UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു കേസ്; തട്ടിയും തടഞ്ഞും പോലീസ്; രക്തക്കറയും സിസിടിവി ദൃശ്യങ്ങളും നിര്‍ണ്ണായകം

വിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ മാതാപിതാക്കളും ശക്തമായി രംഗത്തെത്തിയതോടെ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതരായത്

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്നേക്ക് ഒരുമാസവും 11 ദിവസവും ആകുന്നു. പിആര്‍ഒയുടെ മുറിയില്‍ രക്തക്കറ കണ്ടെത്തിയതാണ് ജിഷ്ണുവിന്റെ മരണത്തിലെ ഏറ്റവും പുതിയ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് നഷ്ടപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. രക്തക്കറ കണ്ടെത്തിയ കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ വച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍.

പുതിയ നിഗമനങ്ങളും കണ്ടെത്തലുകളും മറനീക്കി വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇക്കഴിഞ്ഞ ഒരുമാസത്തിലേറെയായി പോലീസ് എന്തുചെയ്യുകയായിരുന്നു എന്നതാണ്. ഒരുമാസത്തിന് ശേഷം പോലീസ് കണ്ടെത്തിയ രക്തക്കറ കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ എന്തുകൊണ്ട് പോലീസിന് സാധിച്ചില്ല. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണെന്ന കോളേജ് അധികൃതരുടെ വാദത്തെ അനുകൂലിക്കാനുള്ള പോലീസിന്റെ ശ്രമമായിരുന്നില്ലേ ഈ അനാസ്ഥയ്ക്ക് കാരണമെന്നാണ് മുഖ്യമായും സംശയിക്കേണ്ടിയിരിക്കുന്നത്.

കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമമാണ് ജിഷ്ണുവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. അതേസമയം കോളേജിന്റെ ഈ വാദത്തിനെതിരെ വിദ്യാര്‍ത്ഥികളും ജിഷ്ണുവിന്റെ മാതാപിതാക്കളും ശക്തമായി രംഗത്തെത്തിയതോടെ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. സംഭവം നടന്ന് ഒരുമാസമായിട്ടും ആരോപണ വിധേയരായ കോളേജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ ജിഷ്ണുവിന്റെ സഹപാഠികളും മാതാപിതാക്കളും നടത്തിയ സമര പോരാട്ടത്തിന് മുന്നില്‍ ഒടുവില്‍ പോലീസ് മുട്ടുമടക്കുകയായിരുന്നു. ഇടതുപക്ഷ അനുഭാവികളായിട്ടും സര്‍ക്കാരിനും പോലീസിനുമെതിരെ ജിഷ്ണുവിന്റെ പിതാവ് അശോകനും മാതാവ് മഹിജയുമെടുത്ത നിലപാട് ഇതില്‍ ശ്രദ്ധേയമാണ്. കോളേജില്‍ നടക്കുന്ന സമരത്തില്‍ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം കൊടുക്കുകയായിരുന്നു.

ആദ്യം ആത്മഹത്യ പ്രേരണക്കുറ്റമെന്ന നിസാര കുറ്റം ചുമത്തിയ പോലീസ് പിന്നീട് അന്വേഷണം കടുപ്പിച്ചതോടെ ജിഷ്ണുവിന് എതിരെ കോളേജ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞു. ഈയൊരു സാഹചര്യത്തിലാണ് കോളേജ് മുറികളില്‍ നിന്നും രക്തക്കറ കണ്ടെത്തിയിരിക്കുന്നത്. ഈ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണെന്ന് തെളിഞ്ഞാല്‍ മാനേജ്‌മെന്റിനെതിരായ കേസ് ശക്തമാകും.

ഇതിനിടെ കേസിലെ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നതില്‍ 21-ാം തിയതി വരെ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയതും വിവാദമായിരിക്കുകയാണ്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും കോടതിയില്‍ പോലീസിന് സംഭവിച്ച വീഴ്ചയാണ് സ്‌റ്റേയ്ക്ക് കാരണം. കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേ നേടിയിരിക്കുന്നത്. ജില്ലാ കലക്ടറുമായുള്ള ചര്‍ച്ചയ്ക്ക് സമയം അനുവദിക്കണമെന്നാണ് കോടതിയെ അറിയിച്ചത്. അതേസമയം പ്രിന്‍സിപ്പലിനെ മാത്രമാണ് കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. കേസില്‍ പോലീസിന്റെ നിലപാട് എന്തെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

വിഎസ് അച്യുതാനന്ദന്‍ കൂടി കേസില്‍ ഇടപെട്ടതോടെ കേസിന് രാഷ്ട്രീയ മാനവും കൈവന്നിരിക്കയാണ്. ഇന്നലെ വി എസ് വളയത്ത് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇത് സര്‍ക്കാരിനുണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. അത് അന്വേഷണത്തെ ശരിയായ വഴിയിലേക്ക് തന്നെ നയിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും പോലീസ് അന്വേഷണത്തില്‍ ഇതേ ആര്‍ജ്ജവം കാണിക്കുകയാണെങ്കില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനും പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനും കഴിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍