UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് രാജ്യദ്രോഹം?

Avatar

ടീം അഴിമുഖം

മഹാത്മാ ഗാന്ധി, ഡോ. ബിനായക് സെന്‍, അരുന്ധതി റോയ്, ഹാര്‍ദിക് പട്ടേല്‍, തമിഴ് നാടോടി ഗായകന്‍ എസ് കോവന്‍, ഗുജറാത്തിലെ ടൈംസ് ഓഫ് ഇന്ത്യ ജേണലിസ്റ്റുകള്‍ എന്നിവര്‍ക്കും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനും പൊതുവായുള്ളതെന്താണ്?

ഗാന്ധിയെയും ഹാര്‍ദിക് പട്ടേലിനെയും ഒരേ അളവുകോല്‍ വച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. എന്നാല്‍ സ്വന്തം അഭിപ്രായം ഉറക്കെ പറയാന്‍/പാടാന്‍ ധൈര്യം കാണിച്ചതിന് ഇവരെല്ലാവര്‍ക്കും മേല്‍ അതത് സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക നിയമം അനുസരിച്ചാണ് ഇവരില്‍ മിക്കവര്‍ക്കെതിരെയും കേസെടുത്തത്. ഭരണാധികാരികള്‍ക്ക് ദഹിക്കാത്ത എന്തു പറഞ്ഞാലും ഉപയോഗിക്കപ്പെടാവുന്ന നിയമമാണിത്. 

എന്താണ് രാജ്യദ്രോഹം?
ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യദ്രോഹത്തിന് കൃത്യമായ നിര്‍വചനമില്ല. ‘രാജ്യദ്രോഹം – സര്‍ക്കാരിനെ എതിര്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഭാഷയോ പെരുമാറ്റമോ’ എന്നാണ് കേംബ്രിജ് നിഘണ്ടു പറയുന്നത്.

രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124-എയിലെ നിര്‍വചനം ഇതാണ്: ‘എഴുതിയതോ പറഞ്ഞതോ ആയ വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യവല്‍ക്കരണം എന്നിവയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച്, ഇന്ത്യയില്‍ നിയമപരമായി സ്ഥാപിതമായ സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും സ്‌നേഹമില്ലായ്മയും നീരസവും ഉണ്ടാക്കുകയോ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ആരും………..’ (രാജ്യദ്രോഹം ചെയ്യുന്നു). നീരസം എന്ന വാക്കില്‍ കൂറില്ലായ്മ, ശത്രുത എന്നീ വികാരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആധുനിക കാലത്തും സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തുനിയുന്നു എന്നത് യഥാര്‍ത്ഥത്തില്‍ തമാശയാണ്. നാം ജീവിക്കുന്ന കാലത്തിന്റെ പരിഹാസ്യമായ ചിത്രീകരണമായും ഇതിനെ കാണാം.

സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് രാജ്യദ്രോഹ നിയമം. പത്തൊന്‍പതാം നൂറ്റാണ്ടിലെ വഹാബി പ്രസ്ഥാനത്തിനെതിരെയായിരുന്നു തുടക്കം. യാഥാസ്ഥിതികരായ വഹാബികള്‍ ആരംഭകാല ഇസ്ലാം മതത്തിലും അതിന്റെ സത്തയിലും നിന്നുള്ള ഏതുമാറ്റത്തെയും എതിര്‍ക്കുന്നവരാണ്. 1830 മുതല്‍ ഈ പ്രസ്ഥാനം നിലവിലുണ്ടായിരുന്നുവെങ്കിലും 1857-ലെ വിപ്ലവകാലത്ത് അത് സായുധപ്രതിരോധമായി മാറി. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ജിഹാദായി രൂപം മാറിയ വഹാബി പ്രസ്ഥാനം 1870നു ശേഷം പൂര്‍ണമായി അടിച്ചമര്‍ത്തപ്പെട്ടു.

സര്‍ക്കാരിനെതിരെ അതൃപ്തി പരത്തുന്നതരം പ്രസംഗങ്ങളെ നിയമവിരുദ്ധമാക്കാന്‍ കൂടിയാണ് ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. അധികാരം നിലനിര്‍ത്താനും സ്വാതന്ത്യസമരത്തെ അടിച്ചമര്‍ത്താനും ഈ നിയമം അവര്‍ ഉപയോഗിച്ചു. ‘ബംഗോബാസി’യുടെ എഡിറ്ററെന്ന നിലയില്‍ ജോഗേന്ദ്ര ചന്ദ്രബോസിനെതിരെയാണ് നിയമം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

സ്വാതന്ത്ര്യസമരകാലത്ത് മഹാത്മ ഗാന്ധി, ബാലഗംഗാധര തിലകന്‍, ആനി ബസന്റ് തുടങ്ങിയവരെല്ലാം ഈ നിയമത്തിന് ഇരകളായി. 1922-ല്‍ തന്റെ ലേഖനങ്ങള്‍ മൂലം ഗാന്ധി ഈ നിയമത്തിന്‍കീഴില്‍ വിചാരണ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറുവാദം ഇങ്ങനെയായിരുന്നു: ‘നിയമം കൊണ്ട് ഉത്പാദിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്ന ഒന്നല്ല സ്‌നേഹം. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍ നീരസം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട്. അയാള്‍ അക്രമമാര്‍ഗം അവലംബിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം.’

ഇങ്ങനെയാണെങ്കിലും സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകള്‍ ഈ നിയമം യഥേഷ്ടം ഉപയോഗിച്ചുവന്നു. നരേന്ദ്ര മോദി സര്‍ക്കാരും ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരും മറ്റ് നിരവധി സംസ്ഥാനസര്‍ക്കാരുകളും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 77 വര്‍ഷമായി നിലവിലുള്ള ഈ വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഉപയോഗിച്ചത് ഇന്ത്യന്‍ സര്‍ക്കാരുകളാണ് എന്നതാണ് വിചിത്രം.

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതായി ജെഎന്‍യു പ്രഫസര്‍മാര്‍ പറയുന്നു. ‘മുന്‍പ് ഒരിക്കല്‍ മാത്രമേ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അറസ്റ്റിലായിട്ടുള്ളൂ. അത് 1975 – 77 കാലത്തെ അടിയന്തരാവസ്ഥയിലാണ്. ക്യാംപസിലെ ഇന്നത്തെ അവസ്ഥ അക്കാലത്തെ അനുസ്മരിപ്പിക്കുന്നു,’ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ സംഭവത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുന്നു എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. ശബ്ദമുഖരിതമായ ടിവി സ്റ്റുഡിയോകളില്‍ ആവര്‍ത്തിക്കപ്പെടുന്നത് ഔദ്യോഗികമായ അസഹിഷ്ണുതയുടെ ഈണമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍