UPDATES

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് വന്‍ മുന്നേറ്റം; എബിവിപിക്ക് തിരിച്ചടി

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ (2016-17) ഫലം വന്നുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള മുന്നേറ്റമാണ് ദി യുണൈറ്റഡ് ലെഫ്റ്റ് (ഐസ – എസ്എഫ്ഐ സഖ്യം) കാഴ്ച വയ്ക്കുന്നത്. എബിവിപിയുടെ സ്വാധീന മേഖലകളില്‍ പോലും അവര്‍ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ചെറിയ ഡിപ്പാര്‍ട്ട്‌മെന്റെിലെ ഫലങ്ങളാണ് ആദ്യം വന്നിരിക്കുന്നത്. അവിടെ മൊത്തം 1134 വോട്ടുകളാണ് പോള്‍ ചെയ്തത്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് എസ്തറ്റിക്‌സില്‍ ഇടത്സഖ്യത്തിന്റെ കൗണ്‍സിലറാണ് വിജയിച്ചിരിക്കുന്നത്. സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണേഴ്‌സ് സ്റ്റഡീസില്‍ ഇടതു പിന്തുണയോടുകൂടിയുള്ള സ്വാതന്ത്ര പ്രതിനിധി വിജയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എബിവിപിയുടെ കുത്തകയായ സംസ്‌കൃത പഠന വകുപ്പില്‍ ഇത്തവണയും അവര്‍ തന്നെ വിജയിച്ചു. സയന്‍സ് വിഭാഗങ്ങളായ ലൈഫ് സയന്‍സ്, എന്‍വയോണ്‍മെന്റെ് സയന്‍സ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റെര്‍ഗേറ്റീവ് സയന്‍സ്, ബയോടെക്‌നോളജി തുടങ്ങിയവയില്‍ സ്വാതന്ത്ര പ്രതിനിധികളാണ് ജയിച്ചിരിക്കുന്നത്. സയന്‍സ് വിഭാഗങ്ങള്‍ എബിവിപിയുടെ സ്വാധീന മേഖലയായിരുന്നു. പക്ഷെ ഇത്തവണ അവര്‍ക്ക് അടിപതറി.

ഭാഷ, സാഹിത്യം,സാംസ്‌കാരികം തുടങ്ങിയ പഠന വിഭാഗത്തില്‍ അഞ്ച് കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ യുണൈറ്റഡ് ലെഫ്റ്റ് മുന്നേറുന്നു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, അഞ്ചില്‍ നാലിടത്തും മുന്നേറുന്നത് യുണൈറ്റഡ് ലെഫ്റ്റാണ്.

സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും യുണൈറ്റഡ് ലെഫ്റ്റാണ് മുന്നേറുന്നത്. ജെഎന്‍യുവിലെ പത്ത് കൗണ്‍സിലുകളിലും ഇടത് വിഭാഗങ്ങളാണ് മുന്നേറ്റം നടത്തുന്നുണ്ട്. കേന്ദ്ര പാനലിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന് വൈകിട്ടോടു കൂടി മാത്രമേ ആരംഭിക്കൂ. മുഴുവന്‍ ഫലവും പുറത്തു വരുന്നത് നാളെ രാവിലെയാകും. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍