UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെ.എന്‍.യുവിന് പിന്നിലെ ആര്‍ എസ് എസ് പ്രോജക്റ്റ്

Avatar

രാജേഷ് കെ.

രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നാലെ കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്താകെ പുകയുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കേവലം യാദൃശ്ചികമായി സംഭവിച്ച ഒന്നാണോ? എന്തുകൊണ്ട് ആര്‍.എസ്.എസ് ജെ.എന്‍.യു.വിനെ ലക്ഷ്യം വെക്കുന്നു? ആര്‍.എസ്.എസ് രാജ്യസ്‌നേഹത്തിന്റെ ആയുധം ഇപ്പോള്‍ എടുത്തുപയോഗിക്കുന്നതെന്തുകൊണ്ടാണ്? തുടങ്ങിയ കാര്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വിശദമായ പരിശോധന അര്‍ഹിക്കുന്നു. 

രാജ്യസ്‌നേഹ വാദവും ഹൈന്ദവ ദേശീയതയും

വികസനത്തിന്റെ മായിക വാഗ്ദാനങ്ങള്‍ ഇന്ത്യന്‍ ജനതക്ക് നല്‍കിക്കൊണ്ടാണ് മോദി സര്‍ക്കാര്‍ 2014 മെയ് മാസത്തില്‍ അധികാരത്തില്‍ വന്നത്. ഇന്ത്യയുടെ മുഖച്ഛായ തന്നെ തങ്ങള്‍ മാറ്റും എന്നമട്ടില്‍ അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകളുടെ പണം ഉപയോഗിച്ച് വലിയ പ്രചാരണമാണ് അതിന് വേണ്ടി  ബി.ജെ.പി രാജ്യമൊട്ടാകെ നടത്തിയത്. അധികാരത്തില്‍ വന്നതിനു ശേഷം സ്വച്ഛ്ഭാരത് അഭിയാന്‍, സന്‍സദ് ആദര്‍ശ് ഗ്രാമീണ്‍ യോജന, മെയ്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്‍ ഇന്ത്യ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ ഇന്ത്യന്‍ ജനതയ്ക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ പദ്ധതികളില്‍ ഭൂരിഭാഗവും നിലവിലിരുന്ന പദ്ധതികളുടെ പേരുമാറ്റി അവതരിപ്പിച്ചവ ആയിരുന്നു. ഇതില്‍ തന്നെ പലതും അവ നടപ്പാക്കുന്നതിനുള്ള പണം മാറ്റിവെക്കാതെ കേവലം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചവയായിരുന്നു. ഭൂരിഭാഗവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമായിരുന്നു.

ഇവയില്‍ മിക്ക പദ്ധതികളും തുടക്കത്തില്‍ തന്നെ പാളിപ്പോയതാണ് നമ്മള്‍ കണ്ടത്. യഥാര്‍ത്ഥത്തില്‍ ദരിദ്രര്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ തന്നെ ദരിദ്രര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ മാധ്യമ തന്ത്രങ്ങളിലൂടെ വലിയ ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ ഈ പദ്ധതികളില്‍ ഒന്നും തന്നെ പ്രചരണത്തിനപ്പുറമുള്ള യഥാര്‍ത്ഥ വിജയം മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നില്ല എന്നതാണ് വസ്തുത. അദാനി ഉള്‍പ്പടെയുള്ള ആഭ്യന്തര കോര്‍പ്പറേറ്റുകള്‍ക്കും, വിദേശ കോര്‍പ്പറേറ്റുകള്‍ക്കും തങ്ങളുടെ വ്യവസായ സാമ്രാജ്യം വിപുലമാക്കാനുള്ള പരവതാനി ഒരുക്കുന്ന സഹായകസംവിധാനമായി സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ സാമ്പത്തിക അജണ്ടയായിരുന്നത്. ഇതിനാകട്ടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ തന്ത്രങ്ങള്‍ യു.പി.എ സര്‍ക്കാരിനെക്കാള്‍ വേഗത്തില്‍ ഇവര്‍ നടപ്പാക്കി. ഇത്തരത്തില്‍ സ്വകാര്യകോര്‍പ്പറേറ്റ് വ്യവസായ സാമ്രാജ്യ വ്യാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായി പെരുപ്പിച്ചുകാട്ടാം എന്നതായിരുന്നു തിരശ്ശീലയ്ക്ക് പിന്നിലെ സാമ്പത്തിക അജണ്ട.

എന്നാല്‍ ‘മന്‍ കി ബാത്ത്’ പോലുള്ള വാചകമടികള്‍ക്ക് അപ്പുറത്ത് മോദി സര്‍ക്കാര്‍ സാധാരണ ജനതക്കായി ഒന്നും ചെയ്യുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ജനതക്ക് എളുപ്പത്തില്‍ ബോധ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് ഏറ്റവും സഹായകരമായിരുന്ന തൊഴിലുറപ്പു പദ്ധതി ദുര്‍ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നീക്കം ജനങ്ങളുടെ തിരിച്ചറിവിനെ ബലപ്പെടുത്തി. അവര്‍ ഉപതിരഞ്ഞെടുപ്പുകളിലും, ബീഹാര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും രൂക്ഷമായി പ്രതികരിച്ചു. ജനങ്ങള്‍ക്ക് ഒരു നന്മയും ചെയ്യാതെ കോര്‍പ്പറേറ്റ് അജണ്ട മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം ലളിതമായി മുമ്പോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടു. രാജ്യത്ത് ദളിതര്‍ക്ക് നേരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങളും അവസാനമായി രോഹിത് വെമുലയുടെ ആത്മഹത്യയും, ഹൈന്ദവ ഐക്യം എന്ന ബി.ജെ.പി മുദ്രാവാക്യം ദളിതരെ ഉള്‍ക്കൊള്ളുന്നതല്ല എന്ന തിരിച്ചറിവ് രാജ്യത്തെ ദളിതര്‍ക്ക് നല്‍കി. സാധാരണക്കാരുടേയും ദളിതരുടേയും വിശ്വാസം നഷ്ടപ്പെട്ട ഒരു സര്‍ക്കാരായി മോദി സര്‍ക്കാര്‍ മാറി.

ജനപിന്തുണയില്‍ സംഭവിച്ച ഈ കുറവിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞാലേ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ആര്‍.എസ്.എസ് രാജ്യസ്‌നേഹത്തിന്റെ ചീട്ട് പുറത്തിറക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മരിച്ച സൈനികര്‍ക്കും, സിയാച്ചിനില്‍ മരിച്ച സൈനികര്‍ക്കും രാജ്യമാകെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പശ്ചാത്തലം ഇതിന് ഗുണകരമായും മാറി. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കുന്ന ഏതുതരം ചെറിയ വിമത പ്രവര്‍ത്തനത്തിനേയും രാജ്യവിരുദ്ധതയായി ഉയര്‍ത്തിക്കാണിക്കുക, ദേശദ്രോഹ വിരുദ്ധ മുദ്രാവാക്യങ്ങളും, പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുക, അവയുമായി ബന്ധപ്പെടുത്തി ചില വ്യക്തികളില്‍ രാജ്യദ്രോഹകുറ്റം ആരോപിച്ച് വിചാരണയുടെ അന്തരീക്ഷം സൃഷ്ടിക്കുക, മാധ്യമ പ്രചരണത്തിലൂടെ ഈ അവസരങ്ങളെ മുതലെടുക്കുക എന്നിവയാണ് ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍.

എന്തുകൊണ്ട് ജെ.എന്‍.യു?

ജെ.എന്‍.യു.വില്‍ നിന്ന് രാജ്യവിരുദ്ധ ക്യാമ്പയിനെ ചെറുക്കുന്നു എന്ന പ്രചാരണം തുടങ്ങുന്നതില്‍ നേരത്തെ സൂചിപ്പിച്ച വര്‍ത്തമാനകാല ലക്ഷ്യത്തിനൊപ്പം ദീര്‍ഘകാല ലക്ഷ്യം കൂടിയുണ്ട്. ഇന്ത്യയില്‍ എല്ലാ കാലത്തും പുരോഗമനാശയങ്ങളുടെ ഈറ്റില്ലമായി പ്രവര്‍ത്തിച്ച ഇടമാണ് ജെ.എന്‍.യു. ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി മേധാവിത്വം ഇടക്കാലത്ത് എസ്.എഫ്.ഐ.യില്‍ നിന്ന് മാറിയെന്നാലും അത് പുരോഗമന ചേരിയില്‍ തന്നെയായിരുന്നു നിലനിന്നിരുന്നത്. എ.ബി.വി.പി പോലുള്ള പ്രതിലോമ ശക്തികള്‍ക്ക് അവിടെ ഇടം ലഭ്യമായിരുന്നില്ല. അവസാനമായി രോഹിത് വെമുല പ്രശ്‌നത്തില്‍ പ്രതികരിക്കാനും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ മുന്‍നിരയിലുണ്ടായിരുന്നു. രാജ്യത്ത്, വിശേഷിച്ചും 1990കള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന മദ്ധ്യവര്‍ഗത്തിന് ഇടയില്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കും സ്വാധീനം വളര്‍ത്താനായി എങ്കിലും ജെ.എന്‍.യു, ഹിമാചല്‍ സര്‍വ്വകലാശാല, ഹൈദരാബാദ് സര്‍വ്വകലാശാല തുടങ്ങിയ പ്രധാന സ്ഥാപനങ്ങളില്‍ ഇടം പിടിക്കാന്‍ എ.ബി.വി.പികാര്‍ക്കും സംഘചാലകര്‍ക്കും കഴിഞ്ഞിരുന്നില്ല. പുരോഗമന ആശയങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന, രാജ്യത്തെ അഭിപ്രായരൂപീകരണ കേന്ദ്രങ്ങളില്‍ ആധിപത്യം സ്ഥാപിച്ചാല്‍ മാത്രമേ തങ്ങളുടെ വ്യാജപ്രചാരണങ്ങള്‍ രാജ്യത്ത് കണ്ണടച്ച് പ്രചരിപ്പിക്കാനാകൂ എന്ന തിരിച്ചറിവാണ് ജെ.എന്‍.യു.വിലെ ഇടപെടലിലേക്ക് ബി.ജെ.പി.യെ നയിച്ചത്. ഇടതുപക്ഷത്തെ നേരിട്ട് കടന്നാക്രമിക്കുന്നതിന് പകരം രാജ്യദ്രോഹത്തിന്റെ പുകമറ സൃഷ്ടിക്കലാണ് എളുപ്പവഴിയായി പരിവാര്‍ സംഘടനകള്‍ കണ്ടത്. സ്വാതന്ത്ര്യസമര കാലത്ത്  ബ്രിട്ടീഷുകാരെ ‘എതിര്‍ത്ത് സമയം കളയാതെ നിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കളായ മുസ്ലീങ്ങളെയും, കമ്മ്യൂണിസ്റ്റുകാരെയും ഇല്ലാതാക്കൂ’ എന്ന് ആഹ്വാനം ചെയ്ത ഗോള്‍വാക്കറുടെ പിന്‍മുറക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളെ ഏറ്റവും ശക്തമായി ചെറുക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെ പീഡനം അഴിച്ചുവിട്ടാല്‍ അവര്‍ ഇല്ലാതാകും എന്ന തോന്നല്‍ സ്വാഭാവികം മാത്രമാണ്. അതിനുള്ള അരങ്ങൊരുക്കുകയാണ് അവര്‍ ജെ.എന്‍.യു.വിലെ ഇടപെടലിലൂടെ ചെയ്തത്. ഒരു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുള്‍പ്പെട്ട പ്രശ്‌നത്തില്‍ അതിനെ ഒരു വലിയ രാജ്യദ്രോഹത്തിന്റെ പ്രശ്‌നമാക്കി മാറ്റിയതും ഇങ്ങനെയാണ്.

ജെ.എന്‍.യുവില്‍ നടന്നതെന്ത്?

ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇതിനകം പുറത്തു വന്നിട്ടുണ്ട്. തന്റെ പ്രസംഗത്തിലുടനീളം രാജ്യത്തെ അസമത്വത്തേയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതപ്രശ്‌നങ്ങളേയും, ആര്‍.എസ്സ്.എസ്സിന്റെ ദേശവിരുദ്ധ നിലപാടുകളേയും ആണ് കനയ്യകുമാര്‍ ചോദ്യം ചെയ്യുന്നത്. രാജ്യത്തോടും അതിന്റെ ഭരണഘടനയോടും ഉള്ള കൂറ് അദ്ദേഹം പ്രസംഗത്തില്‍ പലതവണ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. പ്രസംഗമദ്ധ്യത്തില്‍ ഒരിടത്ത് അഫ്‌സല്‍ഗുരുവിനെ പോലുള്ള തീവ്രവാദികള്‍ സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി എന്ന് മാത്രമാണ് കനയ്യകുമാര്‍ ഉന്നയിക്കുന്ന ചോദ്യം. അവിടേയും അദ്ദേഹം രാഷ്ട്രവിരുദ്ധവാദങ്ങളെ പിന്തുണയ്ക്കുന്നില്ല.

ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ കനയ്യകുമാര്‍ ഇടപെടുമ്പോള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയത് എന്ന തെളിവ് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ രൂപവും പുറത്തുവന്നിട്ടും അതില്‍ ദേശവിരുദ്ധതയുടെ ഘടകം ഇല്ലാതിരുന്നിട്ടും എ.ബി.വി.പി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ചെയ്ത മുദ്രാവാക്യംവിളിയുടെ പേരില്‍ അവരെ ശിക്ഷിക്കാതെ കനയ്യകുമാറിനെ ശിക്ഷിക്കുന്നതിന്റെ യുക്തി എന്താണ് എന്നത് ജനാധിപത്യ സമൂഹം ചര്‍ച്ച ചെയ്യണം. കനയ്യകുമാറിനെതിരെ രാജ്യവിരുദ്ധത ആരോപിക്കുന്നവര്‍ക്ക് അതു സമര്‍ത്ഥിക്കാന്‍ തക്ക ശേഷിയുള്ള യാതൊരു തെളിവും ഹാജരാക്കാനായില്ലെന്നു മാത്രമല്ല, ഉണ്ടാക്കിയ തെളിവുകള്‍ അപഹാസ്യമാംവിധം പരാജയപ്പെട്ടുപോവുകയും ചെയ്തു. തങ്ങളുടെ വാദങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ ലഭിക്കാതെ വന്നപ്പോള്‍ കനയ്യകുമാറിന്റെ പ്രസംഗത്തില്‍ രാജ്യവിരുദ്ധമായി ഒന്നും ഇല്ല എന്നു ഒരു ഘട്ടത്തില്‍ പറഞ്ഞ പോലീസ് തന്നെ അദ്ദേഹത്തിനെതിരെ പുതിയ ആരോപണങ്ങളുന്നയിച്ച് ദേശദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. ജെ.എന്‍.യു ഹോസ്റ്റലില്‍ ബീഫ് പാചകം ചെയ്യണമെന്ന് ആവശ്യപ്പെട്ടു, മഹിഷാസുര മഹോത്സവം ആഘോഷിക്കാന്‍ നേതൃത്വം നല്‍കി എന്നിവയാണ് അദ്ദേഹത്തിനെതിരെ ഉന്നയിച്ചിട്ടുള്ള പുതിയ ആരോപണങ്ങള്‍. ഭക്ഷ്യവൈവിധ്യത്തിനുള്ള അവകാശം നിലനില്‍ക്കുന്ന രാജ്യത്ത് അതിനായുള്ള ആവശ്യമുന്നയിച്ച ഒരു വിദ്യാര്‍ത്ഥിയെ രാജ്യദ്രോഹിയാക്കി മാറ്റുന്നതിന്റെ താല്‍പ്പര്യം എന്താണെന്ന് നാം തിരിച്ചറിയണം.

നോം ചോംസ്‌കി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹവും, ആദരണീയരായ അദ്ധ്യാപകരും പ്രതികരിച്ചിട്ടും, ജെ.എന്‍.യുവിലെ തന്നെ ഒരുകൂട്ടം എ.ബി.വി.പി നേതാക്കള്‍ പ്രതിഷേധരാജി നല്‍കിയിട്ടും എന്തുകൊണ്ടാണ് ആര്‍.എസ്സ്.എസ്സിന്റെ പാവയായ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുദേശീയതാ വികാരം കത്തിച്ച് മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന് അവര്‍ നടത്താന്‍ പോകുന്ന ‘സ്വാഭിമാന ക്യാമ്പയിന്‍’ വാര്‍ത്തകള്‍ തെളിയിക്കുന്നു.

പട്യാലഹൗസ് കോടതിയിലേക്ക് അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമണം അഴിച്ചുവിടുന്നത് നാം കണ്ടു. എന്നാല്‍ ഇതിനു നേതൃത്വം നല്‍കിയൊരു അഭിഭാഷകനായ വിക്രം ശര്‍മ്മയുടെ സംഭാഷണശകലം പുറത്തു വന്നത് നമ്മെയാകെ നടുക്കിക്കൊണ്ടാണ്. കനയ്യകുമാറിനെ ഞങ്ങള്‍ മൂന്നു മണിക്കൂറോളം തല്ലിച്ചതച്ചു, ഭാരത് മാതാ കീ ജയ് എന്നു വിളിപ്പിച്ചു എന്നൊക്കെ അഹങ്കാരത്തോടെ പറയുന്ന ടേപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്താണ് ദേശവിരുദ്ധത?

ഒരു ദേശത്തിന്റെ ഭരണഘടന മുന്‍പോട്ട് വെക്കുന്ന അടിസ്ഥാനപ്രമാണ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ ആണ് ഒരാള്‍ക്ക് സാധാരണയായി ദേശവിരുദ്ധ ആരോപണം നേരിടേണ്ടിവരുന്നത്. സെക്യുലറിസം എന്നത് ഭരണഘടനയില്‍ എഴുതിവെച്ച ഒരു രാജ്യത്ത് അങ്ങനെ വരുമ്പോള്‍ ഹിന്ദുരാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ആര്‍.എസ്സ്.എസ്സുകാരല്ലേ ദേശവിരുദ്ധര്‍? ഇന്ത്യന്‍ ഭരണഘടനയല്ല മനുസ്മൃതിയാണ് ഭരണഘടനക്ക് പകരം നടപ്പാക്കേണ്ടതെന്ന് എഴുതിവെച്ച ആര്‍.എസ്സ്.എസ്സ് ആചാര്യരുടെ പിന്‍മുറക്കാരല്ലെ ദേശവിരുദ്ധര്‍? ജനസംഖ്യയില്‍ അഞ്ചിലൊന്നിന് മുകളില്‍ മുസ്ലിങ്ങള്‍ ഉള്ള ഒരു രാജ്യത്ത് അവരുടെ മുഖ്യഭക്ഷണ ഇനങ്ങളില്‍ ഒന്നായ ബീഫ് നിരോധിക്കണം എന്ന് വാദിക്കുന്ന പരിവാര്‍ സംഘടനകളല്ലെ ദേശവിരുദ്ധര്‍? സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത് തെറ്റായി എന്ന് ബ്രിട്ടീഷുകാര്‍ക്ക് നിരുപാധികം മാപ്പെഴുതിക്കൊടുത്ത് രാജ്യത്തിന്റെ വിമോചനപ്പോരാട്ടത്തില്‍ ഒറ്റുകാരായ സവര്‍ക്കരുടെ പിന്മുറക്കാരല്ലെ ദേശവിരുദ്ധര്‍? ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ ജന്മദിനം ബലിദാനദിനമായി ആചരിച്ച് ഗാന്ധിരക്തസാക്ഷി ദിനത്തില്‍ മധുരം വിതരണം ചെയ്ത കാവിവസ്ത്രക്കാരല്ലെ ദേശദ്രോഹികള്‍? രാജ്യജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന ദളിതരേയും പട്ടികവര്‍ഗ്ഗക്കാരേയും ജാതിഭ്രാന്തിന്റെ പേരില്‍ വേട്ടയാടുന്ന ഹിന്ദു വര്‍ഗീയവാദികളല്ലേ ഭരണഘടനയെ തള്ളിപ്പറയുന്നത്? ഭരണഘടന ഉറപ്പ് നല്‍കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തേണ്ട സമയമായി എന്ന് പ്രഖ്യാപിക്കുന്ന ആര്‍.എസ്സ്.എസ്സ് മേധാവിയല്ലേ ദേശവിരുദ്ധന്‍?

ഹിന്ദു ദേശീയതയുടെ വികാരത്തെ ആളിക്കത്തിക്കാന്‍ രാജ്യസ്‌നേഹത്തിന്റെ ആയുധമാണ് എറ്റവും നല്ലതെന്ന തിരിച്ചറിവാണ് ബി.ജെ.പിയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്നതുപോലെ രാജ്യം വര്‍ഗ്ഗീയ ഭ്രാന്തിന്റെ തീച്ചൂളയില്‍ എരിയുമ്പോള്‍ രാജ്യത്തിലെ വിഭവങ്ങളുടെ നിയന്ത്രണം ആകെത്തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള രഹസ്യ അജണ്ടയാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ദേശവിരുദ്ധ ക്യാമ്പയിന് മുന്നില്‍ പ്രവര്‍ത്തിക്കുന്നത്.  ഈ കെണിയില്‍ വീഴാതെ, ഈ രാജ്യസ്‌നേഹ പ്രചാരണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ താല്‍പ്പര്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക എന്നത് പ്രധാനമാണ്.

(പാലക്കാട് ഐ.ആര്‍.ടി.സിയില്‍ സാമൂഹ്യശാസ്ത്ര വിഭാഗം ഫാക്കല്‍റ്റിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍