UPDATES

ജെ.എന്‍.യു: എ.ബി.വി.പി പിളര്‍പ്പിലേക്ക്; മനുസ്മൃതി കത്തിക്കുമെന്ന് പാര്‍ട്ടി വൈ.പ്രസിഡണ്ട്

Avatar

അഴിമുഖം പ്രതിനിധി

ജെ.എന്‍.യുവിലെ എ.ബി.വി.പിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സംഘടന വിട്ടതിനു പിന്നാലെ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മനുസ്മൃതി കത്തിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ദിനമായ ഇന്ന് വൈകിട്ട് മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിക്കുമെന്ന് സംഘടനാ വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരായ വ്യക്തമാക്കി. ഇതോടെ ജെ.എന്‍.യു എ.ബി.വി.പി വന്‍ പിളര്‍പ്പിന്റെ വക്കിലാണ്.

 

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമൂലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി.ജെ.പിയും എ.ബി.വി.പി നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ച് ജോയിന്റ് സെക്രട്ടറി പ്രദീപ് നാര്‍വാള്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് യൂണിറ്റിലെ പ്രസിഡന്റ്ും സെക്രട്ടറിയുമായ രാഹുല്‍ യാദവ്, അങ്കിത് ഹാന്‍സ് എന്നിവര്‍ രാജിവച്ചിരുന്നു. ജെ.എന്‍.യുവില്‍ നടക്കുന്ന അടിച്ചമര്‍ത്തലും തങ്ങളുടെ നിലപാടിന് കാരണമായതായി വ്യക്തമാക്കിയ ഇവര്‍ പിന്നീട് പ്രക്ഷോഭകര്‍ക്കൊപ്പം ചേരുകയും ചെയ്തു.

 

ഇതിനു പിന്നാലെയാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് തന്നെ എ.ബി.വി.പിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ മനുസ്മൃതിയില്‍ ഉള്ള കാര്യങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്ക് എ.ബി.വി.പിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഗൊരായ വ്യക്തമാക്കി. അതുകൊണ്ട് തങ്ങള്‍ മനുസ്മൃതി കത്തിക്കുമ്പോള്‍ എ.ബി.വി.പി ഇതിനൊപ്പം നില്‍ക്കുമോ എന്നറിയില്ല. സംഘടനയില്‍ നിന്നുരാജി വയ്ക്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ജെ.എന്‍.യുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു ജനറല്‍ സീറ്റില്‍ എ.ബി.വി.പി ഇത്തവണ വിജയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന ദേശദ്രോഹ വിവാദവുമായി ബന്ധപ്പെട്ട് സംഘടന വന്‍ പിളര്‍പ്പിന്റെ വക്കിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍