UPDATES

നജീബിനെ ഇനിയും കണ്ടെത്തിയില്ല; ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍

അഴിമുഖം പ്രതിനിധി 

എബിവിപി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ കാണാതായ വിദ്യാര്‍ത്ഥിയെ പ്രതി എന്ന് വിശേഷിപ്പിച്ച് പത്രക്കുറിപ്പിറക്കിയ സര്‍വ്വകലാശാലയ്ക്കെതിരെ പ്രതിഷേധവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. പ്രസ്റിലീസ് പിന്‍വലിക്കണം എന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ അനിശ്ചിതമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി നജീബ് അഹമദിനെയാണ് കഴിഞ്ഞ 15-ആം തീയതി മുതല്‍ കാണാതായത്. തലേന്ന്‍ രാത്രി മഹി മാണ്ഡവി ഹോസ്റ്റലില്‍ മെസ് കമ്മിറ്റി ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി നജീബിന്റെ മുറിയിലെത്തിയ എബിവിപി പ്രവര്‍ത്തകന്‍ വിക്രാന്ത് കുമാറും മറ്റുള്ളവരുമായി വാക്കുതര്‍ക്കമുണ്ടാവുകയും എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്നു ഇവര്‍ നജീബിനെ മുറിയില്‍ പൂട്ടിയിട്ടു. ജെഎന്‍യുവിലെ സുരക്ഷാ ഗാര്‍ഡുകളും ഹോസ്റ്റല്‍ വാര്‍ഡന്‍മാരും എത്തിയെങ്കിലും നജീബിനെതിരെ ഇവര്‍ വധഭീഷണി മുഴക്കിയതായും മുസ്ലീങ്ങള്‍ എല്ലാം ഭീകരവാദികളാണ് എന്ന തരത്തില്‍ അധിക്ഷേപിച്ചതായും സംഭവസ്ഥത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് തടയുന്നതിന് അധികൃയതരുടെ ഭാഗത്ത് നിന്നു യാതൊരു ശ്രമവും ഉണ്ടായില്ല. പിറ്റേന്ന് രാവിലെ മുതല്‍ നജീബിനെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ കുടുംബം വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. അതേ സമയം സര്‍വകലാശാല അധികൃതര്‍ ഇക്കാര്യത്തില്‍ പോലീസിനെ ബന്ധപ്പെടുകയോ നജീബിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു. 

 

നജീബിനെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി മുഴുവന്‍ അടപ്പിക്കുവാനും അധികാരികളുമായി സഹകരിക്കാതിരിക്കാനും വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷനും (JNUTA) സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

 

“ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ യൂണിയന്‍ പ്രസിഡന്റിന്‍റെയും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്‍റെയും പ്രതിയുടെ റൂം മേറ്റിന്‍റെയും  സാന്നിധ്യത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. പ്രശ്നങ്ങള്‍ അന്ന് രാത്രി തന്നെ പരിഹരിച്ചു, അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ വേഗത്തിലുള്ള അന്വേഷണത്തിന് ആവശ്യപ്പെടുന്നു. കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ അവരുടെ മകനെ ഹോസ്റ്റലില്‍ നിന്നും കാണാതായി എന്ന് കാണിച്ച് പോലിസ് സ്റ്റേഷനില്‍ പരതി നല്‍കി.” ജെഎന്‍യു അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു.

അധികാരികള്‍ ഇരയെ കുറ്റക്കാരന്‍ എന്നാണ് പ്രസ് റിലീസില്‍ വിശേഷിപ്പിച്ചത്. അവരുമായി ഒരു കാരണത്താലും സഹകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ നിസ്സഹകരണത്തിലേക്ക് നീങ്ങുകയാണ്. ജെഎന്‍എയു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്റ് മോഹിത് പാണ്ഡേ വ്യക്തമാക്കി. സര്‍വകലാശാലയില്‍ സാമുദായികാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് എബിവിപി ശ്രമിക്കുന്നതെന്നും അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും മുന്‍ യൂണിയന്‍ ഭാരവാഹി ഷെഹ്ല റാഷിദ് ആരോപിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍