UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതേ, ജെഎന്‍യു തിരിച്ചറിവിന്റെ കണ്ണാടിയാണ്

Avatar

ലാലി പി.എം

ജെ എന്‍ യുവിനെപ്പറ്റി കേട്ടറിഞ്ഞത് ഡിഗ്രി പഠന കാലത്താണ്. പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍, ഉന്നതരായ നേതാക്കള്‍, ഇന്ത്യയിലെ പണ്ഡിത പ്രമുഖര്‍ ഒക്കെ പഠിച്ചിരുന്നതും അപ്പോഴും പഠിക്കുന്നതുമായ കലാലയം. എന്തുകൊണ്ടോ അപ്രാപ്യമായ ഒന്നെന്ന ചിന്തയായിരുന്നു അപ്പോഴൊക്കെ എന്നെ ഭരിച്ചിരുന്നത്. ചിന്തിക്കാന്‍ പോലുമാകാത്തത്ര ഉയരത്തിലെന്ന ഭീതി.

പിന്നെ കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായപ്പോ, അവരുടെ പഠനമാരംഭിച്ചപ്പോ വീണ്ടും സ്വപ്നങ്ങളായി. എനിക്ക് സാധിക്കാത്തത് എന്റെ കുട്ടികള്‍ക്ക് സാധിക്കും എന്ന പിന്‍തിരിപ്പനെന്ന് തോന്നിയേക്കാവുന്ന ചിന്ത. അവരുടെ സ്വപ്നങ്ങളാണ് അവര്‍ക്ക് വേണ്ടതെന്നയിടത്ത് ഈയമ്മയുടെ ചിന്തകള്‍ പിന്തിരിപ്പന്‍ തന്നെയാകണം അല്ലേ?

മൂത്ത കുട്ടിയാകും എപ്പോഴും മാതാപിതാക്കളുടെ വളര്‍ത്തല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുക.. അങ്ങനെ ഒന്‍പതാം ക്ലാസ്സായപ്പോഴേ ഞാനവള്‍ക്ക് നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവയുടെ ചരിത്രപരമായ പ്രസക്തിയെക്കുറിച്ചും എപ്പോഴും പറഞ്ഞു കൊടുത്തിരുന്നു. എന്താണു ഇടതുപക്ഷ വീക്ഷണമെന്നും കമ്മ്യൂണിസ്റ്റ് പരിപ്രേക്ഷ്യമെന്നും ഒക്കെ. സാമൂഹ്യ പാഠം പഠിപ്പിക്കുമ്പോഴൊക്കെ അനവധി സംഭവങ്ങള്‍, കഥകള്‍ ഒക്കെ പറഞ്ഞു കേള്‍പ്പിച്ച് അവളെ ബോറടിപ്പിച്ചു.

പത്താം ക്ലാസ്സില്‍ തരക്കേടില്ലാത്ത മാര്‍ക്കോടെ പാസായപ്പോഴും ഹ്യുമാനിറ്റീസ് എടുക്കാനായിരുന്നു അവള്‍ക്കിഷ്ടം. എന്റെ ആഗ്രഹവും അതു തന്നെയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും എന്തിനു മോളുടെ സ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് ടീച്ചര്‍ പോലും പറഞ്ഞു ‘സയന്‍സ് ഗ്രൂപ്പെടുക്കൂ. പ്ലസ് ടു കഴിഞ്ഞാല്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടല്ലോ’ എന്ന്. എനിക്ക് സംശയമേ ഉണ്ടായ്യിരുന്നില്ല. സോഷ്യോളജി പഠിക്കേണ്ട കുട്ടി എന്തിനു വെറുതെ സയന്‍സൊക്കെ പഠിച്ച് സമയം കളയണം? മോള്‍ക്ക് ധൈര്യം കൊടുത്തതും തീരുമാനമെടുക്കാന്‍ സഹായിച്ചതും ഞാനാണ്.

ബി എ സോഷ്യോളജി കഴിഞ്ഞ് ജെ എന്‍ യു വിന്റെ പ്രവേശന പരീക്ഷാ ഹാളില്‍ കയറും വരെയും അവളെന്നോട് സംസാരിച്ച് കൊണ്ടേയിരുന്നു. ഉമ്മാ അതെങ്ങനാ ഇതെങ്ങനാന്നൊക്കെ ചോദിച്ച്. പ്രവേശന പരീക്ഷാ ഫലം വരാന്‍ താമസിച്ച് മറ്റൊരു പ്രശസ്തമായ സര്‍വ്വകലാശാലയില്‍ ചേര്‍ന്നപ്പോഴും അവള്‍ പറഞ്ഞു, ഉമ്മ വിഷമിക്കേണ്ട എനിക്ക് ജെ എന്‍ യുവില്‍ കിട്ടും.

അതെ, അത്രയേറേ ആഗ്രഹിച്ചിരുന്നു രാജ്യത്തിന്റെ ബുദ്ധികേന്ദ്രമെന്നറിയപ്പെടുന്ന ആ സര്‍വ്വകലാശാലയില്‍ എന്റെ മക്കള്‍ പഠിക്കണമെന്ന്. അതിന് എന്റേയും നിരന്തരമായ പരിശ്രമമുണ്ടായിരുന്നു.

ജെ എന്‍ യു വിശേഷങ്ങള്‍ സ്ഥിരമായി അത്ഭുതത്തോടെ കേട്ടിരിക്കും. നമ്മള്‍ കേരളീയര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത ഇടം. രാജ്യത്തിന്റെ പൊതു ബോധത്തെ ഗേറ്റിനു വെളിയില്‍ ഉപേക്ഷിച്ച ശേഷമേ അങ്ങോട്ട് കടക്കാനാവൂ. ഇല്ലെങ്കില്‍ നമ്മളവിടത്തെ അന്യഗ്രഹ ജീവിയാകും.

ഇന്ത്യയുടെ ഒരു ചെറുപതിപ്പ്. എല്ലാ സംസ്ഥാനത്തിന്റേയും പ്രാതിനിധ്യം, വിവിധ ഭാഷക്കാര്‍, വിവിധ രാഷ്ട്രീയക്കാര്‍, തീവ്ര വലതുപക്ഷം മുതല്‍ തീവ്ര ഇടതുപക്ഷം വരെ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒപ്പം ലെസ്ബിയനുകളും ഗേകളും ഉഭയ ലൈംഗികതക്കാരും എല്ലാമുള്ളയിടം. ഏറെ വിചിത്രമായി തോന്നിയത് അവിടെ പ്രാര്‍ഥനാ ഗ്രൂപ്പുകളും കൂടിയുണ്ടെന്നുള്ളതാണു. (ബുദ്ധിയുള്ളവര്‍ക്ക് മതത്തെ തള്ളിക്കളയാനാകുമെന്നൊരു ചിന്ത ഉണ്ടായിരുന്നു. അതും ജെ എന്‍ യു പൊളിച്ചു തന്നു).

മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എത്ര വരെയെന്ന് അവിടെ ചെല്ലുമ്പോളാണു നമ്മള്‍ തിരിച്ചറിയുന്നത്. പ്രണയവും സെക്‌സും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സെക്‌സ് മനുഷ്യരെ സംബന്ധിച്ച് ഒരു വലിയ കാര്യമല്ലെന്നും അവള്‍ പറയുമ്പോള്‍ അത്രയൊന്നും വളര്‍ന്നിട്ടില്ലാത്ത ഞാന്‍ അതു തള്ളണോ കൊള്ളണോ എന്നറിയാതെ വിഷമിച്ചിരിക്കും. മദ്യം കഴിക്കുകയും പുക വലിക്കുകയും ചെയ്യുന്ന സ്ത്രീ കേരളത്തിലെ മാധ്യമങ്ങളെ വരെ വിറളി പിടിപ്പിക്കുമ്പോള്‍ അവിടം അതൊക്കെയും നിസ്സാരമായി കാണാന്‍ നമ്മളെ പഠിപ്പിക്കും.

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ അബദ്ധചിന്തകളുമായി അവിടെയെത്തുന്ന ആണിനേയും പെണ്ണിനേയും ജെ എന്‍ യു കടപുഴക്കിയെറിയും. മെയില്‍ഷോവനിസ്റ്റുകളെ ഫെമിനിസത്തിലേക്ക് മാമോദീസാ മുക്കും.

പ്രകൃതിയെ സ്‌നേഹിക്കുന്ന, മൃഗങ്ങളെ സ്‌നേഹിക്കുന്ന, എല്ലാ ജൈവ സങ്കല്പങ്ങളേയും ചേര്‍ത്തു പിടിക്കുന്ന ഇടം. നായ സ്‌നേഹികളും ഒരിക്കലെങ്കിലും നായകളുടെ അക്രമണത്തിന് ഇരയാകുമ്പോഴേക്കും നായകളോട് കലാപത്തിലാകുന്നവരും ഒത്തൊരുമിച്ച് തന്നെ ജീവിക്കുന്നത് ഇവിടെയാണ്.

ഭാരതത്തിന്റെ വ്യത്യസ്ത രുചികളുടേയും വിഭിന്ന സംസ്‌ക്കാരങ്ങളുടേയും കൂടി ഇടം. രാവെളുക്കുവോളം ഉണര്‍ന്നിരിക്കുന്ന, സംവാദത്തിലേര്‍പ്പെടുന്ന, നിരന്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ഇടം.

ബഹുസ്വരതയെന്തെന്ന് പഠിക്കണമെങ്കില്‍, ഉദാഹരിക്കണമെങ്കില്‍ ജെ എന്‍ യുവല്ലാതെ മറ്റൊരു സര്‍വ്വകലാശാലയില്ല. ഏറ്റവും സ്വതന്ത്ര മനുഷ്യരെ അവിടം സൃഷ്ടിക്കുന്നുണ്ട്. പരിണാമത്തിന്റെ അങ്ങേയറ്റത്ത് എത്തി നില്‍ക്കുന്ന മനുഷ്യര്‍.

അവിടന്ന് വെളിയിലെത്തുമ്പോഴാണ് അധികാരം സമൂഹത്തിലും കുടുംബ ഘടനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യക്തി ബന്ധങ്ങളിലും എത്ര ഭയാനകമായാണ് അധിനിവേശം നടത്തിയിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുന്നത്. ആ നിലയില്‍ നമ്മളൊക്കെയും ഫാസിസ്റ്റെന്ന തിരിച്ചറിവുണ്ടാകുന്നത്.

അതെ ജെ എന്‍ യു നമുക്ക് തരുന്നത് തിരിച്ചറിവിന്റെ ഒരു കണ്ണാടിയാണ്. അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല. ഏതെങ്കിലും വിധത്തില്‍ അവിടെയെത്തുന്നവര്‍ക്കും ആ സര്‍വ്വകലാശാല ഇത്തരത്തിലൊരു അവബോധം നല്‍കുന്നുണ്ട്.

രാജ്യം മുഴുവന്‍ ജെ എന്‍ യു ആകുന്ന ഒരവസ്ഥയിലേ നമുക്ക് ഭാരതീയര്‍ക്ക് ജനാധിപത്യത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയും രാജ്യസ്‌നേഹത്തെപ്പറ്റിയും എന്തെങ്കിലും പറയാന്‍ അവകാശമുള്ളൂ.

(എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍