UPDATES

മൂന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

Avatar

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിവാദത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ പിതാവ് സെയ്ദ് ഖ്വാസിം റസൂല്‍ ഇല്ല്യാസിനെ അധോലോക രാജാവ് രവി പൂജാരി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോണ്‍ വിളി ലഭിച്ചുവെന്ന് ഇല്ല്യാസ് പറഞ്ഞു. ഇതേതുടര്‍ന്ന് ജാമിയാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇല്ല്യാസ് പരാതി നല്‍കി.

ഉമറിനെ ഭീകരവാദിയായി ചിത്രീകരിക്കുന്നതിന് ഇന്നലെ ഇല്ല്യാസ് അപലപിച്ചിരുന്നു. പരിപാടി സംഘടിപ്പിക്കാന്‍ പത്തോളം പേരുണ്ടായിരുന്നുവെങ്കിലും ഉമറിനെ മാത്രം ലക്ഷ്യമിടുന്നത് മുസ്ലീം ആയതു കൊണ്ടാണെന്ന് ഇല്ല്യാസ് ആരോപിച്ചിരുന്നു. ഉമര്‍ കുറ്റക്കാരനാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും ഇല്ല്യാസ് പറഞ്ഞിരുന്നു.

അതേസമയം മൂന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിട്ടു പോകാതിരിക്കുന്നതിനാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

കനയ്യയുടെ നേര്‍ക്ക് കോടതി വളപ്പില്‍ ഉണ്ടായ ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ചതും സംഘടിതവും ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തി.

കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യ ഹര്‍ജിയോടൊപ്പം സമര്‍പ്പിക്കേണ്ടിയിരുന്ന രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് ഇന്ന് ഹര്‍ജി പരിഗണിക്കാതിരുന്നത്. ഇന്നലെ സുപ്രീംകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജെഎന്‍യു എസ് യു പ്രസിഡന്റായ കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി ഇന്നലെ വൈകുന്നേരം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ജെഎന്‍യു വിവാദത്തില്‍ പ്രചരിക്കുന്ന വീഡിയോ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. യഥാര്‍ത്ഥ വീഡിയോയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇല്ലെന്നും വ്യാജ വീഡിയോയാണ് പ്രചരിപ്പിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഫെബ്രുവരി ഒമ്പതിന് സര്‍വകലാശാലയില്‍ നടന്ന പരിപാടിയോട് അനുബന്ധിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഫെബ്രുവരി 13-ന് ഉത്തരവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍