UPDATES

ജെഎന്‍യു; എബിവിപിയെ പുറന്തള്ളി ഇടതു സഖ്യത്തിനു ചരിത്രവിജയം

അഴിമുഖം പ്രതിനിധി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് ചരിത്രവിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി അടക്കം നാലു സീറ്റുകളും ഇടതു സഖ്യത്തിന്. 

ഇടതുസഖ്യത്തിന്റെ മോഹിത് കെ പാണ്ഡെ ആണു പുതിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി അമല്‍ പുല്ലാര്‍ക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശതരൂപ ചക്രബര്‍ത്തിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തബ്രേസ് ഹസനുംവിജയിച്ചു.

ഈ പ്രാവശ്യത്തെ യൂണിയന്‍ എസ്എഫ്‌ഐ-ഐസ സഖ്യം തൂത്തുവാരിയിരിക്കുകയാണ്.

ശ്രദ്ധേയമായ മറ്റൊരു കാര്യം കഴിഞ്ഞ വര്‍ഷം എ.ബി.വി.പി ജയിച്ച സീറ്റില്‍ ഉള്‍പ്പെടെ ഒരു സീറ്റില്‍ പോലും ഇത്തവണ എ.ബി.വി.പി ക്ക് ജയിക്കാനായിട്ടില്ല എന്നതാണ്.

രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ ജെഎന്‍യുവില്‍ നടന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും തീവ്രവാദപ്രവര്‍ത്തനത്തിനു തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനുവിന് അനുകൂലമായി പ്രകടനം നടത്തിയെന്നും ആരോപിച്ചു കേന്ദ്ര സര്‍ക്കാരും ബിജെപിയും അവരുടെ അനുകൂല ഹിന്ദുത്വസംഘടനകളും ഒന്നടങ്കം ജെഎന്‍യുവിലെ ഇടതു-പുരോഗമന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ രംഗത്തു വന്നിരുന്നു. യൂണിയന്‍ പ്രസിഡന്റ് കനയ്യ കുുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ജെഎന്‍യുവിലെ ഇടത്-ദളിത്-പുരോഗമന ആശയങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടത്തിന്റെ പിന്തുണയോടെ ഹിന്ദുത്വസംഘടനകള്‍ ശ്രമം നടത്തുകയാണെന്നു ശബ്ദമുയര്‍ത്തി ജെഎന്‍യുവിനൊപ്പം രാജ്യത്തെ മിക്കസര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നതോടെ വലിയ പ്രതിഷേധസമരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇടതുസഖ്യത്തിന്റെ വിജയം വരും കാലങ്ങളില്‍ ഫാസിസത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരുമെന്നാണ് ജെഎന്‍യുവില്‍ നിന്നും ഉയരുന്ന ആഘോഷശബ്ദങ്ങളില്‍ മുഴങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍