UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു: വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാതെയും ചോദ്യം ചെയ്യാമായിരുന്നു

Avatar

ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു

ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തിരിച്ചെത്തിയെന്ന വാര്‍ത്ത വന്നു. അടുത്ത ചോദ്യം ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നതാണ്. (കഴിഞ്ഞ രാത്രി രണ്ടുപേര്‍ പോലീസിന് കീഴടങ്ങി) എന്റെ അഭിപ്രായം അവരെ പൊലീസ് അറസ്റ്റ് ചെയ്യരുത് എന്നാണ്. കാരണം, അറസ്റ്റ് ചെയ്യാതെയും ചോദ്യം ചെയ്യല്‍ നടത്താം. വ്യക്തമായ ഒരു കുറ്റത്തിന്റെ പേരില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസുകളിലും അറസ്റ്റ് ഒരു നിര്‍ബന്ധമല്ലെന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 157(1)-ല്‍ ഇതു വ്യക്തമാണ്. ഈ ചട്ടം പറയുന്നത് നോക്കൂ.

വകുപ്പ് 157: അന്വേഷണത്തിനുള്ള നടപടികള്‍

(1) ലഭിച്ച വിവരങ്ങളില്‍ നിന്നോ മറ്റോ പൊലീസ് സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍ക്ക് പ്രതി കുറ്റം ചെയ്തതായി സംശയിക്കാന്‍ കാരണങ്ങളുണ്ട് എങ്കില്‍ വകുപ്പ് 156 പ്രകാരം അന്വേഷിക്കാനുള്ള അധികാരമുണ്ട്. ഇതു സംബന്ധിച്ച് ഉടനടി ഒരു റിപ്പോര്‍ട്ട് കുറ്റം ബോധ്യപ്പെടുത്താന്‍ അധികാരപ്പെടുത്തിയ മജിസ്‌ട്രേറ്റിന് അയക്കുകയും നേരിട്ട് ഹാജരാകുകയും വേണം. അല്ലെങ്കില്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പൊതു ഉത്തരവിലൂടെയോ പ്രത്യേക ഉത്തരവിലൂടെയോ നിര്‍ദേശിക്കുന്ന അദ്ദേഹത്തിന്റെ റാങ്കില്‍ കുറയാത്ത ഒരു സഹ ഉദ്യോഗസ്ഥനെ നിയമനടപടികളെടുക്കാനും കുറ്റം തിരിച്ചറിയാനും വസ്തുതകളും സാഹചര്യങ്ങളും അന്വേഷിക്കാനും, ആവശ്യമെങ്കില്‍ കുറ്റക്കാരെ കണ്ടെത്താന്‍ നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാനും ചുമതലപ്പെടുത്തുകയോ ചെയ്യണം.’

ഈ വകുപ്പില്‍ പറയുന്ന ‘ആവശ്യമെങ്കില്‍’ എന്ന വാക്കിന്റെ ഉപയോഗം വ്യക്തമായും സൂചിപ്പിക്കുന്നത് എല്ലാ കേസിലും അറസ്റ്റ് ചെയ്യണമെന്നത് പൊലീസിന്റെ കടമയല്ല; വിവേചനാധികാരപരമാണ് എന്നാണ്.

1994-ലെ ജോഗീന്ദര്‍ കുമാറും യുപി സംസ്ഥാനവും തമ്മിലുള്ള കേസിലെ സുപ്രീം കോടതി നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. ‘പൊലീസ് ഓഫീസറെ സംബന്ധിച്ചിടത്തോളം നിയമപരമാണെന്ന കാരണത്താല്‍ മാത്രം അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. അറസ്റ്റ് ചെയ്യാനുള്ള അധികാരം നിലനില്‍ക്കുന്നുവെങ്കിലും അത് പ്രയോഗിക്കുന്നതിനുളള ന്യായീകരം മറ്റൊന്നാണ്. അറസ്റ്റും തുടര്‍ന്ന് പൊലീസ് ലോക്കപ്പില്‍ കിടക്കേണ്ടി വരുന്നതും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കനത്ത ഹാനിയും വലിയ അപഖ്യാതിയും വരുത്തിവയ്ക്കാന്‍ കാരണമാകാം. പതിവ് രീതിയിലോ ഒരു വ്യക്തിക്കെതിരെ കുറ്റം ചെയ്‌തെന്ന വെറും ആരോപണത്തിന്റെ അടിസ്ഥാനത്തിലോ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് ഗൗരവമേറിയ വിഷയമാണ്.’

എല്ലാ കേസിലും അറസ്റ്റ് ഒരു നിര്‍ബന്ധമല്ല എന്ന് സുപ്രിം കോടതി വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതേ തീരുമാനത്തില്‍ തന്നെ സുപ്രീം കോടതി മറ്റൊരു കാര്യവും കൂടി വ്യക്തമാക്കി. അതായത് ഇന്ത്യയില്‍ നടക്കുന്ന 60 ശതമാനം അറസ്റ്റുകളും അനാവശ്യമോ ന്യായീകരണമില്ലാത്തതോ ആണെന്ന് ദേശീയ പൊലീസ് കമ്മീഷന്റെ മൂന്നാം റിപ്പോര്‍ട്ടില്‍ നിരീക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു അത്. ഈ അറസ്റ്റുകളാണ് പൊലീസിലെ അഴിമതിയുടെ ഒരു മുഖ്യ സ്രോതസ്സ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്റെ അഭിപ്രായത്തില്‍ ഈ കേസിലും അറസ്റ്റ് അനാവശ്യമാണ്. ഈ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആഗ്രഹിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യാന്‍ മാത്രം ക്യാമ്പസില്‍ സൗകര്യപ്രദമായ ഒരു മുറിയോ ഹാളോ അനുവദിച്ചു തരണമെന്ന് അവര്‍ക്ക് ജെഎന്‍യു വിസിയോടോ രജിസ്ട്രാറോടൊ ആവശ്യപ്പെടുകയേ വേണ്ടതുള്ളൂ.

(ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍