UPDATES

കനയ്യയ്ക്ക് ജാമ്യമായില്ല; ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്യണമെന്ന ഹര്‍ജിയും കോടതിയില്‍

Avatar

അഴിമുഖം പ്രതിനിധി

അറസ്റ്റിലായ ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ നാളെയും വാദം കേള്‍ക്കാമെന്ന് ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പ്രതിഭാ റാണി വ്യക്തമാക്കി. ഡല്‍ഹി പോലീസിനോട് കേസ് സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പട്യാല കോടതിയില്‍ അഭിഭാഷകര്‍ കനയ്യ കുമാറിനെയും പത്രപ്രവര്‍ത്തകരേയും ആക്രമിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കേസില്‍ കക്ഷികളായ അഭിഭാഷകര്‍ക്കും ബന്ധുക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമായിരുന്നു ഇന്നലെ പ്രവേശനം അനുവദിച്ചത്.

 

കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ജാമ്യം നല്‍കരുതെന്നുമാണ് ഇന്നലെ പോലീസ് നിലപാടെടുത്തത്. ഒരു സ്വകാര്യ ചാനലില്‍ നിന്നാണ് ഇതിന്റെ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെ മറ്റ് ആരോപണങ്ങള്‍ ഇവയാണ്: സാംസ്‌കാരിക പരിപാടി എന്ന പേരില്‍ മറ്റ് പരിപാടികള്‍ നടത്തി, അനുമതി ഇല്ലാതിരുന്നിട്ടും ബലമായി പരിപാടി നടത്തി, ജെ.എന്‍.യുവില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, ഭരണഘടനാ വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ശ്രദ്ധേയമായ മറ്റൊരു കാര്യം കനയ്യ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ തങ്ങള്‍ അത് എതിര്‍ക്കില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസ്സി നേരത്തെ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇന്നലെ നിലപാട് മാറ്റിയതാണ്.

 

അതിനിടെ, കേസില്‍ ആരോപണ വിധേയരായ ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ഥികളെ ക്യാമ്പസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കാമെന്നും കോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ക്യാമ്പസിലാണുള്ളത്. വി.സിയുടെ അനുമതിയില്ലാതെ ക്യാമ്പസില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തിലുള്ള പ്രതിസന്ധി തുടരുന്നതിനിടെയാണ് കോടതി ഇന്ന് ഈ ഹര്‍ജി പരിഗണിക്കുന്നതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍