UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ജെഎന്‍യു: കോലം കത്തിച്ചതിന് എന്‍.എസ്.ഐ.യുവിനെതിരെ അന്വേഷണം

Avatar

അഴിമുഖം പ്രതിനിധി

 

കഴിഞ്ഞ കുറെ മാസങ്ങളായി നിരവധി പ്രക്ഷോഭങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വേദിയായ രാജ്യത്തെ ക്യാമ്പസുകള്‍ വീണ്ടും പ്രക്ഷോഭ പാതയിലേക്ക്. നിലവിലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ച ജെ.എന്‍.യു തന്നെയാണ് ഇത്തവണയും ഒരുഭാഗത്ത്. ജമ്മു-കാശ്മീരിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് സോണിപ്പത്തിലെ അശോക യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.

 

മുമ്പ് ഇടത്, ലിബറല്‍, ദളിത് സംഘടനകളായിരുന്നു ജെ.എന്‍.യുവിലെ സമരമുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതെങ്കില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.ഐ.യു ആണ് അധികാരികളുമായുള്ള ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം സംഘപരിവാര്‍ നേതാക്കളുടെ കോലം കത്തിച്ചതാണ് ഇത്തവണ ജെ.എന്‍.യു അധികാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ജെ.എന്‍.യു അധികാരികളില്‍ നിന്ന് ഔദ്യോഗികമായ പരാതി ലഭിച്ചിട്ടില്ലെന്നും ഇത് ലഭിച്ചാല്‍ നടപടിയുണ്ടാവുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി സംഭവത്തെക്കുറിച്ച് അന്വേഷിച്ച അധികാരികള്‍ ഇതിനകം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വിവരമുണ്ട്.

 

നേരത്തെ ക്യാമ്പസില്‍ ഗുജറാത്ത് സര്‍ക്കാരിന്റെയും ഗോസംരക്ഷണ സേനക്കാരുടേയും കോലങ്ങള്‍ കത്തിച്ചത്തിനെതിരെ എന്‍.എസ്.യു.ഐ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍വകലാശാല തലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ വിഷയം. അതേ സമയം, പ്രധാനമന്ത്രിയുടെ കോലം കത്തിച്ച നടപടിയെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും അത് സംഘടനയുടെ പ്രഖ്യാപിത തത്വങ്ങള്‍ക്ക് എതിരാണെന്നും സംഘടനാ വക്താവ് ലെനി ജാദവ് പറഞ്ഞു. ഇത് ലംഘിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവും. എന്നാല്‍ ഇത്തവണ നടന്ന പ്രതിഷേധം ആ അര്‍ഥത്തില്‍ സ്വീകാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് ആശയങ്ങള്‍ കുത്തി നിറയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പ്രതിഷേധ പരിപാടി ഒരുക്കിയതെന്നും ലെനി പറഞ്ഞു. തങ്ങള്‍ക്കെതിരെ നടപടിയുണ്ടായാല്‍ രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് മറ്റൊരു നേതാവ് സണ്ണി ധിമാന്‍ വ്യക്തമാക്കി.

 

 

പ്രതിഷേധങ്ങളുടെ ഭാഗമായി കോലങ്ങള്‍ കത്തിക്കുക എന്നത് ലോകവ്യാപകമായി തന്നെ നടത്തപ്പെടുന്ന രീതിയാണ്. ഇതിനു മുമ്പും ജെ.എന്‍.യുവില്‍ ഇത്തരം പ്രതിഷേധം നടന്നിട്ടുണ്ട്. അന്നൊന്നും യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് ഇതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മോദിക്കും അമിത് ഷായ്ക്കും പുറമെ യോഗാ പരിശീലകന്‍ ബാബാ രാംദേവ്, നാഥുറാം ഗോഡ്‌സെ, സാധ്വി പ്രഗ്യ, യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആത്മീയ ഗുരു ആസാറാം ബാപ്പു, ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാര്‍ എന്നിവരുടെ കോലമാണ് എന്‍.എസ്.യു.ഐ കത്തിച്ചത്.

 

ലിബറല്‍ യൂണിവേഴ്‌സിറ്റി എന്ന് പരസ്യവാചകം നല്‍കി പ്രവര്‍ത്തിക്കുന്ന അശോക യൂണിവേഴ്‌സിറ്റിയാണ് ഇപ്പോള്‍ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബുര്‍വാന്‍ വാണിയുടെ മരണത്തോടെ കാശ്മീരില്‍ ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തണമെന്നും അവിടെ ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 88 പേര്‍ ഒപ്പിട്ട നിവേദനം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈ 25-ന് നല്‍കിയ നിവേദനത്തിന് പിന്നാലെ ഇക്കാര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ അന്വേഷണം നടത്തുകയും ചെയ്തു. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ ഉള്ളവര്‍ക്ക് അതാകാമെന്നും എന്നാല്‍ സര്‍വകലാശാലയുടെ പേര് അതിനായി ഉപയോഗിക്കരുതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ സര്‍വകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുള്ള മുതിര്‍ന്ന രണ്ടു പേര്‍ കഴിഞ്ഞ ദിവസം രാജി വച്ചു. ഇവര്‍ രണ്ടു പേരും നിവേദനത്തില്‍ ഒപ്പു വച്ചവരാണ്. ഇതിനു പുറമെ നിവേദനത്തില്‍ ഒപ്പു വച്ച ഒരു അസിസ്റ്റന്റ് പ്രൊഫസറും രാജി വയ്ക്കാന്‍ സമ്മര്‍ദ്ദം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍