UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിതന്‍ റാം മാഞ്ചിയെ ആര്‍ക്കാണ് പേടി?

Avatar

ടീം അഴിമുഖം

ജിതന്‍ റാം മാഞ്ചിയെ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ ജനതാദള്‍ (യു), രാഷ്ട്രീയ ജനതാദള്‍ കക്ഷികള്‍ ആലോചിക്കുന്നതായി കഴിഞ്ഞ ഒരു മാസമായി മാധ്യമ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കുമെന്ന് മൂന്നാഴ്ച മുമ്പ് ഒരു വാര്‍ത്തയില്‍ പ്രവചിക്കുകവരെ ചെയ്തു. എന്നാല്‍ ഇതുവരെയും ഒന്നും സംഭവിച്ചില്ല. മറിച്ച്, 2015 അവസാനത്തോടെ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മാഞ്ചിയായിരിക്കും തങ്ങളുടെ പ്രചാരണമുഖമെന്ന് ഇരുകക്ഷികളും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട്. 

എലിയെ തിന്നുന്നവര്‍ എന്ന് അധിക്ഷേപിക്കപ്പെട്ട, മഹാദളിത വിഭാഗത്തിലെ മുഷാഹാര്‍ ജാതിക്കാരനായ മാഞ്ചിക്കെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ‘നിഷേധാത്മക’ വാര്‍ത്തകള്‍ വരുന്നത്? ബിഹാറില്‍ 22 ദളിത് ജാതികളുണ്ട്. ജനസംഖ്യയുടെ 16% വരുമിത്. ഇതില്‍, ബി ജെ പിയുമായി സഖ്യത്തിലായ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പസ്വാന്‍ ജാതിക്കാരാണ് എണ്ണത്തില്‍ മുമ്പില്‍. സംസ്ഥാന ജനസംഖ്യയുടെ നാല് ശതമാനം. ബാക്കി 21 ജാതികള്‍ ഉള്‍പ്പെടുന്ന ദളിത് ജനസമൂഹം  മഹാദളിതുകള്‍ എന്നാണ് അറിയപ്പെടുന്നത്. 

കുറേനാളായി പസ്വാന്‍ ഇതര ദളിതുകളെ ആകര്‍ഷിക്കാന്‍ നിതീഷ് കുമാര്‍ ശ്രമിക്കുന്നു. അവരെ മഹാദളിതുകള്‍ എന്ന് വിളിക്കുകയും നിരവധി ആനുകൂല്യങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, നിതീഷ് കുമാര്‍ ഒ ബി സി വിഭാഗത്തിലുള്ള കൂര്‍മി ജാതിക്കാരന്‍ ആയതിനാല്‍, ദളിതരുമായി ഒരു സ്വാഭാവിക ബന്ധം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നില്ല. 

എന്നാല്‍ മാഞ്ചിക്ക് ഈ തടസമില്ല. തന്റെ വേരുകള്‍ വെളിപ്പെടുത്താനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല. മാഞ്ചിയുടെ ദളിത് അനുകൂല വര്‍ത്തമാനം അദ്ദേഹത്തെ സംസ്ഥാനത്തെ ദളിത് രാഷ്ട്രീയത്തിന്റെ പ്രതീകമാക്കിയിരിക്കുന്നു. ബീഹാറിലെ സാമൂഹ്യശ്രേണിയിലെ ഏറ്റവും അടിത്തട്ടിലുള്ളവരിലേക്ക് സാമൂഹ്യനീതിയുടെ മുദ്രാവാക്യവുമായി ഭരണസഖ്യം ഇറങ്ങാന്‍ ഉദ്ദേശിക്കുന്നു എന്ന് സൂചിപ്പിക്കാനും മാഞ്ചിക്കായി. 

സ്വാഭാവികമായും ബിഹാറില്‍ ഭരണം പിടിക്കാന്‍ വെമ്പുന്ന ബി ജെ പിയും എന്‍ ഡി എയും അങ്കലാപ്പിലാണ്. അതുകൊണ്ടാണ് നിതീഷ് കുമാറുമായുള്ള സഖ്യം വിട്ടു ജെ ഡി(യു)വിന് പുറത്തുവന്നാല്‍ മാഞ്ചിക്ക് എല്ലാ പിന്തുണയും നല്‍കാമെന്ന് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോഡി വാഗ്ദാനം നല്‍കിയത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി (യു) അമ്പേ പരാജയപ്പെട്ടതോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു മാഞ്ചിയെ തനിക്ക് പകരം തെരഞ്ഞെടുത്തത്. പക്ഷേ വളരെ പെട്ടന്നുതന്നെ നീതീഷിന്റെ നിഴലില്‍ നിന്നും പുറത്തുവന്ന മാഞ്ചി, സംസ്ഥാനത്തെ മഹാഭൂരിപക്ഷം ദളിതുകളുടേയും ഇടയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്തു. നീതീഷിന്റെ വിശ്വസ്തരായ പല ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാനുള്ള തീരുമാനവും അടുത്ത മുഖ്യമന്ത്രി ഒരു ദളിതനായിരിക്കണം എന്ന പ്രസ്താവനയും ജെ ഡി (യു)വില്‍ തന്നെ അലോസരമുണ്ടാക്കി എന്ന സാഹചര്യത്തില്‍ കൂടിയാണിത്. 

എന്തായാലും സംസ്ഥാനത്ത് ജെ ഡി (യു) ആര്‍ ജെ ഡി സഖ്യത്തിന് രക്ഷപ്പെടണമെങ്കില്‍ മാഞ്ചി കൂടിയേ തീരൂ. ഇരുകക്ഷികളുടെയും ഒ ബി സി ശക്തികേന്ദ്രങ്ങളില്‍ ബി ജെ പി വലിയ വിള്ളല്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇതിനെ ചെറുക്കാന്‍ മഹാദളിത് വിഭാഗത്തിലെ മാഞ്ചി അത്യന്താപേക്ഷിതമാണ്. മാഞ്ചിയുടെ വെല്ലുവിളി മറികടന്ന് ഭരണം പിടിക്കല്‍ ബി ജെ പിക്കും അത്ര എളുപ്പമാകില്ല. 

ഹിന്ദി ഹൃദയഭൂമിയില്‍ ഇതുവരെ ദളിത രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന മായാവതി രാഷ്ട്രീയ വീഴ്ചയില്‍ നിന്നും തിരിച്ചുവരുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്ത സാഹചര്യത്തില്‍ ദളിത് നേതാവെന്ന നിലയിലെ മാഞ്ചിയുടെ ഉയര്‍ച്ച അവഗണിക്കാനാവില്ല. ബീഹാറിലെ പസ്വാന്‍ അടക്കമുള്ള ദളിതരില്‍ മാഞ്ചി അനുകൂല ചലനം സൃഷ്ടിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിനെതിരെ ‘നിഷേധാത്മക’ വാര്‍ത്തകള്‍ വരുന്നതില്‍ അത്ഭുതമില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍