UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു: ഇവിടെ സമരങ്ങള്‍ അവസാനിക്കുന്നില്ല

വാണി മേച്ചേരില്‍

വേനലാണ്. സെമസ്റ്റര്‍ അവസാനിക്കുന്നതിന്റെ തിരക്കുകളിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. സൂത്രശാലിയായ ജെഎന്‍യു വിസി ഉന്നത തല അന്വേഷണ സമിതി (എച്ച് എല്‍ ഇ സി) റിപ്പോര്‍ട്ട് തക്കം നോക്കി പുറത്തു വിടുന്നു. ജനുവരി ഒമ്പതിന് നടന്ന സംഭവങ്ങളെ പറ്റി അന്വേഷിക്കാന്‍ രൂപം കൊടുത്ത കമ്മിറ്റി അസാധാരണ ആര്‍ജ്ജവം കാട്ടിക്കൊണ്ട് 24 മണിക്കൂറിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എട്ട് വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്യാനുള്ള നിര്‍ദ്ദേശമാണ് അന്ന് ഈ കമ്മിറ്റി നല്‍കിയത്. അന്വേഷണ വിധേയരായ മൂന്നു പേര്‍ കള്ളക്കേസില്‍ കുടുക്കപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴാണ് അവര്‍ക്കെതിരെ കൂടിയുള്ള അന്വേഷണം ഈ കമ്മിറ്റി പൂര്‍ത്തിയാക്കുന്നത്. കൃത്രിമം കാണിച്ച വീഡിയോകളും സംഘി ലോജിക്കുകളുമായിരുന്നു ഇതിന് ആധാരം. ആ റിപ്പോര്‍ട്ട് വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദഫലമായി അഡ്മിനിസ്‌ട്രേഷന് പിന്‍വലിക്കേണ്ടിയും വന്നു.

തികച്ചും ജനാധിപത്യ വിരുദ്ധമായാണ് എച്ച് എല്‍ ഇ സിക്ക് രൂപം കൊടുത്തത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ നിന്നുള്ള ഒറ്റ അധ്യാപകനോ ഒരു ദളിത് ഫാക്കല്‍റ്റി അംഗമോ പോലും ഉണ്ടായിരുന്നില്ല. പിന്നോക്കാവസ്ഥയിലുള്ള സാമൂഹിക, സാമ്പത്തിക പരിസരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുള്ള നിര്‍ണായകമായ അന്വേഷണം നടത്താനാണിതെന്നോര്‍ക്കണം.

എറ്റവും ഒടുവില്‍ വന്ന എച്ച് എല്‍ ഇ സി റിപ്പോര്‍ട്ട് പ്രകാരം ശിക്ഷ താഴെ പറയും പ്രകാരമാണ്.

ഉമര്‍ ഖാലിദ്: ഒരു സെമസ്റ്റര്‍ കാലയളവില്‍ പുറത്താക്കിയിരിക്കുന്നു. കൂടെ 20,000 രൂപ ഫൈനും.

അനിര്‍ബന്‍:  ജൂലായ് 15 വരെ പുറത്താക്കി. ജൂലൈ 25-നുശേഷം അഞ്ച് വര്‍ഷത്തേക്ക് ക്യാമ്പസില്‍ പ്രവേശിക്കരുത്.

മുജീബ് ഗട്ടു:  രണ്ട് സെമസ്റ്ററുകളില്‍ പുറത്താക്കി.

അശുതോഷ്: ഒരു വര്‍ഷത്തേക്ക് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.

ചിന്റു കുമാരി, രാമാനാഗ, അനന്ത്, ഐശ്വര്യ, ഗാര്‍ഗി, ശ്വേതാരാജ് എന്നിവര്‍ക്ക് 20,000 രൂപയും കനയ്യക്ക് 10,000 രൂപയും മറ്റ് സംഘാടകര്‍ക്ക് 10,000 മുതല്‍ 20,000 വരേയും പിഴ വിധിച്ചിട്ടുണ്ട്.

ജെഎന്‍യുവിനെ സംബന്ധിച്ചിടത്തോളം വിദ്യാര്‍ത്ഥികളുടേതായ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുമടങ്ങുന്ന ജനറല്‍ ബോഡിക്കാണ്. ഏപ്രില്‍ 12-ാം തിയതി ചേര്‍ന്ന ഈ ജനറല്‍ ബോഡി എച്ച് എല്‍ ഇ സി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

സാമൂഹിക നീതിയിലധിഷ്ഠിതമായ വിദ്യാര്‍ത്ഥി പ്രവേശനത്തെ അട്ടിമറിക്കാന്‍ ഡിപ്രീവിയേഷന്‍ പോയിന്റുകള്‍ കുറയ്ക്കുക, സുതാര്യമായ ചര്‍ച്ചകള്‍ നടത്താതെ പ്രത്യേക കോഴ്‌സുകളെ ക്ലസ്റ്ററുകളാക്കുക മുതലായ തള്ളവിരല്‍ മുറിക്കല്‍ വിദ്യകള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് എച്ച് എല്‍ ഇ സി റിപ്പോര്‍ട്ട് കാട്ടി വിരട്ടാനുള്ള അധികൃതരുടെ ശ്രമം. ഇവയ്‌ക്കെല്ലാമെതിരായി ജെഎന്‍യു എസ് യുവിന്റെ നേതൃത്വത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു കഴിഞ്ഞു. സെമസ്റ്റര്‍ അവസാനത്തിലും നിരാഹാര സമരത്തിനു മുമ്പായി നടന്ന പ്രകടനത്തിലും വന്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. അനിശ്ചിത കാല നിരാഹാരത്തോടൊപ്പം റിലേ നിരാഹര സമരത്തിലും വിദ്യാര്‍ത്ഥികള്‍ ഐക്യപ്പെടുന്നു. അതേ, ഇവിടെ സമരം അവസാനിക്കുന്നില്ല.

(ജെ എന്‍ യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍