UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഹാര്‍: ബി ജെ പിയുടെ അടുത്ത കളിക്കളം

Avatar

ടീം അഴിമുഖം

ബിഹാറിലെ ബി ജെ പി നേതാക്കള്‍ ഭയന്നിരുന്ന ആ ‘അന്യന്‍’ ജിതന്‍ റാം മാഞ്ചിയാണെന്ന് തോന്നുന്നു. ഡല്‍ഹിയിലെ കിരണ്‍ ബേഡി പരീക്ഷണം വിജയിച്ചാല്‍ 2015 അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ടിയെ നയിക്കാന്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പാര്‍ടിക്ക് പുറത്തുനിന്നുള്ള ആരെയെങ്കിലും കണ്ടെത്തുമെന്ന തോന്നല്‍ ബിഹാറില്‍ ശക്തമാണ്. കാരണം ആ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് ജയിച്ചേ പറ്റൂ.

ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധി അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. നിതീഷ് കുമാര്‍ ജെ ഡി (യു) നിയമസഭ കക്ഷി നേതാവായി തിരിച്ചെത്തിയിരിക്കുന്നു. മാഞ്ചി സ്വന്തം ശക്തി എത്രയാണെന്ന് അളക്കുകയാണ്. മോദിയുമായി ഇതിനകം ഒരുവട്ടം സംഭാഷണം നടത്തിക്കഴിഞ്ഞു. മാഞ്ചിയുടെ നീക്കങ്ങള്‍ ശ്രദ്ധേയമാണ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കാതെ രാജിവെക്കില്ലെന്ന്  പ്രഖ്യാപിച്ച മാഞ്ചി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും ഞായറാഴ്ച പറഞ്ഞു. ‘അധികാരത്തിനുള്ള ആര്‍ത്തിയുടെ’ പേരില്‍ തന്റെ മുന്‍ നേതാവ് നിതീഷ് കുമാറിനെ മാഞ്ചി കുറ്റപ്പെടുത്തി. ബി ജെ പി പിന്തുണ നല്കാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘നിലവിലെ സ്ഥിതിയില്‍’ ബിഹാറിനെ പിന്തുണക്കണമെന്നും എങ്കില്‍ അതിന് വികസിക്കാനാവുമെന്നും അദ്ദേഹം മോദിയോട് പറഞ്ഞു.

തന്നെ മാറ്റി, ജെ ഡി (യു) നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാറിനൊപ്പമാണ് ഭൂരിപക്ഷം സാമാജികരുമെന്ന് തെളിഞ്ഞിട്ടും മാഞ്ചി പ്രതീക്ഷ കൈവിടുന്നില്ല. ഈ നീക്കം ‘നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ‘മാഞ്ചി ആരോപിക്കുന്നു.

“ഭൂരിപക്ഷം തെളിയിക്കാനുള്ള വേദി നിയമസഭയാണ്. നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുകൂട്ടാന്‍ ഞാന്‍ ഇതിനകം ഗവര്‍ണറോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഫെബ്രുവരി 19-നോ 20-നോ ഞാന്‍ എന്റെ ഭൂരിപക്ഷം തെളിയിക്കും. നീതീഷ്കുമാറിന്റെ പക്കല്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ പിന്നെ അദ്ദേഹം ആവശ്യമില്ലാതെ വെപ്രാളപ്പെടുന്നതെന്തിനാണ്. എനിക്കു ഭൂരിപക്ഷമില്ലെന്ന് അവര്‍ തെളിയിച്ചാല്‍ ഞാന്‍ രാജിവെക്കും,” മോദിയെ കണ്ടതിന് ശേഷം മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു. നീതീഷിനെ നേതാവായി തെരഞ്ഞെടുത്ത ജെ ഡി (യു) യോഗത്തില്‍ 97 എം എല്‍ എ-മാര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ വേണ്ടിവരുമ്പോള്‍ മുന്നോട്ടുവരുന്ന എം എല്‍ എ-മാരിലാണ് കാര്യമെന്ന് പറഞ്ഞ മാഞ്ചി , സഭയിലെ വോട്ടെടുപ്പ് സമയത്ത് കൂടുതല്‍ പിന്തുണ ലഭിക്കും എന്നാണ് സൂചന നല്കിയത്.

മുഖ്യമന്ത്രി സ്ഥാനം  നഷ്ടപ്പെടുന്ന മാഞ്ചി, ഡല്‍ഹിയില്‍ ബി ജെ പി വിജയിക്കുകയാണെങ്കില്‍, ബി ജെ പിയിലേക്ക് ചേക്കേറുമെന്നാണ് നീതീഷിനോടു അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ രാജ്യതലസ്ഥാനത്ത് കാവിപ്പാര്‍ടിക്ക് കയ്പുനീര്‍ കുടിക്കേണ്ടിവന്നാല്‍, വിജയക്കുതിപ്പ് നഷ്ടപ്പെട്ട ബി ജെ പിയിലേക്ക് മാഞ്ചി ചാടാന്‍ ഇടയില്ല.

ബിഹാറിലെ രാഷ്ട്രീയ സാധ്യതകള്‍ ഇനി എന്തൊക്കെയാണ്? 

1.നിതീഷ് കുമാര്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കുകയും മാഞ്ചി നീതീഷിന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്യുക. ജെ ഡി (യു) 110, ആര്‍ ജെ ഡി 24, കോണ്‍ഗ്രസ് 5, സി പി ഐ 1 എന്നിവര്‍ ചേര്‍ന്നാല്‍ 140-ആയി. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 122-നേക്കാളും ഏറെ. 

2. ജിതന്‍ റാം മാഞ്ചി രാജിവെക്കാന്‍ വിസമ്മതിക്കുന്നു. ബി ജെ പിന്തുണയോടെയും ജെ ഡി (യു) പിളര്‍ത്തിയും അവിശ്വാസപ്രമേയത്തെ അതിജീവിക്കുന്നു.

3. മാഞ്ചി നിയമസഭാ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും പുതിയ തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്യുന്നു. ആരാണ് മാഞ്ചിയെ പിന്തുണക്കുക? ജെ ഡി (യു)വും ആര്‍ ജെ ഡിയും ആരോപിക്കുന്നത് മാഞ്ചി ബി ജെ പിയുടെ കയ്യില്‍ കളിക്കുകയാണെന്നാണ്. നിരവധി ജെ ഡി (യു) മന്ത്രിമാരുടെ പിന്തുണയും മാഞ്ചിക്കുണ്ട്. ബിഹാറിലെ ജാതിരാഷ്ട്രീയത്തില്‍ ഇതിനകം മാഞ്ചി തന്റെ സ്ഥാനം നേടിക്കഴിഞ്ഞു. മഹാദളിതനായ മാഞ്ചി സംസ്ഥാനത്തെ 16% വരുന്ന ദളിതരുടെ ഇടയില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ സവര്‍ണ വോട്ടും മാഞ്ചിയുടെ പുതിയ ദളിത് പിന്തുണയും കൂട്ടിക്കെട്ടാനായിരിക്കും  ബി ജെ പി ശ്രമം.

മാഞ്ചിയെ പുറത്താക്കാന്‍ കടുത്ത ശ്രമം നടത്തുന്നവരില്‍, റോഡ് നിര്‍മാണ മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് ‘ലല്ലന്‍’, പരിസ്ഥിതി,ആസൂത്രണ മന്ത്രി പി കെ ഷാഹി തുടങ്ങിയ  ജെ ഡി (യു)വിലെ സവര്‍ണ നേതാക്കളുണ്ട് എന്നതും കാണാതെ പോകരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍