UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെൻ എൻ യു അല്ല എച് സി യു, കനയ്യയല്ല രോഹിത്-നുഐമാൻ/അഭിമുഖം

നുഐമാൻ/എം കെ രാംദാസ്

രോഹിത് വെമൂലയുടെ ആത്മഹത്യ, ഫാസിസത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം, ദളിത് രാഷ്ട്രീയം, സംഘപരിവാര്‍, ഫാസിസം തുടങ്ങി ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യുന്ന വിവിധ വിഷയങ്ങളെ വിശകലന വിധേയമാക്കുകയാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർഥിയും ഫ്രായ് യൂണിവേഴ്സിറ്റി, ബർലിൻ, ജർമ്മനിയിലെ ഗവേഷകനുമായ നുഐമാൻ. അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എം കെ രാമദാസ് നടത്തിയ അഭിമുഖം.  

എം കെ രാംദാസ്: ഹൈദരാബാദ് സര്‍വ്വകലാശാലയിൽ എന്താണ് സംഭവിക്കുന്നത്‌?

നുഐമാൻ: ഹൈദരാബാദ് യൂനിവേഴ്സിറ്റിയെ കുറിച്ച് വിശദമായി അറിയുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം അവിടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പുതുതായോ അപ്രതീക്ഷിതമായോ സംഭവിച്ച കാര്യങ്ങൾ അല്ല. വർഷങ്ങളോളമായി ആ കാമ്പസിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച്  കുറേക്കൂടി വ്യക്തതയോടെ ആളുകളെ ബോധ്യപ്പെടുത്താനും പ്രതികരണങ്ങൾ ഉണ്ടാക്കാനും കഴിയും വിധം തന്റെ മരണത്തെ മാറ്റിയെടുക്കാൻ രോഹിത്തിനു കഴിഞ്ഞു എന്ന വ്യത്യാസമേയുള്ളൂ.  2005 ൽ ആണ് ഞാൻ ആദ്യമായി ഈ കാമ്പസിൽ വരുന്നത്. അതിനുശേഷം മാത്രം എട്ടോ ഒമ്പതോ ദളിത്‌ വിദ്യാർഥികൾ  കാമ്പസിനകത്ത് ആത്മഹത്യ  ചെയ്യുകയുണ്ടായി. പല കാരണങ്ങള്‍ക്കൊണ്ടും ആ മരണങ്ങൾക്കൊന്നും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. ആ ആത്മഹത്യകളെ തുടർന്നു കാമ്പസിൽ നടന്ന സമരങ്ങളെ ആരും ശ്രദ്ധിച്ചുമില്ല. കാര്യങ്ങളെല്ലാം  താത്കാലികമായി  പരിഹരിക്കുക എന്നല്ലാതെ, പ്രശ്നങ്ങൾക്ക് വ്യവസ്ഥാപിതവും സ്ഥായിയായതുമായ പരിഹാരങ്ങൾ കണ്ടെത്താൻ യൂണിവേഴ്സിറ്റി ഒരിക്കൽ  പോലും ശ്രമിച്ചില്ല. കുറ്റകരമായ അത്തരം അനാസ്ഥകളുടെ കൂടി അനന്തര ഫലമാണ് രോഹിതിന്റെ മരണം. ഈ സ്ഥിതി തുടരുകയാണെങ്കിൽ രോഹിതിന്റെ മരണം കാമ്പസിലെ ആദ്യത്തെ ആത്മഹത്യ അല്ലാത്തത് പോലെ അവസാനത്തേതും ആയിരിക്കില്ല.

രാ: മുമ്പ് നടന്ന ആത്മഹത്യകളോട് യൂണിവേഴ്സിറ്റി എങ്ങിനെയാണ് പ്രതികരിച്ചത്?

നു: എനിക്ക് നേരിട്ടറിയാവുന്ന ഒരു സംഭവം പറയാം. 2008 ലാണ് ഫിസിക്സിൽ ഗവേഷണ വിദ്യാർഥിയായ സെന്തിൽ കുമാർ ആത്മഹത്യ ചെയ്യുന്നത്. അതിനെ തുടർന്ന് രൂപീകരിച്ച സെന്തിൽ കുമാർ സോളിഡാരിറ്റി കമ്മറ്റിയിൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നു. ഗവേഷക വിദ്യാർഥികൾക്ക് സൂപ്പർവൈസർമാരെ അലോട്ട് ചെയ്യുന്ന രീതി സുതാര്യമാക്കണം എന്നും ഫെല്ലോഷിപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും ഗവേഷണവുമായി ബന്ധപ്പെട്ട വിശാലമായ അർഥത്തിലും സാഹചര്യത്തിലും പുനർ നിർണ്ണയിക്കണം എന്നുമായിരുന്നു പ്രധാനപ്പെട്ട ആവശ്യങ്ങൾ. നീണ്ടാകാലത്തിനു ശേഷവും ഗൈഡിനെ ലഭിക്കാതിരുന്ന ഫിസിക്സിലെ ഏക വിദ്യാർഥിയായിരുന്നു സെന്തിൽ. കോഴ്സ് വർക്കിൽ ഒരു പേപ്പറിൽ തോറ്റു എന്ന കാരണത്താൽ സെന്തിലിന്റെ ഫെല്ലോഷിപ്പും തടഞ്ഞു വെച്ചിരുന്നു. യൂണിവേഴ്സിറ്റിയിലെ മറ്റു വിദ്യാർത്ഥികൾക്കോ ഡിപ്പാർട്ട്മെന്റുകൾക്കോ ബാധകമല്ലാത്ത തരം നിയമങ്ങളും മാനദന്ധങ്ങളും ആയിരുന്നു സെന്തിലിന്റെ കാര്യത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റു സ്വീകരിച്ചത്. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നതായിരുന്നു അന്നത്തെ ഒരാവശ്യം. ഒടുവിൽ യൂണിവേഴ്സിറ്റി സ്വന്തമായി ഒരന്വേഷണ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷൻ സമര്പ്പിച്ച റിപ്പോർട്ടിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന വിവേചനങ്ങളെ കുറിച്ചു കൃത്യമായി പറഞ്ഞിരുന്നു. ഫിസിക്സിൽ നിലനില്ക്കുന്ന അക്കാദമിക് അന്തരീക്ഷമാണ് സെന്തിൽ എന്ന ദളിത്‌ വിദ്യാർഥിയുടെ ആത്മഹത്യക്ക് കാരണം എന്നും ആ റിപ്പോർട്ടിൽ ഉണ്ട്. ചിലരെ അപേക്ഷിച്ച് ചിലരുടെ മൂല്യ നിർണ്ണയത്തിന്റെ കാര്യത്തിൽ പിന്തുടരുന്ന തെറ്റായതും വ്യത്യസ്തവുമായ സമീപനങ്ങളെ കുറിച്ചും ആ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിലെ എല്ലാ കാര്യങ്ങളോടും യോജിക്കാൻ കഴിയില്ലെങ്കിൽ പോലും ഇത്രയും കാര്യങ്ങളെങ്കിലും അതിൽ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടെന്തുണ്ടായി? ആ റിപ്പോർട്ടിലെ ഏതെങ്കിലും നിർദേശങ്ങൾ നടപ്പിലാക്കിയോ? പകരം, സെന്തിലിന്റെ മരണത്തിനു ജാതി വിവേചനവുമായി ഒരു ബന്ധവും ഇല്ലെന്നും ഈ വിഷയത്തിൽ  ആരുടെ പേരിലും നടപടിയെടുക്കുകയില്ലെന്നും പ്രസ്താവന ഇറക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്തത്.

രാ: രോഹിതിന്റെ മരണവും ഇപ്പോൾ കാമ്പസിൽ നടക്കുന്ന സംഭവങ്ങളും എങ്ങിനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?

നു: പറഞ്ഞല്ലോ, രോഹിതിന്റെ മരണം അപ്രതീക്ഷിതാമോ ഒറ്റപ്പെട്ടതോ അല്ല. രോഹിതല്ലെങ്കിൽ മറ്റൊരാൾ വേറൊരു ദിവസം ചെയ്യാൻ നിർബന്ധിക്കപ്പെടുമായിരുന്ന കാര്യങ്ങളാണ് ഇതൊക്കെയും. രോഹിത് കൊല്ലപ്പെട്ടില്ലായിരുന്നെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നു. രോഹിതിന്റെ മരണവും അനുബന്ധ സംഭവങ്ങളും എന്ന നിലയിലല്ല ഈ വിഷയങ്ങളെ കാണേണ്ടതും പരിഹാരങ്ങൾ ഉണ്ടാകേണ്ടതും. ആങ്ങിനെ കാണുന്നവർ പ്രശ്നങ്ങളെ ലഘൂകരിക്കുകയാണ്. രോഹിത് മരണപ്പെട്ടില്ലായിരുന്നെങ്കിലും, അവൻ എഴുതിയത് പോലൊരു ആത്മഹത്യ കുറിപ്പ് വായിക്കാൻ ഇട വന്നില്ലായിരുന്നെങ്കിലും നമ്മോളൊക്കെ ഈ വക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയും നിലപാടുകൾ എടുക്കുകയും ചെയ്യുമായിരുന്നോ എന്നതാണ് ചോദ്യം. ജാതീയതയെ കുറിച്ചും തൊട്ടുകൂടായ്മയുടെ സൂക്ഷ്മമായ ആവിഷ്കാരങ്ങളെ കുറിച്ചും നമ്മളെക്കൊണ്ടൊക്കെ സംസാരിപ്പിക്കാൻ സ്വന്തം ജീവിതം തന്നെ കുരുതി കൊടുക്കേണ്ടി വരുന്നു എന്നതാണ് രോഹിത് ഉൾപ്പെടുന്ന പിന്നാക്ക  സമുദായങ്ങൾ നേരിടുന്ന ദുരന്തം.

രാ: പ്രൊഫ. അപ്പാ റാവുവിനെ വി സി സ്ഥാനത്തു നിന്നും നീക്കണം എന്നത് ഒരു പൊതു ആവശ്യമാണോ?

നു: ഒരു കാര്യം പൊതു ആയിത്തീരാൻ എന്താണ് മാനദന്ധം? ഏതു തരം ആളുകളുടെ, എത്ര പേരുടെ പിന്തുണ ഉണ്ടായാലാണ് ഒരു ആവശ്യം പൊതുവായിത്തീരുക? ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ഒരു സ്ഥാപന മേധാവിയെ പുറത്താക്കാൻ നിങ്ങൾ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടോ എന്നാണോ നോക്കുക? പിന്നെ എന്തുകൊണ്ടാണ് ഒരു ദളിത്‌ വിദ്യാർത്ഥിയുടെ മരണത്തിനു കാരണക്കാരനായ ഒരാളുടെ കാര്യത്തിൽ മാത്രം കണിശമായ കണക്കെടുപ്പുകൾ ആവശ്യമായി വരുന്നത്? ആവശ്യപ്പെടുന്നവരുടെ എണ്ണം നോക്കി തീരുമാനമെടുക്കാൻ ഇതു നിയമസഭ തിരഞ്ഞെടുപ്പൊന്നും അല്ലല്ലോ. ഒരാൾപോലും ആവശ്യപ്പെട്ടില്ലെങ്കിൽ പോലും പുറത്താക്കേണ്ട കുറ്റങ്ങളും തീരുമാനങ്ങളും ആണ് പ്രൊഫ. അപ്പാ റാവു എടുത്തത്. ഒരു പക്ഷെ അദ്ദേഹത്തെ പുറത്താക്കിയാൽ പകരം വരുന്ന ഒരാൾ ഇതിനേക്കാൾ മോശം നിലപാടുകൾ എടുക്കുന്ന ഒരാളായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അങ്ങനെ സംഭാവിക്കാനേ തരമുള്ളൂ. എന്നാൽ പോലും പ്രൊഫ. അപ്പാ റാവു വിനെ വി സി സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. നോക്കൂ, അദ്ദേഹം ഒരു ക്രിമിനൽ  കേസിലെ  പ്രതിയാണ്, കോടതിയിൽ നിന്ന് ജാമ്യം പോലും ലഭിച്ചിട്ടില്ല. അങ്ങിനെയൊരാൾ കുട്ടികളോട് നിയമം പാലിക്കണം എന്നു പറയുന്നതിനേക്കാൾ വലിയ അശ്ലീലം വേറെയുണ്ടോ?

രാ: ജെ എൻ യു വിലെ സംഭവങ്ങളും കനയ്യയും രോഹിത് വിഷയത്തെ എങ്ങിനെയാണ് ബാധിച്ചത്?

നു: ജെ എൻ യുവിലെയും എച് സി യു വിലെയും പ്രശ്നങ്ങൾ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ ഉള്ളവയാണ് എന്നാണു എനിക്ക് തോന്നുന്നത്. ജെ എൻ യു സംഘപരിവാറിനോ മോദി സർക്കാറിനോ ചെറിയ രീതിയിൽ പോലും ഒരു ഭീഷണിയല്ല. അങ്ങനെ ഒരു സംഭവം ഉണ്ടായി കിട്ടാൻ ബി ജെ പി പോലും ആഗ്രഹിച്ചിരുന്നു എന്നു വേണം കരുതാൻ. അതുകൊണ്ടാണ് ജെ എൻ യു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നു ബി ജെ പി തീരുമാനം എടുക്കുന്നത്. ബി ജെ പി ക്ക് എളുപ്പത്തിൽ പരിഹരിക്കാൻ പറ്റുന്നതും രാഷ്ട്രീയമായി മുതലെടുപ്പ് നടത്താൻ പറ്റുന്നതുമായ സംഭവങ്ങളെ ജെ എൻ യു വിൽ നടന്നിട്ടുള്ളൂ. അത് മനസ്സിലാക്കുന്നതിലും അതനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കുന്നതിലും  ജെ എൻ യുവും കനയ്യയും ഒക്കെ വിജയിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കനയ്യയുടെ പരിമിതിയല്ല, പലരും ആഘോഷിക്കുന്ന ജെ എൻ യു എന്ന ആശയത്തിന്റെ തന്നെ പരിമിതിയാണത്. എന്നാൽ അതല്ല എച് സി യു വിലെ സ്ഥിതി. സംഘ് പരിവാരിനുള്ളിൽ തന്നെ മാരകമായ ഇടർച്ചകൾ ഉണ്ടാക്കാൻ കഴിയുന്ന വിഷയങ്ങളാണ് ഹൈദരാബാദിൽ നടന്നത്, നടന്നുകൊണ്ടിരിക്കുന്നത്. രോഹിതിന്റെ മരണത്തിനു ശേഷം നടന്ന ഹൈദരാബാദ് കോർപ്പറേഷൻ ഇലക്ഷനിൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബി ജെ പി തോറ്റു. ദൽഹിയിലെ ഏതെങ്കിലും ഒരു വാർഡിലെ ഇലക്ഷനെ പോലും സ്വാധീനിക്കാൻ ജെ എൻ യു വിനോ കനയ്യക്കോ കഴിയും എന്നു ഞാൻ കരുതുന്നില്ല. ജെ എൻ യു വിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നു അണികളോടും നേതാക്കളോടും ആവശ്യപ്പെട്ട ബി ജെ പി ക്ക് എച് സി യുവിന്റെ കാര്യത്തിൽ അങ്ങിനെയൊരു നിലപാടെടുക്കാൻ ആത്മവിശ്വാസം ഉണ്ടോ? പറഞ്ഞു വരുന്നത്, രോഹിതിന്റെ മരണത്തിലൂടെ ബി ജെ പിയോട് വിയോജിപ്പ് പ്രകടിപ്പിച്ചവരെ പോലും കനയ്യ വിഷയത്തിൽ കൂടെ നിർത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം, എച് സി യു വിലെ പ്രശ്നം അങ്ങേയറ്റം അടിസ്ഥാനപരമാണ്. ജെ എൻ യു വിലേത് താരതമ്യേന ആഴം കുറഞ്ഞതാണ്. ബി ജെ പി യെ സഹായിക്കാൻ വേണ്ടി ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട ഒന്നാണ് ജെ എൻ യു/കനയ്യ എന്നല്ല ഇപ്പറഞ്ഞതിനർഥം. അവിടെ നടന്ന സമരങ്ങൾ അപ്രസക്തമാണ് എന്നുമല്ല. രണ്ടു സംഭവങ്ങളുടെയും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വെവ്വേറെയാണ്. അവ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ മർമ്മവും വേറെയാണ്. അംബെദ്കരൈറ്റ് രാഷ്ട്രീയത്തിന്റെ പിൻബലം ആണ് എച് സി യു വിനെ നയിക്കുന്നത്. അതാണ്‌ എച്  സി യു വിന്റെ ഒരു ശക്തി. അത്തരമൊരു രാഷ്ട്രീയത്തിന്റെ അഭാവമാണ് ജെ എൻ യു വിന്റെ ദൌര്ബല്യം. ആ ദൌർബല്യത്തെ മറികടക്കാൻ കനയ്യക്ക് കഴിയുമോ എന്നതാണ് ചോദ്യം. രോഹിത്താണ് തന്റെ മാതൃക എന്നു പറഞ്ഞു തുടങ്ങി വെച്ചിടത്ത് നിന്ന് കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. 

രാ: ഹൈദരാബാദിലെയും ജെ എൻ യു വിലെയും സംഭവ വികാസങ്ങൾ ദേശീയ തലത്തിൽ പുതിയൊരു വിദ്യാർഥി  രാഷ്ട്രീയം ഉയർന്നു വരാനുള്ള സാഹചര്യം ഒരുക്കും എന്നു കരുതുന്നുണ്ടോ? 

നു: രണ്ടിടത്തെയും സംഭവങ്ങൾ പൊതുവിൽ കാമ്പസുകളിലെ വിദ്യാർഥി പ്രസ്ഥാനങ്ങളെ കൂടുതൽ ചലനാത്മകമാക്കിയിട്ടുണ്ട് എന്നത് നേരാണ്. പക്ഷെ, രണ്ടിടത്തെയും പ്രശ്നങ്ങളെ കൂട്ടി ചേർത്ത് വായിക്കുന്നതിൽ വലിയ പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ ജെ എൻ യു വിന്റെയും എച് സി യു വിന്റെയും പൊതുശത്രു ആണ് ബി ജെ പി എന്ന നിലയിൽ ഉയർന്നു വരുന്ന രാഷ്ട്രീയത്തിനും ഒരു പാട് പരിമിതികൾ ഉണ്ടാകും. അങ്ങനെയൊന്നു ഉയർന്നു വരാതിരിക്കുന്നതാകും പ്രശ്നങ്ങളെ സൂക്ഷ്മതലത്തിൽ മനസ്സിലാക്കാനും പരിഹരിക്കാനും ഏറെ ഉപകാരപ്പെടുക. കാരണം നിങ്ങൾക്ക് ജെ എൻ യു വിനെയോ കനയ്യയെയോ വെച്ചു ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നതല്ല എച് സി യുവും രോഹിത്തും ഉയർത്തിക്കൊണ്ടു വന്ന ആവശ്യങ്ങളും സന്ദേഹങ്ങളും. അതെ സമയം തിരിച്ചു അങ്ങനെയല്ല. അതുകൊണ്ട് തന്നെ, എല്ലാവരും എച് സി യു വിലേക്കും രോഹിത്തിലെക്കും മടങ്ങുക എന്നതായിരിക്കും കൂടുതൽ ഫലപ്രദമായ സമര മാർഗം. രണ്ടിടത്തെയും വെവ്വേറെ മനസ്സിലാക്കണം. ഉദാഹരണത്തിന് കഴിഞ്ഞ മാര്ച്ച് 22 നു ഹൈദരാബാദിൽ നടന്നത് പോലെയുള്ള ഒരു ലാത്തി ചാര്ജ് എപ്പോഴെങ്കിലും ജെ എൻ യു വിൽ നടക്കുമോ? ഇന്ത്യയിൽ തീവ്ര ഇടതുപക്ഷത്തിന് ഏറ്റവും വേരുകളുള്ള സ്ഥലമാണ് ജെ എൻ യു എന്നൊക്കെ പറയാറുണ്ട്‌. പക്ഷെ, ബീഹാറിലെ ഏതെങ്കിലും കുഗ്രാമത്തിൽ നടക്കുന്ന നക്സൽ വേട്ടയുടെ ചെറിയ ഒരു രൂപമെങ്കിലും ജെ എൻ യു വിൽ നടക്കുമോ? എനിക്ക് സംശയമാണ്. ജെ എൻ യു വിലെ ഒരധ്യാപികയ്ക്ക് നേരെയുള്ള ഭീഷണി ഒരുപാട് പേരെ ആശങ്കാകുലരാക്കും. അതെ സമയം എച് സി യുവിലെ ഒരധ്യാപകന് നേരെയുള്ള പോലീസ് മർദ്ദനം അധികം ആളുകളെയൊന്നും അസ്വസ്ഥമാക്കില്ല. ജെ എൻ യു വും എച് സി യും അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ താല്പര്യങ്ങളും ആവിഷ്കാരങ്ങളും തമ്മിലുള്ള അന്തരം കണക്കിലെടുക്കാതെയുള്ള ഏതൊരു മുന്നേറ്റവും ആത്യന്തികമായി പരാജയമായിരിക്കും.

രാ: കാമ്പസുകളിൽ ജാതി വിവേചനമ ഉണ്ടോ? ജെ എൻ യു എച് സി യു വിഷയങ്ങളിൽ  ജാതി എങ്ങിനെയാണ് ഒരു ഘടകമായിത്തീരുന്നത്?

നു: കാമ്പസുകളിൽ മാത്രം ഉള്ള ഒരു പ്രതിഭാസം ഒന്നുമല്ലല്ലോ ജാതി. കാംപസുകൾക്കു പുറത്തുള്ളത് പോലെ അകമെയും അതുണ്ട്. ‘ജെ എൻ യു എന്ന ആശയത്തിൽ’ ജാതിക്കെതിരെയുള്ള നിലപാടുകളും കൂടി ഉൾപ്പെടുമോ എന്നെനിക്കറിയില്ല. കാരണം ജാതീയവും സംവരണ വിരുദ്ധവുമായ നിലപാടുകൾ ഉള്ളവർ കൂടി ഉൾപ്പെടുന്നതാണല്ലോ ‘ജെ എൻ യു എന്ന ആശയം.’. അതുപക്ഷെ അവർ തുറന്നു സമ്മതിക്കില്ല എന്നു മാത്രം. ജെ എൻ യുവിലും ജാതിയോ എന്നു ആശ്ചര്യപ്പെടുന്നവരാണ് നമ്മിൽ അധികപേരും. ഷാജഹാൻ മാടമ്പാട്ടിനെ പോലുള്ളവരുടെ ജെ എൻ യു പ്രകീർത്തനം വായിച്ച് നിലപാടുകൾ രൂപീകരിക്കുന്നതിന്റെ ഒരു പരിമിതി കൂടിയാണിത്. ഇനി ഷാജഹാൻ തന്നെ ജെ എൻ യു വിനെ അവതരിപ്പിക്കുന്നത് നോക്കൂ, അലീഗഡ്, ജാമിഅ മില്ലിയ തുടങ്ങിയ സ്ഥാപനങ്ങളെ അപരവല്ക്കരിച്ചുകൊണ്ടാണ് ഷാജഹാൻ ജെ എൻ യു വിന്റെ “തുറസ്സുള്ളതും വിശാലവുമായ” സ്ഥാനത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ മധ്യവർഗത്തിന്റെ രാഷ്ട്രീയ ബോധത്തിന്റെ ആഴമില്ലായ്മയെ അടയാളപ്പെടുത്താൻ ജെ എൻ യു വിനെക്കാൾ മികച്ച ഒരുദാഹരണം ഉണ്ടോ എന്നെനിക്കറിയില്ല. കാമ്പസുകളെ കുറിച്ചു, അക്കദമിക്സിനെ കുറിച്ച്, സർവ്വോപരി ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചു തീർത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് ജെ എൻ യു വും ജെ എൻ യു ഭക്തരും പറയുന്നതും പ്രചരിപ്പിക്കുന്നതും. ഹൈദരാബാദിൽ വരാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞ കൂട്ടത്തിൽ, ഡൽഹിയിൽ പറയാനും പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ പറയാനും കേൾക്കാനും ഹൈദരാബാദിൽ കഴിയും എന്നു അകാലത്തിൽ മരിച്ചു പോയ ജെ എൻ യു വിലെ ചരിത്രവിഭാഗം  പ്രൊഫ.എം എസ് എസ് പാണ്ട്യൻ അവസാനമായി ഹൈദരാബാദിൽ വന്നപ്പോൾ പറഞ്ഞത് ഓർത്ത്‌ പോകുന്നു. ജെ എൻ യു ആ അർഥത്തിൽ പല രീതികളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരിടമാണ്. അത് ബോധപൂർവ്വം ഉണ്ടാകുന്നതല്ല. ജെ എൻ യു വിന്റെ രാഷ്ട്രീയാനുഭവങ്ങൾ അത്തരത്തിൽ ഉള്ളതായത് കൊണ്ട് സംഭവിക്കുന്നതാണ്.

രാ: ഉന്നത വിദ്യാഭ്യാസ അംഗത്തെ ദളിതുകലോടുള്ള സമീപനം ജാതീയതയുടെ ഭാഗം തന്നെയാണോ, അതോ മറ്റെന്തെങ്കിലും ആണോ?

നു: പറഞ്ഞല്ലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല, ഇന്ത്യയിൽ എവിടെത്തെയും അധികാര ബന്ധങ്ങളെ ജാതിയിലൂടെ അല്ലാതെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. ജാതിയോടു, വിവിധ സമൂഹങ്ങളിലുള്ള അതിന്റെ ആവിഷ്കാരങ്ങളോട് നിങ്ങൾ എന്ത് സമീപനം എടുക്കുന്നു എന്നത് തന്നെയാണ് ഇന്ത്യൻ സാഹചര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ജാതിയെ, അത് മുന്നോട്ടു വെക്കുന്ന സാമൂഹിക ബോധത്തെ, അതുണ്ടാക്കിയ സാമൂഹിക സാഹചര്യങ്ങളെ  മാറ്റി വെച്ചു, നിങ്ങൾക്ക് ഒന്നിനെയും മനസ്സിലാക്കാൻ കഴിയില്ല. ഫാസിസത്തെ പോലും. ഇന്ത്യൻ ഫാസിസത്തെ  ജർമൻ ഫാസിസവുമായി താരതമ്യപ്പെടുത്തി വായിക്കാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്. മോദി എന്തെങ്കിലും പറഞ്ഞാൽ അതിനു സമാനമായ എന്തെങ്കിലും ഹിറ്റ്‌ലർ പറഞ്ഞിട്ടുണ്ടോ എന്നാണു പലരുടെയും അന്വേഷണം. ഇന്ത്യൻ ഫാസിസത്തിന്റെ മാതൃക ജര്മനിയോ ഹിറ്റ്‌ലറോ അല്ല. ഇവിടുത്തെ ജാതീയതയാണ്. ഹിറ്റ്‌ലർ ആണെങ്കിൽ നമുക്ക് പേടിക്കേണ്ട, കാരണം ഒരുപാട് ആളുകളെ കൊന്നു ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ആളാണ്‌ ഹിറ്റ്‌ലർ. ഇവിടെയോ കൊല്ലുക മാത്രമല്ല, ആളുകളെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കുകയും ചെയ്യും. അതാണ്‌ വ്യത്യാസം.

രാ: ആരോഗ്യകരമായ ഒരു മതേതര സമൂഹത്തിന്റെ നിർമ്മിതിക്ക് മതത്തെയും ജാതിയും കുറിച്ചുള്ള ചർച്ചകൾ സഹായിക്കും എന്നു കരുതുന്നുണ്ടോ?

നു: ജാതി, മതം തുടങ്ങിയ പരികല്പനകളിലൂടെ അല്ലാതെ ഇന്ത്യൻ സാഹചര്യത്തിൽ നിങ്ങൾക്ക് മതേതരത്വത്തെ മനസ്സിലാക്കാൻ സാധിക്കില്ല. ഇതൊക്കെ മതേതരത്വത്തെ, വികസനത്തെ, ദേശീയതയെ ദുർബലപ്പെടുത്തും എന്നു കരുതുന്നവർ, പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരല്ല, പ്രശ്നത്തിന്റെ ഭാഗക്കാരാണ്. മതേതരത്വത്തെ കുറിച്ചു ഇവിടെ നടക്കുന്ന ചർച്ചകളുടെയും വിമർശങ്ങളുടെയും ഒരു പരിമിതി, അത് മതേതരത്വത്തിന്റെ യൂറോപ്യൻ ഇന്ത്യൻ അനുഭവങ്ങളെ പല തരത്തിൽ കൂട്ടിക്കുഴക്കുന്നു എന്നുള്ളതാണ്. മതത്തെ കൂടി ഉൾക്കൊള്ളുന്ന വിധത്തിലാണ്  ഇവിടെ മതേതരത്വം എന്ന സങ്കൽപം വിഭാവനം ചെയ്യപ്പെട്ടതും ആളുകൾ നിത്യ ജീവിതത്തിൽ അതിനെ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നത്. പക്ഷെ, വിമര്‍ശനങ്ങൾ ഉന്നയിക്കുമ്പോൾ മതത്തെ മാറ്റി നിർത്തണം എന്നാണു ചിലരുടെ നിലപാട്. മതത്തിന്റെ ഭാഗത്ത് നിന്നും മതേതരത്വത്തിന്റെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉന്നയിക്കുന്നവർ എന്നവകാശപ്പെടുന്നവർക്ക് ഈ പരിമിതിയെ മറികടക്കാൻ കൂടി കഴിയേണ്ടതുണ്ട്.

രാ: മുസ്ലിംകൾ ദളിതുകളെയും അവരുടെ രാഷ്ട്രീയത്തെയും ഹൈജാക്ക് ചെയ്യുന്നു എന്നു പലരും പറയാറുണ്ട്‌, അത് ശരിയാണോ?

നു: ദളിതുകളും മുസ്ലിംകളും ആലോചനാ ശേഷി ഇല്ലാത്തവരാണ് എന്നാണോ ഈ ചോദ്യത്തിന്റെ അർഥം?. വേദി പങ്കിടുക എന്നാൽ ഹൈജാക്ക് ചെയ്യലാണ് എന്നു മനസ്സിലാകുന്നവരോട് സഹതപിക്കുകയേ നിർവ്വാഹമുള്ളൂ. ദളിത്‌ സംഘടനകളോട് യോജിച്ച് പ്രവർത്തിക്കുന്ന മുസ്ലിംകളെ കുറിച്ച് മാത്രമല്ല, ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും ബി ജെ പിയിൽ പോലും പ്രവർത്തിക്കുന്ന മുസ്ലിംകളെ കുറിച്ചും എനിക്ക് ഇതേ അഭിപ്രായമാണുള്ളത്. അവരൊന്നും ആലോചനാ ശേഷി ഇല്ലാത്തവരാണ് എന്നോ, ശത്രുക്കളുടെത് ഉൾപ്പടെയുള്ള  സംഘടനകളുടെ താൽപര്യങ്ങളാൽ ഹൈജാക്ക് ചെയ്യപ്പെട്ടവരാണ് എന്നോ ഞാൻ കരുതുന്നില്ല. മായാവതി എൻ ഡി എ യുടെ ഭാഗമായി നിന്നിട്ടുണ്ട്. അതിനർഥം ദളിത്‌ രാഷ്ട്രീയത്തെ ബി ജെ പി ഹൈജാക്ക് ചെയ്തു എന്നാണോ? സൂഫീ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പങ്കെടുത്താൽ ബി ജെ പിക്ക് മുസ്ലിം രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്യാൻ കഴിയും എന്നും ഞാൻ കരുതുന്നില്ല. സൂഫീ സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദിക്ക് ചില താല്പര്യങ്ങൾ ഉള്ളത് പോലെ, കാന്തപുരത്തിനും ഉണ്ടാകും താല്പര്യങ്ങൾ. മോദി ആ താല്പര്യങ്ങളെ ബി ജെ പിയുടെ വളര്ച്ചക്ക് ഉപയോഗപ്പെടുത്തും, കാന്തപുരം ആദ്ദേഹം നേതൃത്വം നല്കുന്ന സമുദായത്തിനു വേണ്ടിയും. അല്ലാതെ ഇതൊക്കെ ഏകപക്ഷീയമായ ഹൈജാക്കിങ്ങ് ആണ് എന്നൊക്കെ പറയുന്നവരുടെ താല്പര്യം വേറെയാണ്. മാത്രമല്ല, യാതൊരു താല്പര്യവും ഇല്ലാതെ ഏതെങ്കിലും തരത്തിലുള്ള ഒരു പൊതു വേദി ഉണ്ടാക്കാൻ കഴിയും എന്നു കരുതുന്നവർ നല്ല സ്വപ്നം കാണുന്നവർ ആണ്.  ഫാൾസ് കോൺഷ്യസ്‌നസ് എന്ന മാർക്സിയൻ കാഴ്ചപ്പാടിന്റെ പരിമിതിയെ കുറിച്ചു നാം പറയാറുണ്ട്‌. എന്നാൽ അതൊക്കെയും ചില സമുദായങ്ങൾക്ക്, വ്യക്തികൾക്ക് പതിച്ചു കൊടുക്കുന്നതിൽ നമുക്കൊരു ഉത്സാഹക്കുറവും ഇല്ലതാനും. ദളിത്‌ രാഷ്ട്രീയത്തെ മുസ്ലിംകൾ ഹൈജാക്ക് ചെയ്യുന്നു എന്നു പറയുന്നതിലെ താല്പര്യവും ഇതു തന്നെയാണ്. അഹമ്മദാബാദിൽ ബി ജെ പി ക്ക് വോട്ടു ചെയ്യുന്ന ഒരു മുസ്ലിമിനെക്കാൾ കേരളത്തിൽ നിന്ന് ബി ജെ പിക്കെതിരെ സംസാരിക്കുന്ന എനിക്ക് എന്തെങ്കിലും രാഷ്ട്രീയ ബോധം കൂടുതലുണ്ട് എന്നു ഞാൻ കരുതുന്നില്ല.

രാ: ഈ പുതിയ സംഭവ വികാസങ്ങൾ വിദ്യാഭ്യാസം എന്ന താൽപര്യത്തിനപ്പുറത്തേക്ക് വിദ്യാർഥി രാഷ്ട്രീയം നീങ്ങുന്നു എന്നതിന്റെ സൂചനയാണോ?

നു: ഇതൊക്കെ കൂടിയതാണ് വിദ്യാഭ്യാസത്തിന്റെ താല്പര്യം എന്നാണു ഞാൻ മനസ്സിലാക്കുന്നത്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ തങ്ങളെ പഠിപ്പിക്കാനോ നയിക്കാണോ യോഗ്യത ഉള്ളവർ അല്ല എന്നു കുട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നാൽ വിദ്യഭ്യാസം ലക്‌ഷ്യം കണ്ടു തുടങ്ങുന്നു എന്നു കൂടിയാണ് അർഥം.

രാ: വി സി ആരാകണം ആരാകരുത് എന്നു തീരുമാനിക്കാൻ വിദ്യാര്‍ത്ഥികൾക്ക് അവകാശമുണ്ടോ?

നു: തങ്ങളെ ആരു ഭരിക്കണം എന്നു തീരുമാനിക്കാൻ നമുക്ക് കഴിയുന്നതിനെ ആണല്ലോ നാം ജനാധിപത്യം എന്നു വിളിക്കുന്നത്. ആ അവകാശം വിദ്യാര്‍ത്ഥികൾക്കും ഉണ്ട്. വി സിയെ തിരഞ്ഞെടുക്കുന്ന പാനലിൽ വിദ്യാർത്ഥി പ്രതിനിധികൾ ഉണ്ടായാൽ ഈ പ്രശ്നം പരിഹരിക്കാം എന്നല്ല ഇതിനര്‍ത്ഥം. അത്തരം സമീപനങ്ങൾ ഉണ്ടാകണം. തിരഞ്ഞെടുത്താൽ പിന്നെ ടേം കഴിയുന്നത്‌ വരെ എന്തും ആകാം എന്ന സ്ഥിതിയും ശരിയല്ല. വി സി യുടെ കാര്യത്തിൽ മാത്രമല്ല. അധ്യാപകരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ വേണം. വിദ്യാര്‍ത്ഥികളുടെ കൂടി വിലയിരുത്തലിനെ അടിസ്ഥാനത്തിൽ മാത്രം പ്രമോഷനും മറ്റും നല്കുന്ന സ്ഥിതി ഉണ്ടായാൽ ആർക്കാണ് കുഴപ്പം? കുട്ടികളെ മാത്രമല്ല, അധ്യാപകരെയും സ്ഥാപന മേധാവികളെയും നിരന്തര മൂല്യ നിർണ്ണയത്തിനു വിധേയമാക്കണം.

രാ: ഇന്ത്യൻ രാഷ്ട്രീയത്തിലെ വർത്തമാനത്തെ നരേന്ദ്ര മോദി എന്ന ഘടകം എത്രമാത്രം സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്? ഭാവി രാഷ്ട്രീയത്തിൽ എന്തായിരിക്കും ഈ ഘടകത്തിന്റെ സ്വാധീനം?

നു: മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പ്രധാന ഘട്ടമാണ് എന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ, മോദിയോടു നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. കൊണ്ഗ്രസ്സിനെയാണ് നാം ബദലായി കാണുന്നത്. അധികാരത്തിൽ തിരിച്ചെത്താൻ സ്വയം ബി ജെ പി വല്കരിക്കപ്പെടുകയല്ലാതെ നിർവ്വാഹമില്ല എന്നു സ്വയം മനസ്സിലാക്കിയത് പോലെയാണ് കോണ്ഗ്രസ് പെരുമാറുന്നത്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്നു ഗുജറാത്ത് നിയമസഭയിൽ ആവശ്യപ്പെടുന്നത് കൊണ്ഗ്രസ്സാണ്.  മംഗലാപുരത്ത് മുസ്ലിം ഐ എസ് എസ് ഉദ്യോഗസ്ഥന ക്ഷേത്രോത്സവത്തിന്റെ കമ്മറ്റിയിൽ പാടില്ല എന്നു പറഞ്ഞു പരാതി കൊടുക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കോണ്ഗ്രസ് എം എൽ എ യാണ്. മോദിയും ബി ജെ പിയും പോയാലും ഹിന്ദുത്വയുടെ  രാഷ്ട്രീയ താല്പര്യങ്ങൾ പോകില്ല എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുക എന്നതാണ് മോദിയുടെ ലക്‌ഷ്യം. കേരളത്തിൽ തന്നെ നോക്കൂ, ബി ജെ പി യേ നേരിടാൻ എന്ന പേരിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും യോഗാ പരിശീലനങ്ങളും സംഘടിപ്പിക്കുന്ന തിരക്കിലാണ് ഇടതുപക്ഷം. ഇതൊക്കെയും ഒരാൾ ചെയ്യുന്നു എന്നതിൽ ഒരു പ്രശ്നമുണ്ട് എന്നല്ല, മറിച്ചു ബി ജെ പി ചെയ്യുന്ന കാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നതിലൂടെ മാത്രമേ അവരെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന സ്ഥിതിയിലാണ് ഇടതു പക്ഷം പോലും. അതാണ്‌ ബി ജെ പിയുടെ ലക്ഷ്യവും. ശ്രീകൃഷ്ണ ജയന്തി ഏറ്റെടുത്തു നടത്തിയ പാർട്ടിക്ക് മുഹമ്മദ്‌ നബിയെ നിന്ദിച്ച് എഴുതിയ പത്രത്തോട് എതിർത്തു നിലപാടെടുക്കാൻ കഴിയാതെ പോയതും മറ്റൊന്നും കൊണ്ടല്ല. ഗോ മാതാവിന് പകരം വിപ്ലവ ഗോ മാതാവിനെ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അല്ല ഇന്ത്യ ഇപ്പോൾ നേരിടുന്നത്. ബി ജെ പി യിലെ ഹിന്ദുക്കൾക്കിടയിൽ ഇടർച്ചയുണ്ടാക്കാൻ രോഹിതിന്റെ മരണത്തിനു കഴിഞ്ഞു എന്നു പറഞ്ഞല്ലോ. അത് പോലെ, ഹിന്ദുത്വ രാഷ്ട്രീയത്തെ  ഫലപ്രദമായും ദീർഘകാലാടിസ്ഥാനത്തിലും പ്രതിരോധിക്കാൻ ഇന്ത്യയിലെ ദളിതുകള്‍ക്കേ കഴിയൂ. കൊണ്ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും മുസ്ലിംകളുടെത് പോലുള്ള സമുദായങ്ങൾക്കും ഇക്കാര്യത്തിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയും എന്നു തോന്നുന്നില്ല. വളരെ ചെറിയ  പങ്ക് മാത്രമേ വഹിക്കാൻ കഴിയൂ.

രാ: അവസാനമായി, എന്താണ് ജെ എൻ യു വിൽ നിന്നും എച് സി യു വിൽ നിന്നും നമുക്ക് പഠിക്കാനുള്ള ഗുണപരമായ പാഠങ്ങൾ?

നു: ജെൻ എൻ യു അല്ല, എച് സി യു എന്നും, കനയ്യയല്ല രോഹിത് എന്നും മനസ്സിലാക്കാൻ കഴിഞ്ഞാൽ തന്നെ, അത് വലിയൊരു പഠിപ്പായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍