UPDATES

ജെ.എന്‍.യു: എ.ഐ.എസ്.എഫ് സഖ്യത്തിനില്ല, മത്സരത്തില്‍ നിന്ന് പിന്മാറി

അഴിമുഖം പ്രതിനിധി

സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ്. പുതുതായി നിലവില്‍ വന്ന എസ്.എഫ്.ഐ – ഐസ സഖ്യവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരുമിച്ച് മത്സരിക്കാനില്ലെന്നും എന്നാല്‍ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിക്ക് ഇതിന്റെ ആനുകൂല്യം കിട്ടാതിരിക്കാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ പ്രതിനിധീകരിക്കുന്ന സംഘടന കൂടിയാണ് എ.ഐ.എസ്.എഫ്.

 

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് ഈ ക്യാമ്പസ് രാജ്യത്തെ മുഖ്യ ചര്‍ച്ചാ വിഷയങ്ങളിലൊന്നായി തീര്‍ന്നത്. യോഗത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ജെ.എന്‍.യു അടച്ചു പൂട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കനയ്യ കുമാറിനു പുറമെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ജയില്‍വാസവും അനുഭവിച്ചു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

 

ഇതിനിടെയാണ്, നേരത്തെ പരസ്പരം മത്സരിച്ചിരുന്ന എസ്.എഫ്.ഐയും ഐസയും ഒരുമിച്ച് തെരഞ്ഞെടുപ്പിന് നേരിടാന്‍ തീരുമാനിച്ചിരിക്കുന്നതാണ് ഇത്തവണ ശ്രദ്ധേയം. സഖ്യത്തില്‍ ചേരുന്നത് സംബന്ധിച്ച് എ.ഐ.എസ്.എഫുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. എ.ഐ.എസ്.എഫ് നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ- ഐസ നേതൃത്വം വ്യക്തമാക്കിയതോടെയാണ് സഖ്യസാധ്യത ഇല്ലാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വിശാല ഇടത് സഖ്യത്തിന് വേണ്ടി എ.ഐ.എസ്.എഫ് നിരുപാധികമായി തന്നെ നിലപാട് സ്വീകരിക്കും. എന്നാല്‍ ചില ഇടത് സംഘടനകളുടെ വിഭാഗീയ നിലപാടുകള്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ തടസമുണ്ടാക്കി. ഈ സാഹചര്യത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നു’. എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

 

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ഒരുകാലത്ത് എസ്.എഫ്.ഐയുടെ കുത്തകയായിരുന്നെങ്കിലും പിന്നീട് ഐസ പിടിമുറുക്കി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യൂണിയനായ എന്‍.എസ്.യു.ഐയ്ക്ക് നിര്‍ണായക സ്ഥാനമുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങളായി അവര്‍ക്ക് ക്യാമ്പസില്‍ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. എ.ബി.വി.പി ഇതിനിടെ ശക്തമായ മുന്നേറ്റം നടത്തുകയും കഴിഞ്ഞ തവണ ജോയിന്റ് സെക്രട്ടറി സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

ഫെബ്രുവരി ഒമ്പതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകുക എന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ‘ഫെബ്രുവരി ഒമ്പതിന്റെ മറുപടി സെപ്റ്റംബര്‍ ഒമ്പതിന് ലഭിക്കുന്നതായിരിക്കും’- എ.ബി.വി.പിയുടെ ജാഹ്‌നവി ഓജ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു. ‘എഫ്.റ്റി.ഐ.ഐ, ഹൈദരാബാദ്, ജെ.എന്‍.യു… ക്യാമ്പസിലെ ജനാധിപത്യത്തിനു നേരെയുള്ള അതിക്രമങ്ങള്‍ നാം കാണുന്നുണ്ട്. ഫെബ്രുവരി ഒമ്പതുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ 70 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജെ.എന്‍.യു അടച്ചു പൂട്ടുക എന്നാണ് അവര്‍ പറയുന്നത്. ഇതിനെതിരെയാണ് ഞങ്ങള്‍ പൊരുതുന്നത്’- ഐസ നേതാവ് മോഹിത് പാണ്ഡെ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍