UPDATES

ജെ. എൻ. യു; ഈ ചെറുത്തുനിൽപ്പ് ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്‍റെ പ്രതിരോധം

Avatar

മാത്യു ജോസഫ്‌ സി

ജെ. എൻ. യു അതിന്‍റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അടിയന്തരാവസ്ഥാക്കാലത്തുപോലും ജെ. എൻ. യുവിന് ഇത്രയധികം അടിച്ചമർത്തൽ നേരിടേണ്ടിവന്നിട്ടില്ല. ഇന്ത്യയിലെ സർവകലാശാലകളിൽ ജ്ഞാനോല്പ്പാദനശേഷി ഏറ്റവും ഉയർന്നതരത്തിൽ പ്രകടമാക്കിയ സർവകലാശാലയാണ് ജെ. എൻ. യു. ജ്ഞാനവും അധികാരവും ജനാധിപത്യവും തമ്മിലുള്ള ബന്ധങ്ങളെ ഇത്രയധികം വ്യക്തതയോടെ ആലേഖനം ചെയ്യാൻ ജെ. എൻ. യുവിനോളം മറ്റൊരു പടിഞ്ഞാറനിതര സർവകലാശാലയ്ക്കും കഴിഞ്ഞിട്ടില്ല.

അധിനിവേശം കുടഞ്ഞെറിഞ്ഞ് സാമ്രാജ്യവിരുദ്ധതയുടെ രാഷ്ട്രീയവഴിയിലൂടെ മുന്നോട്ടുനീങ്ങിയ മൂന്നാംലോക രാഷ്ട്രീയത്തിന്റെയും അതിന്റെ ജ്ഞാനമണ്ഡലത്തിലുള്ള ഇടപെടലിന്റെയും മികച്ചഫലങ്ങൾ പ്രത്യക്ഷപ്പെടുത്തിയ സർവകലാശാലയാണ് ജെ. എൻ. യു. യുക്തിചിന്തയിൽ അധിഷ്ഠിതമായി ജ്ഞാനരൂപങ്ങളെ ദേശീയ – സാർവദേശീയ പരിപ്രേഷ്യത്തിൽ സമ്യക്കായി പരുവപ്പെടുത്തുന്നതിൽ ജെ. എൻ. യുവിലെ അദ്ധ്യാപക – വിദ്യാർഥി കൂട്ടായ്മ കൈവരിച്ച നേട്ടങ്ങൾ നിസ്തുലമാണ്. അത്തരം യത്നങ്ങളിൽ ഭാഗഭാക്കാകാൻ ഭാഗ്യം സിദ്ധിച്ച ഒരു പൂർവ വിദ്യാർഥിയാണ് ഞാൻ.

അഹിംസയിലും ജനാധിപത്യത്തിലും അടിസ്ഥാനമായുള്ള സംവാദാത്മകതയാണ് ജെ. എൻ. യുവിന്റെ ആത്മാവ്. ഈ സംവാദാത്മകതയാണ് ജെ. എൻ. യുവിന്റെ സവിശേഷമായ ജ്ഞാനോല്പ്പാദനശേഷിയുടെ അടിത്തറ. ഏതു വിഷയത്തേയും സംവാദാത്മകതയുടെ വിശാലപരിധിക്കുള്ളിൽ വിശകലനവിധേയമാക്കുന്ന രീതീശാസ്ത്രമാണ് ജെ. എൻ. യുവിന്റെ മൗലീക സംഭാവനയും. ഈ രീതീശാസ്ത്രത്തിന്റെ സൂക്ഷ്മതയും അപഗ്രഥനപടുതയും ശാസ്ത്ര – സാമൂഹ്യശാസ്ത്ര വിജ്ഞാനമേഖലകൾക്ക് നൽകിയ സംഭാവന ഗണനീയമാണ്. സംവാദാത്മകതയിൽ അധിഷ്ഠിതമായ ജ്ഞാനോല്പ്പാദനത്തിന്റെ രീതീശാസ്ത്രം വഴങ്ങാത്തവരും വെറുക്കുന്നവരുമാണ് ജെ. എൻ. യുവിന്റെ അസ്തിത്വത്തെ ഭയപ്പെടുന്നത്.

ജെ. എൻ. യുവിന്റെ കൈമുതലായ സംവാദാത്മകമായ അക്കാദമികാന്തരീക്ഷം കളങ്കിതമാക്കാനും നശിപ്പിക്കാനും ആരേയും അനുവദിച്ചുകൂട. വിയോജനങ്ങൾക്ക് സ്ഥാനമുള്ള അക്കാദമികാന്തരീക്ഷം സംരക്ഷിക്കാനുള്ള ജെ. എൻ. യുവിന്റെ ചെറുത്തുനിൽപ്പും സമരവും ഫാസിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ പ്രതിരോധമാണ് എന്നതില്‍ സംശയമില്ല.

(മാത്യു ജോസഫ്‌ സി., MMAJ അക്കാദമി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അസോസിയെറ്റ് പ്രൊഫസറാണ്). 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍