UPDATES

എബിവിപി പ്രവര്‍ത്തകരുമായുള്ള വഴക്കിനെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയെ കാണാതായി

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) പ്രവര്‍ത്തകനുമായ നജീബ് അഹമ്മദിനെ എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കാണാതായി. എംഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ നജീബ് കോളേജിന്റെ മഹി-മാണ്ഡവി ഹോസ്റ്റലിലെ 106-ാം മുറിയില്‍ താമസിക്കുന്നയാളാണ്. ചില എബിവിപി പ്രവര്‍ത്തകരുമായിയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് നജീബിനെ കാണാതായിരിക്കുന്നതെന്ന് സഹപാഠികള്‍ അറിയിച്ചു. നജീബിനെ കണ്ടെത്തുന്നതില്‍ പോലീസും സര്‍വകലാശാല അധികൃതരും അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ചു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഞായറാഴ്ച രാത്രി ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി.

നജീബിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഐപിസി 365-ാം വകുപ്പു പ്രകാരം തട്ടികൊണ്ടുപോകലിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. എഐഎസ്എ പ്രവര്‍ത്തകനുമായ നജീബും എബിവിപി പ്രവര്‍ത്തകരും ഹോസ്റ്റലിലെ മെസ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയില്‍ ഹോസ്റ്റലില്‍ വഴക്കുണ്ടായി എന്നാണ്.

എബിവിപി പ്രവര്‍ത്തകനായ വിക്രാന്ത് ഹോസ്റ്റല്‍ മുറിയിലെത്തി നജീബുമായി വാക്ക് തര്‍ക്കമുണ്ടായി എന്നും തുടര്‍ന്ന് വിക്രാന്ത് എബിവിപി പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയും നജീബിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്‍റ് മോഹിത് പാണ്ഡേ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും നജീബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനു ശേഷം നജീബിനെ കാണാതാവുകയായിരുന്നു. എന്നാല്‍ സംഭവത്തിന് വര്‍ഗീയ നിറം കൊടുക്കാനാണ് സ്റ്റുഡന്റ്സ് യൂണിയന്‍ ശ്രമിക്കുന്നതെന്ന് എബിവിപി അംഗം സൌരവ് ശര്‍മ പറഞ്ഞു. മെസ്സ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിക്രാന്ത് നജീബിന്റെ വാതില്‍ക്കല്‍ മുട്ടുകയും തുടര്‍ന്ന്‍ രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാഴക്കായി അത് മറുകയുമായിരുന്നു. എന്നാല്‍ അതിനുശേഷം പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നാല്‍ 200 പേര്‍ നജീബിനെ മര്‍ദ്ദിച്ചുവെന്ന്‍ പൊടുന്നനെ ആരോപണം ഉയരുകയായിരുന്നു. ഞങ്ങള്‍ക്ക് ഇതൊരു സാമുദായിക വിഷയം ആക്കേണ്ടതില്ല, മറിച്ച് നജീബിനെ കണ്ടെത്തുകയാണ് വേണ്ടതെന്നും ശര്‍മ പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍