UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. രാജ്നാഥ് സിംഗ്, ഭീകരതയും ഭിന്നാഭിപ്രായവും രണ്ടാണ്

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ഥികളുടെ സമരത്തിനു തീവ്രവാദ ബന്ധമാരോപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌ സിംഗിന്റെ നടപടിയിലൂടെ വെളിപ്പെട്ടത് അദ്ദേഹത്തിന് ഭീകരതയും ഭിന്നാഭിപ്രായവും തമ്മിലുള്ള വ്യത്യാസം ബോധ്യമായിട്ടില്ല എന്നുതന്നെയാണ്. അല്ലെങ്കില്‍ ആ വ്യത്യാസം പാര്‍ട്ടിയെ വളര്‍ത്താനും പ്രതിഷേധിക്കുന്നവരെ തളര്ത്താനുമുള്ള ആയുധമായി സൗകര്യപൂര്‍വ്വം മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും. അദ്ദേഹവും ബിജെപിയും വച്ചുപുലര്‍ത്തുന്ന സങ്കുചിത മനോഭാവവും തീവ്രഹിന്ദുത്വ നിലപാടുകളും ഒരിക്കല്‍ കൂടി ശരിവയ്ക്കുന്ന ഒന്നാണ് ജെഎന്‍യുവില്‍ നടന്ന അറസ്റ്റ് പരമ്പരകളും തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവും. ഭിന്നാഭിപ്രായങ്ങളെ നിശബ്ദമാക്കുന്ന നടപടി തീവ്രഹിന്ദു സംഘടനയായ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാവുന്നത് ആദ്യമായല്ല. എന്നാല്‍ ഒരു കലാലയത്തെ ആകെ തീവ്രവാദബന്ധമാരോപിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ വെറുതേ വിടില്ല എന്ന എന്ന പരാമര്‍ശത്തിന് ശേഷം അടുത്തതായി മന്ത്രിയില്‍ നിന്നുണ്ടായ നീക്കം സൂചിപ്പിക്കുന്നതും അതാണെന്ന് വ്യക്തം. ഫെബ്രുവരി 10ന് ലഷ്‌കര്‍ ഈ തോയ്ബ നേതാവ് ഹഫീസ് മുഹമ്മദ് സയീദിന്റ്‌തെന്ന് അവകാശപ്പെടുന്ന ട്വീറ്റും ചേര്‍ത്ത് ഡല്‍ഹി പോലീസ് പോസ്റ്റ് ചെയ്ത ഒരു സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ചലനം സൃഷ്ടിച്ചത്. ആഭ്യന്തരമന്ത്രി പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ ആരോപണത്തിനു തെളിവായി വ്യാജസന്ദേശം ഉപയോഗിച്ചു എന്നതിലൂടെ ബിജെപിയുടെ ഹിഡന്‍ അജണ്ടയാണ് മറനീക്കി പുറത്തെത്തുന്നത്.

സന്ദേശമുപയോഗിക്കുന്നതില്‍ കണിശത പാലിച്ച് ജനങ്ങള്‍ക്കിടയില്‍ അവ്യക്തത നിലനിര്‍ത്തിയാണ് ഡല്‍ഹി പോലീസ് മുന്നോട്ടു പോയത്. ജെഎന്‍യു സമരത്തെ ലഷ്‌കര്‍ഇ തോയ്ബ പിന്തുണയ്ക്കുന്നു എന്ന് ഒരിക്കല്‍ പോലും അവര്‍ പറയുകയുണ്ടായില്ല. പകരം ആ ട്വീറ്റ് ചേര്‍ത്ത് പൊതുജനങ്ങള്‍ക്കായി ഒരു മുന്നറിയിപ്പ് നല്‍കിയാണ് സമരത്തെ നേരിട്ടത്. ഉദ്ദേശിച്ചതിലും കൂടുതല്‍ ചലനം അതിനുണ്ടാക്കാനും സാധിച്ചു. രാജ്യമെമ്പാടും ജെഎന്‍യു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതിനു ദൃഷ്ടാന്തമാണ്. അതേത്തുടര്‍ന്ന് ജെഎന്‍യുവില്‍ അരങ്ങേറിയത് വ്യക്തമായ കണക്കുകൂട്ടലുകളോടെ നടത്തിയ രാഷ്ട്രീയ നാടകങ്ങളും. ജെഎന്‍യു വിദ്യാര്‍ഥികള്‍ ആണെന്നാരോപിച്ച് നാടകസംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനു വരെ നമ്മള്‍ ദൃക്‌സാക്ഷികള്‍ ആവേണ്ടി വന്നു. അതിനു പുറകെ എസ്എഫ്‌ഐ പതാക ബാഗില്‍ സൂക്ഷിച്ചു എന്നതിന് അടുത്ത അറസ്റ്റും.

എന്നാല്‍ ഇതിനു പിന്നിലെ കളികള്‍ ഇപ്പോഴും മുഴുവനായി പുറത്തെത്തിയിട്ടില്ല. സംശയാസ്പദമായ ചിലത് ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ക്ക് വിഷയമായിക്കഴിഞ്ഞു. അതില്‍ ഒന്ന് ജെഎന്‍യുവിലെ സമരത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ ഹഫീസ് സയീദ് അയച്ചെന്നു പറയപ്പെടുന്ന സന്ദേശത്തിന്റെ ഉറവിടമാണ്. HafeezSaeedJUD എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ലഷ്‌കര്‍ ചീഫ് മുന്‍പ് ഉപയോഗിച്ചിരുന്നു. HafizSaeedJUD എന്ന അക്കൌണ്ട് ബ്ലോക്ക് ചെയ്യപ്പെട്ട ശേഷം HafizSaeedJUD1 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഇയാള്‍ തിരിച്ചെത്തുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഡല്‍ഹി പോലീസ് ക്വോട്ട് ചെയ്ത ഹാന്‍ഡില്‍ ഡീആക്റ്റിവേറ്റ് ചെയ്യപ്പെട്ടതും നിലവില്‍ ഉപയോഗം സാധ്യമല്ലാത്തതുമാണ്. ഹാഫിസ് @HSaeedOfficial എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഉപയോഗിക്കുന്നത് എന്നും @HafeezSaeedJud എന്നത് ഹാഫിസ് മുഹമ്മദ് സായിദ് എന്ന വ്യക്തിയുടെതാണ് എന്നുള്ളതിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ സാഗരികാ ഘോഷും ബര്‍ഖാ ദത്തും രാജ്ദീപ് സര്‍ദേശായിയുമടക്കമുള്ള ട്വിറ്റര്‍ ഉപഭോക്താക്കള്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ബിജെപി സര്‍ക്കാരും ട്വിറ്ററും തമ്മില്‍ അഭേദ്യമായ ബന്ധം നിലവിലുള്ളതിനാല്‍ തന്നെ ഡീആക്റ്റിവേറ്റ് ആയ ഹാന്‍ഡിലില്‍ നിന്നും ട്വീറ്റ് വന്നതിനെ തികച്ചും യാദൃശ്ചികമായ ഒന്നായി കാണാനും കഴിയില്ല.

രണ്ടാമത്തേത് ഈ സംഭവത്തോടനുബന്ധിച്ച് ട്വിറ്ററില്‍ പിറവിയെടുത്ത #PakstandswithJNU എന്ന ഹാഷ്ടാഗാണ്. ഈ ഹാഷ്ടാഗ് ആദ്യമായി ഉപയോഗിക്കുന്നത് ഇന്ത്യാ ടുഡേ സീനിയര്‍ എഡിറ്റര്‍ ഗൌരവ് സാവന്ത് എന്ന വ്യക്തിയാണ്. ആഭ്യന്തരമന്ത്രിയുടെ ട്വീറ്റും മേല്‍പ്പറഞ്ഞ ഹാഷ്ടാഗ് പ്രചരണവും ആരംഭിച്ചപ്പോള്‍ രാജ്യമെങ്ങും ‘ദേശവിരുദ്ധര്‍’ എന്ന ലേബല്‍ ചാര്‍ത്തിക്കിട്ടിയവര്‍ക്കെതിരെ കാവിയണിഞ്ഞ ദേശസ്‌നേഹികളുടെ വികാരം അണപൊട്ടിയൊഴുകി. ഇതുകൂടിയായപ്പോള്‍ പോലീസ് വിദ്യാര്‍ത്ഥി എന്നു തോന്നുന്നവരെപ്പോലും അറസ്റ്റ് ചെയ്യുവാന്‍ തുടങ്ങി.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാടിനെയും പോലീസ് നടപടികളെയും ഇടതുപക്ഷ സംഘടനകള്‍, കോണ്ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ എതിര്‍ക്കുകയുണ്ടായി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഇതു സംബന്ധിച്ച് രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തുകയും ആരോപണത്തിന് വ്യക്തമായ തെളിവു ഹാജരാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നടന്ന ചര്‍ച്ചകളില്‍ ഒന്നും ഹാഫിസ് സയീദിനെക്കുറിച്ചോ ട്വീറ്റിനെക്കുറിച്ചോ മന്ത്രി സംസാരിക്കുകയുണ്ടായില്ല. വിഷയം മുഴുവന്‍ ദേശവിരുദ്ധമുദ്രാവാക്യങ്ങള്‍ മാത്രമായിരുന്നു എന്ന് യെച്ചൂരി ട്വിറ്ററില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ജെഎന്‍യു സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കുനേരെ കരിങ്കൊടി കാണിച്ചതും മറ്റൊരു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയെ കൈകാര്യം ചെയ്യാന്‍ എബിവിപി പ്രവര്‍ത്തകര്‍ തുനിഞ്ഞതും ഇതുമായി ചേര്‍ത്തുവായിക്കാവുന്ന ഒന്നാണ്. വ്യക്തമായ കണക്കുകൂട്ടല്‍ സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ട് എന്നുള്ളതും മനസ്സിലാക്കാന്‍ സാധിക്കും.

തീവ്രവാദത്തെ അടിച്ചമര്‍ത്തുക എന്നതല്ല ഭിന്നാഭിപ്രായം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കുന്ന സ്ഥിരം സംഘപരിവാര്‍ അജണ്ടയാണ് ഇതിനു പിന്നിലുള്ളത് എന്ന് പകല്‍ പോലെ വ്യക്തമാണ്. ദബോല്‍ക്കറെയും പന്‍സാരെയും കല്‍ബുര്‍ഗിയെയും ഇല്ലാതാക്കിയതുപോലെ കലാലയങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ അലകളെ അടിച്ചമര്‍ത്താനുള്ള വിദ്യ. ഗ്രാമത്തിലെ മുസ്ലിമിന്റെ ഭവനത്തില്‍ ഗോമാംസം സൂക്ഷിക്കുന്നു എന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞ് അക്രമം അഴിച്ചുവിട്ട അതേ തന്ത്രം ഇവിടെ മറ്റൊരു രീതിയില്‍ ഉപയോഗിക്കപ്പെട്ടു എന്നുമാത്രം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍