UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എവിടെ നജീബ്? എവിടേക്കാണ് നിങ്ങളീ രാജ്യത്തെ നയിക്കുന്നത് മി. മോദി?

Avatar

റിബിന്‍ കരീം

 

നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് കണ്‍ഫ്യൂഷ്യസാണ്. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചു തിന്നുന്നത് കണ്ട് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട്, എന്നിട്ടും നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്!

 

എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ക്യാമ്പസില്‍നിന്ന് കാണാതായിട്ട് ഒരു മാസം തികയുമ്പോഴും നജീബ് എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. ജെഎന്‍യു ക്യാമ്പസിനൊപ്പം രാജ്യത്തെ വിവിധ സര്‍വ്വകലാശാലളിലും കലാലയങ്ങളിലും നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. നജീബിനെ കണ്ടെത്തണമാണാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ പോലീസ് നേരിടുന്ന കാഴ്ചയാണ് ഏറ്റവും അറപ്പുളവാക്കുന്നത് എന്നു കൂടി ഈ അവസരത്തില്‍ പറഞ്ഞു കൊള്ളുന്നു.

 

അറസ്റ്റ് ചെയ്ത വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ഗൌരവപൂര്‍ണമായ അന്വേഷണം നടത്തുന്നതിനു പകരം ഡല്‍ഹി പൊലീസ് ചെയ്യുന്നത്, നജീബിനെ കാണാതായതിന്റെ ദു:ഖത്തില്‍ കഴിയുന്ന ഉമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് നീതിക്കുവേണ്ടി നിലകൊള്ളുന്നവരെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും അറസ്റ്റു ചെയ്യുകയുമാണ്. ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വിദ്യാര്‍ഥിയെ കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസ് മേധാവി കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്.

 

 

അത്യന്തം അപകടകരവും അസാധാരണവുമായ വഴിത്തിരിവിലൂടെയാണ് ഡല്‍ഹി കടന്നുപോകുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തില്‍ നാഗ്പുരിലെ ആര്‍എസ്എസ് കാര്യാലയത്തിലെ തീട്ടൂരങ്ങളനുസരിച്ച് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ തേര്‍വാഴ്ചകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎന്‍യുവിനും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഇന്ത്യയുടെ അഭിമാനസ്തംഭമായ കലാശാലയാണ്. രാഷ്ട്രീയപ്രബുദ്ധതയുടെയും ആശയസംവാദത്തിന്റെയും പുകള്‍പെറ്റ കാമ്പസ് ആയിരക്കണക്കിന് പ്രതിഭകളെയാണ് നാലരപ്പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തിന് സംഭാവന ചെയ്തത്. ഇതേ സര്‍വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു; അന്വേഷണം നടത്തി അയാളെ കണ്ടെത്താതെ ഭരണകൂടവും പോലീസും ചേര്‍ന്ന് നജീബിനെ കണ്ടെത്തണം എന്നാവശ്യപ്പെടുന്നവരെ – അക്കൂട്ടത്തില്‍ അയാളെ നൊന്തുപെറ്റ ഉമ്മയും കൂടിയുണ്ട് എന്നോര്‍മിക്കണം – മര്‍ദിക്കുകയും അറസ്‌റ് ചെയ്ത് തടവില്‍ വെക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ബ്രെഹ്ത് പറഞ്ഞതുപോലെ ‘കുറ്റവാളികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാവുന്നു. നിരപരാധികള്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെയും വരുന്നു.”

 

ഒരു പ്രിമിറ്റീവ് സമൂഹത്തെ ഒരാധുനിക സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഒരു സിംഗിള്‍ ഇന്‍ഗ്രേഡിയന്റ് എന്താണ് എന്ന് ചോദിച്ചാല്‍ ആ സമൂഹത്തില്‍ റൂള്‍ ഓഫ് ലോ അഥവാ നിയമവാഴ്ചയ്ക്കുള്ള പ്രാധാന്യം എന്നുള്ളതാണ്. നേരെ തിരിച്ച് ഒരു സമൂഹത്തിന് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അത് ഒരു പ്രാകൃതസമൂഹമായി അധ:പതിക്കാനും അധികം കാലതാമസം വേണ്ട എന്നുള്ളതാണ് നമ്മുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍. നജീബ് എവിടെ എന്ന പ്ലക്കാഡുമായി തെരുവില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായ അശ്വതി അശോകിനെ ഒരു പോലീസ് മേധാവി നേരിടുന്ന ചിത്രം മോദി പോലീസിനിന്റെ നയം വ്യക്തമാക്കുന്നുണ്ട്.

 

മനുഷ്യത്വത്തിനെതിരെ നിര്‍വഹിക്കപ്പെടുന്ന ക്രൂരതകള്‍, കാരുണ്യത്തിന്റെ ഒരു ലോകം നിലനില്‍ക്കുന്ന കാലത്തോളം ഏറ്റവും ചുരുങ്ങിയത് ഓര്‍മിക്കപ്പെടുക തന്നെയെങ്കിലും ചെയ്യും. അതില്‍ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് ആത്മവിചാരണ നടത്താനുള്ള വിനയവും വിവേകവും കാണിക്കുകയാണ് വേണ്ടത്. നിരന്തരം ചവിട്ടേല്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ആര്‍ത്തനാദം കേള്‍ക്കാന്‍ കഴിയാത്ത ബാധിര്യം ബാധിച്ചവരായി ഏറെക്കാലം അവര്‍ക്ക് അഭിനയിക്കാനാകില്ല.

 

 

നമ്മുടെ മഹാരാജ്യത്തിന്റെ കനേഷുമാരി കണക്കുകളില്‍ പെടാത്ത ചില മനുഷ്യരുണ്ട്,
കൊട്ടിഘോഷിക്കപെടുന്ന ജനാധിപത്യത്തില്‍ നിരന്തരം വഞ്ചിക്കപെടുന്ന ചിലര്‍, കേവലമൊരു രാഷ്ട്രീയപ്രേരിത സമരമല്ല നജീബിനു വേണ്ടി നടക്കുന്നത്. നാളെ താനും ഭരണകൂട ഭീകരതയ്ക്ക് ഇരയാവേണ്ടി വരുന്നവരുടെ പട്ടികയില്‍ പെട്ടേക്കാമെന്ന ഭീതി പല വിഭാഗം മനുഷ്യര്‍ക്കുമുണ്ട്. കാണാതായ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഗുജറാത്ത് കലാപം മുതല്‍ യാക്കൂബ് മേമന്റെ വധശിക്ഷ വരെ നീളുന്ന ഇന്ത്യന്‍ ഭരണകൂടങ്ങളുടെ കൊടും ക്രൂരതയില്‍ നന്നേ ഭീതിയോടു കൂടി ഉണ്ടുറങ്ങുന്ന മുസ്ലിം ജനതയെ സംബന്ധിച്ച് നജീബിന്റെ തിരോധാനം ഒരു ഷോക് ട്രീറ്റ്‌മെന്റ് ആണ്; മറുഭാഗത്ത് അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ അറിയുന്ന ചെന്നായ്ക്കളും ഉണ്ട് എന്ന് അറിയാത്തവര്‍ അല്ല ആരും.

 

അനശ്വര ഇറ്റാലിയന്‍ ചലചിത്രകാരന്‍ പസോളിനിയുടെ മഹത്തായ സൃഷ്ടീയാണ് ‘സോളോ:120 ഡേ ഓഫ് സോഡോം’. മാര്‍ക്വേസ് ഡി സ്വാഡായുടെ ‘സോളോ:120 ഡേ ഓഫ് സോഡോം അഥവാ സ്‌കൂള്‍ ഓഫ് ലിബറലിസം’ എന്ന നോവലിന്റെ ആവിഷ്‌കാരമാണ് ഈ ചലച്ചിത്രം. ഫാസിസ്റ്റ് ഇറ്റലിയിലാണ് കഥ നടക്കുന്നത്. ‘ഫാസിസം’ ഒരു രാഷ്ട്രീയസംവിധാനം എന്നതിനപ്പുറം ജീവിതവ്യവസ്ഥ തന്നെയാണെന്നും അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും എന്ന് പസോലിനി കാണിച്ചുതരുന്നു, ഫാസിസം അതിന്റെ ഇരകളെ (മനുഷ്യനെ) ‘മരണപ്പെട്ടവരാ’യാണ് കാണുന്നത്, അതുകൊണ്ട് തന്നെ മനുഷ്യനെ സ്വന്തം ശീലങ്ങളും ചിന്തയും ഇല്ലാത്ത മൃഗങ്ങളായി ഫാസിസം കാണുന്നു, അവിടെ എല്ലാം യജമാനന്മാര്‍ തീരുമാനിക്കുന്നു, പ്രണയവും രതിയും വിശപ്പും ഭക്ഷണശീലവും അങ്ങനെ എല്ലാമെല്ലാം. ഫാസിസ്റ്റ് കാലത്തെ മനുഷ്യന്റെ ജീവിതം എത്ര ഭീകരമായിരിക്കും എന്ന് സോളോ പറയുന്നു! പ്രധാനമന്ത്രിയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍, പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ മൃതപ്രായനായ ഒരുത്തനെ വെടിവച്ച് മരണം ഉറപ്പു വരുത്തുന്ന പോലീസുകാരന്‍, അതിന്റെ വീഡിയോ കണ്ട് ആര്‍പ്പു വിളിക്കുന്ന മറ്റൊരു കൂട്ടര്‍, ഒരു മുസ്ലീം ചെറുപ്പക്കാരനെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയില്‍ നിന്നും കാണാതാകുന്നു; ഒരു നടപടിയും അന്വേഷണവും ഇല്ല. ഒരു രാഷ്ട്രം ഫാസിസത്തിലേക്കു നീങ്ങുന്നു എന്ന് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുര വരെ കയറി ചെരുപ്പ് തേയ്‌ക്കേണ്ട കാര്യം ഉണ്ടോ?

 

‘എങ്ങുമനുഷ്യന്‍ ചങ്ങല കൈകളിലങ്ങെന്‍
കയ്യുകള്‍ നൊന്തീടുകയാണ്
എങ്ങോ മര്‍ദ്ദനമെവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു’ എന്ന കവിയുടെ ചിന്ത എത്ര ശരിയാണ്. നമ്മുടെ ഭരണഘടന ഉച്ചത്തില്‍ പറയുന്നു, സമത്വം എന്ന വാക്കിനെപ്പറ്റി; സ്വാതന്ത്രത്തെ പറ്റി; പൗരാവകാശങ്ങളെ പറ്റി; ഭരണാധികാരികളും അങ്ങനെ തന്നെ പറയുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം നീങ്ങുന്നത് എതിര്‍ദിശയിലാണെന്നുമാത്രം.

അടിസ്ഥാന രാഷ്ട്രീയം മനസ്സിലാക്കി അഭിമുഖീകരിക്കാതെ, ബുള്ളറ്റുകളും പെല്ലറ്റുകളും പ്രയോഗിച്ച്, ഇനി സമരം ചെയ്യുന്നത് സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ക്ക് നേരെ ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റിനെ പോലെ പെരുമാറിയും ക്രമസമാധാനം ഉറപ്പാക്കി മുന്നോട്ടു പോകാനുള്ള മോദി സര്‍ക്കാരിന്റെ നടപടിക്ക് വലിയ വില കൊടുക്കേണ്ടി വരും; ഓര്‍ക്കുക 69 ശതമാനം ഇപ്പോഴും പുറത്തു തന്നെയുണ്ട്. അവരുടെ കയ്യില്‍ ജനാധിപത്യം എന്ന ഇരുതല മൂര്‍ച്ചയുള്ള വാളും

 

 

സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റുകളും മതഭ്രാന്തന്‍മാരും ദേശീയതലത്തിലും സാര്‍വ്വദേശീയ രംഗത്തും ഹിംസയുടെ വിത്തുകള്‍ പാകികൊണ്ട് സ്വൈര്യജീവിതം തകര്‍ക്കുകയും അസ്വസ്ഥതകള്‍ പടര്‍ത്തുകയുമാണ്. ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രംഗത്തും സ്വാധീനം ചെലുത്തി വര്‍ഗ്ഗീയ ലഹളകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയ ഫാസിസ്‌റ് ശക്തികള്‍ക്ക് കീഴടങ്ങുകയാണ്. ആഗോള ഫിനാന്‍സ് മൂലധനവും ആള്‍ദൈവങ്ങളും വര്‍ഗ്ഗീയ ഫാസിസവുമടങ്ങുന്ന കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിക്കേണ്ടതുണ്ട്. ഫാസിസ്‌റ് വിരുദ്ധ ചേരിയിലും നിറയെ സംവാദങ്ങളും പടലപ്പിണക്കങ്ങളും അരങ്ങേറുന്നുണ്ട്; അത് സ്വാഭാവികമാണ്, അതെല്ലാം ആശയപരമായിരിക്കണം. നജീബിന് വേണ്ടിയുള്ള സമരത്തില്‍ എതിര്‍ ചേരിയിലെ ചെറിയ അനക്കം പോലും എതിരാളികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.

 

നജീബിന്റെ ഉമ്മയെ കാണുമ്പോള്‍ ഈച്ചരവാര്യരെ ഓര്‍ക്കുന്നത് മുന്‍വിധിയോട് കൂടിയുള്ള സമീപനം ആണെന്ന ന്യായത്തെ അംഗീകരിച്ചു കൊണ്ട് തന്നെ അയാളുടെ ഭാര്യയെ അതായത് രാജന്റെ അമ്മയെ സ്മരിക്കുന്നു; രാജന്റെ നഷ്ടപ്പെടലോടെ മാനസികാസ്വാസ്ഥ്യം ബാധിച്ച ആ അമ്മ, മകനു സംഭവിച്ച ദുരന്തമറിയാതെ, അവന്റെ പ്രായക്കാര്‍ വിവാഹിതരായെന്നും മകനെയും വിവാഹം കഴിപ്പിക്കുന്നതിന് ആലോചനകള്‍ക്ക് ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നതുമായ ഭാഗങ്ങളാണത്. മകനു നല്കാനായി സൂക്ഷിച്ചുവച്ചിരിക്കുന്ന ചില്ലറത്തുട്ടുകള്‍ ഭര്‍ത്താവിന്, രോഗക്കിടക്കിയില്‍വച്ച് അവര്‍ കൈമാറുമ്പോള്‍ ആ ചില്ലറത്തുട്ടുകളുടെ ഭാരം അവരെ അറിയുന്നവരുടെ നെഞ്ചിലാണ് ഏറ്റുവാങ്ങുന്നത്. ഈച്ചരവാര്യര്‍ എന്ന വാക്കിന് മറ്റൊരര്‍ത്ഥം കൂടിയുണ്ട്; കാത്തിരിപ്പ് എന്നതാണത്.

 

ഈച്ചരവാര്യര്‍ എന്ന വ്യക്തിയോട് ചരിത്രവും നീതിവ്യവസ്ഥയും കാണിച്ച അനീതി നജീബിന്റെ ഉമ്മയുടെ കാര്യത്തില്‍ സംഭവിക്കാന്‍ ഇടവരും എന്ന് വെറുതെ പോലും ഭരണകൂടം മോഹിക്കരുത്. അതിന്റെ തെളിവാണ് ഇന്ദ്രപ്രസ്ഥത്തിന്റെ തെരുവുകയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന നജീബ് എവിടെ എന്ന മുദ്രാവാക്യങ്ങള്‍; നാളെ അല്ല ഇന്ന് തന്നെ നിങ്ങള്‍ മറുപടി പറഞ്ഞേ മതിയാവൂ’. ചരിത്രം മറക്കുന്നവര്‍ അതിന്റെ ആവര്‍ത്തനത്തിന് വിധേയരായിതീരും’ എന്ന പ്രശസ്ത വാചകം ഓര്‍മിക്കുന്നവര്‍ ഇന്നും ഈ രാജ്യത്ത് അവശേഷിക്കുന്നുണ്ട് മിസ്റ്റര്‍ മോദി.

 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍