UPDATES

കേന്ദ്ര സര്‍ക്കാര്‍ ജെഎന്‍യുവിന്റെ അടിക്കല്ലിളക്കുമ്പോള്‍

കഴിഞ്ഞ വര്‍ഷം പ്രവേശനം നടത്തിയ 1174 സീറ്റില്‍ നിന്ന് ഇത്തവണ 194 സീറ്റുകളായി പ്രവേശനം ചുരുക്കി; വൈവ അടിസ്ഥാനപ്പെടുത്തി പ്രവേശനം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് 81 ശതമാനം സീറ്റുകള്‍ വെട്ടിക്കുറച്ചു കൊണ്ട് അധികൃതര്‍ ഉത്തരവിറക്കിയതോടെ രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല നിലനില്‍പ്പു ഭീഷണിയില്‍. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍വകലാശാല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് യു.ജി.സിയെ ഉപയോഗിച്ച് സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. പുതിയ നീക്കത്തിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്നു മുതല്‍ വീണ്ടും പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഏപ്രില്‍ അഞ്ചു വരെയാണ് എം.ഫില്‍-പി.എച്ച്.ഡി, നേരിട്ടുള്ള പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നത്. എന്‍ട്രന്‍സ് പരീക്ഷ മെയ് 16 മുതല്‍ 19 വരെ നടത്തും. റിസള്‍ട്ട് ജൂണ്‍ 23-നു പ്രഖ്യാപിക്കും. യു.ജി.സിയുടെ 2016-ലെ വിജ്ഞാപനം അനുസരിച്ചായിരിക്കും പ്രവേശനം. അതായത്, എന്‍ട്രന്‍സ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്കു മാത്രമേ വൈവയ്ക്ക് ഹാജരാകാന്‍ സാധിക്കുകയുള്ളൂ. വൈവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പിന്നോക്ക മേഖലകളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് ഇതുവരെ നിലനിന്നിരുന്ന വെയ്‌റ്റേജ് സമ്പ്രദായം ഇനി ഉണ്ടായിരിക്കില്ലെന്നുമാണ് പുതിയ പ്രവേശന മാനദണ്ഡങ്ങള്‍.

ജെ.എന്‍.യുവിന്റെ അടിസ്ഥാന സ്വഭാവം തന്നെ തകര്‍ത്തുകളയുന്നതാണ് പുതിയ പ്രവേശന രീതികള്‍ എന്നാരോപിച്ച് കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. കോടതിയെ സമീപിച്ചെങ്കിലും പിന്നോക്ക മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഇളവടക്കമുള്ള കാര്യങ്ങളില്‍ കോടതി അനുകൂല ഉത്തരവ് നല്‍കിയില്ല. മാത്രമല്ല, യു.ജി.സി വിജ്ഞാപനം അനുസരിച്ച് തന്നെ പ്രവേശനം നടത്താനും ഉത്തരവിട്ടിരുന്നു. നേരത്തെ പ്രവേശനത്തിന് 70 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയ്ക്കും 30 ശതമാനം മാര്‍ക്ക് വൈവയ്ക്കും എന്ന അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള പിന്നോക്ക മേഖലകളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസമടക്കമുള്ളവ നേടി വരുന്ന വിദ്യാര്‍ഥികളുമായി മത്സരിക്കുന്നതില്‍ പരിമിതികളുണ്ടെന്നും അതിനാല്‍ വൈവയ്ക്കുള്ള മാര്‍ക്ക് വെട്ടിക്കുറയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഇത് 80-20 എന്ന രീതിയില്‍ ആക്കാമെന്നും സര്‍വകലാശാല അംഗീകരിച്ചിരുന്നു. എന്നാല്‍ 100 ശതമാനം വൈവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

അതിനൊപ്പമാണ് പിന്നോക്ക മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിന് ഇതുവരെ നല്‍കിപ്പോന്നിരുന്ന വെയ്‌റ്റേജ് മാര്‍ക്ക് അവസാനിപ്പിക്കാനുള്ള തീരുമാനവും. യു.ജി.സി വിജ്ഞാപനത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല എന്നാണ് ജെ.എന്‍.യു അധികൃതര്‍ ഇതിന് ചൂണ്ടിക്കാണിക്കുന്ന ന്യായം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന, എല്ലാ മത, ജാതി വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും തുല്യ നിലയില്‍ പ്രവേശനം ഉറപ്പാക്കുന്ന ജെ.എന്‍.യുവിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റി മറിച്ചു കൊണ്ട് സമൂഹത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രം പ്രവേശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനങ്ങളെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. വൈവ അടിസ്ഥാനത്തില്‍ പ്രവേശനം നിശ്ചയിച്ചതോടെ വൈവ നിയന്ത്രിക്കുന്ന ബോര്‍ഡില്‍ ഉള്‍പ്പെടുന്നവരുടെ താത്പര്യങ്ങള്‍ മാത്രമായിരിക്കും ഇനി പ്രവേശനത്തിനുള്ള മാനദണ്ഡം. അതായത്, നിലവിലെ സാഹചര്യത്തില്‍ സംഘപരിവാര്‍ താത്പര്യങ്ങളുള്ളവര്‍ക്ക് മാത്രമായി പ്രവേശനം ചുരുക്കുകയും അതുവഴി സര്‍വകലാശാലയ്ക്കുള്ള ഇടത് സ്വഭാവം ഇല്ലാതാക്കാനുമുള്ള നടപടിയായാണ് വിദ്യാര്‍ഥികളും അധ്യാപകരും ഇതിനെ കാണുന്നത്.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതു മുതല്‍ കേന്ദ്ര സര്‍ക്കാരിന്റേയും സംഘപരിവാര്‍ സംഘടനകളുടേയും നിരന്തര ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ജനറല്‍ സെക്രട്ടറി അനിര്‍ബെന്‍ ഭട്ടാചാര്യ, ഗവേഷക വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ് എന്നിവര്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെടുകയുണ്ടായി. ജെ.എന്‍.യുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും പ്രതിഷേധ സ്ഥലങ്ങള്‍ അടച്ചു പൂട്ടിയും അധികൃതര്‍ മുന്നോട്ടു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും നാള്‍ക്കു നാള്‍ കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിന്റെ അവസാന നടപടിയെന്ന നിലയിലാണ് പുതിയ പ്രവേശന നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിഗുരുതരമായ സ്ഥിതിവിശേഷമാണ് ജെ.എന്‍.യുവിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നതെന്നതാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്ന സീറ്റുകളും പ്രവേശന നടപടികളും സൂചിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ജെ.എന്‍.യു അടച്ചു പൂട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേ സമയം, കഴിഞ്ഞ വര്‍ഷം പ്രവേശനം നടത്തിയ 1000-ത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവി നോക്കുകയാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമെന്ന് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. കാരണം പുതിയ യു.ജി.സി നിര്‍ദേശമനുസരിച്ച് പ്രൊഫസര്‍ തസ്തികയിലുള്ള ഒരു റിസര്‍ച്ച് സൂപ്പര്‍വൈസര്‍ക്ക് മൂന്ന് എം.ഫില്‍ വിദ്യാര്‍ഥികളേയും എട്ട് പി.എച്ച്.ഡി വിദ്യാര്‍ഥികളേയും മാത്രമേ സൂപ്പര്‍വൈസ് ചെയ്യാന്‍ സാധിക്കൂ. ഒരു അസോസിയേറ്റ് പ്രൊഫസര്‍ക്ക് രണ്ട് എം.ഫില്‍ വിദ്യാര്‍ഥികളേയും ആറ് പി.എച്ച്.ഡി വിദ്യാര്‍ഥികളേയും ഒരു അസി. പ്രൊഫസര്‍ക്ക് ഒരു എം.ഫില്‍ വിദ്യാര്‍ഥിയേയും നാല് പി.എച്ച്.ഡി വിദ്യാര്‍ഥികളേയും മാത്രമേ സൂപ്പര്‍വൈസ് ചെയ്യാന്‍ സാധിക്കൂ. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പ്രവേശന നേടിയ വിദ്യാര്‍ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

റിസര്‍ച്ച് ഗൈഡുകളെ പരിമിതപ്പെടുത്തിയ നിര്‍ദേശത്തിന്റെ മറവിലാണ് കഴിഞ്ഞ വര്‍ഷം പ്രവേശനം നടത്തിയ 1174 സീറ്റില്‍ നിന്ന് ഇത്തവണ 194 സീറ്റുകളായി പ്രവേശനം ചുരുക്കിയിരിക്കുന്നത്. അതായത് ആയിരത്തോളം സീറ്റുകളാണ് ഇത്തവണ ഇല്ലാതായിരിക്കുന്നത് എന്നു ചുരുക്കം. മിക്ക സെന്ററുകള്‍ക്കും ഇത്തവണ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ജെ.എന്‍.യുവിലെ പ്രഖ്യാതവും ഏറ്റവും ആദ്യത്തേതുമായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിനെയാണ്. ഈ സ്‌കൂളിന്റെ കീഴിലുള്ള 13 സെന്ററുകളില്‍ മൂന്നു സെന്ററുകളില്‍ മാത്രമാണ് ഇത്തവണ പ്രവേശനം. കഴിഞ്ഞ തവണ 238 സീറ്റുകളിലേക്ക് പ്രവേശനം നടത്തിയിടത്ത് ഇത്തവണ അത് 11 ആയി വെട്ടിക്കുറച്ചു. അതുപോലെ സ്‌കൂള്‍ ഓഫ് ലാഗ്വേജസിലെ 12 സെന്ററുകളില്‍ നാലെണ്ണത്തില്‍ മാത്രമേ ഇത്തവണ പ്രവേശനമുള്ളൂ.

ഫിസിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടേഷ്ണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, ബയോടെക്‌നോളജി എന്നീ സ്‌കൂളുകളില്‍ ഇത്തവണ പ്രവേശനമില്ല. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ 13 സെന്ററുകളില്‍ രണ്ടിടത്തു മാത്രമേ ഇത്തവണ പ്രവേശനമുള്ളൂ. സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് എന്നിവയിലും ഇത്തവണ പ്രവേശനമില്ല. യു.ജി.സി സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളാണ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കഴിഞ്ഞ രണ്ടു വര്‍ഷമായി നേടുന്നതാണ് ജെ.എന്‍.യു. സ്‌കൂള്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസിലെ മികവ് ഇത്തവത്തെ പുരസ്‌കാരത്തിന് പ്രത്യേക കാരണമാവുകയും ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍