UPDATES

ട്രെന്‍ഡിങ്ങ്

തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച ജെഎന്‍യു വിസിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പരിഹാസം

ജെഎന്‍യു വിസി ബിജെപി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു. വരൂ സാര്‍, നമുക്ക് പോയി അമ്പലമുണ്ടാക്കാം എന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് വി ലെനിന്‍ കുമാറിന്റെ പരിഹാസം.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ബിജെപിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ജഗദീഷ് കുമാറിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. യുപിയിലെ വിജയം വികസനത്തിനും സുതാര്യതയ്ക്കുമുള്ള ജനങ്ങളുടെ വോട്ടാണെന്ന് ജഗദീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ജെഎന്‍യു വിസി ആകുന്നതിന് മുമ്പ് ആര്‍എസ്എസിന്റെ വിജന ഭാരതി എന്ന സംഘടനയുമായി ബന്ധപ്പെട്ട് ജഗദീഷ് കുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. ജെഎന്‍യുവില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും എബിവിപിയും തമ്മിലുള്ള പ്രശ്‌നങ്ങളിലും പൊലീസുമായുള്ള പ്രശ്‌നങ്ങളിലും സംഘപരിവാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ജഗദീഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും പരാതിയും ശക്തമാണ്.

വികസനത്തിനും സുതാര്യതയ്ക്കും വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് നിലകൊള്ളുന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നതായാണ് ജഗദീഷ് കുമാര്‍ ട്വീറ്റ് ചെയ്തത്. രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് തുടര്‍ന്ന് ജഗദീഷ് കുമാറിനെതിരെ ട്വിറ്ററിലടക്കം വന്നത്. “നിങ്ങള്‍ ഒരു സംഘിയല്ലെന്നും ബിജെപി അംഗമല്ലെന്നും പറയുന്നു. പക്ഷെ നിങ്ങളൊരു സര്‍വകലാശാല വൈസ് ചാന്‍സലറെ പോലെയല്ല, ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെ പോലെയാണ് പെരുമാറുന്നത്” എന്ന് ഗവേഷക വിദ്യാര്‍ത്ഥിയായ സണ്ണി ധിമന്‍ ട്വീറ്റ് ചെയ്തു. ഇതാ ഒരു കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ മണിയടി തുടങ്ങിയിരിക്കുന്നു എന്ന് മറ്റൊരു ട്വീറ്റ്. ജെഎന്‍യു വിസി ബിജെപി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നു. “വരൂ സാര്‍, നമുക്ക് പോയി അമ്പലമുണ്ടാക്കാം” എന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് വി ലെനിന്‍ കുമാറിന്റെ പരിഹാസം. ഒരു കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഇത്തരത്തില്‍ ഒരു പാര്‍ട്ടിയോടുള്ള അനുഭാവം പ്രകടിപ്പിച്ച് ആഹ്ലാദിക്കുന്നത് വില കുറഞ്ഞ ഏര്‍പ്പാടായി പോയെന്ന് മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരും ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍