UPDATES

ജിഷ്ണുവിന്റെ ആത്മഹത്യ: ശരിക്കും കൊന്നതല്ലേ അവര്‍?

വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് ഇവിടെ കഴിയുന്നതെന്നും ജിഷ്ണുവിന്റെ മരണത്തില്‍പോലും നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളില്‍ പലരും മിണ്ടുന്നില്ലെന്നു പുറത്തുള്ളവര്‍ പരിഹസിക്കുമ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസിലാക്കാതെ പോകരുത്.

പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നമ്പര്‍ 17/ 2019 ജിഷ്ണു പ്രണോയ് എന്ന പതിനെട്ടുകാരന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടാണ്. പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ വെള്ളിയാഴ്ച (6-1-2017) ആറേമുക്കാലോടുകൂടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കോഴിക്കോട് നാദാപുരം വളയം പൂവ്വംവയലില്‍ കിണറുള്ളപറമ്പില്‍ എന്ന വീട്ടുവളപ്പില്‍ ആ പതിനെട്ടുകാരന്‍ എന്നന്നേക്കുമായി ഉറങ്ങുകയാണിപ്പോള്‍. പക്ഷേ ഉറക്കം നഷ്ടപ്പെട്ട കുറെ മനസുകള്‍ ബാക്കിയുണ്ട്. ജിഷ്ണുവിന്റെ മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍… പിന്നെ ജിഷ്ണുവിനെ നേരില്‍ കണ്ടിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലാത്ത കൂറെ മനുഷ്യരും. അവരെല്ലാം വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ജിഷ്ണു മരണത്തിലേക്ക് തള്ളിയിടപ്പെട്ടതാണ്!

‘ആത്മഹത്യയല്ല, കൊലപാതകമാണ്’ ജിഷ്ണുവിന്റെ മരണത്തില്‍ ഉയരുന്ന പ്രതിഷേധം ഈ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയാടി നിലച്ച ആ ജീവിതം ചിലര്‍ ചേര്‍ന്ന് ഇല്ലാതാക്കിയതാണണെന്നു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറയുന്നു. അതേ, മറ്റൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍.

തൃശൂര്‍ തിരുവില്വാമലയ്ക്കു സമീപം പാമ്പാടി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ അറിയുന്നവരെല്ലാം പറയുന്നു- ജിഷ്ണു വളരെ ബോള്‍ഡ് ആയിരുന്നു. നന്നായി പഠിക്കുന്ന, എവിടെയും തന്റെ സാന്നിധ്യംകൊണ്ട് ശ്രദ്ധനേടുന്ന ഒരു പയ്യന്‍. അങ്ങനെയുള്ളൊരാള്‍ തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കില്‍ ജീവിച്ചിരിക്കേണ്ടി വരുന്നത് എത്രമേല്‍ ആ വിദ്യാര്‍ത്ഥിയെ ഭയപ്പെടുത്തിയിരിക്കണം!

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് ജിഷ്ണു വീട്ടില്‍ എത്തിയിരുന്നു. തിരികെ പോകുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ടേബിള്‍ ലാമ്പും ബാഗില്‍ വച്ചു. ഹോസ്റ്റലില്‍ എല്ലാവര്‍ക്കും ഒപ്പം ഇരുന്ന് പഠിച്ചിട്ടു ശരിയാകുന്നില്ല. രാത്രിയില്‍ എല്ലാവരും ഉറങ്ങിയശേഷം പഠിക്കുന്നതാണ് നല്ലത്. മുറിയില്‍ ലൈറ്റ് ഇട്ടാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകും. അതിനാണ് ഈ ടേബിള്‍ ലാമ്പ്; ജിഷ്ണുവിന്റെ വാക്കുകള്‍ ഓര്‍ത്തെടുത്തു പറയുകയായിരുന്നു ബന്ധുവും കോളേജില്‍ ജിഷ്ണുവിന്റെ ലോക്കല്‍ ഗാര്‍ഡിയനുമായ ശ്രീജിത്ത്.

ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. രാഷ്ട്രീയവും സാമൂഹിക ഇടപെടലുകളുമൊക്കെയുണ്ടെങ്കിലും പഠനത്തിന്റെ കാര്യത്തില്‍ ഒരിക്കല്‍ പോലും പിന്നാക്കം നില്‍ക്കാന്‍ ആഗ്രഹിക്കാതിരുന്ന കുട്ടി; അവനാണ് ഇപ്പോള്‍… ശ്രീജിത്തിന്റെ വാക്കുകള്‍ മുറിഞ്ഞുപോയി…

വെള്ളിയാഴ്ച വെളുപ്പിനെ അഞ്ചു മണിക്ക് അമ്മയെ വിളിച്ചിരുന്നു. നാലുമണിക്ക് എഴുന്നേറ്റ് പഠിക്കാന്‍ ഇരുന്നെന്നും എല്ലാ നല്ലരീതിയില്‍ പോകുന്നുവെന്നും അമ്മയോട് പറഞ്ഞു. സന്തോഷമായിരുന്നു ആ വാക്കുകകളില്‍. പക്ഷേ അന്നു വൈകുന്നേരം ഏഴരയോടുകൂടി ഞങ്ങളെ തേടിയെത്തിയത്…

ശരിക്കും അവര്‍ കൊന്നതല്ലേ?
വെള്ളിയാഴ്ച രാത്രിയോടുകൂടിയാണ് കോളജില്‍ നിന്നും ഫോണ്‍ വരുന്നത്. വൈകിട്ട് ആറേമുക്കാലോടു കൂടി ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു ഫോണില്‍ പറഞ്ഞത്. ഞങ്ങള്‍ ഉടന്‍ തന്നെ തിരിച്ചു. പന്ത്രണ്ടു മണിയോടുടുത്ത് സ്ഥലത്തെത്തി. കോളേജിന്റെ എംഡി കൃഷ്ണപ്രസാദ് അടക്കം മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ അവിടെയുണ്ടായിരുന്നു. ഞാനാണ് അവരോട് സംസാരിച്ചത്. മാനേജര്‍ പറഞ്ഞ മറുപടി- ജിഷ്ണു തൂണ്ടു കടലാസ് വച്ച് കോപ്പിയടിച്ചത് അധ്യാപകന്റെ ശ്രദ്ധയില്‍ പെടുകയും ഇതേ കുറിച്ച് ജിഷ്ണുവിനോട് വിശദീകരണം ചോദിക്കുകയും ഉണ്ടായി. ഇതിലുള്ള മാനസികവിഷമം മൂലമാകാം ആത്മഹത്യ ചെയ്തതെന്നാണ്.

അവര്‍ എന്തൊക്കെയോ മറച്ചുവയ്ക്കുന്നതായി തോന്നിയതുകൊണ്ടാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ചിലരോട് സംസാരിക്കാന്‍ ശ്രമിച്ചത്. മനേജ്‌മെന്റ് പറഞ്ഞ കാര്യങ്ങളോട് വിദ്യാര്‍ത്ഥികള്‍ വിയോജിച്ചു. കോപ്പിയടിച്ചു പിടികൂടിയെങ്കില്‍ ആ കടലാസു കഷ്ണങ്ങള്‍ കാണിക്കാന്‍ അധികൃതരോട് ആവശ്യപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ എന്നോടു പറഞ്ഞു. അതിന്‍ പ്രകാരം ഞാന്‍ മാനേജ്‌മെന്റ് പ്രതിനിധികളെ വീണ്ടും സമീപച്ചപ്പോള്‍ അവര്‍ മറ്റൊരു തരത്തിലാക്കി കഥ. ഒന്നില്‍ കൂടുതല്‍ തുണ്ടു കടലാസുകള്‍ ജിഷ്ണുവിന്റെ പക്കല്‍ നിന്നും പിടികൂടിയിരുന്നൂവെന്നു ആദ്യം പറഞ്ഞവര്‍ പിന്നീട് പറഞ്ഞതു തുണ്ടുകടലാസുകള്‍ പിടികൂടിയത് ജിഷ്ണുവിന്റെ കൈയില്‍ നിന്നല്ലെന്നും മറ്റൊരു കൂട്ടിയാണ് അതു കൊണ്ടുവന്നത്, അയാളുടെ നോക്കി ജിഷ്ണു എഴുതുകയായിരുന്നുവെന്നുമാണ്– ശ്രീജിത്ത് പറയുന്നു.

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് സഹപാഠികള്‍ പറയുന്നത് ഇപ്രകാരമാണ്- ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്നതിനിടയില്‍ പുറകിലേക്ക് തിരിഞ്ഞു നോക്കിയതിനാണ് പ്രവീണ്‍ എന്ന അധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചത്. കോപ്പിയടിച്ചെന്നാരോപിച്ച് വല്ലാതെ ചീത്ത പറയുകയും പരിഹസിക്കുകയും ചെയ്തു. ഡിബാര്‍ ചെയ്യുമെന്നു ഭീഷണിയും മുഴക്കി. പിന്നീട് ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെവച്ചും ജിഷ്ണുവിന്റെ ഭാവി ഇല്ലാതാക്കുന്ന തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായി. തിരികെ വന്ന ജിഷ്ണു ആകെ നിരാശനായിരുന്നു. വൈകിട്ട് ഹോസ്റ്ററില്‍ എത്തിയെങ്കിലും മുറിക്കു പുറത്തിറങ്ങിയില്ല. ഹോസ്റ്റല്‍ അറ്റന്‍ഡന്‍സ് എടുക്കാന്‍ നേരത്തും കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചു മുറിയില്‍ എത്തിയപ്പോഴായിരുന്നു തൂങ്ങിനില്‍ക്കുന്ന നിലയില്‍ ജിഷ്ണുവിനെ കാണുന്നത്. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു.

ജിഷ്ണു ആത്മഹത്യ ചെയ്തതാണെങ്കിലും അതിനവനെ നിര്‍ബന്ധിതിനാക്കുകയായിരുന്നില്ലേ എന്നാണു ശ്രീജിത്തും ഈ വിവരങ്ങള്‍വച്ചു ചോദിക്കുന്നത്. 68 മാര്‍ക്കിനോളം ഉത്തരം ജിഷ്ണു എഴുതിയിരുന്നതായി പറയുന്നു. അതു മുഴുവന്‍ അധ്യാപകന്‍ വെട്ടിക്കളഞ്ഞു. അവന്റെ പഠനം ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തുന്നു.

പതിനെട്ടു വയസ് മാത്രമുള്ള കുട്ടിയോടാണ് ഈ തരത്തില്‍ ക്രൂരത. അവന്റെ മനസ് തകര്‍ത്തു കളയാന്‍ അതൊക്കെ ധാരാളമല്ലേ? തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഈ രീതിയില്‍ ആണോ ശിക്ഷിക്കേണ്ടിയിരുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണു, ആദ്യത്ത പരീക്ഷയും. ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്താല്‍ ഒരു താക്കീത്, ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമുള്ള ഒരു താക്കീത്. അതല്ലേ മര്യാദ. കുട്ടികളാണ്, അവര്‍ക്ക് തെറ്റുകള്‍ പറ്റാം. അതു തിരുത്തി കൊടുക്കുന്നവരാണ് അധ്യാപകര്‍.

മാതാപിതാക്കള്‍ക്കൊപ്പം ഉള്ളതിനേക്കാള്‍ കടുതല്‍ സമയം ഒരു വിദ്യാര്‍ത്ഥി അവന്റെ ജീവിതം ചെലവിടുന്നത് അധ്യാപകര്‍ക്കൊപ്പമാണ്. അധ്യാപകര്‍ ഒരര്‍ത്ഥത്തില്‍ അവരുടെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ കൂടിയാണ്. സ്വന്തം കുട്ടി തെറ്റ് ചെയ്താല്‍ ഏറ്റവും കടുത്ത ശിക്ഷ കൊടുക്കുമോ അതോ തെറ്റ് തിരുത്താന്‍ കൂട്ടുനില്‍ക്കുമോ? മാറിയ കാലത്തെ വിദ്യാലയങ്ങള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ വിദ്യാര്‍ത്ഥികള്‍ ചങ്ങലപ്പൂട്ടുകളില്‍ ബന്ധിതരായ ഇരകള്‍ മാത്രമാണ്.

ഡിബാര്‍ ചെയ്യുമെന്നു പറയുകയോ ചീത്ത വിളിക്കുകയോ പരിഹസിക്കുകയോ ഉണ്ടായിട്ടില്ലെന്നു മാനേജ്‌മെന്റ് പറയുമ്പോള്‍ സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആ വാദങ്ങള്‍ തള്ളിക്കളയുകായിരുന്നു. ശ്രജീത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ തിരക്ക് അഭിനയിച്ചു സ്ഥലം വിട്ട മാനേജ്‌മെന്റ്‌മെന്റ് പ്രതിനിധികളില്‍ ഒരാള്‍ പോലും പിറ്റേന്നു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കിട്ടുന്നതുവരെയോ പിന്നീട് വീട്ടില്‍ കൊണ്ടുവന്നു സംസ്‌കാരിക്കാന്‍ എടുക്കുന്നതുവരെയോ തിരിഞ്ഞുപോലും നോക്കിയില്ല.

അടയ്‌ക്കേണ്ട ഫീസുകളെല്ലാം മുന്‍കൂര്‍ അടച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ്. ഒരു കച്ചവട മര്യാദയനുസരിച്ചെങ്കിലും നൂറുരൂപയുടെ റീത്ത് കൊണ്ടുവന്ന് ആ വിദ്യാര്‍ത്ഥിക്കു സമര്‍പ്പിക്കാന്‍ തോന്നിയോ കോളേജുകാര്‍ക്ക്? ശ്രീജിത്തിന്റെ വാക്കുകളില്‍ രോഷവും സങ്കടവും കലര്‍ന്നിരുന്നു.

മരിച്ച നിലയിലല്ല ജിഷണുവിനെ കണ്ടെത്തുന്നത്. അപ്പോള്‍ അവനു ജീവനുണ്ടായിരുന്നു. പക്ഷേ അരമണിക്കൂറോളം വൈകി ആശുപത്രിയില്‍ എത്തിക്കാന്‍. ജിഷ്ണുവിന്റെ വിവരം അധ്യാപകനെ അറിയിച്ചതാണ്. പക്ഷേ അയാള്‍ അനങ്ങിയില്ല. അയാളുടെ കാര്‍ അവിടെ ഉണ്ടായിരുന്നു. ആ സഹായം പോലും ചെയ്തില്ല. ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ കാറിലാണ് ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. പക്ഷേ…

ഇതൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും മനസിലാകില്ലേ അവര്‍ ഞങ്ങളുടെ കുഞ്ഞിനെ കൊന്നതാണെന്ന്. വെറുതെ ആരോപിക്കുന്നതല്ല, സങ്കടത്തിനു പുറത്തു പറയുന്നതുമല്ല, പാമ്പാടി നെഹ്‌റു കോളേജിനെ കുറിച്ച് അറിയാവുന്നവരെല്ലാം പറയും അവിടെ ഇങ്ങനെയൊക്കെ നടക്കുമെന്ന്. പക്ഷേ ആരും പ്രതികരിക്കില്ല. മാധ്യമങ്ങള്‍ പോലും. വിദ്യാഭ്യാസ കച്ചവടക്കാരാണ് നെഹ്‌റു കോളേജിന്റെ പിറകിലുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലമൊക്കെയായി എത്രയോ കോളേജുകള്‍ സ്വന്തമായിട്ടുള്ളവര്‍. രഷ്ട്രീയക്കാരും മന്ത്രിമാരുമൊക്കെയായി വളരെ അടുത്തബന്ധമുള്ളവര്‍. ചോദ്യം ചെയ്യുന്നവരെ പണംകൊടുത്തും, അതിനുവഴങ്ങാത്തവരെ കൈയൂക്കിന്റെ ബലത്തിലും നിശബ്ദരാക്കാന്‍ ശക്തിയുള്ളവര്‍. അവര്‍ക്കു മുന്നില്‍ ഏതൊരാളും നിശബ്ദരായി പോകുന്നതില്‍ അത്ഭുതമില്ല- ശ്രീജിത്ത് പറയുന്നു.

ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളെ പോലും ജിഷ്ണുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വിട്ടില്ല എന്നു പറയുമ്പോള്‍ തന്നെ ഊഹിക്കുക അവരുടെ മന:സാക്ഷിയെ കുറിച്ച്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നായിരുന്നു കാരണം. ഇന്നലെ വൈകിട്ടോടെ കുട്ടികള്‍ വീടുകളില്‍ പോകണമെന്നും ഇന്നും ഞായറാഴ്ചയാണെന്നും പറഞ്ഞപ്പോഴും വീട്ടിലേക്കു തന്നെയാണു പോകുന്നതെന്നു മാതാപിതാക്കള്‍ വിളിച്ചു പറഞ്ഞാലേ വിടൂ എന്ന നിര്‍ബന്ധം പോലും ഉണ്ടായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടൂ കൂടിയാണ് 20 ഓളം കുട്ടികള്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. എനിക്കാ കുട്ടികളെ കണ്ടപ്പോള്‍ സത്യത്തില്‍ പേടിയാണ് തോന്നിയത്. ആത്മഹത്യ ചെയ്തിട്ടില്ലെന്നേയുള്ളൂ, ഞങ്ങളെല്ലാം ആ അവസ്ഥയില്‍ തന്നെയാണ് ഉള്ളതെന്നു പറയുന്ന കുട്ടികളുടെ മുഖത്തു നിന്നും കണ്ട ഭയം എന്റെ ഉള്ളിലേക്കും നിറയുകയായിരുന്നു. ഒരു ജനാധിപത്യ രാജ്യത്തു പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചാണ് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നതെന്നോര്‍ക്കണം. അടിമകളെ പോലെയാണോ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടത്?

ഉറക്കെ സംസാരിച്ചാല്‍ പിഴ, ഷേവ് ചെയ്തില്ലെങ്കില്‍ പിഴ, ഷൂസ് ലേസ് കെട്ടിയതു ശരിയായില്ലെങ്കില്‍ പിഴ, വിദ്യാര്‍ത്ഥി സംഘടനകളുടെ യൂണിറ്റുകള്‍ രൂപീകരിക്കരുത്, പുറത്തും ഒരു രാഷ്ട്രീയ സംഘടനകളോടും ബന്ധം പാടില്ലെന്നതു വരെ കോളേജിന്റെ നിയമാവലിയില്‍ പറയുന്നു. എന്റെ അമ്മ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ടാണ് ഞാനിവിടെ പഠിക്കുന്നത്, വലിയ നിവര്‍ത്തിയൊന്നും ഉള്ള വീട്ടിലേയല്ല ഞാന്‍. ഒരു ദിവസം ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്തിരിക്കുന്നത് ശരിയായിട്ടല്ല എന്ന കാരണം പറഞ്ഞ് അഞ്ഞൂറു രൂപയാണ് പിഴ ഈടാക്കിയത്- ഒരു വിദ്യാര്‍ത്ഥി എന്നോടു പറഞ്ഞ കാര്യമാണ്. ഇങ്ങനെയൊക്കെ നടക്കുന്ന ഒരു കോളേജില്‍ ആത്മഹത്യകള്‍ നടക്കും; ശ്രീജിത്ത് പറയുന്നു.

ക്രൂരമായ വിദ്യാര്‍ത്ഥി പീഡനമാണ് ഇവിടെ നടക്കുന്നതെന്നാണു സോഷ്യല്‍ മീഡിയയില്‍ നിന്നും മനസിലാകുന്നത്. വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ ഉപയോഗിച്ചു ശാരീരികമായി ആക്രമിക്കുക, മാനസിക പീഢനം നടത്തുക എന്നതൊക്കെ ഇവിടെ പതിവാണത്രേ. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കാമറ വയ്ക്കാന്‍ പോലും തയ്യാറാകുന്ന മാനേജ്‌മെന്റ്. പെണ്‍കുട്ടികളെ ദേപരിശോധനയ്ക്കു വിധേയരാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഭയത്തോടെയാണ് ഇവിടെ കഴിയുന്നതെന്നും ജിഷ്ണുവിന്റെ മരണത്തില്‍പോലും നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളില്‍ പലരും മിണ്ടുന്നില്ലെന്നു പുറത്തുള്ളവര്‍ പരിഹസിക്കുമ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസിലാക്കാതെ പോകരുത്.

ഒന്നുകൂടിയോര്‍മിപ്പിക്കുന്നുണ്ട് ചിലര്‍. ജിഷണു ആദ്യ ഇരയല്ല. ഇതിനു മുമ്പും ഇവിടെ വിദ്യാര്‍ത്ഥികളുടെ ജീവിതം ഇല്ലാതാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ഉണ്ടയിട്ടുണ്ട്. ജിഷ്ണുവിന്റെ മരണശേഷം ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നെഹ്‌റു കോളേജിനെ കുറിച്ച് വരുന്ന ഈ കഥകളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവിടെ മാത്രമല്ല, കേരളത്തിലാകെ. പഠിക്കാനും ഭാവിയെ കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്യാനുമാണ് ഓരോ വിദ്യാര്‍ത്ഥിയും വിദ്യാലയങ്ങളിലേക്ക് വരുന്നത്. അവര്‍ അവിടെ നിന്നും തിരിച്ചുപോകേണ്ടത് തലയുയര്‍ത്തിയാവണം, മൃതശരീരങ്ങളായിട്ടല്ല…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍