UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവിനെ ആരാണ് ഭയക്കുന്നത്?

Avatar

ലക്ഷ്മി മരിക്കാര്‍

ആരാണ് ദേശീയവാദി (Nationalist) എന്നതിനെ ചൊല്ലിയാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലും (ജെഎന്‍യു) പുറത്തും ഏതാനും ദിവസങ്ങളായുള്ള തര്‍ക്കം. തങ്ങളുടെ സൗകര്യത്തിനും ദേശീയതയ്ക്ക് തങ്ങള്‍ നല്‍കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കണം ഒരു വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്നാണ് കടുത്ത അസഹിഷ്ണുതയോടെ ബി.ജെ.പിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയും ശാഠ്യം പിടിക്കുന്നത്.

 

ഫെബ്രുവരി ഒമ്പതിന് ഒരു വിഭാഗം ജെ.എന്‍.യു വിദ്യര്‍ത്ഥികള്‍ ‘തപാലാഫീസ് ഇല്ലാത്ത രാജ്യം’ (A country without a post office) എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികവും അന്നായിരുന്നു എന്നത് യാദൃച്ഛികമല്ല. പരിപാടി സംഘടിപ്പിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അനുമതി തേടിയിരുന്നെങ്കിലും എ.ബി.വി.പിയുടെ തുടര്‍ച്ചയായ സമ്മര്‍ദ്ദം മൂലം അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടു. പരിപാടിയില്‍ ദേശവിരുദ്ധ ഘടകങ്ങളുണ്ടെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍ സംഘാടകരായ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടി നടത്തിയേ തീരൂ എന്ന്‍ തീരുമാനിച്ചു. തടയാനെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമവും അഴിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് എല്ലാ പുരോഗമന, ഇടതുപക്ഷ സംഘടനകളും മുന്നോട്ടുവരികയും അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി നിലകൊള്ളുകയും ചെയ്യുന്നത്. വധശിക്ഷ ആവശ്യപ്പെടുന്ന ഒരു ദേശീയ പൊതുബോധം നിലനില്‍ക്കുമ്പോള്‍, ‘Where there is the deliberate creation of fear and its taking a violent form such as assassination and lynching, it has to be called terrorism’ എന്ന് റോമില ഥാപ്പര്‍ കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ധബോല്‍ക്കറുടെയും കൊലകളുടെ പശ്ചാത്തലത്തില്‍ പറഞ്ഞത് ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.

 

എബിവിപിയുടെ പ്രതീകാത്മകവും ശാരീരികവുമായ ആക്രമണ തന്ത്രങ്ങള്‍ ജെഎന്‍യുവിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ‘മുസഫര്‍നഗര്‍ ബാകി ഹെ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞതും ഇതേ വിദ്യാര്‍ത്ഥി സംഘടന തന്നെയാണ്. ‘കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്’ എന്ന സിനിമയുടെ പ്രദര്‍ശനം ജെഎന്‍യുവില്‍ തടഞ്ഞതും ഇവരാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫെലോഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മാനവവിഭവശേഷി മന്ത്രാലയത്തിനും യുജിസിക്കും മുമ്പില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ തങ്ങളുടെ മാതൃസംഘടനയുടെ അധികാരം എബിവിപി പ്രയോഗിച്ചതുമെല്ലാം ‘ദേശവിരുദ്ധത’ എന്ന കാര്‍ഡിറക്കിയാണ്. ജെഎന്‍യുവിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ 2015-ല്‍ ഒരു ഭക്ഷ്യമേള സംഘടിപ്പിച്ചപ്പോള്‍ കാശ്മീരിന് പ്രത്യേക സ്റ്റാള്‍ ഉണ്ടാക്കിയതിനെതിരെയും ഇവര്‍ രംഗത്തു വന്നിരുന്നു. കാശ്മീരികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് അതിനു കാരണമായി പറഞ്ഞത്.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുടെ കാര്യത്തിലും ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രംഗത്തുവന്ന പി.ഡി.പിയുമായി ബി.ജെ.പി കശ്മീരില്‍ സഖ്യമുണ്ടാക്കി. ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള എതിര്‍പ്പ് പി.ഡി.പി പ്രകടിപ്പിച്ചത് ഇരുപാര്‍ട്ടികളും സഖ്യത്തിലാകുന്നതിനു മുമ്പാണെന്നോര്‍ക്കണം.

 

 

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിതിന്റെ വാര്‍ഷിക ദിനത്തില്‍ നടത്തിയ പ്രതിഷേധസംഗമത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ മുഴക്കി എന്ന് ആരോപിക്കപെടുന്ന മുദ്രാവാക്യങ്ങളാണ് തീവ്രവലതുപക്ഷം പ്രശ്‌നവത്കരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി പല വകുപ്പുകളും ചുമത്തിയാണ് സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റിനെതിരെ കേസെടുത്തിട്ടുള്ളതും അറസ്റ്റ് ചെയ്തതും. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് നമ്മുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞിട്ടില്ലാത്ത ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്; രോഹിത് വെമുലയുടെ മരണം. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതും അതിലൊരാളായ രോഹിത് പിന്നീട് ആത്മഹത്യ ചെയ്തതും രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അന്യവത്കരണത്തിനെതിരെയും ‘ദളിത് ഡിസ്കോഴ്സി’നെ നിശബ്ദമാക്കുന്ന തരത്തിലുള്ള ഭരണവ്യവസ്ഥിതിക്കെതിരെയും ഉള്ള പ്രതിഷേധം ആളിപ്പടരാന്‍ ഇടയാക്കി. നീതി നടപ്പാക്കുന്നതിലെ വിവേചനപരമായ ന്യായത്തിന്റെ ചോദ്യം കൂടിയായിരുന്നു ഈ പ്രതിഷേധം.

 

പൊതുസമൂഹം (വികാരം) ഒരു വിഭാഗത്തെ ന്യുനപക്ഷവല്‍ക്കരണത്തിന് വിധേയമാക്കുമ്പോള്‍ (Minoritizes) അത് ആ വിഭാഗത്തെ ഭ്രഷ്ട് കല്‍പ്പിക്കുകയും (Excommunicate) അവരുടെ അഭിപ്രായ സ്വാതന്ത്രത്തിനുമേല്‍ അധീശത്വം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. മറ്റൊരു തരത്തില്‍ ഭൂരിപക്ഷസമൂഹം അവരെ വ്യവസ്ഥാപിത ഇന്ത്യന്‍ ദേശീയതയിലേക്ക് സ്വാംശീകരിക്കുകയുമാണ് ചെയ്യുന്നത്. ഇത് തങ്ങളുടെ രാഷ്ട്രീയനിലപാടുകള്‍ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റികളില്‍ നിന്നോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ പുറത്താക്കുന്നതിലൂടെ മാത്രമല്ല മറിച്ച് കാവിവല്ക്കരിക്കപ്പെട്ട സര്‍ക്കാരിന്റെ കീഴില്‍ നിലകൊള്ളുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടം അക്കാദമിക് പരിസരങ്ങളില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളിലും പ്രകടമാകും. ഇതിന് ഉദാഹരണമാണ്, ഭാഷാ പഠനത്തിന് ജെഎന്‍യുവില്‍ ഉള്ള സ്‌കൂള്‍ ഓഫ് ലാംഗ്വേജിന് കീഴില്‍ വരാത്ത തരത്തില്‍ സംസ്‌കൃത പഠനത്തിനു പ്രത്യേക സെന്‍റര്‍ വേണമെന്ന ആവശ്യം തീവ്രവലതുപക്ഷം ഉന്നയിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതില്‍ കലാശിച്ചത് (ഈ സെന്‍റര്‍ രൂപകല്പ്പന ചെയ്തിരിക്കുന്നത് സ്വസ്തിക് ചിഹ്നത്തിന്റെ ഏരിയല്‍ വ്യൂ രൂപത്തിലാണ് എന്നുള്ളത് രസകരമാണ്)

 

ജനാധിപത്യത്തെ കളങ്കപ്പെടുത്തിയ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സംഭവത്തിന്റെ ആവര്‍ത്തനം തന്നെയാണ് ബി ജെപി എംപി മഹേഷ് ഗിരി, എബിവിപിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കിയത്. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ വളരെ തന്ത്രപരവും വിദഗ്ധവുമായുമാണ് ഈ വിഷയത്തെ ഹനുമന്തപ്പയുടെ മരണവും വിദ്യാര്‍ഥികളുടെ ”ദേശവിരുദ്ധ” പ്രവര്‍ത്തനങ്ങളുമായി വിളക്കി ചേര്‍ക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടാംകിട പൗരന്മാരോട് എന്നപോലെ പെരുമാറുന്ന ഈ അശ്ലീല മാധ്യമ ആക്ടിവിസം, കശ്മീരിലും മണിപ്പൂരിലുമൊക്കെ സൈന്യം നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മാനിക്കാമായിരുന്നു.

 

ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെടുന്ന ‘ന്യായാനുസൃതമായ അതിക്രമങ്ങള്‍’ക്ക് (legitimate violence) ഈ രാജ്യത്ത് ഭൂരിപക്ഷ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍, അഭിപ്രായസ്വാതന്ത്ര്യത്തിനായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നത് ഇന്നിന്റെ കീഴ്വഴക്കമായി മാറുന്നുണ്ട്. എന്താണ് ദേശീയത അല്ലെങ്കില് ദേശവിരുദ്ധത, സര്‍ക്കാര്‍ വിരുദ്ധത എന്നൊക്കെ തീരുമാനിക്കുന്ന ഇടങ്ങളെ ചോദ്യം ചെയ്യുന്നതിലുപരി മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രശ്‌നത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുക മാത്രമല്ല മറിച്ച് നീതിക്ക് സൗകര്യപ്രദമായ നിര്‍വചനം നല്‍കുകയുമാണ് ചെയ്യുന്നത്. പാര്‍ലമെന്‍റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ രണ്ടു വര്‍ഷം മുമ്പ് തൂക്കിക്കൊന്നെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇഹ്‌സാന്‍ ജാഫ്രി അടക്കമുള്ള ആയിരക്കണക്കിന് മുസ്ലിങ്ങളുടെ കൊലയ്ക്ക് ആരോപണവിധേയനായ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ് ചെയ്തത്. ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ഥി സമൂഹം ഉന്നയിക്കുന്ന പ്രശ്‌നം നീതി സൗകര്യപൂര്‍വം വളച്ചൊടിക്കുന്ന ഈ ഇരട്ടത്താപ്പിനെയാണ്. ഇത് തന്നെയാണ് അഫ്‌സല്‍ ഗുരുവിന്റെയും മക്ബൂല്‍ ഭട്ടിന്റെയും യാക്കൂബ് മേമന്‍ന്റെയും വധശിക്ഷ ജുഡീഷ്യല്‍ കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ച് ജെഎന്‍യുവിലെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരുന്നതിനു കാരണം.

 

 

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ (എഐഎസ്എഫ്) രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെ ന്യായീകരിക്കാനാവില്ല; എന്തെന്നാല്‍, ചരിത്രകാരിയും അധ്യാപികയുമായ മൃദുല മുഖര്‍ജി ചൂണ്ടിക്കാട്ടിയപോലെ ഇടതുപാര്‍ട്ടികളില്‍ ഏറ്റവും മൃദുനിലപാടുകാരായ സിപിഐയുടെ വിദ്യാര്‍ഥിഘടകമായതുകൊണ്ടും താനുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം നന്നായി അറിയുന്നതുകൊണ്ടും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നതുപോലെ അദ്ദേഹം ഇത്തരമൊരു മുദ്രാവാക്യം ഒരിക്കലും വിളിച്ചിട്ടുണ്ടാവില്ല. ഇത്തരം മുദ്രാവാക്യങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് എഐഎസ്എഫിനു പുറമെ ഐസയും(AISA) എസ്എഫ്ഐയും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ‘ജെഎന്‍യു വിദ്യാര്‍ഥികളെ കരിവാരിത്തേക്കാന്‍ ഉപയോഗപ്പെടുത്തുന്ന രീതി ഞങ്ങളെ അമ്പരപ്പെടുത്തുന്നു. പരിപാടിക്കിടെ ചിലര്‍ ഉയര്‍ത്തിയ ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യങ്ങളെ അപലപിക്കുകയാണ്. ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത് ഇടതുപക്ഷ സംഘടനകളിലെ അംഗങ്ങളോ ജെഎന്‍യു വിദ്യാര്‍ഥികളോ അല്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്’, എന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ കനയ്യ തന്നെ പറഞ്ഞിട്ടുണ്ട്.

 

വിദ്യാര്‍ഥികളും മറ്റെല്ലാ പുരോഗമന ശക്തികളും ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ബ്രഹത്തായ ചോദ്യത്തില്‍ നിന്നും പിന്നീട് ഏവരുടേയും ശ്രദ്ധ തന്ത്രപരമായി വഴിതിരിച്ചു വിട്ടത് പൊതുസമൂഹത്തെ ഒന്നിപ്പിക്കുന്ന ‘Imagined nationalism’-ത്തിലേക്കാണ്. രോഹിത് വെമുലയേയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളായ മറ്റു നാലുപേരേയും പുറത്താക്കിയത് യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരിലായിരുന്നു. രോഹിതിന്റെ മരണത്തെ തുടര്‍ന്ന്‍ രാജ്യമുടനീളമുണ്ടായ പ്രതിഷേധങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വധശിക്ഷ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നോ ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. അതിനായി തന്ത്രപൂര്‍വം അവര്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ ഉപയോഗിക്കുകയാണ്. 

 

ജെഎന്‍യുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന അടിച്ചമര്‍ത്തല്‍ ജനാധിപത്യത്തിന്റെ കശാപ്പല്ലാതെ മറ്റൊന്നുമല്ല. രാജ്യത്തെ പുരോഗമനശക്തികളെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി, ഹിന്ദുത്വദേശീയതക്ക് ബദലായി നില്ക്കുന്ന മറ്റേതു പ്രത്യയശാസ്ത്ര നിലപാടുകളെയും കുഴിച്ചുമൂടാനുള്ള സവര്‍ണ ഫാസിസ്റ്റ് സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് പകല്‍പോലെ വ്യക്തം. ഭരണകൂട അംഗീകാരം വേണ്ടെന്നു തന്നെ വ്യക്തമാക്കിക്കൊണ്ട് നമ്മുടെ നിലനില്‍പ്പിന് നാം പൊരുതി ജയിക്കും എന്നതിന്റെ തെളിവാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ദിവസങ്ങളായി തുടരുന്ന പ്രതിഷേധം.

 

ജെഎന്‍യു സംവാദങ്ങളുടേയും ചര്‍ച്ചകളുടെയും ജനാധിപത്യമര്യാദകള്‍ പാലിക്കുന്ന കേന്ദ്രമാണ്. പൗരസ്വാതന്ത്ര്യത്തിന് മറ്റെന്തിനെക്കാളും വിലകൊടുക്കുന്ന ഇടം. ന്യൂസ് അവറുകളില്‍ കേള്‍ക്കുന്നതിനേക്കാള്‍ അധികം ചര്‍ച്ചകള്‍ ഇവിടുത്തെ ധാബകളില്‍ നിത്യേന അരങ്ങേറുന്നുണ്ട്. ഏതെങ്കിലും ദേശീയപത്രങ്ങളില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇവിടുത്തെ ചുവരുകളില്‍ നിന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികളും ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിറ്റുള്ളവരും ഉള്‍ക്കൊണ്ടിട്ടുണ്ടാവും. രാജ്യത്തിന്റെ പ്രബുദ്ധതയെ ശക്തിപ്പെടുത്തുന്നതില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ വലിയ പങ്കുവഹിക്കുന്നു എന്നതിനാല്‍ തന്നെയാണ് ജെഎന്‍യു ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് ശക്തികളുടെ ഇരയാകുന്നത്.

 

(ജെ.എന്‍.യുവില്‍ വിമന്‍സ് സ്റ്റഡീസില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ് ലക്ഷ്മി)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍