UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

ജെഎന്‍യു: ഇനി സമരമല്ലാതെ വഴിയില്ല; ജയിലല്ലാതെ നിറയ്ക്കാന്‍ ഇടവും

ആനുപാതികമായ വ്യത്യാസങ്ങള്‍ മാറ്റിവച്ചാല്‍ ഹിന്ദുത്വമൂല്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മുക്തമല്ലാത്ത വലത് രാഷ്ട്രീയ സഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ വേരുപിടിക്കാന്‍ പ്രയാസമാകുന്നത് സ്വാഭാവികം മാത്രം

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്‍പ്പെടെയുള്ള മാനവികതാ വിരുദ്ധമായ കുറേ ആചാരങ്ങളല്ലാതെ പൊതുവില്‍ മറ്റൊന്നുമില്ലാത്ത ഒരുപറ്റം ജാതികളില്‍ നിന്ന് ഒരു മതത്തെ നിര്‍മ്മിച്ചെടുക്കുക എന്നത് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ ഒരാവശ്യമായി തീരുന്നത് ജനാധിപത്യാനന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആണെന്ന് പറയാം. അതവര്‍ സാധ്യമാക്കുന്നതാവട്ടെ ഇസ്ലാമിനെ ഒരു പൊതുശത്രുവായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടും. ഹിന്ദു ഏകീകരണം ഒരു രാഷ്ട്രീയ ആവശ്യമാകുമ്പോഴൊക്കെയും പ്രകടമായ നിരവധി ആന്തരിക വൈരുദ്ധ്യങ്ങളെ അതിജീവിച്ചുകൊണ്ട് അത് സാധ്യമാക്കാന്‍ ഒരു ഉപകരണം എന്ന നിലയ്ക്ക് ബ്രാഹ്മണിക്ക് അധികാരം ഇസ്ലാമിന്റെ അപരവല്‍ക്കരണമെന്ന തന്ത്രം പയറ്റിയിട്ടുണ്ട്; അതിന് ജനാധിപത്യ പൂര്‍വ്വകാലത്തുനിന്നും ഉദാഹരണങ്ങള്‍ കണ്ടെടുക്കാനാവും. ഇസ്ലാമിനെ അപരവല്ക്കരിക്കുക എന്നത് ഹിന്ദുത്വ അധികാരത്തിന്റെ സ്ഥിരം അജണ്ടയായി മാറുന്നത് ജനാധിപത്യാനന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആണെന്ന് മാത്രം. അതിനായി അവര്‍ മതസ്പര്‍ദ്ധ വളര്‍ത്താനും കലാപങ്ങള്‍ സംഘടിപ്പിക്കാനും ആസൂത്രിത ശ്രമങ്ങള്‍ പോലും നടത്തിയിട്ടുണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല.

എന്നാല്‍ മൂന്നില്‍ രണ്ടിനടുത്ത് ഭൂരിപക്ഷത്തോടെ ഒരു ഭരണകൂടത്തെ അധികാരത്തില്‍ എത്തിക്കാനായതോടെ തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനം ഇനി അത്ര പ്രത്യക്ഷവും പ്രകടവുമായിരിക്കില്ല എന്നതും മുമ്പേ പ്രവചിക്കപ്പെട്ടതാണ്. മുസ്ലിങ്ങള്‍ക്കെതിരെ പ്രത്യക്ഷമായ വംശീയ ആക്രമണങ്ങളുടെ വഴിവിട്ട് ഇസ്ലാമിന്റെ സമ്പൂര്‍ണ്ണമായ അപരവല്‍ക്കരണം എന്ന ദൌത്യം സാംസ്‌കാരികമായി സാദ്ധ്യമാക്കുക, അതിന് ഉതകുന്ന ഒരു ഹെഗമണിയുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുക തുടങ്ങിയവയൊക്കെയാണ് ഇന്നവരുടെ പരിഗണനാക്രമത്തില്‍ മുമ്പില്‍. എന്നുവച്ച് കൊലപാതകങ്ങള്‍ നടപ്പിലാക്കുക തൊട്ട് കലാപങ്ങള്‍ സംഘടിപ്പിക്കുക വരെയുള്ള പതിവ് രീതികള്‍ അവര്‍ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞിട്ടുമില്ല. ആകെയുള്ള വ്യത്യാസം മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയ ആള്‍ക്കൂട്ടങ്ങളെ ഉപയോഗിച്ച് വംശീയഹത്യകള്‍ നടപ്പിലാക്കുന്നതിന് തല്കാലം ഒഴിവുകൊടുത്ത് പകരം മേല്പറഞ്ഞ ഹിന്ദുത്വ ഹെഗമണിയുടെ നിര്‍മ്മിതിയ്ക്ക് സാംസ്‌കാരിക വെല്ലുവിളി ഉയര്‍ത്തുന്ന ബുദ്ധിജീവികളെ, നേരിട്ട് ഏറ്റെടുക്കേണ്ട ബാദ്ധ്യതയില്ലാത്ത ഫ്രിഞ്ച് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുക എന്നതിലേയ്ക്ക് ആ ക്രമം പുനര്‍നിശ്ചയിച്ചു എന്നത് മാത്രമാണ്.

രണ്ടാം ഘട്ടം
ഹിന്ദുത്വ ഹെഗമണിയുടെ നിര്‍മ്മാണത്തിന് സാംസ്‌കാരിക വെല്ലുവിളി ഉയര്‍ത്തുന്ന ബുദ്ധിജീവികളില്‍ ഒത്തുകിട്ടുന്ന കുറെ പേരെ കൊന്നൊടുക്കുക, അതിലൂടെ ബാക്കിയാവുന്നവരെ ഭീതിയുടേതായ ഒരു അദൃശ്യ സൈന്യത്തിന്റെ കാവലില്‍ വീട്ട് തടങ്കലിലാക്കുക എന്ന ആദ്യഘട്ടം പൂര്‍ത്തിയാക്കിയതോടെ അവര്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇവിടെ ലക്ഷ്യം എക്കാലത്തും പ്രതിഹെഗമണികളുടെ പ്രഭവ കേന്ദ്രങ്ങളായിരുന്ന യൂണിവേഴ്‌സിറ്റികളും വിദ്യാര്‍ത്ഥി സമൂഹവുമാണ്. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ ആകമാനം ഏറിയും കുറഞ്ഞും നാം ഇന്നത് കാണുന്നുമുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്നതും ജെ എന്‍ യുവില്‍ നടക്കുന്നതും അത് തന്നെ.

ആനുപാതികമായ വ്യത്യാസങ്ങള്‍ മാറ്റിവച്ചാല്‍ ഹിന്ദുത്വമൂല്യങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മുക്തമല്ലാത്ത വലത് രാഷ്ട്രീയ സഘടനകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇവിടെ വേരുപിടിക്കാന്‍ പ്രയാസമാകുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഭദ്രവും സമ്പൂര്‍ണ്ണവുമായ ഒരു ഹെഗമണിയുടെ നിര്‍മ്മിതിയ്ക്ക് ഈ കാമ്പസ്സുകളുടെ അധിനിവേശം അനിവാര്യമാണ് താനും. ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ശ്രമങ്ങളിലാണ് സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ ഇന്ന്. ഭരണകൂടത്തിന്റെയും, അതിന്റെ സകലമാന ഉപകരണ സാമഗ്രികളുടെയും ലഭ്യതയുള്ള ഈ കാലത്ത് തങ്ങളുടെ ലക്ഷ്യം നേടാനായി അവര്‍ എന്ത് വഴിവിട്ട കളിയും കളിക്കും എന്നത് അവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുന്നു. അത്തരം ഒരു വഴിവിട്ട കളിയാണ് ജെ എന്‍ യുവില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും.

ഇസ്ലാമിന്റെ അപരവല്‍ക്കരണമെന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയെക്കുറിച്ച് മുകളില്‍ പറഞ്ഞു. അയല്പക്കത്ത് തന്നെ പാകിസ്ഥാന്‍ എന്ന ഒരു ഇസ്ലാമിക രാഷ്ട്രം ഉണ്ടായത് ഈ അജണ്ടയ്ക്ക് ലഭിച്ച ചരിത്രപരമായ ഒരു വലിയ സാദ്ധ്യതയായി. ഒപ്പം കാശ്മീരും ദേശനിര്‍മ്മിതിമുതല്‍ ഇന്നുവരെ പരിഹരിക്കാനായിട്ടില്ലാത്ത അതിന്റെ പ്രശ്‌നങ്ങളും. കൂടാതെ രാഷ്ട്രീയ ഇസ്ലാം എന്ന പ്രസ്ഥാനവും മുതലാളിത്ത സാമ്രാജ്യത്ത താല്പര്യങ്ങളുടെ ഭാഗമായി അതിന് ലഭിച്ച ആഗോള വ്യാപനവും വാസ്തവത്തില്‍ ഹിന്ദുത്വ അധികാര സ്ഥാപനങ്ങള്‍ക്ക് ചരിത്രത്തില്‍ നിന്ന് വീണുകിട്ടിയ ഓക്‌സിജന്‍ സിലിണ്ടറുകളായി. സങ്കീര്‍ണ്ണവും സവിശേഷ പഠനത്തിന്റെ പിന്തുണയില്ലെങ്കില്‍ പലപ്പോഴും അതാര്യം തന്നെയുമായ ഈ ചരിത്രത്തെ, അധികാരം ഉപയോഗിച്ച് പൊതുബോധത്തിന് മുമ്പില്‍ വളച്ചൊടിച്ച് അവതരിപ്പിക്കുക എന്ന തന്ത്രം ഉപയോഗിച്ചാണ് ഹിന്ദുത്വ ഹെഗമണി, ജെ എന്‍ യു പോലെയുള്ള ദേശത്തിന്റെ ജൈവമസ്തിഷ്‌ക കോശങ്ങളെ ദേശദ്രോഹത്തിന്റെ മുറിച്ച് മാറ്റേണ്ട അര്‍ബുദരാശികളായി വ്യാഖ്യാനിക്കുന്നത്.

ദേശവും ഹിന്ദുത്വവും
ഹിന്ദു എന്ന ഒരു മതം ഇല്ലെന്നും ആ വാക്ക് തന്നെ അറബികളുടെ സംഭാവനയാണെന്നുമുള്ള നിരീക്ഷണങ്ങളുണ്ട്. അവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംഘപരിവാര ചരിത്രകാരന്മാര്‍ക്ക് ഇനിയും ആയിട്ടില്ല എന്നത് പോട്ടെ. ഇന്ന് നാം കാണുന്ന ‘നമ്പൂതിരി മുതല്‍ നായാടി’യും ആദിവാസിയും വരെ ഉള്‍പ്പെടുന്ന ഒരു ഹിന്ദുമതം മനുപ്രോക്തവും ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതവുമായ ഒരു വ്യവസ്ഥയില്‍ സംഗതമേ ആയിരുന്നില്ല എന്ന് വ്യക്തം. വസ്തുത അങ്ങനെ ആയിരിക്കുമ്പോഴാണ് മനുസ്മൃതിയെയും ചാതുര്‍വര്‍ണ്യത്തെയും തള്ളാതെ തന്നെ ബ്രാഹ്മണിക്ക് ഹിന്ദുത്വം പഞ്ചമരെന്ന് വിളിച്ച് അവര്‍ പുറത്ത് നിര്‍ത്തിയിരുന്ന ഒരു വിഭാഗം മനുഷ്യരെയും കൂട്ടി ഒരു പുതിയ ഹിന്ദുസ്വത്വം പടയ്ക്കുന്നത്. അതിന് കാരണം ജനാധിപത്യ ഭരണവ്യവസ്ഥ അത്തരം ഒരു നീക്കുപോക്ക് അനിവാര്യമാക്കിയതാണ് എന്ന് വ്യക്തം.

ഇതിലെ വൈരുദ്ധ്യത്തെ മറച്ചുവയ്ക്കുക അത്ര എളുപ്പമല്ല. ദുഷ്‌കരമായ ആ കൃത്യം എളുപ്പമാക്കുക എന്ന ആവശ്യത്തിലേക്കാണ് ഇസ്ലാമിനെ ഒരു അപരമായി നിര്‍മ്മിച്ച് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഹിന്ദുത്വത്തെ ദേശീയതയുമായി സമീകരിക്കുന്നത്. ദേശീയത എന്നത് ഹിന്ദുത്വ ദേശീയതയായി സ്ഥാപിക്കുന്നതോടെ അതിനെ, അതിന്റെ ഭരണകൂട രൂപത്തെ എതിര്‍ക്കുന്നതും ദേശദ്രോഹമാകുന്നു. ദേശീയതയുടെ യുക്തി ഹിന്ദുത്വത്തിന്റെ യുക്തിയാല്‍ പകരംവയ്ക്കപ്പെടുന്നു. അത് പൊതുബോധത്തില്‍, കോടതിയുള്‍പ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങളില്‍ വ്യാപിക്കുന്നു. ജനാധിപത്യം ഫാഷിസമായി പരിണമിക്കുന്നതിന്റെ ലക്ഷണങ്ങളില്‍ ഇതിലും സുതാര്യമായവ ലഭ്യമാകാന്‍ പ്രയാസമായിരിക്കും.

ഡിസെഗ്രിമെന്റ് ഈസ് ട്രീസണ്‍
ഒരു ഫാഷിസ്റ്റ് സമൂഹത്തിന്റെ പതിനാല് ലക്ഷണങ്ങളില്‍ ഒന്നായി ഉമ്പര്‍ട്ടോ എക്കോ എണ്ണുന്നത് വിയോജിപ്പുകള്‍ ഒക്കെയും രാജ്യദ്രോഹമാവുന്ന അവസ്ഥയാണ്. ഭരണകൂടത്തിനെതിരെയുള്ള ഏത് വിമര്‍ശനത്തെയും അവയുടെ ജനാധിപത്യപരവും എമ്പെരിക്കലുമായ സംവാദ സാദ്ധ്യതകളെ അടച്ചുകൊണ്ട് രാജ്യദ്രോഹമായി മുദ്രകുത്തുക എന്നത് ഇന്നൊരു വര്‍ത്തമാന യാഥാര്‍ത്ഥ്യമാണ്. ജെ എന്‍ യു പോലുള്ള യൂണിവേഴ്‌സിറ്റികള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം അത്തരം ഒന്നാണ്. അതിന് കാരണമായി അവര്‍ പറയുന്നത് ഭരണകൂടവും കോടതിയും രാജ്യദ്രോഹി എന്ന് കണ്ടെത്തി തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരു, യാക്കൂബ് മേമന്‍ തുടങ്ങിയ ‘തീവ്രവാദി’കളെ ഇവര്‍ പിന്തുണയ്ക്കുന്നു, അവരുടെ ഓര്‍മ്മദിവസം കൊണ്ടാടുന്നു തുടങ്ങിയ ആരോപണങ്ങളും. യാക്കൂബും അഫ്‌സലും സംവാദ സാധ്യതകള്‍ ഇല്ലാത്തവണ്ണം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വേണ്ടി, അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും രാജ്യദ്രോഹികള്‍ ആകുമല്ലോ.

രാഷ്ട്രപിതാവായ ഗാന്ധിയെ കൊന്നതിന് (അത് ചെയ്തത് ഗോഡ്‌സെ ആണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവുമില്ല എന്ന് മാത്രമല്ല, അയാള്‍ക്ക് അതില്‍ പശ്ചാത്താപവും ഉണ്ടായിരുന്നില്ല) തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെയുടെ മരണദിനം പരസ്യമായി തന്നെ പോസ്‌ററുകള്‍ അടിച്ച് ബലിദാന ദിവസമായി ആഘോഷിക്കുന്നതില്‍ രാജ്യദ്രോഹമില്ല, പക്ഷേ കുറ്റം ചെയ്തതായി കോടതിക്കും ഉറപ്പില്ലാത്ത, സമൂഹത്തിന്റെ സഞ്ചിത മന:സാക്ഷിയെ തൃപ്തിപ്പെടുത്താനായി തൂക്കിലേറ്റിയ അഫ്‌സലിനെ ഓര്‍ക്കുന്നത് രാജ്യദ്രോഹമാണ്! ഇത് കേട്ടുകേള്‍വിയോ ലേഖകന്റെ സ്വന്തം നിഗമനമോ അല്ല, വിധിന്യായത്തില്‍ എഴുതപ്പെട്ടതാണ് എന്ന് ഓര്‍ക്കുക. വാചകം ഇങ്ങനെയായിരുന്നു: “The collective conscience of the society will be satisfied only if the death penalty is awarded to Afzal Guru”.

ഏത് ഹീനമായ കുറ്റത്തിനായാലും വധശിക്ഷ, ശിക്ഷ എന്നനിലയ്ക്ക് എത്രത്തോളം ന്യായീകരിക്കപ്പെടാം എന്ന വിഷയം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നടന്ന വധശിക്ഷയ്ക്ക് ഇത്തരം ഒരു ന്യായീകരണം എങ്ങനെ സാധുവാകും? വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉള്ള ഒരു കേസില്‍ ഒരുപക്ഷേ അതിനെക്കുറിച്ച് പുറംലോകം അറിയാനും അതിലൂടെ സ്വന്തം മന:സാക്ഷിയ്ക്ക് മുമ്പില്‍ പിടിച്ച് നില്ക്കാനുള്ള ഒരു ചെറു പഴുതെങ്കിലും അവശേഷിപ്പിക്കാനുമായിരിക്കാം ആ ന്യായാധിപന്‍ ഇങ്ങനെ ഒരു വാചകം വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയത്. ജസ്റ്റിസ് ഷായെ പോലെയുള്ളവര്‍ ഈ അടുത്തിടയും നടത്തിയ പ്രസ്താവനകള്‍ ഈ സംശയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഷാ അറസ്റ്റ് ചെയ്യപ്പെട്ടില്ല. രാജ്യദ്രോഹം ചുമത്തപ്പെട്ടില്ല; ജെ എന്‍ യൂയിലെ വിദ്യാര്‍ഥി നേതാവ് അറസ്റ്റിലായി. അതാണ് അജണ്ടകളിലെ വ്യത്യാസം. കോടതികളെയും ന്യായാധിപന്മാരെയും മര്യാദ പഠിപ്പിക്കുക സംഘപരിവാര്‍ അജണ്ടയല്ല. ഒറ്റപ്പെട്ട വെളിപ്പെടുത്തലുകളെ തമസ്‌കരിക്കുക എന്നതാണ് ഇവിടെ തന്ത്രം. പക്ഷേ ഇതേ കാര്യം വിദ്യാര്‍ത്ഥികള്‍ പറഞ്ഞാല്‍, അതിന്റെ പേരില്‍ സംവാദങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നാല്‍ കളി മാറും. അതുകൊണ്ട് തന്നെ ഇവിടെ മറുതന്ത്രവും മാറുന്നു. വിദ്യാര്‍ത്ഥികളുടെ ഡിസെഗ്രിമെന്റ് ഒന്നല്ല, രണ്ടുവട്ടം രാജ്യദ്രോഹമാകുന്നു!

ഇന്ത്യയെ തകര്‍ക്കലും പാകിസ്ഥാന്‍ സിന്ദാബാദും
സിന്ദാബാദിന്റെ അര്‍ത്ഥം വിജയിക്കട്ടെ എന്നാണ്. ആ അര്‍ത്ഥത്തില്‍ പാകിസ്ഥാന്‍ വിജയിക്കട്ടെ എന്ന മുദ്രാവാക്യം ഇന്ത്യ പരാജയപ്പെടട്ടേ എന്നതായി തീരുന്നത് സങ്കുചിത ദേശിയതാ നിര്‍വചനങ്ങളില്‍ കൂടിയാണ്. എന്താണ് പാകിസ്ഥാന്‍? ആ ഒരു ഡെമോഗ്രഫിയിലെ മനുഷ്യരോ, മാറി മറിഞ്ഞുവരുന്ന പട്ടാള, പട്ടാളേതര ഭരണകൂടങ്ങളൊ, ഇസ്ലാമോ, അതിലെ വകഭേദങ്ങളൊ, തീവ്രവാദമോ, പെഷവാറിലെ സ്‌കൂളില്‍ പിടഞ്ഞുവീണ കുഞ്ഞുങ്ങളോ എന്താണത്? പാകിസ്ഥാനിലെ മനുഷ്യരും പാകിസ്ഥാന്‍ ഭരണകൂടവും ഒന്നാണോ? അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഭരണകൂടവും ഇവിടത്തെ മനുഷ്യരും ഒന്നാവണം. ഭരണകൂടത്തെ എതിര്‍ക്കുന്നവര്‍ ഒക്കെയും ഇന്ത്യാക്കാര്‍ അല്ലാതെയാകണം. അത് തന്നെയാണ് ഹിന്ദുത്വ ഹെഗമണി നിര്‍മ്മിക്കാന്‍ ശ്രമിച്ചുവരുന്ന യുക്തിയും.

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കനായ ഹാഷിം ആംല ആയതുകൊണ്ട്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബൗളര്‍ പാകിസ്ഥാന്റെ വസീം അക്രമായതുകൊണ്ട് ഞാന്‍ ദേശദ്രോഹിയാകുമോ? പേരുകള്‍ എ ബി ഡിവിലിയേസും ജെയിംസ് ആന്‍ഡേഴ്‌സനും ആകുമ്പോള്‍ ഈ പ്രശ്‌നമില്ല. ഒരു ഇന്ത്യാക്കാരനായി ഇരിക്കുമ്പോള്‍ തന്നെ ഒരു കായിക പ്രേമിയെന്ന നിലയ്ക്ക് വരുന്ന ടി 20 ലോകകപ്പില്‍ എനിക്ക് വെസ്റ്റ് ഇന്റീസിനെയോ ന്യൂസിലാന്‍ഡിനെയോ മറ്റേത് രാജ്യത്തെയോ പിന്തുണയ്ക്കാം. അവയൊക്കെ നിയമവിധേയമാണ്. പക്ഷേ പാകിസ്ഥാനെ പിന്തുണച്ചാല്‍ അത് രാജ്യദ്രോഹമാകും! അപ്പോള്‍ പ്രാഥമികമായി ഹിന്ദുത്വം ചൊടിക്കുന്നത് അവര്‍ നിര്‍മിച്ചുവച്ച ഇസ്ലാമിക അപരവല്‍ക്കരണത്തിന്റെ ഹെഗമണി മറ്റേതെങ്കിലും ഉള്ളടക്കത്താല്‍ ചോദ്യം ചെയ്യപ്പെടുമ്പോഴാണ്. ഇവിടെയാണ് ഭരണകൂടം ദേശവും ദേശീയതയുമായി മാറുന്നതിലെ അപകടം.

പാന്‍ ഇസ്ലാമിസത്തിന്റെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കത്തെയൊ, ബഹുസ്വരതാ നിഷേധത്തെയോ കാണാതെയല്ല. അത്തരം ആശയങ്ങളുടെ പ്രചാരം ഉണ്ടാക്കാവുന്ന അപകടങ്ങളെ കുറിച്ച് അറിയാതെയുമല്ല. പ്രശ്‌നം പരിഹാരങ്ങളുടെതാണ്. അവയെ സാംസ്‌കാരികമായി തന്നെ ചെറുക്കാനുള്ള ഒരു ഇടം മതേതര ജനാധിപത്യ ഇന്ത്യയില്‍ ഇന്നുണ്ട്. നമ്മുടെ ഭരണഘടന അത് ഉറപ്പ് വരുത്തുന്നുണ്ട്. അപ്പോള്‍ ഇത്തരം കള്ളക്കളികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്തെന്ന് വ്യക്തമല്ലേ? അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമാന്റെയും വധശിക്ഷകളുടെ സാധുത ജെ എന്‍ യു പോലെയുള്ള യൂണിവേഴ്‌സിറ്റികളില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കില്‍ അത് മനുഷ്യാവകാശങ്ങളുടെ, സ്വാഭാവിക നീതിയുടെ സ്വതന്ത്ര ഭൂമികയില്‍ നിന്നാണ്. അതിനെ കേവല ദേശീയതയുടെ സങ്കുചിത നിര്‍വചനങ്ങളില്‍ നിന്നുകൊണ്ട് സമീപിക്കാനേ ആവില്ല. അത്തരം ഒരു സംവാദത്തില്‍ പരാജയം ഉറപ്പാണെന്ന് മനസിലാക്കുന്നിടത്ത് നിന്നാണ് സംഘപരിവാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ വേഷം കെട്ടുന്നത്.

ജെ എന്‍ യുവില്‍ നടന്നതും സംഘപരിവാരം അവിടെ നിര്‍മ്മിക്കുന്നതും
അഫ്‌സല്‍ ഗുരു സ്‌റ്റേറ്റ് ടെറിറിസത്തിന്റെ ഒരു ഇരയാണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അവര്‍ക്ക് അതിന് കാരണങ്ങളും ഉണ്ട്. അത് അവര്‍ക്ക് സംവാദാത്മകമായി മുന്നോട്ട് വയ്ക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഉള്ള ഇടം നമ്മുടെ ജനാധിപത്യത്തില്‍, ഭരണഘടനയില്‍ ഉണ്ട്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അതിന് നേരിട്ട് ആഹ്വാനം ചെയ്യുകയോ ഉണ്ടാവാത്തിടത്തോളം ഇത്തരം വിയോജിപ്പുകള്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണെന്ന് സുപ്രീം കോടതി നിസ്സംശയം നിരീക്ഷിച്ചിട്ടുണ്ട്. ബിനായക് സെന്നിനെതിരായ രാജ്യദ്രോഹ കുറ്റാരൊപണം തള്ളിക്കൊണ്ട് പറഞ്ഞത് പോലെ ഒരാള്‍ മാവോയിസ്റ്റ് അനുഭാവിയായിരിക്കുന്നത് ദേശദ്രോഹമല്ല; അയാള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ കായികമായി അട്ടിമറിക്കാന്‍, അതിന് അക്രമാസക്തമായ പോര്‍വിളി നടത്താന്‍ ശ്രമിക്കാത്തിടത്തോളം.

പത്തോളം വരുന്ന ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ‘A Country without a Post office’ എന്ന പേരിലുള്ള സാംസ്‌കാരിക സായാഹ്നമായിരുന്നു അത്. അതിലേയ്ക്ക്, ആ ആശയത്തോട് ആഭിമുഖ്യമുള്ള മറ്റ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ചില വിദ്യാര്‍ത്ഥികളും പങ്കെടുക്കാന്‍ എത്തിയിരുന്നു. രഹസ്യ യോഗമൊന്നുമല്ല, മുന്‍കൂര്‍ അനുവാദം വാങ്ങി സംഘടിപ്പിക്കപ്പെട്ട ഒരു പൊതു ചടങ്ങായിരുന്നു അത്. എന്നാല്‍ എബിവിപിയുടെ പരാതിയെ തുടര്‍ന്ന് അവസാന നിമിഷം അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. അതിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ് അവര്‍ അനുമതി കൂടാതെ തന്നെ പ്രസ്തുത പരിപാടി നടത്തുന്നതും. ഈ പരിപാടിയോട് ഔദ്യോഗിക അനുഭാവം ഇല്ലാതിരുന്നിട്ടും കാമ്പസ്സിലെ മറ്റ് ഇടത് സംഘടനകള്‍ ഇതിന് പിന്തുണ നല്കിയത് അനുമതി നിഷേധത്തിലെ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ ഉള്ളടക്കത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു എന്നാണ് അവരുടെ പ്രതിനിധികളില്‍ നിന്ന് മനസിലാകുന്നത്.

പാകിസ്ഥാന്‍ സിന്ദാബാദ് മുതല്‍ ഇന്ത്യയെ ശകലീകരിക്കുംവരെ സമരം തുടരും എന്നുവരെയുള്ള മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടത്തിലേക്ക് കുറെ പേര്‍ വരുന്നു. തുടര്‍ന്ന് രായ്ക്ക് രാമാനം ലഷ്‌കര്‍ ബന്ധം മുതല്‍ ഹാഫിസ് സയീദിന്റെ ട്വീറ്റ് വരെയുള്ളവ ആരോപിച്ച് ജെ എന്‍ യു രാജ്യദ്രോഹികളുടെ പരിശീലന കളരിയായി മുദ്രകുത്തപ്പെടുകയും ക്ലോസ് ജെ എന്‍ യു എന്ന ഒരു കാമ്പെയ്ന്‍ തന്നെ തുടങ്ങുകയുമാണ്! ഈ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കിലും അതിനെ ആധാരമാക്കി അന്വേഷണം ഒന്നും നടക്കുന്നില്ല. പകരം ആ സമയത്ത് സംഭവസ്ഥലത്തേ ഇല്ലായിരുന്നു എന്ന് പറയപ്പെടുന്ന ജെ എന്‍ യു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ രാജ്യദ്രോഹത്തിന് അറസ്റ്റിലാവുകയാണ്.

പ്രസ്തുത സംഭവത്തോട് പ്രതികരിച്ചുകൊണ്ട് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ നടത്തിയ 20 മിനിട്ടോളം ദൈര്‍ഘ്യമുള്ള പ്രസംഗം യൂട്യൂബില്‍ ഉള്‍പ്പെടെ ലഭ്യമാണ്. അതില്‍ നിന്ന് സംഘപരിവാര, ഹിന്ദുത്വ രാഷ്ട്രീയ വിമര്‍ശനം ധാരാളമായി കണ്ടെടുക്കാനാവും. എന്നാല്‍ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരെയോ ഭരണകൂടത്തിനെതിരെയോ ഉള്ള ഒരു പരാമര്‍ശവും കണ്ടെടുക്കാനാവില്ല. സാക്ഷാല്‍ ഭീംറാവു അംബേദ്കര്‍ രചിച്ച, ലോകത്തിലെ തന്നെ ഏറ്റവും ശക്തവും ഉള്‍ക്കാഴ്ചകള്‍ കൊണ്ട് സമ്പന്നവുമായ ആ ഭരണഘടനയിലുള്ള അഭിമാനവും വിശ്വാസവും പ്രതിബദ്ധതയുമായിരുന്നു അതില്‍ ഉടനീളം. എന്നിട്ടും കനയ്യ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു.

ഇവിടെയാണ് ആദ്യം പറഞ്ഞ കാര്യം വീണ്ടും അടിവരയിടപ്പെടുന്നത്. ദേശീയത ഹിന്ദുത്വ ദേശീയതയാകുമ്പോള്‍ സംഘപരിവാര വിമര്‍ശനം രാജ്യദ്രോഹവുമാകും. അതോടെ ഇന്ത്യന്‍ ജനാധിപത്യം ഹിന്ദുത്വ ഫാഷിസത്തിലേയ്ക്ക് വഴിമാറും. അതിനെ ചെറുക്കാന്‍ എന്തുചെയ്യാനാവും എന്നതാണ് ചോദ്യം. അതായത് ഇത് ഒരു ജെ എന്‍ യു പ്രശ്‌നമോ വിദ്യാര്‍ത്ഥി പ്രശ്‌നമോ അല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇനി സമരമല്ലാതെ വേറെ വഴിയില്ല, ജയില്‍ നിറയ്ക്കുകയല്ലാതെ വേറെ ഇടവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍