UPDATES

ജെ.എന്‍.യു: ഗൂഡാലോചനയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Avatar

അഴിമുഖം പ്രതിനിധി

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും മറ്റ് വിദ്യാര്‍ഥികളേയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. എ.ബി.വി.പിയും ചില മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഗൂഡാലോചനയിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അഫ്‌സല്‍ ഗുരു അനുസ്മരണം നടന്ന ഫെബ്രുവരി ഒമ്പതിന് സീ ന്യൂസ് ചാനലിന്റെയും എ.എന്‍.ഐയുടേയും റിപ്പോര്‍ട്ടര്‍മാര്‍ക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് എ.ബി.വി.പി നേതാവും യൂണിയന്‍ അംഗവുമായ സൗരവ് ശര്‍മയുടെ പേരിലാണെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

 

വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കണമെങ്കില്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ അനുമതി വേണം. ക്യാമ്പസില്‍ ആരെ കാണാനാണ് എന്നത് രേഖാമൂലം രേഖപ്പെടുത്തുകയും വേണം. ഇതനുസരിച്ച് സംഭവ ദിവസം ഈ രണ്ടു റിപ്പോര്‍ട്ടര്‍മാരും ക്യാമ്പസില്‍ പ്രവേശിച്ചത് സൗരവ് ശര്‍മയുടെ പേരിലാണെന്നാണ് സെക്യൂരിറ്റി ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരിക്കുന്നത്. കനയ്യ മുദ്രാവാക്യം വിളിക്കുന്നതായി ആരോപിക്കുന്ന രണ്ടു വീഡിയോകള്‍ വ്യാജമാണെന്ന ഫോറന്‍സിക് പരിശോധനാ ഫലവും ഈ ഗൂഡാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ശില്‍പ്പി തിവാരിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു ഈ വ്യാജ വീഡിയോകള്‍ പുറത്തു വന്നിരുന്നത്. സീ ന്യൂസ് നല്‍കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസഥാനത്തിലായിരുന്നു പോലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സീ ന്യൂസ് എടുത്ത യഥാര്‍ഥ വീഡിയോയില്‍ പോലീസ് ആരോപിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും സീ ന്യൂസില്‍ നിന്ന് രാജിവച്ച പത്രപ്രവര്‍ത്തകനും ഈയിടെ വ്യക്തമാക്കിയിരുന്നു. ക്യാമ്പസില്‍ മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാനുള്ള എ.ബി.വി.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടേയും ബി.ജെ.പി സര്‍ക്കാരിന്റെയും ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍