UPDATES

ജെഎന്‍യു പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തകൃതി; പ്രവേശന മാനദണ്ഡങ്ങള്‍ പൊളിച്ചടുക്കി

എസ്.സി, എസ്.ടി, പിന്നോക്ക മേഖലകളില്‍ നിന്നുള്ളവര്‍, സംഘപരിവാറിന് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം

തങ്ങളുടെ കണ്ണിലെ കരടായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല പിടിച്ചടക്കാന്‍ സംഘപരിവാറിന്റെ പുതിയ നീക്കം. ജെഎന്‍യുവിലേക്കുള്ള പ്രവേശന നടപടികള്‍ മാറ്റിമറിച്ച് നിലവില്‍ ക്യാമ്പസിലുള്ള രാഷ്ട്രീയാന്തരീക്ഷം തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനുള്ള നടപടികളാണ് പുതിയതായി ആവിഷ്ക്കരിച്ചിരിക്കുന്നത്. നിലവില്‍ എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നതിന് പകരമായി ഇന്‌റര്‍വ്യൂവിന്‌റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഗവേഷണ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം എന്ന യുജിസി ഉത്തരവ് മുന്‍നിര്‍ത്തിയാണ് സര്‍വകലാശാല അധികൃതരുടെ നീക്കം. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുന്നതില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഇളവുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും എഴുത്തുപരീക്ഷയിലോ ഇന്‍റര്‍വ്യൂവിലോ ഈ ഇളവുകള്‍ നല്‍കുന്നതും എടുത്തു കളഞ്ഞിരിക്കുകയാണ്.

അതിനിടെ, അക്കാദമിക് കൌണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് എട്ട് വിദ്യാര്‍ഥികളെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ അക്കാദമിക് കൌണ്‍സില്‍ യോഗം കഴിഞ്ഞതിന് പിന്നാലെ സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് യോഗം അജണ്ടകള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു എന്നാണ്. അതിന്റെ പിറ്റേന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

ഇന്‍റര്‍വ്യൂവിന് യോഗ്യത നേടണമെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടണം. എങ്കിലും ഇന്‍റര്‍വ്യൂ ബോര്‍ഡിന് തൃപ്തികരമല്ലെങ്കില്‍ പ്രവേശനം ലഭിക്കില്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏറ്റവും നല്ല വഴിയായാണ് കണക്കാക്കപ്പെടുന്നത്. സര്‍വകലാശാലയിലെ പ്രവേശന മാനദണ്ഡങ്ങളും ഇത്തരത്തില്‍ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാര്‍ഥികളെ പരമാവധി സഹായിക്കുന്ന വിധത്തിലാണ്. എന്നാല്‍ യുജിസിയെ മുന്നില്‍ നിര്‍ത്തി ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഡിസംബര്‍ 26 തിങ്കളാഴ്ച നടന്ന ജെഎന്‍യു അക്കാദമിക് കൗണ്‍സില്‍ യോഗം, യുജിസി നോട്ടിഫിക്കേഷന് അംഗീകാരം നല്‍കിയതായാണ് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും ശക്തമായ പ്രതിഷേധത്തിനിടെയാണ് നടപടി. എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ വൈവ അല്ലെങ്കില്‍ ഇന്‌റര്‍വ്യൂവിന് യോഗ്യത നേടുമെന്നും ഇന്‌റര്‍വ്യൂവിന്‌റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനമെന്നും ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി ചട്ടം ബാധകമാണെന്നാണ് ജെഎന്‍യു അധികൃതര്‍ പറയുന്നത്.

നിലവില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 70 ശതമാനവും വൈവയ്ക്ക് 30 ശതമാനം എന്ന തരത്തിലാണ് ജെഎന്‍യുവില്‍ പ്രവേശനം നടക്കുന്നത്. ഇതില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇത്തരം പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കും നിശ്ചിത ശതമാനം ഇളവുകളുകളും ഉണ്ട്. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിക്കുന്ന പ്രവേശന രീതിയാണ് ഇനി നിലവില്‍ വരാന്‍ പോകുന്നത്. അതായത് ഇനി ഇന്‍റര്‍വ്യൂ നടത്തുന്നവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു മാത്രമാവും ജെഎന്‍യു പ്രവേശനം. ഇപ്പോള്‍ ഒബിസി-27 ശതമാനം, എസ്.സി-16 ശതമാനം, എസ്.ടി- എട്ട് ശതമാനം എന്നിങ്ങനെയാണ് പ്രവേശനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പുതിയ മാനദണ്ഡം വരുന്നതോടെ ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകും പ്രവേശനം എന്നതിനാല്‍ ഈ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെയായിരിക്കും പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക.  യോഗ്യരായ വിദ്യാര്‍ഥികള്‍ ഇല്ല (NFS) എന്നു ചൂണ്ടിക്കാട്ടി ഈ സീറ്റുകള്‍ ഒഴിച്ചിടാന്‍ സര്‍വകലാശാലയ്ക്ക് ഈ വിധത്തില്‍ കഴിയും.

നിലവില്‍ ഇന്‌റര്‍വ്യൂവിന് നല്‍കുന്ന 30 ശതമാനം മാര്‍ക്ക് എന്നത് 15 ശതമാനമായി കുറയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നിലനില്‍ക്കുമ്പോഴാണ് ഇതിനെ മുഴുവന്‍ മാറ്റിമറിക്കുന്ന രീതിയിലുള്ള തീരുമാനം സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. സര്‍വകലാശാലയുടെ നിലവിലുള്ള സ്വഭാവം മാറ്റാനുള്ള ബോധപൂര്‍വമായ നടപടിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‌റ് മോഹിത് പാണ്ഡെ ആരോപിച്ചു. ജെഎന്‍യുവിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇന്‌റര്‍വ്യൂവില്‍ വലിയ തോതില്‍ വിവേചനമുണ്ടാവാന്‍ ഇടയുണ്ടെന്ന് മോഹിത് പാണ്ഡെ ചൂട്ടിക്കാട്ടി.

അതേസമയം മേയ് അഞ്ചിന്‌റെ യുജിസി നോട്ടിഫിക്കേഷന്‍ അക്കാഡമിക് കൗണ്‍സില്‍ അംഗീകരിച്ചതായുള്ള സര്‍വകലാശാല അധികൃതരുടെ വാദം കൗണ്‍സില്‍ തള്ളി. ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. വൈസ് ചാന്‍സലര്‍ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തന്നെ അവസരം തന്നിട്ടില്ല. ചര്‍ച്ചയില്ലാതെ ഇത് പാസാക്കാന്‍ കഴിയില്ലെന്നും അക്കാദമിക് കൗണ്‍സില്‍ അംഗം ജയതി ഘോഷ് പറഞ്ഞു. പുതിയ പ്രവേശന മാനദണ്ഡങ്ങല്‍ക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനുണ്ടായ സംഭവവികാസങ്ങള്‍ക്ക് ശേഷം ജെഎന്‍യു രാജ്യത്താകെ ചര്‍ച്ചയായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തും രാജ്യദ്രോഹികളാക്കി മുദ്ര കുത്തിയുമുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നടപടികള്‍ ആഗോളവ്യാപകമായിത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഎന്‍യുവിന്റെ ഇപ്പോഴുള്ള അക്കാദമിക്, രാഷ്ട്രീയ സ്വഭാവം മാറ്റി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് സംഘപരിവാര്‍ പദ്ധതിയിടുന്നത്. പുതിയ പ്രവേശന മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ സമൂഹത്തിലെ ഒരുവിഭാഗം മേല്‍ത്തട്ടുകാര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായി ജെഎന്‍യു മാറും; അതോടൊപ്പം സംഘപരിവാര്‍ ആശയസംഹിതകളോട് എതിര്‍പ്പുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കാനും അധികൃതര്‍ക്ക് കഴിയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍