UPDATES

പിണറായിയും പോലീസും പറയുന്ന പോലെ ആരും ഇടപെട്ടിട്ടില്ല, പ്രശ്നമുണ്ടാക്കിയത് മ്യൂസിയം എസ്ഐ: ജിഷ്ണുവിന്റെ കുടുംബം

മുഖ്യമന്ത്രി പിണറായി വിജയന് ഈ പാര്‍ട്ടിയോട് ഉള്ളതിനേക്കാള്‍ സനേഹം ഞങ്ങള്‍ക്കുണ്ട്.

ഡിജിപി ഓഫിസിനു മുന്നില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പൊലീസ് ബലപ്രയോഗത്തിനു കാരണമായത് പുറത്തു നിന്നുള്ളവരുടെ ഇടപെടലിന്റെ ഫലമാണെന്നു പറയുന്നു മുഖ്യമന്ത്രി. പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മകന്‍ നഷ്ടപ്പെട്ട ഒമ്മയുടെ നീതി തേടിയുള്ള സമരത്തെ പൊലീസ് ഏതു തരത്തിലാണ് നേരിട്ടതെന്നു ജനം കണ്ടതാണ്. പൊലീസ് ചെയ്തതു കൃത്യനിര്‍വഹണമോ അതോ ഗൂണ്ടാ പണിയോ എന്നു പ്രതിപക്ഷം ചോദിക്കുന്നു. മുഖ്യന്ത്രിയുടെ ന്യായീകരണം പൊലീസിനെ സംരക്ഷിക്കാനാണെങ്കില്‍, അതേ സംരക്ഷണം ആവശ്യപ്പെടുന്നുണ്ട് ജിഷ്ണുവിന്റെ കുടുംബവും. നീതിയാണ് അവര്‍ക്ക് വേണ്ടത്, അതു നിഷേധിക്കുന്നൂവെന്ന മാത്രമല്ല, അതിന്റെ പേരില്‍ അപമാനിക്കാനും നടുറോഡില്‍ വലിച്ചിഴയ്ക്കാനും വിധേയപ്പെടേണ്ടി വരുന്നൂ എന്നാണു ആ അമ്മയും ബന്ധുക്കളും പറയുന്നത്. ആ ക്രൂരതയെ മറച്ചുപടിക്കാന്‍ പറയുന്ന കള്ളങ്ങള്‍ക്കെല്ലാം ഒരു ദിവസം മറുപടി പറയേണ്ടി വരുമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ചൂണിക്കാട്ടി കാണിക്കുന്നു. ശ്രീജിത്ത് അഴിമുഖവുമായി സംസാരിക്കുന്നു.

മുഖ്യമന്ത്രിയും പൊലീസും പറയുന്നതുപോലെ ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെന്നു വരുത്തി തീര്‍ക്കാനാണ് ഷാജഹാനെയും തോക്കു സ്വാമിയേയുമെല്ലാം കൊണ്ടുവരുന്നത്. ഹിന്ദി പ്രചാരസഭയുടെ ഓഫിസിന് അടുത്തു നിന്നാണു ഞങ്ങള്‍ തുടങ്ങുന്നത്. കേരളത്തിലെ എല്ലാ മുഖ്യധാര മാധ്യമങ്ങളും ഇതു ലൈവായി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. 14 പേര്‍ ഞങ്ങള്‍ വടകരയില്‍ നിന്നും വന്നവരും ജിഷ്ണുവിന്റെ രണ്ടു സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് എത്തിയ ഞങ്ങള്‍ക്ക് കുളിക്കാനും വസ്ത്രം മാറാനുമൊക്കെ സൗകര്യം ഒരുക്കി തന്ന ഷാജിര്‍ഖാനും അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ബാക്കിയെല്ലാം പൊലീസിന്റെ കെട്ടുകഥയാണ്. ഇനിയും സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കാം, എന്തെങ്കിലും ഗൂഢാലോചനകള്‍ നടത്തിയിരുന്നോ എന്നറിയാല്ലോ.

മ്യൂസിയം സി ഐ ഡിജിപിയെ കാണാനായി ആറുപേര്‍ക്ക് സൗകര്യം ഒരുക്കി തരാമെന്നു മാന്യമായ നിര്‍ദേശംവച്ചിരുന്നതാണ്. മറ്റുള്ളവര്‍ വരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറുപേര്‍ ഡിജിപിയെ കാണും ബാക്കിയുള്ളവര്‍ വിസിറ്റേഴ്‌സ് ബഞ്ചില്‍ ഇരുന്നോളുമെന്നു ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. കാരണം അവരെ റോഡില്‍ നിര്‍ത്താന്‍ ഞങ്ങള്‍ക്കു ഭയമുണ്ടായിരുന്നു. മ്യൂസിയം എസ് ഐ സുനില്‍ രാവിലെ മുതല്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാനും ജയിലില്‍ കൊണ്ടുപോകാനും തയ്യാറായി നടക്കുന്നുണ്ടായിരുന്നു.

രാവിലെ ഏഴേ കാലിനു ട്രെയിന്‍ ഇറങ്ങിയശേഷം എട്ടു മണിമുതല്‍ ഞങ്ങള്‍ താമസിക്കുന്നിടത്ത് എത്തി സുനില്‍, നിങ്ങള്‍ സമരം നടത്തേണ്ടത് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആണ്, നിങ്ങള്‍ സമരം നടത്തേണ്ടത് സര്‍ക്കാരിനെതിരേയാണ് എന്നു പത്തുപ്രാവശ്യമെങ്കിലും ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇതു പറയുന്നതെന്നോര്‍ക്കണം. ആദ്യം സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതും ഈ പൊലീസുകാരനെതിരേയാണ്. സര്‍ക്കാരിന്റെ ഒറ്റുകാരനാണ് ഈ പൊലീസുകാരന്‍. ഞങ്ങള്‍ അയാളോട് പറഞ്ഞ മറുപടി, സര്‍ക്കാര്‍ ഒട്ടേറെ കാര്യം ചെയ്തു തന്നിട്ടുണ്ട്, ഞങ്ങളുടെ സമരം പൊലീസിനെതിരേയാണ് എന്നായിരുന്നു. പിന്നീട് ഡിജിപി ഓഫിസിനു മുന്നില്‍ വച്ച് മ്യൂസിയം സി ഐ ഞങ്ങളോട് നല്ല രീതിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണു മന:പൂര്‍വം പ്രകോപനം സൃഷ്ടിച്ച് സുനില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്.

ഇവിടെ വന്ന പതിനാറുപേരില്‍ പതിനാലുപേരുടെയും പേരുകള്‍ ഞങ്ങളുടെ കൈവശമുള്ള ട്രെയിന്‍ ടിക്കറ്റിലുണ്ട്. പിന്നെയുള്ള രണ്ടുപേര്‍ ജിഷ്ണുവിന്റെ സഹപാഠികള്‍, അവരുടെ കൈയില്‍ കോളേജിലെ ഐഡന്ററ്റി കാര്‍ഡുണ്ട്. ഈ പതിനാറുപേരെയുമാണ് കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടത്. ഞങ്ങള്‍ സമരക്കാരായിരുന്നില്ല, ഞങ്ങളുടെ കൈയില്‍ ഒരു ബാനര്‍ ഉണ്ടായിരുന്നില്ല, പ്ലക്കാര്‍ഡ് ഉണ്ടായിരുന്നില്ല, ഒരു മുദ്രാവാക്യം പോലും വിളിച്ചില്ല. ഫുട്പാത്തിലൂടെയാണ് ഞങ്ങള്‍ നടന്നുവന്നത്, റോഡില്‍ ചെറിയൊരു തടസം പോലും സൃഷ്ടിച്ചില്ല. ഡിജിപി ഓഫിസില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടെങ്കില്‍ ആ അവകാശം ഞങ്ങള്‍ക്കും തരണമെന്നുമാത്രമാണ് ആവശ്യപ്പെട്ടത്. ഡിജിപിയുമായി ചര്‍ച്ച നടത്തണം, ആ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഡിജിപി ഓഫിസിന് അടുത്ത് എവിടെയെങ്കിലും നിരാഹാരം ഇരിക്കാനുമായിരുന്നു തീരുമാനം. ഇതിനപ്പുറം പൊലീസ് പറയുന്നതെല്ലാം പച്ചക്കളവാണ്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാന്‍ അവര്‍ കെട്ടുകഥകള്‍ ഉണ്ടാക്കുകയാണ്.

കഴിഞ്ഞ ദിവസം കൃഷ്ണദാസിനെ അറസ്റ്റ് ചെയ്‌തെന്നു പറഞ്ഞ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഈസി ചെയറില്‍ ഇരുത്തി ഒരു മണിക്കൂറിനുശേഷം വിട്ടയച്ചു. പൊലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ ഞങ്ങളോടു പറയുന്നത് കൃഷ്ണദാസിനെ 24 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വയക്കാന്‍ യാതൊരു നിയമതടസവും ഇല്ലെന്നാണ്. 24 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച് കൃഷ്ണദാസിനെ ചോദ്യം ചെയ്യാനും ജിഷ്ണുവിന്റെ രക്തക്കറ കണ്ട റൂമില്‍ തെളിവെടുപ്പ് നടത്താനും പൊലീസിന് എന്താണ് ഇനിയും തടസം? അതിനു തയ്യാറാകാത്ത പൊലീസ് ഒരമ്മയെ റോഡിലിട്ട് വലിച്ചിഴയ്ക്കുകയും നാഭിക്കിട്ട് ചവിട്ടുകയും ചെയ്യുന്നു. സഞ്ജിത്ത് വിശ്വനാഥന്റെ അറസ്റ്റ് പോലും പൊലീസിന്റെ വെറും നാടകമാണ്. ഇത്രയും ദിവസം നടക്കാതിരുന്ന കാര്യമാണ് ഇന്നലെ പെട്ടെന്ന് അവര്‍ ചെയ്തത്. സഞ്ജിത്തിനെ അറസ്റ്റ് ചെയ്തു വിട്ടയക്കുകയായിരുന്നില്ലേ, അയാളെ കുറ്റവിമുക്തനാക്കാനാണ് പൊലീസ് നോക്കുന്നത്.

ഇതേ കൃഷ്ണദാസിന്റെ ആവശ്യപ്രകാരമാണോ പൊലീസ് ഞങ്ങളെ മര്‍ദ്ദിച്ചതെന്നുപോലും സംശയമുണ്ട്. നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലും പ്രതിയുമായ ശക്തിവേലുവിന്റെ അടുത്ത ബന്ധുവായ ഐപിഎസുകാരന്‍ കേരള പൊലീസിന്റെ തലപ്പത്തുണ്ട്. വലിയതരത്തിലുള്ള ഗൂഢാലോചന ഇതിന്റെ പിറകില്‍ നടക്കുന്നുണ്ട്. അതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്നലെ പൊലീസ് ഞങ്ങളോട് പെരുമാറിയത്. അല്ലെങ്കില്‍ ആ അമ്മയോട് ഇങ്ങനെ ക്രൂരത കാണിക്കാന്‍ കഴിയുമോ? എത്രനേരമാണ് റോഡിലിട്ട് ഇഴച്ചത്. മൃഗങ്ങളെ കയറ്റുന്നതുപോലെയാണ് വണ്ടിയിലേക്ക് കയറ്റിയതുപോലും. വണ്ടിക്കകത്തുവച്ചു കേട്ടാലറയ്ക്കുന്ന പുലഭ്യങ്ങളും തോന്ന്യാസവുമാണ് പൊലീസ് എന്നോടും ജിഷ്ണുവിന്റെ അമ്മയോടും പറഞത്. നീ ആരാടി പെണ്ണേ, നിനക്കെന്ത് കാണിക്കാനാകും എന്നൊക്കെയാണു എസിപി ബൈജു എന്റെ പെങ്ങളോട് പറഞ്ഞത്.

ഡിജിപി ഓഫിസില്‍ ഞങ്ങള്‍ വരുമെന്നത് ഇന്നലെ രാവിലെ പെട്ടെന്നു തീരുമാനിച്ച് ചെയ്ത കാര്യമല്ല. 14 ദിവസം മുന്നേ ഇതു പറഞ്ഞതാണ്. മാര്‍ച്ച് 27 നു ഡിജിപിയെ കാണാന്‍ വരുമെന്നു ഞങ്ങള്‍ പറഞ്ഞത് മാര്‍ച്ച് 15 നായിരുന്നു. 26 ാം തീയതി സുപ്രീം കോടതിയില്‍ പോകാന്‍ ഞാനും മറ്റൊരാളും ഡല്‍ഹിയിലായിരുന്നു. അവിടെവച്ച് ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന്റെ മുറിയിലേക്കു ഞങ്ങളെ വിളിച്ചുകൊണ്ടുപോയി ചര്‍ച്ച ചെയ്തശേഷം പറഞ്ഞത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, പ്രതികളെ അറസ്റ്റ് ചെയ്യും, ഒരാഴ്ചത്തേക്കു നിങ്ങള്‍ സമരം മാറ്്‌റിവയ്ക്കണം എന്നാണ്. ജിഷ്ണുവിന്റെ അമ്മയും അച്ഛനും ഉള്‍പ്പെടെ 14 പേര്‍ അന്നും തിരുവനന്തപുരത്തേക്കു സമരത്തിനു പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ഡിജിപി പറഞ്ഞതിന്‍ പ്രകാരം ആ യാത്ര വേണ്ടെന്നു വയ്ക്കുകയായിരുന്നു ചെയ്തത്. ഇന്നലെ ഡിജിപിയെ കാണാന്‍ ശ്രമിച്ചതും ഈയൊരു ചോദ്യം ചോദിക്കാനായിരുന്നു; ഞങ്ങള്‍ക്കു തന്ന വാക്ക് എന്തുകൊണ്ട് പൊലീസ് പാലിച്ചില്ല? മുഖ്യമന്ത്രിയോ ഡിജിപിയോ ഇടപെട്ടിരുന്നെങ്കില്‍ ഇന്നലെ നടന്ന അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന് ഈ പാര്‍ട്ടിയോട് ഉള്ളതിനേക്കാള്‍ സനേഹം ഞങ്ങള്‍ക്കുണ്ട്. എന്റെ അച്ഛനെ ആര്‍എസ്എസ്സുകാര്‍ വെട്ടിപിളര്‍ന്നതാണ്. എന്റെ അച്ഛന്റെ രക്തം കൊടുത്ത പാര്‍ട്ടിയാണിത്. ഞങ്ങളുടെ ജിഷ്ണു എസ്എഫ്‌ഐ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് അവന്റെ ജീവന്‍ നഷ്ടപ്പെടുത്തിയത്. അവന്‍ ഇഷ്ടപ്പെട്ടിരുന്ന സര്‍ക്കാരാണിത്. അതുകൊണ്ട് ആരൊക്കെ ഞങ്ങളെ തള്ളിപ്പറഞ്ഞാലും ഈ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാനോ നശിപ്പിക്കാനോ ഞങ്ങള്‍ തയ്യാറാകില്ല. അതിപ്പോള്‍ പിണറായി വിജയനല്ല ആരു തന്നെ പറഞ്ഞാലും ഞങ്ങളീ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കും.

ഈ പ്രസ്ഥാനം ഇഎംഎസും എകെജിയുമൊക്കെ ചേര്‍ന്നുണ്ടാക്കിയ പ്രസ്ഥാനമാണ്. ഇന്ന് ഇതാരു നയിക്കുന്നു എന്നതല്ല നോക്കേണ്ടത്. അവരുടെ തെറ്റുകള്‍ നാളെ തിരുത്തപ്പെടും. ഇതിലും നല്ലൊരു പ്രസ്ഥാനം കേരളത്തില്‍ ഇല്ലെന്നു തന്നെയാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ അതിലേക്കു പോകുമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ എന്തൊക്കെ തെറ്റു ചെയ്താലും കാലം അതെല്ലാം തിരുത്തും. ഒരുപാട് രക്തസാക്ഷികളുടെ പ്രസ്ഥാനമാണിത്.

ജിഷ്ണുവിന്റെ അമ്മയും ഞങ്ങളും ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞിട്ടും സിപിഐക്കാരും കോണ്‍ഗ്രസുകാരും ബിജെപിക്കാരുമല്ലാതെ ഒരു സിപിഎമ്മുകാരന്‍പോലും ഇങ്ങോട്ടു വന്നില്ല. എന്നെ കാണണ്ട, പ്രസ്ഥാനത്തോട് അത്രമേല്‍ ആത്മാര്‍ത്ഥ കാണിച്ചിരുന്ന ജിഷ്ണുവിന്റെ അമ്മ ഇവിടെ കിടപ്പുണ്ടല്ലോ, അവരെ ഒന്നുവന്നു കാണാമായിരുന്നില്ലേ?

മന്ത്രി എ കെ ബാലന്‍ വിളിച്ചിരുന്നു. സഖാവിനോട് ഞാന്‍ പറഞ്ഞു; ഈ കാര്യങ്ങളൊക്കെ പിണറായിയെ ബോധ്യപ്പെടുത്തണം. ഈ അമ്മയെ കാണാന്‍ വരുന്നില്ലെന്ന് ഇപ്പോളും മുഖ്യമന്ത്രി പറയുകയാണ്, അദ്ദേഹത്തിനു കാലത്തോട് മറുപടി പറയേണ്ടി വരും. പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയില്ലെന്നു പറയുന്ന മുഖ്യമന്ത്രി കൈരളി ടിവിയെങ്കിലും തുറന്നു നോക്കണമായിരുന്നു. അതില്‍ ലൈവ് കാണിക്കുന്നുണ്ടായിരുന്നു എന്താണു സംഭവിച്ചതെന്ന്. പിണറായി സഖാവിനെ ഏതോ ഒരാള്‍ തെറ്റിദ്ധരിപ്പിച്ചുവച്ചിരിക്കുകയാണ്. കൃഷ്ണദാസിന്റെ കുഴലൂത്തൂകാരന്‍ ആരോ ഒരാള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. വളരെ ത്യാഗം സഹിച്ചു പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ ആയ ആളല്ലേ പിണറായി സഖാവും, ഈ അമ്മയുടെ സങ്കടം എന്തായിരുന്നുവെന്ന് ഒരുകാലത്ത് അദ്ദേഹത്തിനും ബോധ്യപ്പെടും. വെറും പതിനെട്ടു വയസുമാത്രം പ്രായമുണ്ടായിരുന്ന, ഞങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന, ഞങ്ങളെയെല്ലാം ഏറെ സ്‌നേഹിച്ചിരുന്ന ഞങ്ങളുടെ മോന്‍ നഷ്ടപ്പെട്ടിട്ട് തൊണ്ണൂറു ദിവസം ആയി. ഇന്ന് ആറാം തീയതിയാണ്. ജിഷ്ണു മരിച്ചിട്ട് മൂന്നുമാസം തികയുകയാണ്. ഇത്രയും ദിവസമായിട്ടും ഞങ്ങളുടെ കുഞ്ഞിനെ കൊന്നവരെ പിടികൂടാന്‍ കഴിഞ്ഞില്ലല്ലോ… പ്രതികളെ അറസ്റ്റ് ചെയ്യാതെ ഞങ്ങള്‍ ഇവിടെ നിന്നും പോകുന്നില്ല.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍