UPDATES

കാണാതായ ജെഎന്‍യു വിദ്യാര്‍ഥിയുടെ അമ്മയുടേയും സഹോദരിയുടേയും നേരെ പോലീസിന്റെ ബലപ്രയോഗം

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ അമ്മയുടേയും സഹോദരിയുടേയും നേരെ പോലീസിന്റെ ബലപ്രയോഗം. ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയാതെ നിന്ന നജീബിന്റെ അമ്മ ഫാത്തിമ അഹമ്മദിനെയേയും സഹോദരിയേയും പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുകയും തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴച്ചു പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ഥികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നജീബിനെ കണ്ടെത്തെണമെന്നാവശ്യപ്പെട്ട് പ്രഷോഭത്തില്‍ പങ്കെടുത്ത 200 ഓളം ജെഎന്‍യുവിലെ വിദ്യാര്‍ഥികളെയാണ്‌ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് വിവരം.

സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയത്തോടെ നജീബിന്റെ അമ്മയെയും സഹോദരിയെയും ഉള്‍പ്പടെയുള്ള പ്രഷോഭകരെ വിട്ടയച്ചു. ഒക്ടോബര്‍ 14-ന് കാണാതായ നജീബിനെക്കുറിച്ച് യതോരു വിവരങ്ങളും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇതാണ് പ്രഷോഭകരെ കൂടുതല്‍ ഗൗരവമായി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

നജീബിന്റെ വിഷയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന്റെയും ജെഎന്‍യു അധികൃതരുടെയും റിപ്പോര്‍ട്ട് തേടുമെന്ന് അറിയിച്ചെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശുകാരായ നജീബിന്റെ അമ്മയും സഹോദരിയും ദിവസങ്ങളായി ഡല്‍ഹിയില്‍ പ്രഷോഭകരുടെ കൂടെയാണ് കഴിയുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍