UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമല്‍ എന്ന വിദ്യാര്‍ഥി നേതാവ്; ഊതിക്കാച്ചിയ പോരാട്ടവീര്യം

Avatar

നീതു എസ് കുമാര്‍

 

”എന്റെ ഇംഗ്ലീഷ് മുറിഞ്ഞതാകാം. പക്ഷേ എന്റെ ആശയങ്ങള്‍ അങ്ങനെയല്ല. പോരാട്ടത്തിന്റെ രാഷ്ട്രീയം മറക്കാതിരിക്കുന്നിടത്തോളം ഞാന്റെ രാഷ്ട്രീയം തുടരും. നല്ല നാളേയ്ക്കായി ജീവന്‍ ബലി കൊടുത്ത നിരവധി രക്തസാക്ഷികളുടെ പ്രസ്ഥാനമാണ് എന്റേത്. അവര്‍ക്കെല്ലാം ഒരൊറ്റ ഭാഷയേ ഉണ്ടായിരുന്നുള്ളു. പഠിപ്പിന്റെയും പോരാട്ടത്തിന്റെയും ഭാഷ.” – ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെല്ലാവേശത്തോടെയാണ് വായിച്ചത്. നീണ്ട പന്ത്രണ്ടു വര്‍ഷത്തിനുശേഷം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി, ഇടതുപക്ഷ ഐക്യത്തിനു കീഴില്‍ മത്സരിച്ച് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത ഏറ്റവുമധികം ഭൂരിപക്ഷത്തോടെ വിജയിച്ച സഖാവ് ഞങ്ങളുടെയെല്ലാം അഭിമാനമാണ്.

 

കേരള സര്‍വ്വകലാശാലാ കാമ്പസില്‍ ജേര്‍ണലിസം പഠിക്കാനായി എത്തിയപ്പോഴാണ് അമലിനെ ആദ്യമായി പരിചയപ്പെടുന്നത്. ക്യാമ്പസില്‍ നവാഗതരായ ഞങ്ങളെ പ്രവേശനം സംബന്ധിച്ചും ഹോസ്റ്റല്‍ സംബന്ധിച്ചുമുള്ള വിവിധ വിഷയങ്ങളില്‍ സഹായിക്കുവാന്‍ മറ്റ് സഖാക്കളോടൊപ്പം അമലും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിസംബന്ധമായ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടല്‍ നടത്തിയിരുന്ന അമലുമായി കൂടുതല്‍ പരിചയപ്പെടാനും സൗഹൃദത്തിലാകാനും കഴിഞ്ഞത് ഒരുമിച്ച് എസ്എഫ്ഐയിലും ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയനിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ്. ഭൂരിഭാഗം പെണ്‍കുട്ടികള്‍ പഠിക്കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഒരു ഹോസ്റ്റല്‍ ഇല്ലാത്ത അവസ്ഥയായിരുന്നു ക്യാമ്പസില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ നേരിട്ട പ്രധാന പ്രശ്നം. അന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഫലമായിരുന്നു പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഹോസ്റ്റല്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്. പിന്നീട് ആദ്യമായി ആണ്‍-പെണ്‍ ഹോസ്റ്റലുകളെ ഒരുമിച്ചു നിര്‍ത്തി പരിപാടി സംഘടിപ്പിച്ചപ്പോഴും, ഐതിഹാസികമായ വായനാ സമരനാളുകളിലും യൂണിയന്റെയും ഹോസ്റ്റല്‍ കമ്മിറ്റികളുടെയും നേതൃസ്ഥാനത്ത് സഖാവ് അമല്‍ ഉണ്ടായിരുന്നു.

 

എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദവും കേരള സര്‍വ്വകലാശാല കാര്യവട്ടം കാമ്പസില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി ജെഎന്‍യുവില്‍ റഷ്യന്‍ ആന്റ് സെന്റര്‍ ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷകനായ അമല്‍ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹത്തെ നയിക്കുവാന്‍ ഏറ്റവും അനുയോജ്യനാണ്. സംഘപരിവാര്‍ വര്‍ഗ്ഗീയ ശക്തികള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുവാന്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തുന്ന നിലവിലെ അവസ്ഥയില്‍ മനുഷ്യത്വവും ജനാധിപത്യബോധവും ആശയസമരങ്ങളും മുഖമുദ്രയായ ജെഎന്‍യുവിലെ സര്‍വ്വകലാശാല സമൂഹത്തിന് സഖാവിന്റെ നേതൃത്വത്തില്‍ പോരാട്ടങ്ങളും സമരങ്ങളും ശക്തമാക്കാന്‍ കഴിയും. കാര്യവട്ടം കാമ്പസിലെ സംഘടനാ പ്രവര്‍ത്തനനാളുകളിലും ജെഎന്‍യുവിലെ തിളക്കമാര്‍ന്ന ചരിത്രവിജയത്തിനു ശേഷവും സഖാവുമായി സംസാരിക്കുകയുണ്ടായി. 

 

അമലിന്റെ രാഷ്ട്രീയ ചിന്താഗതികളെ രൂപപ്പെടുത്തിയെടുത്തത് മഹാരാജാസ് ആണെന്നത് സഖാവുമായുള്ള സൗഹൃദസംഭാഷണങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുണ്ട്. തീര്‍ത്തും അരാഷ്ട്രീയവാദിയായി, രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും പുശ്ചമുള്‍ക്കൊണ്ട് മഹാരാജാസില്‍ പഠിക്കാന്‍ ചെന്ന അമലിന്റെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കാരണമായത് അവിടുത്തെ രാഷ്ട്രീയ പരിസരങ്ങളായിരുന്നു. അധ്യാപക -വിദ്യാര്‍ത്ഥി- ജീവനക്കാര്‍ ഉള്‍പ്പെട്ട കലാലയ സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് അടുക്കുന്നത് മഹാരാജാസിലെ പഠനകാലയളവിലാണെന്ന് സഖാവ് പറയാറുണ്ട്. എണ്‍പതുകളിലെ ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും തുടങ്ങിവച്ച മഹാരാജാസിന്റെ സ്പന്ദനമായ സംഘം സാംസ്‌കാരിക വേദിയിലും എന്‍എസ്എസിലും സജീവമായിരുന്ന സഖാവിന് അതിലൂടെ ലഭിച്ച വിദ്യാര്‍ത്ഥി അംഗീകാരമാണ് അവസാനവര്‍ഷം എസ്എഫ്ഐ പാനലില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കാന്‍ കാരണമായത്. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും പോലീസും അക്കാദമിക് ജീവിതത്തെ തന്നെ ബാധിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ബിരുദാനന്തര ബിരുദത്തിനായി അമല്‍ കാര്യവട്ടം കാമ്പസില്‍ എത്തുന്നത്.

 

 

അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന സര്‍വ്വകലാശാല അന്തരീക്ഷമാണ് ഉന്നതവിദ്യാഭ്യാസമേഖലകളിലെയും ഗവേഷണമേഖലകളിലെയും പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ തന്നെ സഹായിച്ചതെന്ന് അമല്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഗൗരവമായ അക്കാദമിക് രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ക്യാമ്പസ് മഹാരാജാസിലെ അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഗവേഷക പി.ജി. മേഖലകളില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളിലും സമരങ്ങളിലും അമല്‍ സജീവമായി ഇടപെട്ടിരുന്നത് ഓര്‍ക്കുന്നു. ക്യാമ്പസില്‍ നിന്നും ലഭിച്ച സൗഹൃദങ്ങളാണ് ജെഎന്‍യുവിലേക്ക് അപേക്ഷിക്കുവാന്‍ അമലിന് പ്രചോദനമായത്. ജെഎന്‍യു പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുമോയെന്ന് സംശയിക്കപ്പെട്ടുവെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രവേശന പരീക്ഷ എഴുതുകയും പ്രവേശനം നേടുകയും ചെയ്തു. ജീവിതത്തില്‍ ആദ്യമായി എഴുതിയ പ്രവേശന- അഭിമുഖ പരീക്ഷകള്‍ വിജയിച്ച് ജെഎന്‍യുവില്‍ പ്രവേശനം നേടിയ അമലിന്റെ വിജയം സര്‍വ്വകലാശാല ക്യാമ്പസിനും അഭിമാനകരമായിരുന്നു.

ജെഎന്‍യുവില്‍ എത്തിയ സഖാവ് അവിടെ നടന്ന എല്ലാ സമരപോരാട്ടങ്ങളിലും പങ്കെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നോണ്‍ നെറ്റ് ഗവേഷകരുടെ ഫെലോഷിപ്പ് നിഷേധിക്കാനുള്ള നീക്കത്തിനെതിരെ നടന്ന ഒക്യുപ്പൈ യുജിസി സമരം, രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കുക, ജെ.എന്‍.യു. സംരക്ഷിക്കുക തുടങ്ങിയ പല സമരങ്ങളിലും സഖാവിനെ ഞങ്ങള്‍ കണ്ടു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ കണ്‍വീനറായി ചുമതലകള്‍ നിര്‍വഹിച്ചപ്പോള്‍ വിവേചനപരമായ വ്യവസ്ഥകള്‍ക്കെതിരെയും, ദളിത് പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയപ്പോഴും തന്റെ ഭാഷ സമരത്തിന്റെ ഭാഷ കൂടിയാണെന്ന് അമല്‍ അടിവരയിടുകയായിരുന്നു.

അമലിനോട് സംസാരിക്കുന്ന അവസരങ്ങളില്‍ ജെഎന്‍യുവിലെ ജനാധിപത്യബോധം അദ്ദേഹത്തിന്റെ ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ധാബകളും ഹോസ്റ്റലുകളും ക്യാമ്പസ് പരിസരങ്ങളും വിവിധ തരം ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാണ്. ജെഎന്‍യു ഒരു പെര്‍ഫെക്ട് മോഡല്‍ അല്ലേ എന്ന് എടുത്തുപറയുമ്പോഴും അവിടുത്തെ ജനാധിപത്യ സംവിധാനം മറ്റ് സര്‍വ്വകലാശാലകള്‍ക്കും മാതൃകയാക്കണമെന്ന് അമല്‍ പറയാറുണ്ട്. വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ ഭരണഘടനയും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേഷുമായി യാതൊരു ബന്ധവുമില്ലാത്ത ഇലക്ഷന്‍ കമ്മീഷനും വിദ്യാര്‍ത്ഥികള്‍ തന്നെ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയകളും ഒരു ജനാധിപത്യ സംസ്‌കാരത്തിന് അനുയോജ്യമാണെന്ന് അമല്‍ പറയുന്നു.

കേന്ദ്ര സര്‍വ്വകശാലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ചില വിദ്യാര്‍ത്ഥികളെയെങ്കിലും ഭാഷ എന്ന ഘടകം പിന്നോട്ട് വലിക്കാറുണ്ട്. ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഭാഷ ഒന്നിനും ഒരു തടസ്സമല്ലെന്ന നിലപാടായിരുന്നു അമലിന് ഉണ്ടായിരുന്നത്. ജെഎന്‍യുവില്‍ എത്തിയ നാളുകളില്‍ ഭാഷ ഒരു പ്രശ്‌നമായി തോന്നിയിരുന്നെങ്കിലും കൃത്യമായി അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ ആശയങ്ങളും പോരാട്ടങ്ങളുമായി നേരിടുമ്പോഴും തിരഞ്ഞെടുപ്പ് വേളയിലും ഭാഷ പ്രശ്‌നമാകാറില്ലെന്ന് ഏറ്റവും ഭൂരിപക്ഷം നേടി അമല്‍ തെളിയിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ജനറല്‍ ബോഡി മീറ്റിംഗില്‍, ഭാഷയുടെ പേരില്‍ അപഹസിച്ചവര്‍ക്കെതിരെ പകച്ചുപോകാതെ മുറിയാത്ത ആശയങ്ങളുമായി പ്രസംഗം പൂര്‍ത്തിയാക്കിയ അമല്‍ ഞങ്ങള്‍ക്കെല്ലാം ആവേശമായിരുന്നു.

സുഹൃത്തേ, രാജ്യദ്രോഹികള്‍ എന്ന് നിരന്തരം ആരോപണം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന, പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ വേശ്യകളായി ചിത്രീകരിക്കപ്പെട്ട, കോണ്ടം വിവാദങ്ങളെ പുച്ഛിച്ചു തള്ളിയ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം ഞങ്ങളുടെ നേതൃത്വം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നു. ഈ അവസരത്തില്‍ വ്യത്യസ്തമായ ഇടത് ഐക്യത്തിന്റെ വിജയം നല്‍കുന്ന പ്രതീക്ഷകളുടെ വേളയില്‍ നിങ്ങള്‍ മുമ്പ് സൂചിപ്പിച്ച പോലെ തന്നെ ഈ വിജയം എല്ലാ ക്യാമ്പസുകളിലേക്കും പടര്‍ന്ന് പിടിയ്ക്കും. അത് നല്‍കുന്ന ജനാധിപത്യത്തിന്റെ ചൂടില്‍ ഏകാധിപതികള്‍ നിലംപതിക്കും.

 

വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാനും ചവിട്ടിയരയ്ക്കാനുമുള്ള സംഘപരിവാര്‍ വലതുപക്ഷ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ നിങ്ങള്‍ പ്രാപ്തരാണെന്നുള്ള വിശ്വാസം ഞങ്ങളില്‍ ഉറപ്പോടെ നിലനില്‍ക്കുന്നു. നിരവധിയായ ദേശീയ, അന്തര്‍ദേശീയ പ്രശ്‌നങ്ങളിലും കാശ്മീര്‍, ദളിത് ലിംഗവിവേചന വിഷയങ്ങളിലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കട്ടെ. അതിന്റെ അലയടികള്‍ ഇന്ത്യയിലെ എല്ലാ കലാലയങ്ങളിലും ഉണ്ടാകട്ടെ. ഞങ്ങള്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹം പോരാട്ടങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമായി കാത്തിരിക്കുന്നു.

 

(കാര്യവട്ടം കാമ്പസില്‍ തിയേറ്റര്‍ ആന്‍ഡ് ഫിലിം ഏസ്‌തെറ്റിക്‌സില്‍ എം എഫില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ് നീതു എസ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍