UPDATES

നമ്മുടെ കലാലയങ്ങള്‍ അശാന്തമാണ്, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അതറിയുന്നുണ്ടോ?

ഒരു കൃഷ്ണദാസില്‍ അവസാനിക്കരുത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനും വൈസ് പ്രിന്‍സിപ്പലുമടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി എട്ടു കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതില്‍ ജാമ്യമില്ലാ വകുപ്പുകളും പെടുന്നു. ബന്ധുക്കളും വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാണിച്ചിരുന്ന, പിഅര്‍ഒ കെ വി സഞ്ജിത്ത്, അധ്യാപകന്‍ സി പി പ്രവീണ്‍, പരീക്ഷ ജീവനക്കാരന്‍ വിപിന്‍ എന്നിവരും ചെയര്‍മാന്‍ കൃഷ്ണദാസിനും വൈസ്. പ്രിന്‍സിപ്പല്‍ എന്‍. കെ ശക്തിവേലിനുമൊപ്പം പ്രതി ചേര്‍ക്കപ്പെട്ടവരിലുണ്ട്.

ഒന്നരമാസത്തോളം പിന്നിട്ടെങ്കിലും പൊലീസ് ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നീതിയുക്തമായി പ്രവര്‍ത്തിച്ചെന്നു കരുതാവുന്നതാണു തിങ്കളാഴ്ച വടക്കാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇനി കേസ് കോടതിയില്‍ എത്തിയതിനുശേഷമുള്ള കാര്യങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. ചെയര്‍മാന്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടാം, രക്ഷപ്പെടാം. നിയമത്തിനു മുന്നില്‍ വൈകാരിതയ്ക്കു സ്ഥാനമില്ല. എങ്കിലും ജിഷ്ണുവിനു നീതി കിട്ടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട് കേരള സമൂഹം.

പക്ഷേ അവിടെയും ഒരു ചോദ്യം ബാക്കി നില്‍ക്കും. ഒരു കൃഷ്ണദാസ് ശിക്ഷിക്കപ്പെട്ടതുകൊണ്ടു മാത്രമായോ?

കൃഷ്ണദാസ് എന്നത് ഒരു വ്യക്തിയല്ല, അയാള്‍ മാഫിയവത്ക്കരിക്കപ്പെട്ട സ്വാശ്രയ കോളേജ്   വ്യവസ്ഥിതിയുടെ പ്രതിനിധിയാണ്. ഒരു വ്യക്തി ശിക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രം വ്യവസ്ഥിതി മാറില്ല.  അതിനാകണമെങ്കില്‍ ഇടപെടേണ്ടതു സര്‍ക്കാരാണ്.

ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും ആ കുടുംബത്തിനു പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തതില്‍ തീരുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം. പൊലീസ് അന്വേഷണവും ചെയര്‍മാന്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്തു സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടും സര്‍ക്കാരിനു രാഷ്ട്രീയമായി ഒരു ഇമേജ് നേടിക്കൊടുത്തേക്കാം. പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുകയുമാവാം. പക്ഷേ ഇനിയിങ്ങനെയൊന്നും സംഭവിക്കില്ലെന്ന്, ഒരു വിദ്യാര്‍ത്ഥിക്കും ജീവനൊടുക്കേണ്ടി വരില്ലെന്നും ഒരു മാതാപിതാക്കളും കണ്ണീരുകുടിക്കേണ്ടി വരില്ലെന്നും ഉറപ്പക്കാന്‍ എന്തുചെയ്യും എന്നതിന് ഉത്തരം പറയാത്തിടത്തോളം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയിട്ടില്ല.

വിദ്യാഭ്യാസ മന്ത്രി ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന വാര്‍ത്തയും ചിത്രങ്ങളും കണ്ടു. അതൊരു കടമയാണ്. ജിഷ്ണുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നതിനെയോ വിദ്യാഭ്യാസ മന്ത്രി പോയതിനെയോ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധികം സമയം മാറ്റിവയ്ക്കരുത്. പകരം ഇരുവരും പോകേണ്ടിയിരുന്നതും കാണേണ്ടിയിരുന്നതും നെഹ്‌റു കോളേജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ആയിരുന്നു. അന്വേഷിക്കേണ്ടിയിരുന്നത് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ആ കുട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ചായിരുന്നു.

നെഹ്‌റു ഗ്രൂപ്പിനു കീഴില്‍ വരുന്ന ഒരു കോളേജിനെ കുറിച്ചു മാത്രമായിരുന്നില്ല, കൃഷ്ണദാസ് ചെയര്‍മാനായ ഗ്രൂപ്പിന്റെ മറ്റിടങ്ങളിലെ കോളേജുകളിലെല്ലാം പീഡനകഥകള്‍ പലതുമുണ്ടായിട്ടുണ്ട്. പരസ്യമായി കരണത്തടിക്കുന്ന അധ്യാപകന്‍മാര്‍, കായികാധ്യാപകരുടെ മര്‍ദ്ദനം, ഇടിമുറികളിലെ ക്രൂരപീഡനം, ഇതിനെല്ലാം പുറമെ കുട്ടികള്‍ നേരിടേണ്ടി വരുന്ന മാനസികപീഡനം; ഇതെല്ലാം പല വിദ്യാര്‍ത്ഥികളായി പറഞ്ഞു പുറം ലോകം അറിഞ്ഞതാണ്. നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകളെ കുറിച്ചു മാത്രമല്ല ഇത്തരം പീഡനവിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കു പറയാനുണ്ട് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍. എന്തിനേറെ, ഏറ്റവും ഒടുവിലായി ഗവണ്‍മെന്‍റിന് കീഴിലുള്ള തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ തന്നെ ജാതി പീഡനത്തിന് ഇരയാകേണ്ടി വന്ന ആതിര എന്ന ആദിവാസി പെണ്‍കുട്ടിയെ കുറിച്ചു കൂടി നാം കേട്ടു. ചിരിച്ചാല്‍ അഞ്ഞൂറു രൂപ ഫൈന്‍ അടയ്‌ക്കേണ്ടി വരുന്നതു തൊട്ട് രാത്രിയില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറികളില്‍ പരിശോധനയ്‌ക്കെത്തുന്ന പ്രിന്‍സിപ്പലിനെ കുറിച്ചുവരെ കേരളത്തിലെ സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഒരു കൃഷ്ണദാസ് ശിക്ഷിക്കപ്പെട്ടാല്‍ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നു കരുതാമോ?

ജിഷ്ണുവിന്റെ മരണം പുതിയൊരു അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. അതു വിദ്യാര്‍ത്ഥി പോരാട്ടത്തിന്റെതാണ്. നെഹ്‌റു കോളേജില്‍ മാത്രമല്ല, കേരളത്തിലെ പല സ്വാശ്രയ കോളേജുകളില്‍ നിന്നും മാനേജ്‌മെന്റിനെതിരേയയുള്ള പരാതികളും പ്രതിഷേധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ പുറത്തുവന്നു. ആ പ്രതിഷേധത്തിന്റെ വലിയൊരാളിക്കത്തല്‍ ആയിരുന്നു തിരുവനന്തപുരം ലോ അക്കാദമിയില്‍ കണ്ടത്. നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളായാണ് ഈ വിദ്യാര്‍ത്ഥി സമരങ്ങളെ കാണേണ്ടത്. നാളെ തങ്ങളെയും കാത്തിരിക്കുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ സ്വയം തയ്യാറെടുക്കുകയാണ്. ഇവിടെ വേണ്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പിന്തുണയാണ്. എന്തിന്റെയൊക്കെ പേരിലാണോ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് അതൊരുതരത്തിലും ഗുണമല്ല, മറിച്ച് ദോഷമാണ് ഉണ്ടാക്കുന്നതെന്ന് ജിഷ്ണുവിന്റെതടക്കമുള്ള ദുരന്തങ്ങള്‍ തെളിയിക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ദോഷങ്ങള്‍ പറയാന്‍ ഉണ്ടെങ്കിലും ഇപ്പോഴത്തെ പോലെ അവകാശങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കു കഴിയാത്ത വിധം തടഞ്ഞു നിര്‍ത്താന്‍ ആ രാഷ്ട്രീയത്തിനു സാധിക്കുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അത്തരമൊരു രാഷ്ട്രീയപ്രവര്‍ത്തനത്തിനു കലാലയങ്ങളിലേക്ക് തിരികെയെത്താന്‍ അനുകൂലമാണ്. ഇടിമുറികളെക്കാല്‍ ഭീകരത വിദ്യാര്‍ത്ഥികളുടെ മുദ്രാവാക്യങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയില്ല.

സര്‍ക്കാരിന്റെ ഇടപെടല്‍ എന്നതുപോലെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടലും. ലോ അക്കാദമിയില്‍ ഇടപെട്ടതോ നെഹ്‌റു കോളേജിനു മുന്നില്‍ സമരം തുടങ്ങുന്നതുകൊണ്ടോ മാത്രം തീരുന്നതല്ല കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വം. നമ്മുടെ കലാലയങ്ങള്‍ അശാന്തമാണ്, അവിടെ നിങ്ങളുടെ സാന്നിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. അത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍