UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ത്ഥികളെ ഭരണകൂടം ഭയപ്പെടുകയെന്നാല്‍, ജനാധിപത്യത്തിന് ഭാവിയുണ്ടെന്നാണ്

Avatar

രാമദാസ് പ്രിനി ശിവാനന്ദന്‍

ഒന്നരവര്‍ഷം മുന്‍പ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടി കയറുന്നതിന്റെ തലേ രാത്രിയില്‍(8/10/14) ആര്‍ട്‌സ് ആന്‍ഡ്‌ ഏസ്‌തെറ്റിക്‌ സ്‌കൂളിന്റെ വരാന്തയില്‍ കൂടിയിരിക്കുമ്പോള്‍ എന്തെങ്കിലുമൊന്നു പറയാന്‍ സഖാക്കള്‍ ആവശ്യപ്പെട്ടു. ഒരു സന്ദര്‍ശകനെപ്പോലെ എത്തിപ്പെട്ട ഞാന്‍ എന്ത് പറയാനാണ്? പണ്ടൊരിക്കല്‍ എല്‍.പി. ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ കാണിച്ചു തന്ന പത്രക്കുറിപ്പിലെ ഒരു കഥ മാത്രം പറഞ്ഞു. എന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ അത് അത്യാവശ്യമായിരുന്നു.

അങ്ങ് കാസര്‍കോട് ജില്ലയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കഷ്ടപ്പെട്ടും പഠിച്ചുമെല്ലാം വലിയനിലയിലെത്തിയ ഒരാദിവാസി യുവാവിന്റെ വീട്ടിലെത്തിയ പത്രക്കാര്‍ നോക്കുമ്പോള്‍, കഥാനായകന്റെ സഹോദരന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതോ മറ്റോ ആണ് കാണുന്നത്.

‘എന്തുകൊണ്ടിങ്ങനെ മദ്യത്തിന് അടിമയായി?’ പത്രക്കാരുടെ ചോദ്യം

‘ഞാനെന്റെ അച്ഛനെ കണ്ടാണ് പഠിച്ചത്. മുഴുക്കുടിയനും വഴക്കാളിയുമായിരുന്നു. പിന്നെ ഞാനിങ്ങനെയല്ലേ ആവൂ…’ ഉത്തരവും വന്നു.

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാത്ത രണ്ടാമത്തെ മകനോടും അവര്‍ ചോദിച്ചു; ‘നിങ്ങളെന്താണ് ഇങ്ങനെ ആയത്?’ 

അയാള്‍ തന്റെ ചേട്ടന്‍ പറഞ്ഞ ഉത്തരം ആവര്‍ത്തിച്ചു; 
‘ഞാനും എന്റെ അച്ഛനെ കണ്ടാണ് പഠിച്ചത്, മുഴുക്കുടിയനും വഴക്കാളിയുമായിരുന്നു. അത് കണ്ട് വളര്‍ന്ന എനിക്കിങ്ങനെയല്ലേ ആവാനാവൂ…’

എന്നെ അറിയാവുന്നവര്‍ക്ക്, മുറി ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ച കഥ മനസ്സിലായി. പിറ്റേന്ന് അധികമാരോടും പറയാതെ ഞാനിങ്ങ് പോന്നു. വരാനിറങ്ങുമ്പോള്‍ സുബിനേട്ടന്‍ രണ്ട് പുസ്തകങ്ങള്‍ തന്നത് ബാഗില്‍ ഇരിക്കുന്നുണ്ട്.

ജെ.എന്‍.യു ജീവിതം ‘താത്കാലികമായി’ അവസാനിപ്പിക്കാന്‍ തീരുമാനിച്ച്, അത് ഔദ്യോഗികമായി എല്ലാവരേയും അറിയിച്ച് രാത്രിയില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒരു സിനിമയ്ക്ക് പോയി.അവിടുത്തെ കൂട്ടുകാരോടൊപ്പം ആദ്യമായും അവസാനമായും ഞാന്‍ തിയേറ്ററില്‍ പോയി കണ്ട ആ സിനിമ വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ‘ഹൈദര്‍’ ആയിരുന്നു. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.

തിരിച്ച് നടക്കുമ്പോള്‍ ക്യാമ്പസ്സിനകത്ത് ‘ഹിന്ദു’ വിശ്വാസികളുടെ, സംഘപരിവാരിന്റെ ചില പരിപാടികള്‍ നടക്കുന്നുണ്ടായിരുന്നു. ആഘോഷങ്ങളും കലാപരിപാടികളുമെല്ലാം. ‘രാജ്യദ്രോഹികളായ തീവ്രവാദികള്‍’ ആരും തന്നെ അവരെ ആക്രമിക്കുന്നത് കണ്ടില്ല.

അതിനും മുന്‍പ് ഇലക്ഷന്‍ സമയത്ത് ‘ഹര്‍ഹര്‍ മോദി’ മുദ്രാവാക്യം വിളിക്കണോ വേണ്ടയോ എന്ന കണ്ഫ്യൂഷനില്‍ എബിവിപിക്കാര്‍ തമ്മില്‍ തല്ല് കൂടിയതിന്റെ വയലന്‍സാണ് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാനുള്ളത്. എസ്.എല്‍ സ്‌കൂളിനു മുന്നില്‍ സ്വന്തം സംഘടനക്കാരുടെ തല്ലുകൊണ്ട് പൂച്ചെടികള്‍ക്കിടയില്‍ കിടന്ന് ഭാരതമാതാവിനും മോദിജിയ്ക്കും ജയ് വിളിച്ച ‘രാഷ്ട്രസേവകന്റെ’ രൂപം മറന്നിട്ടില്ല.

ആര്‍.ബി.ശ്രീകുമാറിന്റെ ദിനസരിക്കുറിപ്പുകളിലെ ഒരു ഭാഗം ഓര്‍മ്മിക്കുന്നു; സാധാരണക്കാര്‍ക്ക് ‘തൂറാന്‍’ കക്കൂസില്ലാത്ത പുതിയ സ്വര്‍ഗത്തിന്റെ പഴയ കാവല്‍ക്കാരനില്ലേ.. അദ്ദേഹം, മുഖ്യമന്ത്രിയായിരുന്ന കാലത്ത് അതായത് ഗുജറാത്ത് വംശഹത്യ നടന്ന സമയത്ത്, ഒരു ജാഥ നടത്താന്‍ തീരുമാനിച്ചു. പാടില്ലെന്ന് എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും കട്ടായം പറഞ്ഞിട്ടും രാജാവിന്റെ കല്ലേപ്പിളര്‍ക്കുന്ന കല്പനയും നിരീക്ഷണവും വന്നു.

അതിന്റെ സംഗ്രഹം ഇതാണ്. ഞാനാണ് മുഖ്യമന്ത്രി. ഞാന്‍ യാത്ര നടത്തും. നിങ്ങള്‍ (പോലീസ്) ”’ജെ.എന്‍.യു”’ മാതൃകയിലുള്ള മതേതരത്വത്തിലാണുള്ളത്. അതിവിടെ ആവശ്യമില്ല (വെച്ചുപൊറുപ്പിക്കില്ലെന്ന്).

മതേതരത്വത്തെ അവര്‍ക്ക് ഭയമായിരുന്നു. പണ്ടുതൊട്ടേ ഭയമായിരുന്നു. മത വൈരം മതി, എന്നാണല്ലോ അവരുടെ ആഗ്രഹം. അയാളല്ല അവസാനം, അയാളൊരു ടൂള്‍ മാത്രമാണ്.

ദളിത്ബ്രാഹ്മണിക്കല്‍ ദ്വന്ദത്തെ ചര്‍ച്ചയില്‍ നിന്ന്! മാറ്റി നിര്‍ത്തുക സംഘപരിവാറിന്റെ ആവശ്യമാണ്. അതിശക്തമായി കെട്ടിപ്പൊക്കിയ ഹിന്ദുത്വമെന്ന ചീട്ടുകൊട്ടാരത്തിന്റെ കാലിടറാതെ ഒരു മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ പൂര്‍ണതയിലെത്തില്ല.

ജാതിയ്ക്ക് കിട്ടേണ്ട സംവരണത്തിന്‍ വേണ്ടി ഡിഫോള്‍ട്ടായി ഹിന്ദുമതമെന്ന്! ചേര്‍ക്കേണ്ടിവന്നവനാണ് ഞാന്‍. ആദ്യമൊക്കെ അറിയാതെയും പിന്നീട് അറപ്പോടെയും ചേര്‍ക്കേണ്ടിവന്നവന്‍ അങ്ങനെ ചെയ്ത കോടിക്കണക്കിന് മനുഷ്യരില്‍ ഒരാള്‍. നമ്മള്‍ക്കറിയാം ; ബ്രാഹ്മിണ്‍-ദളിത് ദ്വന്ദം ചര്‍ച്ചയാവുന്നത് ‘അവര്‍ക്ക്’ തലവേദനയാണെന്ന്. പകരം ഹിന്ദു-മുസ്ലിം ദ്വന്ദം ചര്‍ച്ചയാവുന്നത് ആനന്ദമാണെന്നും അറിയാം.

എച്ച്.സി.യു.വിനെ ചിത്രത്തില്‍നിന്ന് മാറ്റാനാണ് ജെഎന്‍യു ഇത്രമേല്‍ ആക്രമിക്കപ്പെടുന്നതെന്നറിയാം. ഒന്നും മനസ്സിലാക്കാതെയല്ല.

ഇപ്പോഴും, എനിക്കൊരവസരം കിട്ടിയാല്‍ പഠിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന ഒന്നാമത്തെ ക്യാമ്പസ് ദല്‍ഹി ജെ.എന്‍.യു. ആയിരിക്കും. ഞാന്‍ മാത്രമല്ല രാജ്യത്തെ മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അതേ ചെയ്യു.

കൂട്ടുകാരേ, നമ്മുടെ തലയില്‍ കയറാന്‍ വരുന്നവരോട്, സ്വന്തം കുടുംബങ്ങളിലേക്ക് തിരിച്ചുപോകാന്‍, സ്വന്തം മക്കളോട് ചോദിച്ചുനോക്കാന്‍ പറയു ‘എവിടെ പഠിക്കണമെന്ന്’… ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെക്കാള്‍ വലിയ ഒരുത്തരം ഇന്ത്യയില്‍ ലഭിക്കാന്‍ സാധ്യത കുറവാണ്.

കഴിഞ്ഞ മാസം ‘രോഹിത് വെമുലയെ കൊന്നുകളഞ്ഞു. ഈ മാസം സഖാവ് കന്നയ്യ കുമാറിനെ കൊണ്ടുപോയി, കണ്ടാലറിയാവുന്നവര്‍ക്കെതിരെയൊക്കെ രാജ്യദ്രോഹക്കെസേടുത്തു. അവര്‍ സ്വപ്നം കാണുന്ന കിനാശ്ശേരിയില്‍ സ്തുതിപാഠകരല്ലാതെ മറ്റാരുമില്ലെന്നറിയാം. അതുകൊണ്ട് പറയാതെ വയ്യ, ഓര്‍മ്മിപ്പിക്കാതെ വയ്യ, വിദ്യാര്‍ത്ഥികളെ ഭയക്കണം സര്‍. ഭൂമിയിലെല്ലായിടത്തും അവര്‍ പ്രശ്‌നക്കാരാണ്. എല്ലാ കോണുകളിലും അവരുടെ കലാപങ്ങളാണ് കാലത്തെ മുന്നോട്ട് നയിച്ചത്. അനുവദിക്കരുത്. ഒരു തരിപോലും മുന്നോട്ട് ചലിക്കാന്‍ പാടില്ല. തിരിച്ചു പോകാനുള്ള കൂട്ടയോട്ടങ്ങള്‍ക്ക് കോടികളെറിയണം.

ഒരു ഭരണകൂടം വിദ്യാര്‍ത്ഥികളെ ഭയക്കുന്നത് ജനാധിപത്യത്തിന്റെ കതിരുകള്‍ കൊയ്തുമാറ്റപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവ് തന്നെയാണ്.

ഒരു കുഞ്ഞനിയന്‍ (ദ്രുപദ് ഗൌതം) ഇങ്ങനെ എഴുതി 

‘ഭയം ഒരു രാജ്യമാണ്.
അവിടെ നിശബ്ദത ഒരു (ആ)ഭരണമാണ്’

ആഭരണങ്ങളില്ലാതെ, വസ്ത്രങ്ങളില്ലാതെ, പറ്റുമെങ്കില്‍ ശരീരവും അഴിച്ചുകളഞ്ഞിട്ട് ഞങ്ങള്‍ വരും (സുഭാഷ് ചന്ദ്രന് സ്‌തോത്രം). പിന്തിരിഞ്ഞ് ഓടാനല്ല, വിളിച്ചു പറയാന്‍,

‘we are more than five’

അറിവിന് നാലുകെട്ടുകളുണ്ടാക്കി നിങ്ങള്‍ പടിപ്പുര കൊട്ടിയടച്ചാലും ഞങ്ങള്‍ പഠിക്കും. പഠിക്കുകയും പോരാടുകയും ചെയ്യും. പോരാടുകയും മറികടക്കുകയും ചെയ്യും. അവിടെ ഞങ്ങളുടെ കറുത്ത് കരിവാളിച്ച ശരീരങ്ങളുടെ പാട്ടുകള്‍ അവരുടെ കാതുകളില്‍ കിടന്ന്! മുഴങ്ങും. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് അവര്‍ കേള്‍ക്കും, നമ്മളുയര്‍ത്തുന്ന ജനാധിപത്യത്തിന്റെ ഒച്ച.

(ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സോഷ്യല്‍ സയന്‍സില്‍ എംഎ വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍