UPDATES

കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Avatar

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു എസ് യു നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ കനയ്യക്ക് ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിക്കാം എന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന് ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ കനയ്യയുടെ അഭിഭാഷകര്‍ തീരുമാനിച്ചു. കനയ്യയുടെ ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ കോടതികളിലും സുരക്ഷാ പ്രശ്‌നം ഉണ്ട് എന്ന് വാദിക്കാനാകില്ല എന്ന് പറഞ്ഞ സുപ്രീംകോടതി കനയ്യയുടെ അഭിഭാഷകന് സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഈ കേസ് പരിഗണിക്കുകയാണെങ്കില്‍ മറ്റു കോടതികള്‍ കഴിവില്ലാത്തവരാണെന്ന സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചുവെന്ന് കോടതി കനയ്യയുടെ അഭിഭാഷകനോട് ആരാഞ്ഞു. കനയ്യയ്ക്കു മാത്രമല്ല അഭിഭാഷകര്‍ക്കു കൂടി സുരക്ഷാ ഭീഷണി പട്യാല ഹൗസ് കോടതിയിലുണ്ടെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും അഡ്വക്കേറ്റ് രാജു രാമചന്ദ്രനും ആണ് കനയ്യയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. കനയ്യക്ക് ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് എതിര്‍ത്തില്ലെങ്കിലും സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചതിനെയും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. കനയ്യക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു കൊണ്ടുള്ള പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്ച കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പാട്യാല ഹൗസ് കോടതി കനയ്യയെ മാര്‍ച്ച് രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 

അതേസമയം, ഡല്‍ഹി പൊലീസ് തലവന്‍ ബസ്സിയെ വിവരാവകാശ കമ്മീഷന്‍ സാധ്യത പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി 29-ന് വിരമിക്കുന്ന ബസ്സിയെ വിവരാവകാശ കമ്മീഷനില്‍ നിയമിക്കാന്‍ തീരുമാനിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ജെഎന്‍യു വിഷയം ഉയര്‍ത്തി ഈ മാസം 23 മുതല്‍ 25 വരെ ദേശവ്യാപകമായി പ്രക്ഷോഭം നടത്താന്‍ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകള്‍ തീരുമാനിച്ചു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍