UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജീബിന്‌റെ തിരോധാനത്തിന് 20 ദിവസം: കക്ഷി നേതാക്കള്‍ ജെ.എന്‍.യുവിലേയ്ക്ക്

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പി.ജി.വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായി 20 ദിവസം പിന്നിടുമ്പോഴും ദുരൂഹത തുടരുകയാണ്. ഇന്നലെ നജീബിന്‌റെ കുടുംബത്തിനും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടേയും നേതാക്കന്മാര്‍ ക്യാമ്പസിലെത്തിയിരുന്നു.   

കോണ്‍ഗ്രസില്‍ നിന്ന് മണിശങ്കര്‍ അയ്യരും ശശി തരൂരുമാണ് എത്തിയത്. സി.പി.എമ്മില്‍ നിന്ന് പ്രകാശ് കാരാട്ട്, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോദിയ, ജനതാദള്‍ യുണൈറ്റഡിന്‌റെ കെ.സി.ത്യാഗി എന്നിവരാണ് ഐക്യദാര്‍ഢ്യ യോഗത്തില്‍ പങ്കെടുത്തത്.

നജീബിന്‌റെ തിരോധാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഇന്ത്യാഗേറ്റിലേയ്ക്ക് വ്യാപിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കാന്‍ നിര്‍ബന്ധിതമാക്കണമെന്നും കേജ്രിവാള്‍ ആ
വശ്യപ്പെട്ടു. ജനങ്ങളുടെ ശക്തി ഉപയോഗിച്ചാല്‍ മാത്രമേ നജീബിനെ തിരികെ കൊണ്ടുവരാനാകൂ. സമരം ക്യാമ്പസിന് പുറത്തേയ്ക്ക് കൊണ്ടുപോകണം – കേജ്രിവാള്‍ പറഞ്ഞു.

നജീബിനെ കാണാതായി 20 ദിവസത്തിലധികമായിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. നജീബിനെ കാണാതായ ഉടന്‍ എന്തുകൊണ്ട് പൊലീസ് ക്യാമ്പസില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയില്ല. ഇതുകൊണ്ടൊക്കെയാണ് നജീബിന് നീതി ആവശ്യപ്പെടേണ്ടി വരുന്നത് – തരൂര്‍ അഭിപ്രായപ്പെട്ടു.

ജെ.എന്‍.യുവില്‍ സംഭവിക്കുന്നത് തന്നെയാണ് രാജ്യത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയാണുള്ളത്. ഇതിനെതിരെ നമ്മളെല്ലാം ഒറ്റക്കെട്ടായി പൊരുതണം. നജീബിന്‌റെ കുടുംബം ഒറ്റയ്ക്കല്ല. നീതി കിട്ടുന്നത് വരെ പോരാടും – കാരാട്ട് വ്യക്തമാക്കി   

ഒന്നാം വര്‍ഷ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ ജെ.എന്‍.യു ക്യാമ്പസിലെ മഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് ഒക്ടോബര്‍ 15നാണ് കാണാതായത്. ഒക്ടോബര്‍ 14ന് നജീബും എ.ബി.വി.പി വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുപതോളം വരുന്ന സംഘം നജീബിനെ ആക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഒക്ടോബര്‍ 17 മുതല്‍ ക്യാമ്പസിനകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭരംഗത്തുണ്ട്. സര്‍വകലാശാല അധികൃതര്‍ വിഷയം ഗൗരവമായി എടുക്കുന്നില്ലെന്ന പരാതിയാണ് വിദ്യാര്‍ത്ഥികള്‍ക്കും നജീബിന്‌റെ കുടുംബത്തിനുമുള്ളത്. നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ കേസൊന്നും ഫയല്‍ ചെയ്തിട്ടില്ലെന്നും നജീബിനെ ആക്രമിച്ച എ.ബി.വി.പിക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചൂണ്ടിക്കാട്ടി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍