UPDATES

സ്മൃതി ഇറാനിക്ക് ഒരു ‘ദേശദ്രോഹി’യുടെ തുറന്ന കത്ത്

Avatar

പ്രതിഷേധത്തിന്റെ പുതിയ രൂപമായിട്ടാവും ജെഎൻയു അറിയപ്പെടുക. കേന്ദ്ര സർക്കാരിനെതിരെ രാജ്യമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും മൂർത്തരൂപം. വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹ ആരോപണവും കനയ്യ കുമാറിന്റെ അറസ്റ്റും ഉണ്ടാക്കിയ പ്രതിഷേധം രാജ്യത്ത് തന്നെ ആദ്യത്തേതായിരുന്നു. അതിന്റെ പ്രഹരശേഷിയെ തടുക്കാൻ ഒന്നിനുമായില്ല. രണ്ട് സംഭവങ്ങളിലാണ് കേന്ദ്ര സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടതെന്ന് പറയാം. അത് രോഹിത് വെമുല, ജെഎൻയു സംഭവങ്ങളാണ്. ഇവിടെ ജെഎൻയു വിഷയത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആറ് വിദ്യാർത്ഥികളിൽ ഒരാളായ ആനന്ദ് പ്രകാശ് നാരായൻ തുറന്നെഴുതുകയാണ്. തന്റെ നിലപാട് വ്യക്തമാക്കുന്ന ആനന്ദ് പ്രകാശ് നാരായൻ വിഷയത്തിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്യുന്നു.

പാർലമെന്റിൽ കഴിഞ്ഞ ദിവസം നിങ്ങൾ നടത്തിയ പ്രസംഗം ശ്രദ്ധിച്ചിരുന്നു. അത് കണ്ടപ്പോൾ ചില കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതണം എന്ന് തോന്നി. ഇവിടെ കാര്യം പറയട്ടെ, ഇത് ഒരു “കുട്ടി” കേന്ദ്രം ഭരിക്കുന്ന “അമ്മ” മന്ത്രിക്ക് അയക്കുന്ന കത്തല്ല. കൃത്യമായ രാഷ്ട്രീയമുള്ള ഒരു വ്യക്തി മറ്റൊരു രാഷ്ട്രീയ വ്യക്തിക്ക് അയക്കുന്ന തുറന്ന കത്താണിത്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തിയല്ല ഈ കത്ത് എഴുതുന്നത്. എനിക്ക് യോഗ്യതയുടെ മാനദണ്ഡങ്ങളോട് അങ്ങേയറ്റം വിയോജിപ്പുകളുണ്ട്. അതുകൊണ്ട് തന്നെ ഈ കത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുമെന്ന് കരുതുന്നു.

മാനവശേഷി വികസന വകുപ്പ് മന്ത്രിയെന്ന നിലയിൽ ഈ രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തെ മാനിക്കുന്ന ഒരാളാവുമെന്ന് കരുതുന്നു. രോഹിത് വെമുല സംഭവത്തിൽ വകുപ്പ് മന്ത്രിയെന്ന നിലയിൽ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾ അങ്ങേയറ്റം സംശയാലുക്കളാണ്. സര്‍വകലാശാല അധികാരികളിൽ മാനവശേഷി വികസന വകുപ്പ് മന്ത്രിയെന്ന നിലയിൽ നടത്തിയ സമ്മർദ്ദങ്ങളാണ് രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണം. എന്നാൽ ഇപ്പോൾ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.

സ്ത്രീയെന്ന നിലയിലുള്ള തന്റെ സ്വത്വത്തെ എപ്പോഴും മുന്നോട്ട് വെയ്ക്കുന്നതിൽ നിങ്ങൾ താത്പര്യം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്ത്രീയെന്ന നിലയിൽ നിങ്ങളുടെ സ്വത്വത്തിന് ലഭിക്കുന്ന പരിഗണന രോഹിത് വെമുലയുടെ അമ്മയ്ക്കും ലഭിക്കേണ്ടതല്ലേ? പുരുഷാധിപത്യ സമൂഹത്തിന്റെ മുഴുവൻ പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടും പ്രതിരോധിച്ചുകൊണ്ടുമാണ് ആ ദളിത് സ്ത്രീ മക്കളെ വളർത്തിയത്, അവർക്ക് വ്യക്തിത്വമുണ്ടാക്കിയത്. ആ അമ്മയുടെയും അവരുടെ ഭർത്താവിന്റെയും മക്കളുടെയും സ്വത്വങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണ്. നിങ്ങൾ ബ്രാഹ്മണിക്കലായ അല്ലെങ്കിൽ പുരുഷകേന്ദ്രീകൃതമായ ഒരു സാമൂഹിക ഘടനയെ പിന്താങ്ങുന്ന ഒരാളാണോ? ഒരു സ്വതന്ത്ര വ്യക്തിയായി നിൽക്കാനും അതിജീവിക്കാനുമുള്ള ഒരു ദളിത് സ്ത്രീയുടെ  ആഗ്രഹത്തെ എന്തിനാണ് ഇല്ലാതാക്കുന്നത്.

നിങ്ങളുടെ ജാതി എന്താണെന്ന് എനിക്കറിയില്ല, അതൊരിക്കലും എന്റെ വിഷയവുമല്ല. നിങ്ങൾ ഒരു ഉയർന്ന ജാതിയിൽ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്നുമില്ല, എന്നാൽ ജാതീയതയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. മാനവശേഷി വികസന വകുപ്പിൽനിന്ന് അയച്ച കത്തിൽ രോഹിത് വെമുലയും കൂട്ടരും ജാതീയതയുടെ വക്താക്കൾ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജാതീയതയും ജാതിവാദവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നിങ്ങൾ ബോധവതിയാണെന്ന് കരുതുന്നു. നിലവിൽ കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുകയും ദൈംനംദിന കാര്യങ്ങൾപോലും തീരുമാനിക്കുകയും ചെയ്യുന്ന ആർഎസ്എസിന് ഇത് തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ നിങ്ങൾക്കും അറിയാൻ സാധിക്കും എന്നാണ് വിശ്വാസം. 

ആർഎസ്എസ് പ്രാമാണിക ഗ്രന്ഥമായി കരുതുന്ന മനു സ്മൃതിയിൽ ദളിതരുടെയും സ്ത്രീകളുടെയും സാമൂഹിക ഭാഗദേയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നിങ്ങൾക്കും ബോധ്യമുണ്ടാകുമല്ലോ? ഒരു ദളിത് എന്ന തരത്തിൽ മനുസ്മൃതി വായിക്കുമ്പോൾ അങ്ങേയറ്റം അപമാനവും ആകാംക്ഷയുമാണ് ഉണ്ടാകുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് ഒരു സ്ത്രീക്ക് അത് തോന്നാത്തത്. പ്രസംഗിക്കുകയും സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സമയത്ത് നിങ്ങൾ അങ്ങേയറ്റം വൈകാരികമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ വൈകാരികാവസ്ഥ എന്തുകൊണ്ടാണ് മനുസ്മൃതി വായിക്കുമ്പോൾ ഉണ്ടാക്കാത്തത്? ഇതുവരെ മനുസ്മൃതി വായിച്ചിട്ടില്ലെങ്കിൽ സ്ത്രീ എന്ന നിലയിൽ ഉടനെ വായിച്ച് തുടങ്ങേണ്ടതാണ്. അങ്ങനെ വായിച്ചാൽ എത്രയും വേഗം നിങ്ങൾ ബിജെപി ബന്ധം ഉപേക്ഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ പാർലമെന്റിൽ മനുസ്മൃതിയെ അപലപിച്ച ദളിത് എംപി ഉദിത് രാജിനോടൊപ്പം ചേരുമെന്ന കാര്യത്തിലും സംശയമില്ല.

രോഹിത് വെമുലയുടെ ആത്മഹത്യയിൽ രാഷ്ട്രീയമില്ലെന്നാണ് നിങ്ങൾ ആവേശപൂർവ്വം വാദിച്ചത്. കാവി രാഷ്ട്രീയം സൃഷ്ടിച്ച പ്രശ്‌നഭരിതമായ സാഹചര്യത്തിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തതെന്ന കാര്യം നിങ്ങൾക്ക് ഒരു കാരണവശാലും നിഷേധിക്കാൻ സാധിക്കില്ല. രോഹിത് വലതുപക്ഷ രാഷ്ട്രീയത്തെ ചോദ്യം ചെയ്തയാളാണ്. രോഹിത് സ്വന്തം ജീവൻ തന്നെയാണ് തന്റെ രാഷ്ട്രീയത്തിനായി നൽകിയത്. എങ്കിൽപ്പോലും നിങ്ങൾക്ക് രോഹിത് മാപ്പുനൽകും. യൂണിവേഴ്‌സിറ്റി ക്യാമ്പസുകൾ വിദ്യാർത്ഥികളുടെ സെമിത്തേരിയാക്കാനാണ് കേന്ദ്രസർക്കാരും വിവിധ സംഘടനകളും ശ്രമിക്കുന്നത്. ആദ്യം ഐഐടി മദ്രാസ് പിന്നീട് എച്ച്‌സിയു. പിന്നീട് എയു, ഇപ്പോൾ ജെഎൻയുവും.

ഇപ്പോൾ അന്വേഷണ കമ്മീഷന്റെ കാര്യമാണ് നിങ്ങൾ പറയുന്നത്. എന്നാൽ ഹൈദരാബാദിലേക്ക് കത്തയയ്ക്കുകയും അന്വേഷണ കമ്മീഷനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തചെയ്തത് ഓർക്കുന്നുണ്ടാവില്ല. എന്താണ് ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്? ഞങ്ങളുടെ ഭാഗം കേൾക്കുകകൂടി ചെയ്യാതെ തീരുമാനത്തിലെത്തി, പുറത്താക്കാൻ ശ്രമിച്ചു. സ്വഭാവിക നീതിയുടെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലെന്നാണോ? ഒരാൾക്ക് പറയാനുള്ളത് കേൾക്കാതെ ഒരു തീരുമാനത്തിലെ നീതികേടിനെപ്പറ്റി ഓർക്കുന്നില്ല. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിക്കാതെ ഞങ്ങളുടെ പേരുകൾ പാർലമെന്റിൽ വിളിച്ച് പറയുന്നത് ഒന്നിനും പകരമാവില്ല.

നിങ്ങൾ മഹിഷാസുര രക്തസാക്ഷിത്വത്തെക്കുറിച്ച് സംസാരിച്ചു. ഈ രാജ്യത്ത് വിവിധ മതങ്ങളും വിശ്വാസങ്ങളുമുള്ള കാര്യം അറിയാമെന്ന് കരുതുന്നു. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നുണ്ട്. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ദളിതരും ആദിവാസികളും മഹിഷാസുര വിശ്വാസികളാണെന്ന കാര്യം അറിയില്ലെന്നാണോ? ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്, മതവിശ്വാസിയല്ല. അതേസമയം ഒരു മതത്തിൽ വിശ്വസിക്കാനും പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സ്ത്രീയുടെ സ്വഭാവം സംബന്ധിച്ചുള്ള ആശങ്കകൾ ഉയരുമ്പോൾ ഞങ്ങളുടെ സംഘി രജിസ്ട്രാറുടെ കൈവശമുള്ള ലഘുലേഖ വാങ്ങി വായിച്ചാൽ മതിയാകും. കോടതിയിൽനിന്ന് നീതിതേടി പോകുമ്പോൾ സ്ഥാപനങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നാണ് നിങ്ങൾ പറയുന്നത്. കാര്യങ്ങളിൽ നിങ്ങൾക്കുള്ള ധാരണ വളരെ കുറവാണ്. ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നയാൾ അവിടെ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള ശമ്പളമുൾപ്പെടെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കരുതെന്നാണോ പറയുന്നത്? ഇതിനോടൊന്നും സന്ധി ചെയ്യാൻ സാധ്യമല്ല. ഏത് തരത്തിലുള്ള സ്ഥാപനമായാലും സംവാദവും ഇടപെടലുകളും അതിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിനും ന്യൂനതകളും പോരായ്മകളും പരിഹരിക്കുന്നതിനും ആവശ്യമാണ്.

നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും കേട്ട് കഴിയുമ്പോൾ നിങ്ങൾ നിരപരാധിയാണെന്നും സത്യം അറിയുന്നതിനെക്കുറിച്ച് താത്പര്യമുണ്ടെന്നും മനസിലാക്കണോ? അതോ മറ്റെന്തെങ്കിലും താത്പര്യം ഇതിന് പിന്നിലുണ്ടെന്ന് മനസിലാക്കണോ? ഈ സർക്കാർ കർഷകരിൽനിന്നും ബുദ്ധിജീവികളിൽനിന്നും വിദ്യാർത്ഥികളിൽനിന്നും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെയാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ ഇവർക്കെല്ലാമെതിരെ നടപടികളും ആക്രമണങ്ങളും ഉണ്ടാകുന്നത്.

നിങ്ങളുടെ ഫാഷിസ്റ്റ് മുഖത്തെക്കുറിച്ച് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതാണ്. ഈ സർക്കാരും ആർഎസ്എസും മുന്നോട്ട് വെയ്ക്കുന്ന സാംസ്‌കാരിക ദേശീയത പൂർണ്ണമായും കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്ന ഒന്നാണ്, ചില അജണ്ടകൾ നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യം. അതിന് ബുദ്ധിജീവികളെയും ചിന്തകരെയും നിശ്ശബ്ദരാക്കേണ്ടത് അത്യാവശ്യമാണ്. യൂണിവേഴ്‌സിറ്റികൾ ചിന്തിക്കുകയും സംവാദങ്ങളിൽ ഏർപ്പെടുകയും യുക്തിയുടെയും ശാസ്ത്രിയ പിൻബലത്തിലും കാര്യങ്ങളെ അവലോകനം ചെയ്യുന്നവരുടെ കൂട്ടായ്മ കൂടിയാണ്. അതുകൊണ്ടാണ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്. ഈ സർക്കാർ മുന്നോട്ട് വെയ്ക്കുന്ന ബ്രാഹ്മണിക്കൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയവും കോർപ്പറേറ്റ് വത്കരണവും യൂണിവേഴ്‌സിറ്റികൾ ഇല്ലായാതാൽ മാത്രാമേ പൂർണ്ണതോതിൽ നടപ്പിലാകൂ.

ബഹുസംസ്‌കാരത്തെ വിശ്വസിക്കാത്ത ചിന്താപദ്ധതിയാണ് നിങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. ബഹുസംസ്‌കാരത്തെ മുറുകെപിടിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഞങ്ങൾ ദയ പ്രതീക്ഷിക്കുന്നില്ല. നിങ്ങളുടെ കയ്യൂക്കിനെ സംഘബലംകൊണ്ടും ധൈര്യം കൊണ്ടും നേരിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവസാനമായി ഒരു കാര്യം കൂടി. നിങ്ങളുടെ വീടിന് മുമ്പിൽ ആരെങ്കിലും പ്രതിഷേധിക്കാനെത്തിയാൽ ചാനൽ ക്യാമറകൾക്ക് മുമ്പിൽനിന്ന് കരയാനും ബഹളമുണ്ടാക്കാനും കുട്ടികളെ പേടിച്ചതിനെക്കുറിച്ച് പറയാനുമാകും നിങ്ങൾക്ക് ശ്രമിക്കുക. എന്നാൽ എന്റെ അമ്മ കരയുന്നില്ല, ചെറിയ തോതിൽ ഭയമുണ്ടെങ്കിലും. അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നു, “മോദിക്കെതിരെയുള്ള പോരാട്ടം തുടരൂ, ഭയപ്പെടേണ്ടതില്ല”

നിങ്ങള്‍ “രാജ്യദ്രോഹി”യാക്കിയ
ആനന്ദ് പ്രകാശ് നാരായന്‍
മുന്‍ വൈസ് പ്രസിഡന്‍റ്
ജെ എന്‍ എസ് യു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍