസാനിപ്പിച്ചത് അച്ഛനെ കുറിച്ച് പറഞ്ഞായിരുന്നു. 

എന്നെക്കുറിച്ച് എന്തു പറഞ്ഞാലും അച്ഛനെ ബന്ധപ്പെടുത്താത്തെ പറ്റില്ല. രാഘവന്റെ മകന്‍ എന്ന ലേബല്‍ തന്നെയാണ് എന്നും എന്റെ കരുത്ത്. സനിമയിലേക്ക് വഴി തുറന്നതും അച്ഛന്‍ തന്നെ. ഡല്‍ഹിയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു അഭിനയമോഹം ഞാന്‍ അവതരിപ്പിച്ചത്. അഭിനയിക്കാന്‍ അഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കമല്‍ സാറിനോട് അക്കാര്യം സൂചിപ്പിച്ചു. കമല്‍ സാര്‍ അപ്പോള്‍ തന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ അന്വേഷിക്കുകയാണ്. ഇതറിഞ്ഞാണ് സാറിനോട് എന്റെ മകനെയൊന്നു നോക്കൂ എന്ന് അച്ഛന്‍ പറയുന്നത്. അങ്ങനെയാണ് കമല്‍ സാറിന്റെ വിളി വരുന്നത്. പക്ഷേ അതിനുശേഷം അച്ഛന്‍ എന്റെ കരിയറില്‍ ഇടപെട്ടിട്ടില്ല. വീട്ടില്‍ ഞങ്ങള്‍ സിനിമയെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. നിന്റെ യാത്രയില്‍ തനിച്ചുവേണം മുന്നോട്ടു പോകാന്‍. അവിടെയുണ്ടാകുന്ന ജയപരാജയങ്ങളുടെ ഏക അവകാശി നീ മാത്രമാണ്- അച്ഛന്റെ വാക്കുകളാണിത്.

ഈ സംഭാഷണത്തിനു വിരാമം ഇട്ടുകൊണ്ട് ജിഷ്ണു പറഞ്ഞത് ഇങ്ങനെയായിരുന്നു;

ഇനിയും എനിക്ക് യാത്ര തുടരണം, സിനിമയിലും ജീവിതത്തിലും…

നാലുവര്‍ഷങ്ങള്‍ക്കിപ്പുറം, മറ്റൊരു വിഷുക്കാലം അടുക്കുന്നു…പക്ഷേ ജിഷ്ണു… ഒരുപക്ഷേ ജിഷ്ണുവിന്റെ ഇഷ്ടംപോലെ ഒരു ദീര്‍ഘ യാത്രയ്ക്കായി പോയിരിക്കുകയാവാം…

ചിത്രങ്ങള്‍ക്ക് കടപ്പാട്; https://www.facebook.com/NiasMarikarPhotography

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍