UPDATES

ജിഷ്ണു കേസ് അട്ടിമറിക്കാന്‍ കള്ളസാക്ഷിയും? അന്വേഷണം വഴി തെറ്റിക്കുന്നത് ആര്?

ബന്ധുക്കള്‍ വിരല്‍ ചൂണ്ടുന്ന അഞ്ചു പേരിലേക്ക് എത്താതെ അന്വേഷണം; നെഹ്റു ഗ്രൂപ്പിന് പിന്നിലെ രാഷ്ട്രീയ-ഗൂണ്ടാ ബന്ധങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണം

പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണു ബന്ധുക്കളുടെ പരാതി. ജിഷ്ണു മരിച്ച് ഒരു മാസം പിന്നിടുമ്പോഴും മരണത്തിനു പിന്നിലെ കാരണങ്ങളിലേക്കും കാരണക്കാരിലേക്കും എത്താന്‍ കഴിയാതെ പൊലീസ് തടയപ്പെടുന്നുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ പൊലീസിനുമേലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം പിന്തുണയുള്ള നെഹ്‌റു ഗ്രൂപ്പ് ഈ സംഭവം ഒതുക്കി തീര്‍ക്കുകയാണെങ്കില്‍ നീതി നിഷേധിക്കപ്പെടുന്നത് ഒരു വിദ്യാര്‍ത്ഥിക്കും അവന്റെ കുടുംബത്തിനും മാത്രമല്ലെന്നും ഇതുപോലുള്ളവരുടെ ഇരകളായി മാറേണ്ടി വരുന്ന നിരവധി കുട്ടികള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും കൂടി ആയിരിക്കുമെന്നും ബന്ധുക്കള്‍ ഉത്കണ്ഠപെടുമ്പോള്‍, ശക്തമായ വിദ്യാര്‍ത്ഥി-രാഷ്ട്രീയ-മാധ്യമ-സാമൂഹിക ഇടപെടല്‍ ജിഷ്ണുവിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിലും ആവശ്യമുണ്ടെന്നു തിരിച്ചറിയേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളെ കള്ളസാക്ഷികളാക്കുന്നു?
ജിഷ്ണുവിന്റെ മരണത്തിന്റെ ഉത്തരവാദികളായി വിരല്‍ ചൂണ്ടപ്പെടുന്നതു കോളേജ് മാനേജ്‌മെന്റിനു നേരെയാണ്. എന്നാല്‍ മാനസികവിഷമം മൂലം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നു പറയുന്ന മാനേജ്‌മെന്റ് പൊലീസ് അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണ് എന്ന ചോദ്യം പ്രസ്‌ക്തമാണ്. ആദ്യം നടന്ന ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു പറയുന്നതിനു പിന്നിലും മാനേജ്‌മെന്റ് അന്വേഷണത്തില്‍ ഇടപെടല്‍ നടത്തുന്നൂ എന്ന സംശയം തന്നെയാണ്. ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ അന്വേഷണം ഏറ്റെടുത്തശേഷം പൊലീസിന്റെ നീക്കത്തിനെതിരേ കൂടുതല്‍ ജാഗരൂകരായിരിക്കുകയാണ് മാനേജ്‌മെന്റ് എന്നാണു ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ ഭാഗമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു തന്നെ കള്ളസാക്ഷികളെ കൊണ്ടുവരുന്നതെന്നും ബന്ധുക്കളും മറ്റു സഹപാഠികളും ആരോപിക്കുന്നത്.

കോപ്പിയടിച്ചത് പിടികൂടിയതിനെ തുടര്‍ന്നു ജിഷ്ണുവിനെ അധ്യാപകനായ പ്രവീണ്‍ വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലുവിന്റെ മുറിയിലേക്കു കൊണ്ടുപോയി എന്നതിനു വിദ്യാര്‍ത്ഥികള്‍ സാക്ഷികളാണ്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ ഈ കാര്യം പൊലീസിനു മുന്നില്‍ മൊഴി നല്‍കിയിരുന്നു. വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍വച്ചു ജിഷ്ണു മാനസികമായും ശാരീരകമായും പീഢിപ്പിക്കപ്പെട്ടതായും സഹപാഠികളുടെ മൊഴിയുണ്ട്. ഏറെ സമയം കഴിഞ്ഞാണു ജിഷ്ണു വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും തിരികെ വന്നതെന്നും മൊഴി നല്‍കിയ വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മൊഴികള്‍ക്കു വിരുദ്ധമായാണ് ദൃക്‌സാക്ഷി എന്ന നിലയില്‍ ഒരു വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരിക്കുന്നത്. ‘ഇടിമുറി’ എന്നു കുപ്രസിദ്ധി നേടിയ മുറിയിലേക്കു ജിഷ്ണു കയറി പോവുന്നതും ഉടന്‍ തന്നെ തിരികെ പോരുന്നതും താന്‍ കണ്ടൂവെന്നാണ് ഈ വിദ്യാര്‍ത്ഥി പറയുന്നത്. ഈ വിദ്യാര്‍ത്ഥിയുടെ മൊഴി സ്വീകരിക്കുകയാണെങ്കില്‍, ജിഷ്ണു മാനസിക-ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയയെന്ന മറ്റു വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ തള്ളേണ്ടി വരും എന്നൊരു സാഹചര്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു മൊഴി നല്‍കിയ വിദ്യാര്‍ത്ഥി മാനേജ്‌മെന്റിനു വേണ്ടി വ്യാജമൊഴി നല്‍കുകയാണെന്നു ജിഷ്ണുവിന്റെ സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. പ്രസ്തുത സംഭവം നടക്കുമ്പോള്‍ ഈ വിദ്യാര്‍ത്ഥി സ്ഥലത്ത് ഇല്ലായിരുന്നൂവെന്നു ജിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പറയുന്നു. പെട്ടെന്നു തന്നെ ജിഷ്ണു തിരികെ ഇറങ്ങിയെന്ന വാദവും ശരിയല്ലെന്നും പറയുന്നു. മാത്രമല്ല, വിരുദ്ധമായ മൊഴി നല്‍കിയ വിദ്യാര്‍ത്ഥിയും ജിഷ്ണുവുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൂടാതെ ഈ വിദ്യാര്‍ത്ഥിയെ കോപ്പിയടിച്ചതിനു ഇന്‍വിജിലേറ്റര്‍ പിടികൂടിയതാണ്. അതിന്മേല്‍ ഉണ്ടാകുന്ന നടപടിയില്‍ നിന്നും വിടുതല്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി മാനേജ്‌മെന്റ് ഈ വിദ്യാര്‍ത്ഥിയെ തങ്ങള്‍ക്കുവേണ്ടി കള്ളസാക്ഷി പറയിപ്പിക്കുകയണെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്താണ് മാനേജ്‌മെന്റിനു മറയ്ക്കാനുള്ളത്?
പരിക്ഷാ ഹാളില്‍ മുന്നിലിരുന്ന സഹപാഠിയുടെ പേപ്പര്‍ നോക്കിയെഴുതാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ അധ്യാപകന്‍ പിടികൂടിയതിന്റെ മനോവിഷമത്തിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണു മാനേജ്‌മെന്റ് പറയുന്ന കാരണം. നോക്കിയെഴുതാന്‍ ശ്രമിച്ചു എന്നതു തന്നെ രണ്ടാമതായി ഉണ്ടാക്കിയ കാരണമാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജിഷ്ണുവിന്റെ അമ്മാവനും മാധ്യമപ്രവര്‍ത്തകനുമായ ശ്രീജിത്തിനോട് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആദ്യം പറഞ്ഞതു തുണ്ടുകടലാസുകള്‍ നോക്കി പരിക്ഷയെഴുതാന്‍ ശ്രമിച്ചപ്പോഴാണു ജിഷ്ണുവിനെ അധ്യാപകന്‍ പിടികൂടിയെന്നാണ്. എന്നാല്‍ ജിഷ്ണുവിന്റെ പക്കല്‍ നിന്നും കണ്ടെടുത്തൂ എന്നു പറഞ്ഞ തുണ്ടുകടലാസുകള്‍ എവിടെയെന്ന ചോദ്യത്തിനു മുന്നിലാണു ഒരു തിരുത്തലോടെ മറ്റൊരു കുട്ടിയുടെ പേപ്പര്‍ നോക്കിയെഴുതാന്‍ ശ്രമിച്ചപ്പോഴാണു ജിഷ്ണുവിനെ പിടികൂടിയതെന്നാക്കിയത്.

ഈ രണ്ടു രീതികളിലൂടെയും സമര്‍ത്ഥിക്കാന്‍ നോക്കുന്ന ജിഷ്ണു കോപ്പിയടിച്ചെന്ന വാദം തന്നെ കളവാണെന്നു പിന്നീട് തെളിയക്കപ്പെട്ടു. സര്‍വകലാശാലയും പൊലീസും നടത്തിയ അന്വേഷണത്തില്‍ ജിഷ്ണു കോപ്പിയടിച്ചതായി കണ്ടെത്തിയില്ല. അന്നേ ദിവസം ജിഷ്ണുവിനൊപ്പം പരീക്ഷ ഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴികളാണ് ഇതിനെ സാധൂകരിക്കുന്നത്.

ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എങ്കില്‍ പിന്നെ ആ വിദ്യാര്‍ത്ഥി വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ പോകേണ്ടി വന്നതും, ആരോപിക്കപ്പെടുന്നതുപോലെ ആ മുറിയില്‍വച്ച് മാനസികവും ശാരീരികവുമായി പീഢിപ്പിക്കപ്പെട്ടതും എന്തിനായിരുന്നു?

കോപ്പി അടിച്ചെന്നത് ഒരു അധ്യാപകന്‍ മാത്രമായി മെനഞ്ഞെടുത്ത കഥയാകില്ല. മാനേജ്‌മെന്റിന്റെ സഹായവും അത്തരമൊരു കള്ളം ഉണ്ടാക്കിയെടുക്കുന്നതിനു പിന്നില്‍ ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കില്‍ മാനസികപീഢനത്തെ തുടര്‍ന്നു ജിഷ്ണു ആത്മഹത്യ ചെയ്തു എന്നതിനേക്കാള്‍ ഞങ്ങളുടെ കുട്ടിയെ അവര്‍ കൊന്നു എന്നു കരുതേണ്ടി വരികയാണ്. പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ തന്നെ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നു നീക്കങ്ങള്‍ നടക്കുന്നതും അവര്‍ക്ക് പലതും മറയ്ക്കാന്‍ ഉള്ളതുകൊണ്ടാണ്: ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, തോര്‍ത്ത് മുണ്ടില്‍ തൂങ്ങിയാണു മരിച്ചതെന്ന്, എന്നാല്‍ അങ്ങനെയൊരു തോര്‍ത്തുമുണ്ടുപോലും പൊലീസ് ഇതുവരെ ഹാജരാക്കിയിട്ടില്ല. മരണം നടന്ന മുറി യഥാവിധി സീല്‍ ചെയ്യാതെ ഹോസ്റ്ററില്‍ നിന്നു തന്നെ ഒരു ലോക്ക് വാങ്ങിയാണ് മുറി പൂട്ടിയത്. മരണവിവരം അറിഞ്ഞു തങ്ങള്‍ എത്തുന്നതിനു മുമ്പു തന്നെ പൊലീസ് ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയിരുന്നു. മരണത്തില്‍ ദുരൂഹയുള്ളതുകൊണ്ട് പൊലീസ് സര്‍ജന്‍ ചെയ്യേണ്ട പോസ്റ്റുമാര്‍ട്ടം ചെയ്തത് ഒരു പിജി സ്റ്റുഡന്റ്. പോസ്റ്റുമാര്‍ട്ടം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനും തയ്യാറായില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സ്റ്റുഡന്റ് ഇതൊരു ആത്മഹത്യയാണെന്നു മൊഴിയും നല്‍കി. എന്നാല്‍ ജിഷ്ണുവിന്റെ ശരീരത്തും മുഖത്തുമെല്ലാം ഉണ്ടായിരുന്ന പാടുകളെ കുറിച്ചൊന്നും തൃപ്തികരമായ വിശദീകരണവുമില്ല. മുഖത്തു കാണപ്പെട്ട മുറിവ് മൃതദേഹം എവിടെയെങ്കിലും തട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാമെന്നാണു പറഞ്ഞത്. ദേഹത്ത് കാണപ്പെടുന്ന പാടുകള്‍ മൃതദേഹം താഴെ കിടത്തിയപ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം രക്തം താഴേയ്ക്കിറങ്ങി കട്ടപിടിച്ചതാവാം എന്നുമാണ്. ഇതൊക്കെ ചേര്‍ത്തുവായിച്ചാല്‍ ഒരു ക്രൈം മൂടിവയ്ക്കാന്‍ ചിലര്‍ ചേര്‍ന്നു ശ്രമിക്കുന്നതു മനസിലാകുമെന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കള്‍ വിരല്‍ ചൂണ്ടുന്ന അഞ്ചുപേര്‍
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ തുടങ്ങി 250 ഓളം പേരില്‍ നിന്നും പൊലീസ് ഇതുവരെ മൊഴിയെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണ സംഘം കാര്യമായ തെളിവുശേഖരണം നടത്തുന്നുമുണ്ട്. പക്ഷേ അവര്‍ക്കു മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഒരുപക്ഷേ ഇതിനൊടുവില്‍ സംഭവിക്കുക രണ്ടോ മൂന്നോപേര്‍ക്കുമേല്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും. അവരാണെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്യും. പക്ഷേ അതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിപ്പിക്കുമെന്നു കരുതേണ്ട. മറ്റ് അന്വേഷണ ഏജന്‍സികളെ കൊണ്ട് ഈ കേസ് അന്വഷിക്കുന്നതിനായി പോരാടും. പൊലീസ് ഇന്നു ശേഖരിച്ചിരിക്കുന്ന തെളിവുകള്‍ ആ ഘട്ടത്തിലെങ്കിലും ഉപകരിക്കും.

പക്ഷേ ഇപ്പോള്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കേണ്ടത് അഞ്ചുപേരിലേക്കാണ്. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥ്, അധ്യാപകരായ പ്രവീണ്‍, ഗോവിന്ദന്‍കുട്ടി എന്നിവരെയാണ് കുറ്റവാളികളായി ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജിഷ്ണുവിന്റെ മരണത്തില്‍ ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അന്വേഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടോ എന്ന് അറിയില്ല– ശ്രീജിത്തിന്റെ വാക്കുകള്‍.

രാഷ്ട്രീയമാക്കിയില്ല, അതായിരിക്കാം ജിഷ്ണുവിനുവേണ്ടി ആളുകൂടാത്തത്
ലോ അക്കാദമി വിഷയത്തില്‍ നടന്നത് ഞങ്ങള്‍ കണ്ടു. അതുപോലെ കൂട്ടായ പോരാട്ടം ജിഷ്ണുവിന്റെ കാര്യത്തിലും ഉണ്ടായിരുന്നെങ്കില്‍! ഒരുപക്ഷേ അതിനു കാരണക്കാരും ഞങ്ങള്‍ തന്നെയായിരിക്കാം. ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ ഞങ്ങള്‍ തയ്യാറായില്ല. ആ തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ അല്ലേ സമരത്തിനും മറ്റും ആളുവരൂ. ഞങ്ങള്‍ക്കു വേണ്ടത് നീതിയാണ്. ഞങ്ങളുടെ കുട്ടിക്ക് ജീവന്‍ നഷ്ടമായി. മരണത്തിലെങ്കിലും അവനു നീതി കിട്ടിണം. 24 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിക്കൊരു തുറന്ന കത്തെഴുതിയത് തന്നെ. അതിലും രാഷ്ട്രീയമല്ല, ഒരമ്മയുടെ വേദനയാണ് കാണേണ്ടത്. ആ വേദന മനസിലാക്കാന്‍ സമൂഹത്തിനു കഴിഞ്ഞാല്‍ ജിഷ്ണുവിനു നീതി കിട്ടും– ശ്രീജിത്തിന്റെ വാക്കുകള്‍ വീണ്ടും.

നെഹ്‌റു ഗ്രൂപ്പിനെ കുറിച്ചും അന്വേഷിക്കട്ടെ
ലക്ഷ്മി നായരുടെയും ലോ അക്കാദമിയുടെയും ചരിത്രം ചികഞ്ഞെടുത്തു. പക്ഷേ ആരും തന്നെ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്റെയോ അതിന്റെ ഉടമയുടെയോ ഇപ്പോഴത്തെ ചെയര്‍മാന്റെയും മുന്‍മന്ത്രിയുടെ പുത്രന്റെയൊന്നും കഴിഞ്ഞകാല കഥകള്‍ കണ്ടെത്തി പിടിക്കുന്നില്ല. ദാസിനും മുന്‍ മന്ത്രി കെ പി വിശ്വനാഥനും തമ്മിലുള്ള ബന്ധം, ദാസ് വിശ്വനാഥന്റെ ബിനാമിയായിരുന്നൂവെന്നു പറയുന്നതിലെ വാസ്തവം, സര്‍ക്കാര്‍ ഏറ്റെടുത്ത വനഭൂമിയിലാണോ പാമ്പാടി നെഹ്‌റു കോളേജ് സ്ഥിതി ചെയ്യുന്നത്, മുന്‍ വനംമന്ത്രിയുടെ സഹായം അതിനുണ്ടായിരുന്നോ എന്നൊന്നും ആരും അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. പിആര്‍ഒ പോസ്റ്റില്‍ ആണെങ്കിലും സഞ്ജിത്ത് ശരിക്കും നെഹ്‌റു കോളേജിന്റെ ആരാണ്? ട്രസ്റ്റ് അംഗമാണോ? കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണോ എന്നൊന്നും തിരക്കിയിറങ്ങുന്നില്ല.

നെഹ്‌റു ഗ്രൂപ്പിനു കീഴിലുള്ള കോളേജുകള്‍ ജിഷ്ണുവിനെ കൂടാതെ 22 ഓളം ആത്മഹത്യങ്ങള്‍ നടന്നിട്ടുണ്ടെന്നു പറയുന്നതിലും രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജിഷ്ണുവിന്റെ മരണം നടന്ന അതേ ഹോസ്റ്റലില്‍ തന്നെ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നതായും അതുപക്ഷേ പ്രണയനൈരാശ്യത്തിന്റെ പേരിലായി ഒതുക്കി തീര്‍ത്തെന്നുമൊക്കെ പറയുന്നതിലെ വാസ്തവും മനസിലാക്കേണ്ടതുണ്ട്.

അതായത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കായാലും രാഷ്ട്രീയ നേതാക്കന്മാര്‍ക്കാണെങ്കിലും മാധ്യമങ്ങള്‍ക്കായാലും ഉത്തരവാദിത്വം എല്ലാവരോടും ഒരുപോലെയായിരിക്കണം. ജിഷ്ണുവിനും നീതി കിട്ടണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍